This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോഡര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോഡര്‍

ഊട്ടിയിലെ ആദിമ നിവാസികളായ ഗോത്രവര്‍ഗം. ഇടയസമൂഹമായ തോഡര്‍ കൃഷിചെയ്യുന്നത് അപമാനമായി കരുതിയിരുന്നു. എരുമവളര്‍ത്തലാണ് ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗം. എരുമപ്പാല്‍ ഊട്ടി കമ്പോളത്തില്‍ വില്ക്കുകയാണ് ചെയ്യുന്നത്. ഒരു തോഡയുടെ സമ്പത്ത് കണക്കാക്കുന്നത് എരുമകളുടെ എണ്ണത്തെ ആശ്രയിച്ചാണ്. കൂടുതല്‍ എരുമകള്‍ സ്വന്തമായുള്ള തോഡകളെ സമ്പന്നരായിട്ടാണ് മറ്റുള്ളവര്‍ പരിഗണിക്കുന്നത്. ഊട്ടിയിലെ ഇതരഗോത്രവിഭാഗങ്ങളില്‍നിന്ന് തോഡരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ മുടിയുടെ പ്രത്യേകതയാണ്. ഇടതൂര്‍ന്ന് നീണ്ടുവളരുന്ന മുടിയും താടിയും ഇവരുടെ നരവംശശാസ്ത്ര സവിശേഷതയായിട്ടാണ് കരുതപ്പെടുന്നത്. ശരാശരിയിലും അല്പം ഉയര്‍ന്ന പൊക്കമാണ് ഇവര്‍ക്കുള്ളത്.

തോഡ വനിതകള്‍

ഇവരുടെ താമസസ്ഥലം ഗ്രാമം എന്നറിയപ്പെടുന്നു. കുടിലുകള്‍, എരുമത്തൊഴുത്തുകള്‍, ആരാധനാലയം എന്നിവയടങ്ങിയതാണ് ഗ്രാമം. ഗോത്രമൂപ്പന്മാര്‍ തലേക്കെട്ട് ധരിക്കാറുണ്ട്. വലതുതോളില്‍ ചുട്ടുപഴുത്ത കമ്പികൊണ്ട് പൊള്ളിക്കുന്നത് ഇവര്‍ക്കിടയിലെ ഒരനുഷ്ഠാനമാണ്. മലബാറില്‍നിന്നു കുടിയേറിയതായി കരുതപ്പെടുന്ന തോഡര്‍, ബഹുഭര്‍തൃത്വസമ്പ്രദായക്കാരാണ്. സഹോദരന്മാര്‍ ഒന്നിച്ച് ഒരു സ്ത്രീയെ വിവാഹം കഴിക്കുകയെന്നതാണ് രീതി. ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍, ഗര്‍ഭത്തിന്റെ ഏഴാം മാസത്തില്‍, ഭര്‍ത്താക്കന്മാരിലൊരാള്‍ക്ക് അമ്പും വില്ലും നല്കുന്ന ഒരു ചടങ്ങുണ്ട്. ഇങ്ങനെ, അമ്പും വില്ലും ലഭിക്കുന്ന പുരുഷനായിരിക്കും ജനിക്കാന്‍ പോകുന്ന ശിശുവിന്റെ ഔദ്യോഗിക പിതാവ്. മിക്കപ്പോഴും മൂത്ത സഹോദരനായിരിക്കും ഈ പദവി ലഭിക്കുന്നത്. പണ്ട് ഇവര്‍ക്കിടയില്‍ പെണ്‍ശിശുഹത്യ നിലവിലിരുന്നതായി നരവംശശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. തോഡരുടെ മുഖ്യ ആഹാരം ചോറാണ്. മോരുവെള്ളത്തിലാണ് സാധാരണയായി അരി പാകം ചെയ്യുന്നത്. മൃതദേഹം ദഹിപ്പിക്കുന്ന സമ്പ്രദായമാണ് ഇവര്‍ പിന്തുടരുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%A1%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍