This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോലന്‍

ഫലിതരസികനായ മലയാള-സംസ്കൃത കവി. ഭാസ്കര രവിവര്‍മയുടെ നര്‍മസചിവനായ ഇദ്ദേഹത്തെക്കുറിച്ച് സൂക്ഷ്മമായ ജീവചരിത്രരേഖകള്‍ ലഭ്യമല്ല. കൊച്ചിരാജ്യത്തുള്ള ഐരാണിക്കുളം ഗ്രാമത്തിലായിരുന്നു ജനിച്ചു വളര്‍ന്നതെന്നും യഥാര്‍ഥ നാമം നീലകണ്ഠന്‍ എന്നായിരുന്നു എന്നും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'തോലന്‍' എന്ന നാമം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി ഒന്നിലധികം ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഒന്നിനും സ്ഥിരീകരിക്കത്തക്ക രേഖയില്ല. ഇദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകളുടെ അടിസ്ഥാനത്തില്‍ 'അതുലന്‍' എന്ന പേര് യൗവനത്തിനു മുമ്പുതന്നെ ലഭിച്ചു എന്നും അതുലന്റെ തദ്ഭവമാണ് 'തോലന്‍' എന്നും പറയപ്പെടുന്നു.

'വികടകവി'യായാണ് തോലന്‍ അറിയപ്പെട്ടത്. വികടകാവ്യങ്ങള്‍ നിമിഷകാവ്യങ്ങളായി അവതരിപ്പിക്കാനുള്ള കഴിവ് പ്രകടിപ്പിച്ചതാകാം ഇതിനു കാരണമായത്. കവിത നിയോക്ളാസ്സിക് പ്രവണതകള്‍ ഉള്‍ക്കൊണ്ട് കൃത്രിമമായ ശൈലി ഉപയോഗിച്ച് രചിതമായിരുന്ന കാലഘട്ടമായിരുന്നു അത്. യമകഘടന, ദൂരാന്വയം, അപൂര്‍വ പദപ്രയോഗം, പ്രാസത്തിനുവേണ്ടിയുള്ള നിരര്‍ഥകപ്രയോഗം എന്നിങ്ങനെയുള്ള പ്രവണതകള്‍ അന്നത്തെ കവിതയില്‍ പ്രകടമായിരുന്നു. ഇതിനെതിരെ ശക്തമായ ആക്രമണം അത്യാവശ്യമാണെന്നു മനസ്സിലാക്കിക്കൊണ്ടാണ് തോലന്‍ തന്റെ വികടകവിതയ്ക്കു ജന്മം നല്കിയത്. ഇത്തരം കൃത്രിമ കാവ്യസൃഷ്ടികളെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചും പരിഹസിച്ചും തോലന്‍ നിരവധി കാവ്യങ്ങളും മുക്തകങ്ങളും രചിച്ചിട്ടുണ്ട്.

'ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര മുഖം പ്രക്ഷാളയസ്വ ടഃ

ഏഷ ആഹ്വയതേ കുക്കു ‌‌ ചവൈതുഹി ചവൈതുഹി'

എന്ന് ദൂരാന്വയത്തെയും നിരര്‍ഥക പദപ്രയോഗത്തെയും അവഹേളിക്കാന്‍ തോലന്‍ രചിച്ച ശ്ലോകം പ്രസിദ്ധമാണ്. ഇതില്‍ രണ്ടാമത്തെ വരിയിലെ ടഃ എന്ന അക്ഷരം മൂന്നാമത്തെ വരിയിലെ കുക്കുവുമായി ചേര്‍ത്ത് കുക്കുടഃ എന്ന വാക്കുണ്ടാക്കണം. നാലാമത്തെ വരിയിലെ അക്ഷരങ്ങളെല്ലാം പാദപൂരണത്തിനുവേണ്ടി മാത്രം അര്‍ഥപ്രസക്തിയില്ലാതെ പ്രയോഗിച്ചിരിക്കുന്ന അവ്യയങ്ങളാണ്. എഴുതിയെഴുതി മുനയും അഴകും നഷ്ടപ്പെട്ട ഉപമാനങ്ങളും വാക്കുകളും ഉപയോഗിച്ച് സ്ത്രീസൗന്ദര്യം ആവര്‍ത്തിച്ചു വര്‍ണിക്കുന്ന കവികളെ ആക്ഷേപിക്കാന്‍വേണ്ടി എഴുതിയ ഒരു ശ്ലോകമാണ്:

'അന്നൊത്തപോക്കീ കുയിലൊത്തപാട്ടീ

തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ

ദരിദ്രയില്ലത്തെ യവാഗുപോലെ

നീണ്ടിട്ടിരിക്കും നയനദ്വയത്തീ'

പച്ചമലയാളത്തില്‍ സുന്ദരിമാരെ ഉപമിക്കുന്നതു കേട്ടാല്‍ അരോചകമാകുന്നവരുണ്ടെന്നു കണ്ടിട്ടാകാം തോലന്‍ ശുദ്ധസംസ്കൃതത്തില്‍ താഴെ കാണുന്ന ശ്ലോകംകൊണ്ട് സുന്ദരിമാരെ വര്‍ണിച്ചത്:

'അര്‍ക്കശുഷ്കഫല കോമളസ്തനീ

തിന്ത്രിണീദല വിശാലലോചനാ

നിംബപല്ലവ സമാനകേശിനീ

വൃദ്ധവാനരമുഖീ വിരാജതേ.'

ഇതിനെപ്പറ്റി മഹാകവി ഉള്ളൂര്‍ ഇങ്ങനെ പറയുന്നു: 'പൂച്ചക്കണ്ണി' എന്നും 'വാനരമുഖി' എന്നും വിളിച്ചാല്‍ ശുണ്ഠികടിക്കുന്നവര്‍ 'ഗണപതിവാഹനരിപുനയനേ' എന്നും 'ദശരഥനന്ദനസഖവദനേ' എന്നും വിളിച്ചാല്‍ പുഞ്ചിരിക്കൊള്ളുന്നു. സംസ്കൃതത്തില്‍ പറയുന്നതിനേ മാന്യതയുള്ളൂ എന്ന തെറ്റായ ധാരണയെയാണ് തോലന്‍ ചോദ്യം ചെയ്തത്. 'പനസി ദശായാം പാശി' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

തോലകാവ്യം എന്നു പ്രശസ്തി നേടിയ ഒരു കൃതിയാണ് മഹോദയപുരേശ ചരിതം. കുലശേഖരവര്‍മനെ നായകനാക്കിയിട്ടുള്ള കാവ്യമാണിത്. കൂടാതെ ആട്ടപ്രകാരം, ക്രമദീപിക എന്നീ രണ്ട് കൃതികളും തോലന്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ പില്ക്കാല കവികള്‍ പലതും കൂട്ടിച്ചേര്‍ത്തിട്ടുള്ളതായി മനസ്സിലാക്കാന്‍ പ്രയാസമില്ല. ഏതായാലും സംസ്കൃതകവികളുടെ അപഥസഞ്ചാരത്തെനിയന്ത്രിക്കുക, തന്റെ കാലം വരെ അവ്യവസ്ഥിതമായിക്കിടന്നിരുന്ന കൂടിയാട്ടത്തിനും കൂത്തിനും കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുക, മണിപ്രവാളകവിതയെ പരിപോഷിപ്പിക്കുക, ഭാഷാകവിതയുടെ തനിമ നിലനിര്‍ത്തുക, കവിതാരംഗത്തു കടന്നു കൂടിയ അഴുക്കുകള്‍ വിമര്‍ശനവും പരിഹാസവുംകൊണ്ടു കഴുകിക്കളയുക, കേരളീയ നാടകകലയ്ക്കു പ്രചാരം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍വേണ്ടി കാവ്യരചന നടത്തിയ കവിയാണ് തോലന്‍.

(ഡോ. ബി. ഭാനുമതിഅമ്മ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍