This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോണ്‍, ജോര്‍ജ് വിഡ്മര്‍ (1906 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോണ്‍, ജോര്‍ജ് വിഡ്മര്‍ (1906 - 2004)

Thorn,George Widmer

അമേരിക്കന്‍ ഭിഷഗ്വരനും ശരീരധര്‍മ ശാസ്ത്രജ്ഞനും. 1906 ജനു. 15-ന് ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ജനിച്ചു. 1929-ല്‍ യൂണിവേഴ്സിറ്റി ഒഫ് ബഫല്ലോ മെഡിക്കല്‍ സ്കൂളില്‍നിന്ന് എം.ഡി. ബിരുദം നേടിയശേഷം അവിടെത്തന്നെ ശരീരശാസ്ത്ര, വൈദ്യശാസ്ത്ര വിഭാഗങ്ങളില്‍ അധ്യാപകനായി. 1942-ല്‍ ബോസ്റ്റണിലെയും ഹെര്‍സൈയിലെയും പീറ്റര്‍ബെന്റ് ബ്രങ്ഹാം ആശുപത്രികളുടെ വൈദ്യവിഭാഗം മേധാവി ആയി. ഹാര്‍വാഡ് സര്‍വകലാശാലയില്‍ ശരീരശാസ്ത്ര വിഭാഗം പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1967-ല്‍ ലെവിനില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറായി.

ജോര്‍ജ് വിഡ്മര്‍ തോണ്‍

അഡ്രിനല്‍ കോര്‍ട്ടക്സ് ഹോര്‍മോണുകളെക്കുറിച്ചു നടത്തിയ പഠനങ്ങളിലൂടെ തോണ്‍ പ്രശസ്തനായി. ബഫല്ലോ മെഡിക്കല്‍ സ്കൂളില്‍വച്ച് ഫ്രാങ്ക് ഹാര്‍ട്ട്മാനുമായി ചേര്‍ന്നാണ് അഡ്രിനല്‍ കോര്‍ട്ടക്സ് ഹോര്‍മോണുകളെ സംബന്ധിക്കുന്ന പഠനങ്ങള്‍ തോണ്‍ നടത്തിയത്. ഹോര്‍മോണ്‍ ശുദ്ധീകരിക്കുന്നതിനുള്ള ഒരു ബയോളജിക്കല്‍ അസ്സേ പ്രക്രിയ ഇവര്‍ വികസിപ്പിച്ചെടുത്തു. കാര്‍ബോഹൈഡ്രേറ്റുകളുടെയും ധാതുക്കളുടെയും ഉപാപചയ പ്രക്രിയകളില്‍ ഈ ഹോര്‍മോണുകള്‍ ഏതു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്താനും തോണിനു സാധിച്ചു. അഡിസണ്‍സ് രോഗചികിത്സയ്ക്ക് അഡ്രിനല്‍ ഹോര്‍മോണ്‍ ആദ്യമായിട്ട് ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് തോണ്‍ ആണ്. അഡ്രിനല്‍ ഹോര്‍മോണ്‍ പെല്ലറ്റുകളുപയോഗിച്ച് നായ്ക്കളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഹോര്‍മോണിന്റെ ആഗിരണ നിരക്കും രോഗചികിത്സയ്ക്ക് ആവശ്യമായ മാത്രയും കണ്ടെത്താന്‍ പ്രയോജനപ്പെട്ടു. അഡ്രിനല്‍ അപര്യാപ്തതകള്‍ നിര്‍ണയിക്കുന്നതിലും വൃക്കകളുടെ പ്രതിസ്ഥാപനത്തിലും അഡ്രിനോകോര്‍ട്ടികോട്രോഫിക് ഹോര്‍മോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാരംഭപഠനങ്ങളിലും തോണ്‍ വിജയിച്ചു.

2004 ജൂണ്‍ 26-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍