This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോങ് ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോങ് ക് Tonk

രാജസ്ഥാനിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. വിസ്തീര്‍ണം: 7,194 ച.കി.മീ.; ജനസംഖ്യ: 12,11,343 (2001); ജനസാന്ദ്രത: 168/ച.കി.മീ.; സാക്ഷരതാനിരക്ക്: 52.39 (2001). അതിരുകള്‍: വ. ജയ്പൂര്‍ ജില്ല, കി. സവായ്മാധോപൂര്‍ ജില്ല, തെ. ബുണ്ടി ജില്ലയും ഫില്‍വാര ജില്ലയും, പ. അജ്മീര്‍ ജില്ല.

നിരപ്പാര്‍ന്ന ഭൂപ്രകൃതിയുള്ള തോങ്ക് ജില്ലയിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. ജില്ലാവിസ്തൃതിയുടെ ഏകദേശം 3% വനങ്ങളാണ്. ഇവിടെ മുളയും മറ്റു പുല്ലുവര്‍ഗങ്ങളും സമൃദ്ധമായി വളരുന്നു. ബനാസ് ആണ് പ്രധാന നദി. ബനാസില്‍ നിര്‍മിച്ചിട്ടുള്ള ജലസേചന പദ്ധതി ജില്ലയില്‍ കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ഗോതമ്പ്, ബാര്‍ലി, കടുക്, ജീരകം, മല്ലി, ഉലുവ, പരുത്തി, ചോളം, ബജ്റ, ജോവര്‍, കരിമ്പ,് നിലക്കടല, ചെറുപയര്‍ തുടങ്ങിയ വിളകള്‍ക്കു പുറമേ പഴങ്ങളും പച്ചക്കറികളും ജില്ലയില്‍ ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. കന്നുകാലിവളര്‍ത്തലാണ് തദ്ദേശീയരുടെ മറ്റൊരു പ്രധാന ഉപജീവനമാര്‍ഗം.

ധാതുസമ്പന്നമായ തോങ്ക് ജില്ലയില്‍ ഗാര്‍നെറ്റ്, അഭ്രം, ഇരുമ്പയിര്, ബെറില്‍, സ്ഫടികം തുടങ്ങിയ ഖനിജ നിക്ഷേപങ്ങളുണ്ടെങ്കിലും ഇവയുടെ ഖനനവും വ്യവസായവും അവികസിതമാണ്. രാജസ്ഥാന്‍ സ്റ്റേറ്റ് ടാനെറീസ് ആണ് ജില്ലയിലെ മുഖ്യ വ്യവസായ സ്ഥാപനം. കുടില്‍വ്യവസായങ്ങളില്‍ കളിമണ്‍പാത്രനിര്‍മാണവും നെയ്ത്തും പ്രാമുഖ്യം നേടിയിരിക്കുന്നു.

ഹിന്ദുമതത്തിനും ഇസ്ലാം മതത്തിനുമാണ് തോങ്ക് ജില്ലയില്‍ കൂടുതല്‍ പ്രചാരം. രാജസ്ഥാനി, ഹിന്ദി, ഉര്‍ദു എന്നിവയാണ് മുഖ്യഭാഷകള്‍. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുംബൈ-ഡല്‍ഹി ബ്രോഡ്ഗേജ് റെയില്‍പ്പാതയും ജയ്പൂര്‍-സവായ്മാധോപൂര്‍ മീറ്റര്‍ഗേജ് റെയില്‍ പ്പാതയും ഈ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. തോങ്ക്, ഡിഗ്ഗി, രാജ്മഹല്‍, മാല്‍പുര, ബാണസ്ഥലി എന്നിവ ഇവിടത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%99%E0%B5%8D_%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍