This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, ഫ്രാന്‍സിസ് (1859 - 1907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോംസണ്‍, ഫ്രാന്‍സിസ് (1859 - 1907)

Thompson,Francis

ഇംഗ്ലീഷ് കവി. 1859 ഡി. 13-ന് ലങ്കാഷയറിലെ പ്രെസ്റ്റനില്‍ ജനിച്ചു. 1870-76 കാലഘട്ടത്തില്‍ യൂഷാ കോളജില്‍ വൈദികപഠനം നടത്തി. മാഞ്ചസ്റ്ററിലെ ഓയിന്‍സ് കോളജില്‍ ആറുവര്‍ഷം വൈദ്യശാസ്ത്രം അഭ്യസിച്ചെങ്കിലും ബിരുദം നേടിയില്ല. 1888-ല്‍ ലണ്ടനിലെത്തിയ ഇദ്ദേഹം കുറേക്കാലം മയക്കുമരുന്നിന് അടിമയായി അലഞ്ഞു തിരിഞ്ഞു. ആനുകാലിക പ്രസാധകനായ വില്‍ഫ്രിഡ് മെയ്നെലും അദ്ദേഹത്തിന്റെ ഭാര്യ ആലിസും തോംസണിന്റെ പ്രതിഭ കണ്ടറിയുകയും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ വേണ്ട സഹായം നല്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ജീവിതം ഏറിയകൂറും ലണ്ടനിലെ ലോഡ്ജുകളിലായിരുന്നു; ചില ഇടവേളകള്‍ സസെക്സിലും വെയ് ല്‍സിലും കഴിച്ചുകൂട്ടി.

ഫ്രാന്‍സിസ് തോംസണ്‍

സിസ്റ്റര്‍-സോങ്സ് : ആന്‍ ഓഫറിങ് റ്റു ടു സിസ്റ്റേഴ്സ് (1895), ലിറ്റില്‍ ജീസസ് (1897), വിക്റ്റോറിയന്‍ ഓഡ് ഫോര്‍ ജൂബിലി ഡേ (1897), ദ് മിസ്ട്രസ് ഒഫ് വിഷന്‍ (1918), യൂത്ത്ഫുള്‍ വേഴ്സസ് (1928) എന്നിവയാണ് ഫ്രാന്‍സിസ് തോംസണിന്റെ പ്രധാന കവിതാസമാഹാരങ്ങള്‍. ലണ്ടനിലെ തെരുവുകളില്‍ നിന്നു വീണ്ടെടുക്കപ്പെട്ടതിനുശേഷമുള്ള രണ്ടുവര്‍ഷത്തിലാണ് ഇദ്ദേഹത്തിന്റെ ചില പ്രധാന കവിതകള്‍ രചിക്കപ്പെട്ടത്. ഹൗണ്ട് ഒഫ് ഹെവന്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. 1890-കളുടെ മധ്യത്തില്‍ മതപരമായ വിഷയങ്ങളെപ്പറ്റിയുള്ള അനുധ്യാനങ്ങളായിരുന്നു കവിക്കു പ്രിയം. പ്രസ്തുത ദശകത്തിന്റെ അന്ത്യത്തില്‍ കെയ്റ്റി കിങ്ങുമായുള്ള ബന്ധം ചില പ്രേമകവിതകള്‍ക്കും ജന്മം നല്കുകയുണ്ടായി.

ആരബ് ലവ് സോങ് എന്ന കവിതയില്‍ മാംസനിബദ്ധമായ രാഗം മാത്രമല്ല കാണുന്നത്. ഒരു ദിവ്യകാമുകന്‍ ആത്മാവിനോടു നടത്തുന്ന ആമന്ത്രണമായും ഈ കവിത അനുഭവപ്പെടുന്നു. 'ദ് നാരോ വെസല്‍' എന്ന പരമ്പരയിലുള്ള കവിതകളില്‍ വെയില്‍സിലെ ഒരു പെണ്‍കുട്ടിയുമായി കവിക്കുണ്ടായിരുന്ന ബന്ധമാണ് പ്രതിപാദ്യം. ലണ്ടനില്‍ കവിയുടെ രക്ഷകയായെത്തിയ ആലിസ് മെയ്നെല്‍ ലവ് ഇന്‍ ഡയാന്‍സ് ലാപ് എന്ന പരമ്പരയിലെ കവിതകളില്‍ നിറഞ്ഞു നില്ക്കുന്നു.

തോംസണിന്റെ കവിതകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ചത് അര്‍ച്ചനാഗീത(Ode)ങ്ങളാണ്. ദ് ഹൗണ്ട് ഒഫ് ഹെവന്‍ ആണ് ഇക്കൂട്ടത്തില്‍ പ്രഥമഗണനീയം. ആത്മാവ് അതിവേഗം പ്രയാണം ചെയ്യുന്നതിനെയും ദൈവം അതിനെ വിടാതെ പിന്തുടരുന്നതിനെയും ഈ കവിതയില്‍ വര്‍ണിച്ചിരിക്കുന്നു. ഓഡ്റ്റു ദ് സെറ്റിങ് സണ്‍, ഓറിയന്റ് ഓഡ്, കണ്ടംപ്ളേഷന്‍ എന്നിവയാണ് തോംസണിന്റെ മറ്റു പ്രധാന അര്‍ച്ചനാഗീതങ്ങള്‍.

നല്ല ഗദ്യരചയിതാവുകൂടിയായ തോംസണിന്റെ ആദ്യകാല രചനകളുടെ മുഖമുദ്ര അവയുടെ അലങ്കൃതശൈലിയായിരുന്നു. ഹെല്‍ത്ത് ആന്‍ഡ് ഹോളിനസ് (1905), ഷെല്ലി (1909), എ റെനിഗെയ്ഡ് പോയറ്റ് ആന്‍ഡ് അദര്‍ എസ്സെയ്സ് (1910), സര്‍ ലെസ്ളി സ്റ്റീഫന്‍ ആസ് എ ബയോഗ്രഫര്‍ (1915) എന്നിവ ഇദ്ദേഹത്തിന്റെ മികച്ച ഗദ്യകൃതികളാണ്. ഇദ്ദേഹത്തിന്റെ നിരൂപണ ലേഖനങ്ങള്‍ ലിറ്റററി ക്രിട്ടിസിസംസ് ന്യൂലി ഡിസ്കവേഡ് ആന്‍ഡ് കളക്റ്റഡ് എന്ന പേരില്‍ ടെറന്‍സ് എല്‍. കോണലി 1948-ല്‍ സംശോധനം ചെയ്തു പ്രസിദ്ധീകരിച്ചു.

1907 ന. 13-ന് തോംസണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍