This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോറോ, ഹെന്റി ഡേവിഡ് (1817 - 62)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോറോ, ഹെന്റി ഡേവിഡ് (1817 - 62)

Thoreau,Henry David


അമേരിക്കന്‍ ഗ്രന്ഥകാരനും ദാര്‍ശനികനും. 1817 ജൂല. 12-ന് മസാച്യുസെറ്റ്സിലെ കണ്‍കോര്‍ഡില്‍ ജനിച്ചു. ഫ്രഞ്ച്, സ്കോട്ടിഷ്, ക്വേക്കര്‍, പ്യൂരിറ്റന്‍ എന്നീ അംശങ്ങള്‍ ഉള്‍ച്ചേര്‍ന്ന പൈതൃകം ഇദ്ദേഹത്തിന്റെ സങ്കീര്‍ണവും സവിശേഷവുമായ സ്വഭാവവും ചിന്താഗതിയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഗ്രീക്ക്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ളീഷ് എന്നീ ഭാഷാ സാഹിത്യങ്ങളും ചൈനയിലെയും ഭാരതത്തിലെയും ദാര്‍ശനിക പദ്ധതികളും ആഴത്തില്‍ പഠിച്ച ഇദ്ദേഹം തന്റെ സര്‍ഗപ്രതിഭ സമൂഹനന്മയ്ക്കുവേണ്ടി വിനിയോഗിച്ച തത്ത്വചിന്തകനായിരുന്നു. താനൊരു യോഗാത്മവാദിയും (mystic) അതീന്ദ്രിയവാദിയും (transcendentalist) പ്രകൃതിവാദിയായ ദാര്‍ശനികനും (natural philosopher) ആണെന്ന് തോറോതന്നെ പറയുകയുണ്ടായി. കണ്‍കോര്‍ഡിലെ കാനനഭൂമിയിലെ തുറന്ന വിദ്യാഭ്യാസത്തിനും പ്രാഥമിക വിദ്യാലയത്തിലെ പഠനത്തിനുംശേഷം 1837-ല്‍ ഹാര്‍വാഡില്‍നിന്നു ബിരുദം സമ്പാദിച്ചു. കുറേക്കാലം ഓറസ്റ്റസ് ബ്രൌണ്‍സന്‍ എന്നയാളിന്റെ വീട്ടില്‍ താമസിച്ചത് ജര്‍മന്‍ ഭാഷ വശമാക്കാന്‍ അവസരം നല്കി. ഇക്കാലത്തുതന്നെ അമേരിക്കന്‍ ചിന്തകനായ എമേഴ്സന്റെ സ്വാധീനവും തോറോയിലുണ്ടായി. അമേരിക്കന്‍ പണ്ഡിതന്‍ (Amerrican Scholar) എന്ന എമേഴ്സന്റെ സങ്കല്പത്തിന്റെ സാക്ഷാത്കാരമായിരുന്നു തോറോ എന്നു പറയാറുണ്ട്.

ഹെന്റി ഡേവിഡ് തോറോ

ബിരുദസമ്പാദനത്തിനുശേഷം സഹോദരനായ ജോണുമൊത്ത് കുറേക്കാലം കണ്‍കോര്‍ഡിലെ ഒരു സ്കൂളില്‍ അധ്യാപകനായി ജോലിചെയ്തു. ജോണുമൊത്ത് കണ്‍കോര്‍ഡ് നദിയിലും മെറിമാക് നദിയിലും നടത്തിയ ഉല്ലാസയാത്ര പ്രകൃതിസ്നേഹിയായ തോറോയ്ക്ക് അവാച്യമായ അനുഭൂതി സമ്മാനിച്ചു. പില്ക്കാലത്ത് വോല്‍ഡനില്‍ താമസിക്കുന്ന കാലത്ത് എ വീക്ക് ഓണ്‍ ദ് കണ്‍കോര്‍ഡ് ആന്‍ഡ് മെറിമാക് റിവേഴ്സ് (1849) എന്നൊരു കൃതി ഇദ്ദേഹം രചിച്ചു. 1841-43 കാലത്ത് അതീന്ദ്രിയ പ്രസ്ഥാനക്കാരനായിരുന്ന റാല്‍ഫ് വാല്‍ഡോ എമേഴ്സന്റെ കൂടെ താമസിക്കുകയും ട്രാന്‍സെന്‍ഡെന്റല്‍ ക്ലബില്‍ അംഗമാവുകയും ചെയ്തു. അമേരിക്കന്‍ നവോത്ഥാന പ്രസ്ഥാനമെന്നറിയപ്പെട്ടിരുന്ന അതീന്ദ്രിയവാദത്തിന്റെ സാരഥിയായി ഇദ്ദേഹം മാറി. ഈ പ്രസ്ഥാനക്കാരുടെ മാസികയായിരുന്ന ദ് ഡയല്‍ തുടങ്ങിയ ആനുകാലികങ്ങള്‍ക്കുവേണ്ടി എഴുതാനാരംഭിച്ചതും ഇക്കാലത്തായിരുന്നു. ദ് ഡയലിന്റെ പത്രാധിപത്യം ഏറ്റെടുക്കാനും തോറോ തയ്യാറായി.

1845-ല്‍ കണ്‍കോര്‍ഡില്‍ തിരിച്ചെത്തിയ തോറോ വോല്‍ഡന്‍ പോണ്ടില്‍ ഒരു കുടില്‍ നിര്‍മിച്ച് രണ്ടുവര്‍ഷം അവിടെ താമസിച്ചു. 1854-ല്‍ പ്രസിദ്ധീകരിച്ച വോല്‍ഡന്‍ എന്ന ഗ്രന്ഥത്തില്‍ ഈ കാലഘട്ടത്തിലെ ജീവിതാനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നു. ലളിതജീവിതവും പ്രകൃതിയുമായുള്ള നിരന്തര ബന്ധവുമായിരുന്നു അതീന്ദ്രിയവാദിയായ തോറോയുടെ വ്യക്തിത്വത്തിന്റെ സവിശേഷത. മെക്സിക്കന്‍ യുദ്ധത്തെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന് നികുതി കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഒരു ദിവസത്തെ ജയില്‍വാസമനുഭവിക്കേണ്ടിവന്നത് ഇക്കാലത്തായിരുന്നു. ഭരണസിരാകേന്ദ്രങ്ങളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും അനീതികളെ ആത്മീയശക്തിയുടെ അടിസ്ഥാനത്തില്‍ അക്രമരഹിതമായ മാര്‍ഗം ഉപയോഗിച്ച് എതിര്‍ക്കുന്നതിന് ജനങ്ങളെ ഇദ്ദേഹം ആഹ്വാനം ചെയ്തു.സമാധാനപരമായ നിസ്സഹകരണമെന്ന തന്റെ ആശയത്തിന് പ്രയോഗികരൂപം നല്കാനായിരുന്നു തോറോയുടെ ശ്രമം. 1849-ല്‍ രചിച്ച 'സിവില്‍ ഡിസൊബീഡിയന്‍സ്' എന്ന പ്രബന്ധത്തില്‍ തോറോ ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

തോറോ വീണ്ടും ഒരു വര്‍ഷം എമേഴ്സന്റെ വീട്ടില്‍ താമസിച്ചു. തന്റെ ആദ്യജീവചരിത്രകാരനായ ഡബ്ള്യു.ഇ. ചാനിങ്ങുമായി തോറോ സൗഹൃദത്തിലായത് ഈ അവസരത്തിലാണ്. 1849-53 ഘട്ടത്തില്‍ നിരവധി ഹ്രസ്വയാത്രകള്‍ നടത്തിയ ഇദ്ദേഹം ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില ഗ്രന്ഥങ്ങള്‍ രചിച്ചു: എക്സ്കേര്‍ഷന്‍സ് (1863), ദ് മെയ് ന്‍ വുഡ്സ് (1864), കെയ്പ് കോഡ് (1865), എ യാങ്കി ഇന്‍ കാനഡ (1866) എന്നിവ. ഈ കാലഘട്ടത്തില്‍ അടിമത്തവിരുദ്ധ പ്രസ്ഥാനവുമായി അടുത്ത ബന്ധത്തിലായ തോറോ 'സ്ളേവറി ഇന്‍ മസാച്യുസെറ്റ്സ്' (1854) തുടങ്ങിയ നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. 1857-ല്‍ എമേഴ്സന്റെ ഭവനത്തില്‍വച്ച് പ്രസ്ഥാനത്തിന്റെ നേതാക്കന്മാരില്‍ അഗ്രഗണ്യനായ ജോണ്‍ ബ്രൗണിനെ പരിചയപ്പെട്ടു. ബ്രൗണില്‍ തന്റെതന്നെ ആശയാഭിലാഷങ്ങളുടെ മൂര്‍ത്തീഭാവം ദര്‍ശിച്ച തോറോ ഹാര്‍പ്പേഴ്സ് ഫെറിയില്‍ അദ്ദേഹം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയുണ്ടായി. 'എ പ്ളീ ഫോര്‍ ക്യാപ്റ്റന്‍ ജോണ്‍ ബ്രൗണ്‍' (1859), 'ദ് ലാസ്റ്റ് ഡെയ്സ് ഒഫ് ജോണ്‍ ബ്രൗണ്‍' (1860), 'ആഫ്റ്റര്‍ ദ് ഡെത്ത് ഒഫ് ജോണ്‍ ബ്രൗണ്‍' (1860) എന്നീ പ്രഭാഷണങ്ങള്‍ തോറോയ്ക്ക് ബ്രൌണിനോടുണ്ടായിരുന്ന ആദരവ് പ്രകടമാക്കുന്നു.

ജീവിതത്തിന്റെ സായംകാലത്ത് തോറോ കെയ്പ് കോഡ്, മെയ് ന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചുറ്റിസഞ്ചരിച്ചു. ന്യൂയോര്‍ക്കില്‍വച്ച് കവിയും അതീന്ദ്രിയവാദിയുമായ വാള്‍ട്ട് വിറ്റ്മാനെ കണ്ടുമുട്ടിയത് ഇദ്ദേഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ഇക്കാലത്തുതന്നെ അമേരിക്കയിലെ ആദിമ ജനതയായ റെഡ് ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പഠനം തോറോ ആരംഭിച്ചു. ഇതിനകം ക്ഷയരോഗബാധിതനായിക്കഴിഞ്ഞിരുന്ന ഇദ്ദേഹം 1861-ല്‍ മിസിസ്സിപ്പിയിലേക്ക് ഉല്ലാസയാത്ര നടത്തിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. രണ്ടു ഗ്രന്ഥങ്ങളും ചുരുക്കം ചില ലേഖനങ്ങളും പ്രഭാഷണങ്ങളും മാത്രമേ ഇദ്ദേഹത്തിനു പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളൂ. ഇദ്ദേഹത്തിന്റെ മരണശേഷം ചില പണ്ഡിതന്മാര്‍ തിരഞ്ഞെടുത്ത രചനകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹാരിസന്‍ ജി.ഒ. ബ്ളെയ്ക്കിന്റെ ഏര്‍ളി സ്പ്രിങ് ഇന്‍ മസാച്യുസെറ്റ്സ് (1881), സമ്മര്‍ (1884), വിന്റര്‍ (1888), ഓട്ടം (Autumn, 1892), കാള്‍ ബോഡിന്റെ കളക്റ്റഡ് പോയംസ് (1943) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു. ജേര്‍ണല്‍ (14 വാല്യങ്ങള്‍, 1906) എന്ന ബൃഹത്തായ ഗ്രന്ഥസമുച്ചയത്തിലൂടെ മനുഷ്യന്‍, പ്രകൃതി, പുസ്തകങ്ങള്‍, സംഭവങ്ങള്‍ തുടങ്ങിയവയുമായി ഗ്രന്ഥകാരനുണ്ടായ സമ്പര്‍ക്കങ്ങളുടെയും ചിന്താധാരകളുടെയും ആര്‍ജിച്ച പ്രചോദനങ്ങളുടെയും എല്ലാം സൂക്ഷ്മവും വിശദവുമായ ആവിഷ്കാരമാണ് പ്രദാനം ചെയ്തിരിക്കുന്നത്. തൊറോയുടെ തത്ത്വസംഹിതയനുസരിച്ച് മനുഷ്യര്‍ അവരവരുടെ ആത്മീയ വളര്‍ച്ചയാല്‍ സാമൂഹികനന്മ ഉറപ്പുവരുത്തേണ്ടവരാണ്. ഓരോ വ്യക്തിയിലും അന്തര്‍ലീനമായ പ്രതിഭയുടെ സമ്പൂര്‍ണമായ വികാസത്തിന് മനുഷ്യന്‍ ഭൗതികനേട്ടങ്ങളെ പരിത്യജിച്ച് ലാളിത്യവും പരിശുദ്ധിയും സ്വീകരിക്കേണ്ടതുണ്ട് എന്ന് ഇദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഇദ്ദേഹം 1862 മേയ് 6-ന് കണ്‍കോര്‍ഡില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍