This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോക്ക്

Gun

സ്ഫോടനശക്തി ഉപയോഗപ്പെടുത്തി ഒരു ലോഹക്കുഴലിലൂടെ പ്രക്ഷേപവസ്തുക്കളെ (ഉദാ. വെടിയുണ്ട, ഷെല്‍, മിസ്സൈല്‍) അതിവേഗത്തില്‍ തൊടുക്കുന്ന ആയുധം. ആദ്യകാലനിര്‍മിതികളില്‍ വെടിമരുന്ന് (gun power) ആണ് സ്ഫോടകവസ്തുവായി ഉപയോഗിച്ചുവന്നത്. പില്ക്കാലത്ത് മര്‍ദിത വാതകം, സ്പ്രിങ് എന്നിവ പ്രക്ഷേപബല(propelling force)ത്തിനായി ഉപയോഗപ്പെടുത്തി. സൈനികാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുതുടങ്ങിയ ഈ ആയുധം പിന്നീട് വേട്ടയാടല്‍, സ്വരക്ഷ, വിനോദം എന്നീ വിവിധ മേഖലകളിലുംകൂടി പ്രയോഗത്തിലായി. യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഇപ്പോഴും തോക്ക് കൂടുതലായി ഉപയോഗിക്കുന്നത്. തോക്കുകള്‍ വിവിധ ഇനത്തിലുണ്ട്. വലുപ്പം കൂടിയ പീരങ്കി, കൈയില്‍ കൊണ്ടുനടക്കാന്‍തക്ക ഒതുക്കമുള്ള റൈഫിള്‍, ഷോട്ട്ഗണ്‍, പിസ്റ്റള്‍, മെഷീന്‍ഗണ്‍ എന്നിവയെല്ലാം തോക്കുകളുടെ ഗണത്തില്‍പ്പെടുന്നു. 'കാലിബര്‍' (caliber) എന്ന പദം തോക്കിന്റെ വലുപ്പത്തെ സൂചിപ്പിക്കുന്നു. തോക്കിന്‍കുഴലിന്റെ (barrel) ഉള്‍വ്യാസത്തെയാണ് അതിന്റെ കാലിബര്‍ എന്നു പരാമര്‍ശിക്കുന്നത്. ഉദാ. 10 മില്ലിമീറ്റര്‍ കാലിബര്‍ റിവോള്‍വര്‍.

തോക്കിന്റെ ആദ്യകാല രൂപങ്ങള്‍

ചരിത്രം. ആദ്യമായി തോക്ക് നിര്‍മിച്ചത് ആരാണെന്നോ എവിടെയാണെന്നോ ഉള്ളതിന് തെളിവുകളില്ല. തോക്കിന്റെ ചരിത്രം വെടിമരുന്നിന്റെ കണ്ടുപിടിത്തവും ഉപയോഗവും യുദ്ധാവശ്യങ്ങളുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഒന്‍പതാം ശ.-ത്തില്‍ ചൈനക്കാര്‍ യുദ്ധരംഗത്ത് വെടിമരുന്ന് ഉപയോഗിച്ചിരുന്നു. എങ്കിലും യൂറോപ്പില്‍ ഇത് പ്രചാരത്തിലായത് 13-ാം ശ.-ത്തോടെ മാത്രമാണ്. ഇതോടെ തോക്കുകളുടെ നിര്‍മാണവും ആരംഭിച്ചു.

1200-കളില്‍ നിര്‍മിച്ച പീരങ്കികളെ ആദ്യകാല തോക്കുകളായി പരിഗണിക്കാം. ഒരറ്റം അടച്ച വലിയ ഒരു ഇരുമ്പുകുഴല്‍ ആയിരുന്നു അത്. പിന്നറ്റത്ത് (breech) ടച്ച്-ഹോള്‍ (touch-hole) എന്നു പേരുള്ള ഒരു ചെറിയ ദ്വാരം വെടിമരുന്നിനു തീകൊടുക്കാനായി ഉണ്ടാക്കിയിരുന്നു. മസ്സില്‍ (muzzle) എന്നറിയപ്പെടുന്ന മുന്നറ്റത്തുകൂടിയായിരുന്നു വടികൊണ്ടു കുത്തി വെടിമരുന്ന് നിറച്ചിരുന്നത്. അതിനുശേഷം 'വെടിയുണ്ട'യായ ഇരുമ്പുഗോളമോ പാറക്കഷണങ്ങളോ വെടിമരുന്നിനു മുന്നില്‍ കൊണ്ടുവയ്ക്കുന്നു. ചുട്ടുപഴുത്ത ഇരുമ്പുകഷണമോ കത്തുന്ന തിരിയോ കൊണ്ട് ടച്ച്-ഹോളിലൂടെ വെടിമരുന്നിന് തീപിടിപ്പിച്ച് സ്ഫോടനമുണ്ടാക്കുന്നു. ഈ സ്ഫോടനബലത്താല്‍ പീരങ്കിയുടെ മസ്സിലിലൂടെ ചീളുകള്‍ പുറത്തേക്കു പായുന്നു.

പീരങ്കിയുടെ ചെറിയ മാതൃക ഉണ്ടാക്കി തോളില്‍ ചേര്‍ത്തുപിടിച്ച് ഉപയോഗിക്കാന്‍ തക്കവണ്ണം തടികൊണ്ടുള്ള ചട്ടക്കൂടോടെ രൂപപ്പെടുത്തിയതാണ് മനുഷ്യന് കൊണ്ടുനടക്കാന്‍ പറ്റിയ ആദ്യകാല തോക്ക്. പീരങ്കിയിലെപ്പോലെ കുഴലിന്റെ മുന്നറ്റത്തുകൂടി വെടിമരുന്നും വെടിയുണ്ടയ്ക്കു സമാനമായ വസ്തുക്കളും നിറച്ച് (muzzle loading) പുറകിലുള്ള ചെറു ദ്വാരത്തിലൂടെ വെടിമരുന്നിനു തീകൊടുത്തു കത്തിച്ച് സ്ഫോടനമുണ്ടാക്കി വെടിപൊട്ടിക്കുകയാണു ചെയ്തിരുന്നത്. പീരങ്കിയിലെപ്പോലെ മിനുസമായ ഉള്‍പ്രതലത്തോടുകൂടിയ കുഴലാണ് ഇതിനുമുണ്ടായിരുന്നത്. ഏറെ ഭാരമുള്ള ഈ തോക്കു പിടിച്ച് ഉന്നം വയ്ക്കുന്നതും കൈകൊണ്ടുതന്നെ തീ കത്തിച്ച് വെടിപൊട്ടിക്കുന്നതും ഒരേസമയത്ത് ചെയ്യേണ്ടിയിരുന്നതുമൂലം ശരിയായ ഉന്നത്തില്‍ വെടി ഏല്പിക്കുന്നത് ശ്രമകരമായിരുന്നു; തന്നെയുമല്ല രണ്ടുപേരുടെ ശ്രമം ആവശ്യവുമായിരുന്നു.

തീപിടിപ്പിക്കുന്ന സംവിധാനം, വെടിയുണ്ട നിറയ്ക്കുന്ന സ്ഥാനം, തോക്കിന്‍കുഴലിന്റെ പ്രതലത്തിന്റെ ഘടന, ഒന്നിലേറെ ഉണ്ടകള്‍ ഒരേസമയം തുടര്‍ച്ചയായി വര്‍ഷിക്കുന്നതിനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളില്‍ വന്ന പരിഷ്കാരങ്ങളാണ് പല കാലങ്ങളിലായി തോക്കിനുണ്ടായ പ്രധാന പരിവര്‍ത്തനങ്ങള്‍.

വെടിമരുന്നിന് തീപിടിപ്പിക്കാന്‍ പറ്റിയ മാച്ച്ലോക്ക് (matchlock) എന്ന യന്ത്രസംവിധാനത്തോടെയുള്ള തോക്ക് 1400-കളില്‍ ഉണ്ടാക്കി. തോക്കിന്റെ കാഞ്ചി (trigger) വലിക്കുമ്പോള്‍ തീപിടിക്കാന്‍ തക്കവണ്ണം കാഞ്ചിയുമായി ബന്ധപ്പെടുത്തി തീകത്തിക്കാനുള്ള തിരി ഉറപ്പിച്ച സംവിധാനമാണ് ഇതില്‍ ഉപയോഗപ്പെടുത്തിയത്. കൂടുതല്‍ കൃത്യതയോടെ വെടിപൊട്ടിക്കാന്‍ (50 മീ. അകലം വരെ) ഇതുമൂലം സാധിച്ചു.

മാച്ച്-ലോക്കിനു പകരം പെട്ടെന്നു തീപ്പൊരിയുണ്ടാക്കി തീപിടിപ്പിക്കാവുന്ന തരത്തിലുള്ള വീല്‍-ലോക്ക് (wheel lock), ഫ്ളിന്റ്-ലോക്ക് (flint-lock) എന്നീ സമ്പ്രദായങ്ങള്‍ 1500-കളിലും 1600-കളിലുമായി നിലവില്‍വന്നു. ഫ്ളിന്റ്-ലോക്ക് മെച്ചപ്പെട്ട സംവിധാനമായി അംഗീകരിക്കപ്പെട്ടു. കാഞ്ചി വലിക്കുന്നതോടെ തീയുണ്ടാകുന്ന ഒരിനം കല്ല് (flint) പതിപ്പിച്ച ചുറ്റിക ഇരുമ്പുകഷണത്തില്‍ മുട്ടി തീപ്പൊരിയുണ്ടാകുമ്പോള്‍ അതിനടിയില്‍ പിടിപ്പിച്ചിട്ടുള്ള പാത്രത്തിലെ വെടിമരുന്നു കത്തുന്നു. 1800-കള്‍ വരെ ലളിതമായ ഈ സമ്പ്രദായം ഉപയോഗിത്തിലിരുന്നു.

കുഴലിന്റെ ഉള്‍ഭിത്തിയില്‍ മിനുസമായ പ്രതലത്തിനു പകരം സര്‍പ്പിലാകാരത്തിലുള്ള പൊഴികള്‍ (spiral rifling) ഉള്ള ഇനം തോക്കുകള്‍ 1500-കളോടെ ഉപയോഗത്തില്‍വന്നു. എങ്കിലും 1700-കളുടെ ഒടുവിലാണ് ഇവയ്ക്ക് പ്രചാരം ലഭിച്ചത്. ഈ പൊഴികള്‍ വെടിയുണ്ടയ്ക്ക് കറക്കം (spin) നല്കുന്നതുമൂലം വായുവിലൂടെയുള്ള സഞ്ചാരത്തിനു സുസ്ഥിരത കൈവരിക്കുകയും ലക്ഷ്യത്തില്‍ എളുപ്പം തുളച്ചുകയറുകയും ചെയ്യുന്നു. തോക്കിന്‍കുഴലിന്റെ മുന്‍ഭാഗത്തുള്ള ദ്വാരത്തിലൂടെ ഉണ്ട നിറയ്ക്കുന്നതിനു പകരം പിന്നിലൂടെ നിറയ്ക്കുന്ന രീതി (breech-loading) ഇതേകാലത്തുതന്നെ ഉണ്ടായി.

1600-കളോടെ വ്യക്തികള്‍ തോക്ക് ഉപയോഗിക്കുന്നത് യൂറോപ്പില്‍ സാധാരണമായി. 1600-നും 1800-നും ഇടയ്ക്കുള്ള കാലയളവില്‍ തോക്കിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്ന ചില പരിഷ്കാരങ്ങള്‍കൂടി ഉണ്ടായി. തീപിടിപ്പിച്ച് വെടി പൊട്ടിച്ചിരുന്നതിന്റെ സ്ഥാനത്ത് നിയന്ത്രിത സ്ഫോടനസമ്പ്രദായം (detonating system) 1800-കളുടെ തുടക്കത്തില്‍ പ്രയോഗത്തില്‍ വന്നു. തോക്കില്‍ ഉപയോഗിക്കാനുള്ള കാര്‍ട്രിഡ്ജ് (cartridge) ഇക്കാലത്ത് കണ്ടുപിടിക്കപ്പെട്ടു. വെടിയുണ്ടയും സ്ഫോടകവസ്തുവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള വെടിയുണ്ടക്കൂടാണ് കാര്‍ട്രിഡ്ജ്. സമ്മര്‍ദംകൊണ്ടു പൊട്ടിച്ച് (percussion) സ്ഫോടനം നടത്താന്‍ കഴിയുന്ന അടപ്പോടുകൂടിയ കാര്‍ട്രിഡ്ജ് 1800-കളില്‍ ഉപയോഗത്തിലെത്തി. തോക്കില്‍ നിറച്ചിട്ടുള്ള വെടിയുണ്ടകള്‍കൊണ്ട് തുടര്‍ച്ചയായി വെടിയുതിര്‍ക്കാനും ഈ കാലത്ത് സൗകര്യം ഉണ്ടായി. ഫ്ളിന്റ്-ലോക്ക് സംവിധാനത്തില്‍ 50 മീ. ദൂരം വരെ മാത്രമേ കൃത്യതയോടെയുള്ള വെടിവയ്പ് സാധിക്കുമായിരുന്നുള്ളൂ. ആ സ്ഥാനത്ത് ഡെട്ടനേറ്റര്‍ സംവിധാനം വന്നതോടെ 200 മീ. അകലംവരെ വെടിയുതിര്‍ക്കാമെന്ന മെച്ചമുണ്ടായി. 1800-കളിലെ കണ്ടുപിടിത്തങ്ങളായ ബ്രീച്ച് ബോള്‍ട്ട് (breech bolt), കാര്‍ട്രിഡ്ജ് നിറയ്ക്കാനുള്ള ക്ലിപ്പ് (clip) അഥവാ മാഗസിന്‍ (magazine), സ്ഫോടക സംവിധാനം (detonation) തുടങ്ങിയ പരിഷ്കാരങ്ങള്‍ തോക്കുകളുടെ ആധുനികതയിലേക്കു നയിച്ച ചില ഘടകങ്ങളാണ്. ഓട്ടോമാറ്റിക് തോക്കുകളും യന്ത്രത്തോക്കുകളും മറ്റും പിന്നീടുവന്ന രൂപകല്പനകളാണ്.

റീകോയില്‍ (Recoil). പായുന്ന ബുള്ളറ്റിന്റെ എതിര്‍ദിശയില്‍ തോക്കിനുണ്ടാകുന്ന പിന്നോട്ടടിയാണ് റീകോയില്‍. വെടിവയ്ക്കുന്ന ആളുടെ തോളില്‍ ഇത് ഒരു 'കിക്ക്' ആയി അനുഭവപ്പെടുന്നു. അടിസ്ഥാന തത്ത്വമായ സംവേഗസംരക്ഷണ (conservation of momentum)ത്തിന്റെ ഫലമാണ് തോക്കിന്റെ റീകോയില്‍. സ്ഫോടനഫലമായുണ്ടാകുന്ന ബലം (force) ആണ് ബുള്ളറ്റിനെ പുറത്തേക്കു പായിക്കുന്നത്. ബുള്ളറ്റിന്റെ ദ്രവ്യമാനം m-ഉം പ്രവേഗം v -യും ആയാല്‍ അതിന്റെ സംവേഗം mv ആയിരിക്കും. ബുള്ളറ്റിന്റെ എതിര്‍ദിശയില്‍ തോക്കിനും ഇതേ സംവേഗമുണ്ടായിരിക്കണം. തോക്കിന്റെ ദ്രവ്യമാനം M -ഉം റീകോയില്‍ പ്രവേഗം V-യും ആണെങ്കില്‍ MV= -mv. ഭാരം കൂടിയ തോക്കിന് കുറഞ്ഞ പ്രവേഗമേ കൈവരൂ.

ആധുനിക തോക്കുകള്‍

റീകോയില്‍ ഷോട്ട്ഗണ്ണുകള്‍

റീകോയില്‍ ഇല്ലാത്ത (Recoilless-RCL) തോക്ക്. യുദ്ധരംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും താരതമ്യേന ഭാരം കുറഞ്ഞതുമായ പീരങ്കിയിനത്തിലുള്ള തോക്കാണിത്. രണ്ടാം ലോകയുദ്ധകാലത്ത് ടാങ്കുകളെ പ്രതിരോധിക്കുന്നതിനായി ജര്‍മന്‍സേന വികസിപ്പിച്ചെടുത്ത ഇതിന്റെ രൂപകല്പനയില്‍ പിന്നീട് യു. എസ്. സേന പല പരിഷ്കാരങ്ങളും വരുത്തി. കൊറിയന്‍, വിയ്റ്റ്നാം യുദ്ധങ്ങളിലും ഇത്തരം തോക്കുകള്‍ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. പൊതുവേ, ഭാരം കൂടിയ ഷെല്ലുകള്‍ കുറഞ്ഞ വേഗതയിലും റെയ്ഞ്ചിലും തൊടുക്കാനായി ഉപയോഗിക്കുന്ന ഇനമാണിത്. റീകോയില്‍ വളരെയേറെ കുറയ്ക്കാന്‍ കഴിയുന്നു എന്നതിനാല്‍ തോളില്‍ ചേര്‍ത്തുവച്ചുള്ള പ്രയോഗത്തിന് അനുയോജ്യമാണ്. ഭാരം കുറഞ്ഞ ട്രൈപോഡ് സ്റ്റാന്റില്‍ ഉറപ്പിച്ചാണ് പട്ടാളക്കാര്‍ ഇത്തരം തോക്കുകള്‍ കൊണ്ടുനടക്കുന്നത്. പ്രൊജക്റ്റൈലും നോദകവും (propellent) ഒറ്റ റൗണ്ടില്‍ ബ്രീച്ചില്‍ നിറയ്ക്കുന്നു. വെടി ഉതിര്‍ക്കുമ്പോള്‍ നോദകത്തിന്റെ ഒരു ഭാഗം മാത്രമേ ബാരലില്‍നിന്ന് പ്രൊജക്റ്റൈലിനൊപ്പം മുമ്പോട്ടു പായുന്നുള്ളൂ. ബാക്കി ഏറിയ ഭാഗം നോദകവും സുഷിരങ്ങള്‍ ഇട്ടിട്ടുള്ള കാര്‍ട്രിഡ്ജിലൂടെ പിന്നോട്ടു തള്ളപ്പെടുന്നു. ഇപ്രകാരം മുന്നോട്ടുള്ള മര്‍ദത്തിനു തുല്യമായി പിന്നോട്ടും ബലം ലഭിക്കുന്നു. അതിനാല്‍ വെടി ഉതിര്‍ക്കുന്ന സമയത്ത് തോക്കിന്റെ റീകോയില്‍ ഗണ്യമായി കുറഞ്ഞ് താരതമ്യേന ചലനരഹിതമെന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയുണ്ടാകുന്നു. റീകോയില്‍ പൂര്‍ണമായും ഒഴിവാക്കാന്‍ പ്രായോഗികമായി കഴിഞ്ഞിട്ടില്ല. റീകോയില്‍ കഴിയുന്നത്ര കുറയ്ക്കാന്‍ കഴിയുന്നതിനാല്‍ തോക്കിനോടൊപ്പം കൊണ്ടുനടക്കേണ്ട ഭാരം കൂടിയതും സങ്കീര്‍ണവുമായ റീകോയില്‍ മന്ദന (damping) സാമഗ്രികളെ ഒഴിവാക്കാനാകുന്നു. ഇതാണ് RCL തോക്കിന്റെ മേന്മ.

റൈഫിള്‍. ബുള്ളറ്റിനെ ചക്രണം (spin) ചെയ്യിച്ച് തൊടുക്കുന്നയിനം തോക്കാണ് റൈഫിള്‍. ഇതിനായി നീണ്ട ബാരലില്‍ സര്‍പ്പിലാകാര പൊഴികള്‍ അഥവാ പിരികള്‍ ഉണ്ടാക്കിയിരിക്കും. ഇതുമൂലം സ്പിന്‍ ചെയ്തു വരുന്ന ബുള്ളറ്റിന് ദീര്‍ഘദൂര റെയ്ഞ്ചിലും കൂടുതല്‍ കൃത്യത കൈവരിക്കാനാവുന്നു. ബാരലില്‍നിന്നു പുറത്തുവരുന്ന ബുള്ളറ്റിന്റെ കോണീയ സംവേഗം (anuglar momentum)

എ.കെ.47
സംരക്ഷിക്കപ്പെടുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. 20-ാം ശ.-ത്തിന്റെ ആദ്യപകുതിയില്‍ ബ്രിട്ടണില്‍ നിര്‍മിച്ച എന്‍ഫീല്‍ഡ് റൈഫിള്‍, രണ്ടാം പകുതിയോടെ റഷ്യയില്‍ രൂപകല്പന ചെയ്ത AK47 (Avtomat Kalashnikova-47) റൈഫിള്‍ എന്നിവ ലോകപ്രശസ്തങ്ങളാണ്.

മെഷീന്‍ഗണ്‍. തുടര്‍ച്ചയായും വളരെ വേഗത്തിലും വെടി ഉതിര്‍ക്കാവുന്ന തോക്കാണിത്. മിനിറ്റില്‍ 500 മുതല്‍ 1600 വരെ റൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് ഇനങ്ങളുണ്ട്. 19-ാം ശ.-ത്തില്‍ വികസിപ്പിച്ചെടുത്ത ഇത് പല യുദ്ധങ്ങളുടെയും ഗതിയെത്തന്നെ മാറ്റിമറിച്ചു. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആധുനിക മെഷീന്‍ഗണ്ണുകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്: സക്വാഡ് ഓട്ടോമാറ്റിക് വെപ്പണ്‍ (Squad automatic weapon), പൊതുഉപോയഗ മെഷീന്‍ഗണ്‍

മെഷീന്‍ഗണ്‍
(General-purpose machine), ഹെവി മെഷീന്‍ഗണ്‍ (Heavy machine gun) എന്നിങ്ങനെ. റീകോയില്‍ കഴിയുന്നത്ര കുറയ്ക്കാനും വെടിയുടെ ദിശ തെറ്റാതിരിക്കാനുംവേണ്ടി മൌണ്ടില്‍ ഉറപ്പിച്ചാണ് സാധാരണയായി മെഷീന്‍ഗണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
വിവിധതരം,ഷോട്ട്ഗണ്ണുകള്‍

ഷോട്ട്ഗണ്‍. ഷോട്ട് (shot) എന്നറിയപ്പെടുന്ന അനേകം ചെറിയ ഗോളാകാര പെല്ലറ്റുകള്‍ (pellets) ഉതിര്‍ക്കാന്‍ കഴിവുള്ളയിനം തോക്കാണിത്. റൈഫിള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന പരാസത്തേക്കാള്‍ കൂടിയ പരാസം (wider range) ഷോട്ട്ഗണ്ണിലെ പെല്ലറ്റുകള്‍ക്കുണ്ട്. മൊത്തം സ്ഫോടനശക്തി അനേകം പെല്ലറ്റുകള്‍ക്കിടയില്‍ വിഭജിച്ചുപോകുന്നതുകൊണ്ട് ഓരോ ഉണ്ടയുടെയും ഊര്‍ജം താരതമ്യേന കുറവായിരിക്കും. പക്ഷികളെ വേട്ടയാടുന്നതിനും മറ്റു വിനോദാവശ്യങ്ങള്‍ക്കുംവേണ്ടി ഇത്തരം തോക്കുകള്‍ ഉപയോഗിക്കാന്‍ ഇത് ഒരു കാരണമാണ്. ഷോട്ടുകളുടെ എണ്ണക്കൂടുതല്‍ ഷോട്ട്ഗണ്ണിനെ സൌകര്യപ്രദവും വിശ്വസനീയവുമായ ഒരു പ്രതിരോധ ആയുധമാക്കി മാറ്റുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചെറിയ വസ്തുക്കളെ വെടിവയ്ക്കാന്‍ ഷോട്ട്ഗണ്ണാണ് യോജിച്ചത്. താരതമ്യേന കുറഞ്ഞ തുളച്ചുകയറല്‍ സ്വഭാവവും ഉയര്‍ന്ന സ്റ്റോപ്പിങ് പവറും നിശ്ചലമായ ലക്ഷ്യങ്ങളെ വെടിവയ്ക്കാന്‍ സഹായിക്കുന്ന അനുകൂല ഘടകങ്ങളാണ്.

പിസ്റ്റള്‍. ഒതുക്കമുള്ള ആകാരം, കുറഞ്ഞ വില, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നീ സവിശേഷതകളാല്‍ ജനപ്രീതി നേടിയ തോക്കാണ് പിസ്റ്റള്‍. റൈഫിളിനെ അപേക്ഷിച്ച് ബാരലിന്റെ നീളം വളരെ കുറവാണ് എന്നതാണ് പിസ്റ്റളിന്റെ പ്രത്യേകത. ഇറ്റലിയിലെ പിസ്റ്റോയ്യ (Pistoia) എന്ന നഗരത്തിന്റെ പേരില്‍ നിന്നാണ് പിസ്റ്റള്‍ എന്ന പേരുണ്ടായത്. ഒറ്റക്കൈ കൊണ്ട് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. മിക്ക രാജ്യങ്ങളിലെയും പൊലീസുകാരുടെയും മറ്റു സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പ്രധാന പ്രതിരോധ ആയുധമാണ് പിസ്റ്റള്‍.

പിസ്റ്റളും മാഗസിനും

റിവോള്‍വര്‍. കാഞ്ചി വലിക്കുമ്പോള്‍ തുടരെ വെടിയുതിര്‍ക്കാന്‍പറ്റിയതരത്തിലുള്ള പിസ്റ്റളാണിത്. പല അറകളുള്ള തിരിയുന്ന സിലിണ്ടറാണ് ഇതിനു പാകത്തില്‍ വെടിയുണ്ടയെ ബാരലില്‍ എത്തിക്കുന്നത്. സിലിണ്ടര്‍ തിരിയുകയും അതനുസരിച്ച് അറകള്‍ ഒന്നൊന്നായി അതില്‍ സൂക്ഷിച്ചിട്ടുള്ള കാര്‍ട്രിഡ്ജിനെ വെടിയുതിര്‍ക്കാന്‍ പാകത്തില്‍ ബാരലിനു പിന്നിലെത്തിക്കുകയും ചെയ്യുന്നു. 'തിരിയുന്ന' എന്നര്‍ഥം വരുന്ന 'റിവോള്‍വ്' (revolve) എന്ന പദത്തില്‍നിന്നാണ് ഈയിനം കൈത്തോക്കിന് റിവോള്‍വര്‍ എന്ന പേര് കിട്ടിയത്. സാമുവല്‍ കോള്‍ട്ട് 1835-ല്‍ ഇത്തരം തോക്ക് നിര്‍മിച്ചു.

റിവോള്‍വര്‍
വിനോദ ആവശ്യങ്ങള്‍ക്കായുള്ള തോക്കുകള്‍. എയര്‍ സോഫ്റ്റ് ഗണ്‍ അഥവാ സോഫ്റ്റ്എയര്‍ ഗണ്‍ എന്നറിയപ്പെടുന്ന തോക്കുകള്‍ സ്പ്രിങ്, വൈദ്യുതി, വാതകം എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ പ്രവര്‍ത്തനശക്തിഉപയുക്തമാക്കുന്നഎയര്‍ഗണ്ണുകളാണ്.
എയര്‍സോഫ്റ്റ് ഗണ്‍
ഗെയിം തോക്കുകളായി സാധാരണ ഉപയോഗിക്കുന്നത് വില കുറഞ്ഞയിനം എയര്‍സോഫ്റ്റ് ഗണ്ണുകളാണ്. വെടിക്കോപ്പ് പരിശീലനത്തിനും 'എയര്‍സോഫ്റ്റ്' പോലുള്ള ഗെയിമുകള്‍ക്കുംവേണ്ടി വില കൂടിയ ഇനം ഉപയോഗിക്കുന്നു. മര്‍ദിത വാതകത്തിന്റെ വികസനതത്ത്വമാണ് ഇവയുടെ പ്രവര്‍ത്തനത്തിന് ആധാരം. വൈദ്യുതശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന എയര്‍സോഫ്റ്റ് ഗണ്ണുകളില്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് വൈദ്യുത മോട്ടോറിനെ കറക്കുന്നത്. AEG എന്നറിയപ്പെടുന്ന ഓട്ടോമാറ്റിക് ഇലക്ട്രിക് ഗണ്ണുകള്‍ മിനിറ്റില്‍ 300 മുതല്‍ 1100 വരെ റൌണ്ട് വെടിയുതിര്‍ക്കാന്‍ കഴിവുള്ളവയാണ്. 60-120 മീ./സെ. വേഗതയും (muzzle velocity) ഇവയ്ക്കുണ്ടായിരിക്കും. ജപ്പാനില്‍ വികസിപ്പിച്ചെടുത്ത ഈ ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്. സങ്കര (hybrid) എയര്‍സോഫ്റ്റ് ഗണ്ണുകളും ഇപ്പോള്‍ ലഭ്യമാണ്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍