This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോടയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോടയം

കഥകളിയിലെ ഒരു ചടങ്ങ്. പുറപ്പാടിനു മുമ്പ് രണ്ട് കുട്ടിത്തരം വേഷങ്ങള്‍ സ്തുതിപദത്തിനൊപ്പിച്ച് തിരശ്ശീലയ്ക്കു പിന്നില്‍ നിന്നു നടത്തുന്ന ഈ നൃത്തം ഇഷ്ടദേവതാ വന്ദനമാണ്. നാടകത്തിലെ നാന്ദിപോലെ കഥകളിയിലുള്ള പൂര്‍വരംഗമാണിത്. കേളിക്കൈ കഴിഞ്ഞാല്‍ തിരശ്ശീല പിടിച്ച് തോടയം ആരംഭിക്കും. കളിയുടെ നിര്‍വിഘ്ന സമാപ്തിക്കുവേണ്ടി നടത്തുന്ന ഈ ചടങ്ങില്‍ നൃത്തത്തിനാണ് പ്രാധാന്യം. നാട്യപ്രയോഗവേളയില്‍ പൂര്‍വരംഗത്തിനു പവിത്രതയേറണമെങ്കില്‍ ആ സന്ദര്‍ഭത്തില്‍ നൃത്തത്തിനു പ്രാധാന്യമുണ്ടായിരിക്കണം എന്ന നാട്യശാസ്ത്രവിധി പ്രകാരമാണ് ഈ രീതി നടപ്പിലാക്കിയിട്ടുള്ളത്. നാന്ദിയില്‍ സൂത്രധാരന്‍ നടത്തേണ്ടതായി നാട്യശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള ത്വഡിത എന്ന ചടങ്ങിന്റെ രൂപഭേദമാണ് തോടയം എന്നു കരുതപ്പെടുന്നു. രണ്ടുപേര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നതിനാലാണ് ഇതിനെ തോടയം എന്നു പറയുന്നത്. 'തോട്' എന്നതിന് ദ്രാവിഡ ഭാഷകളില്‍ 'ഇരട്ട' എന്ന് അര്‍ഥമുള്ളതിനാലാണ് പ്രസ്തുത നാമധേയം നിലവില്‍വന്നതെന്നാണ് ഈ വാദഗതിക്കാരുടെ അഭിപ്രായം. എന്നാല്‍ ഡോ. ഗോദവര്‍മയും മറ്റും 'തോഷകം' എന്ന പദത്തിന്റെ തദ്ഭവമാണ് തോടയം എന്ന അഭിപ്രായമുള്ളവരാണ്. ചെമ്പട, അടന്ത, പഞ്ചാരി എന്നീ നാലു താളങ്ങളിലും തോടയത്തില്‍ കലാശങ്ങളെടുക്കും. ഗാനരീതിക്കനുസരിച്ചു നടത്തുന്ന പൂജാവിധികള്‍ രംഗവന്ദനത്തെത്തുടര്‍ന്ന് വാദ്യക്കാരെ അഭിമുഖീകരിച്ചുനിന്നാണ് ചെയ്യുക. ചെണ്ട ഒഴികെയുള്ള വാദ്യങ്ങളാണ് ഇതിലുപയോഗിക്കുന്നത്. കോട്ടയത്തുതമ്പുരാന്റേയും കാര്‍ത്തിക തിരുനാളിന്റേയും സ്തോത്രങ്ങളാണ് തോടയത്തില്‍ പൊതുവേ ഉപയോഗിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%9F%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍