This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴില്‍ ബന്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴില്‍ ബന്ധങ്ങള്‍

ആധുനിക വ്യാവസായിക ഉത്പാദനക്രമത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ ഉത്പാദനപ്രക്രിയയുമായും മാനേജ്മെന്റുമായും പുലര്‍ത്തുന്ന ബന്ധങ്ങള്‍. മുതലാളിത്ത ഉത്പാദനസമ്പ്രദായത്തില്‍ തൊഴില്‍ അഥവാ അധ്വാനശക്തി ഒരു ചരക്കായിട്ടാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്. എങ്കിലും, മറ്റ് ഉത്പാദനോപാധികളില്‍നിന്നു വ്യത്യസ്തമായി തൊഴില്‍ ചില സവിശേഷ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. കാരണം ഇവിടെ തൊഴില്‍ ചെയ്യുന്ന മനുഷ്യരുടെ മൂര്‍ത്ത സാന്നിധ്യമുണ്ട്. തൊഴിലിന്റെ ക്രയവിക്രയം യഥാര്‍ഥത്തില്‍ തൊഴിലാളികളായ മനുഷ്യരുടെ ക്രയവിക്രയം തന്നെയാണ്. അതിനാല്‍, തൊഴിലും ഉത്പാദനപ്രക്രിയയുമായുള്ള ബന്ധം മാനുഷികബന്ധങ്ങളുടെ സ്വഭാവം ആര്‍ജിക്കുന്നു. തൊഴില്‍പ്രക്രിയയിലെ ഈ മാനുഷികസ്വഭാവം പക്ഷേ, ഉത്പാദനോപാധികള്‍ക്കു മേലുള്ള സ്വകാര്യ ഉടമസ്ഥതമൂലം വാണിജ്യപരമാകുകയാണു ചെയ്യുന്നത്. ലാഭവും അതിനുവേണ്ടിയുള്ള ചൂഷണവും പ്രധാന താത്പര്യങ്ങളായതിനാല്‍, തൊഴില്‍ ബന്ധങ്ങളെ മാനുഷികവത്കരിക്കാന്‍ സാധാരണഗതിയില്‍ മൂലധനശക്തികള്‍ ശ്രമിക്കാറില്ല. എന്നാല്‍, തൊഴിലാളികളുടെ സംഘടിതശക്തിയുടെയും ട്രേഡ് യൂണിയന്‍ പ്രക്ഷോഭങ്ങളുടെയും ഫലമായി തൊഴിലാളികളുടെ മാനസികവും കായികവുമായ ക്ഷേമം അംഗീകരിക്കാന്‍ ആധുനിക മുതലാളിത്തം തയ്യാറായിട്ടുണ്ട്. മാനേജ്മെന്റില്‍ തൊഴിലാളി പ്രാതിനിധ്യം അംഗീകരിച്ചുകൊണ്ടും തൊഴിലാളി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടും തൊഴില്‍ ബന്ധങ്ങളെ ജനാധിപത്യപരമാക്കാന്‍ ഇപ്പോള്‍ മുതലാളിമാര്‍തന്നെ ശ്രദ്ധിക്കുന്നു. സാമ്പത്തികമേഖലയില്‍ ഗവണ്മെന്റിന്റെ ഇടപെടലും തൊഴില്‍ ബന്ധങ്ങളെ നവീകരിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. നോ: തൊഴിലാളി പ്രാതിനിധ്യം, തൊഴില്‍ ക്ഷേമം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍