This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴില്‍ നയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴില്‍ നയം

Labour ploicy

തൊഴില്‍മേഖലയില്‍ സ്റ്റേറ്റിന്റെ നിലപാട്. തൊഴില്‍ഘടനയുടെ നിര്‍ണയം, തൊഴില്‍ സംബന്ധിച്ച സാഹചര്യങ്ങളുടെ ക്രമീകരണം, വേതന നയം, തൊഴില്‍ ബന്ധങ്ങള്‍, തൊഴില്‍ത്തര്‍ക്കപരിഹാരം, തൊഴിലാളിക്ഷേമം, സാമൂഹ്യ ഭദ്രത - സുരക്ഷ എന്നീ മേഖലകളിലാണ് സ്റ്റേറ്റിന്റെ തൊഴില്‍നയം പ്രധാനമായും ഊന്നല്‍ നല്കുന്നത്.

വ്യവസായങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ച, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ഉത്തരവാദിത്വത്തോടുകൂടിയുള്ള പെരുമാറ്റം, തൊഴിലാളികളുടെ നിയമപരവും ന്യായവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തൊഴിലുടമകളെ സജ്ജരാക്കല്‍ എന്നീ ഘടകങ്ങള്‍ പുരോഗമന സ്വഭാവമുള്ള ഒരു തൊഴില്‍നയത്തിലുണ്ടാകും. തൊഴില്‍നയത്തിന്റെ പേരില്‍ സ്റ്റേറ്റിന്റെ അമിതമായ ഇടപെടലുകള്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, വ്യവസായം, സമ്പദ്വ്യവസ്ഥ എന്നിവയുടെ മേല്‍ ഗുണത്തെക്കാള്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കിയേക്കും. എന്നാല്‍ പൊതുവേ ചൂഷണാത്മകമായ ആധുനിക വ്യവസായഘടനയുടെ ദോഷഫലങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ നല്ല ഒരു തൊഴില്‍നയത്തിന് സാധിക്കും.

തൊഴിലാളികള്‍ക്കും അവരുടെ ട്രേഡ് യൂണിയനുകള്‍ക്കും സംഘടനാ സ്വാതന്ത്ര്യം, തൊഴിലുടമകളുമായി കൂട്ടായ വിലപേശലിനുള്ള സാഹചര്യം, കൂലിനിരക്കുകള്‍ക്കും ജോലിവ്യവസ്ഥകള്‍ക്കും ചില മിനിമം മാനദണ്ഡങ്ങള്‍, തൊഴില്‍ഭദ്രത, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പാക്കാന്‍ തൊഴില്‍നയം സഹായിക്കുന്നു. ഇതിന്റെ ഭാഗമായി മിനിമം കൂലി, ഫാക്റ്ററിയിലെ തൊഴില്‍ സാഹചര്യങ്ങള്‍, ഫാക്റ്ററിയിലെ തൊഴില്‍ ബന്ധങ്ങള്‍, പെരുമാറ്റചട്ടം എന്നിവ തൊഴില്‍നയത്തിന്റെ പരിധിയില്‍ വരുന്നു.

തൊഴിലിന്റെ ഘടന ഏതു തരത്തിലായിരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ തൊഴില്‍നയത്തിന് പ്രധാന പങ്കുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക ആസൂത്രണത്തിലും വികസന നയത്തിലും തൊഴില്‍നയവും പ്രധാനമാക്കുന്നത്. സമ്പദ്വ്യവസ്ഥയില്‍ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളില്‍ എത്രകണ്ട് തൊഴിലവസരങ്ങള്‍ ഉണ്ടാകണമെന്നും അവ തമ്മിലുള്ള സന്തുലനം എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും തൊഴില്‍നയത്തിന് നിര്‍ദേശിക്കാന്‍ പറ്റും. സമ്പദ്വ്യവസ്ഥയില്‍ പൊതുവായും നിശ്ചിത മേഖലകളില്‍ പ്രത്യേകിച്ചും തൊഴിലവസരങ്ങളുടെ സൃഷ്ടി, തൊഴിലില്ലായ്മയുടെ കാഠിന്യം എന്നിവ തൊഴില്‍നയം കണക്കിലെടുക്കുന്നു. 1969-ല്‍ ഐ.എല്‍.ഒ. നിര്‍ദേശിച്ച തൊഴില്‍ പ്രോഗ്രാം ദേശീയ ഗവണ്മെന്റുകള്‍ക്ക് സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങളുടെ സൃഷ്ടി എന്നിവയെക്കുറിച്ച് പ്രത്യേകിച്ചും ദേശീയ തലത്തിലെ തൊഴില്‍നയം രൂപപ്പെടുത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

തൊഴില്‍നയത്തില്‍ കൂലി - വേതന നിര്‍ണയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. ജോലിസമയം, കഴിവുകള്‍, യോഗ്യതകള്‍, അധ്വാനം, ഉത്പാദനക്ഷമത എന്നിവയാണ് കൂലി-വേതന നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡങ്ങള്‍. മിനിമം കൂലി (mionimum wage), ഭേദപ്പെട്ട കൂലി (fair wage), ജീവിക്കുവാനുള്ളകൂലി എന്നീ തരംതിരിവുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ അടിസ്ഥാനം തൊഴില്‍നയത്തില്‍ വിശദമാക്കപ്പെടുന്നു. തൊഴിലാളികള്‍ തമ്മിലുള്ള കൂലി അന്തരം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പല തൊഴിലുകള്‍ തമ്മിലും കൂലിയില്‍ അന്തരമുണ്ടാകും. ഇതിനൊക്കെ എല്ലാവര്‍ക്കും സ്വീകാര്യമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കേണ്ടതാണ്. കൂലിയെന്നു പറയുമ്പോള്‍ അത് ദിവസക്കൂലി മാത്രമല്ല. ചില തൊഴിലുകളില്‍ കൂലി ആഴ്ചയിലൊരിക്കലായിരിക്കും തൊഴിലുടമ നല്കുക. മാസത്തിലൊരിക്കല്‍ നല്കുന്ന കൂലിയെ സാധാരണയായി വേതനം അഥവാ ശമ്പളം എന്നു വിളിക്കുന്നു. ഏതൊക്കെ കാലയളവില്‍, കൂലിയും വേതനവും നല്കണമെന്ന് നിയമപരമായി നിര്‍ദേശിക്കാന്‍ തൊഴില്‍നയത്തിനു കഴിയും. ഇന്ന് കൂലിക്കു പുറമേ മറ്റു ചില ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് കിട്ടുന്നു. ഉദാഹരണത്തിന് സൌജന്യയാത്ര, ആരോഗ്യപരിപാലനം, ഭക്ഷണം, പാര്‍പ്പിടം എന്നിവ. ചിലയവസരങ്ങളില്‍ ഇവ പൂര്‍ണമായും സൌജന്യമായി നല്കാതെ സബ്സിഡിയായി നല്കാറുണ്ട്. ഇവയും നിയമം വഴിയോ, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുണ്ടാക്കുന്ന കരാറുകള്‍ വഴിയോ നടപ്പിലാക്കുന്നു. കൂലിയിലെ അന്തരം ഇന്ന് പല വിധത്തിലുണ്ട്. പുരുഷനും സ്ത്രീയും തമ്മില്‍ കൂലിയില്‍ അന്തരമുണ്ട്. ഒരേ ജോലിക്ക് ഒരേ കൂലി എന്ന തത്ത്വം നിയമം അംഗീകരിക്കുന്നുണ്ടെങ്കിലും പലപ്പോഴും നടപ്പിലായിട്ടില്ല. അതുപോലെ ഗ്രാമ - നഗര തലങ്ങളിലെ തൊഴിലുകളിലും കൂലിയില്‍ വലിയ അന്തരമാണുള്ളത്.

തൊഴിലില്‍നിന്നു കിട്ടുന്ന കൂലി വരുമാനംകൊണ്ട് ഏതു തരത്തിലുള്ള ജീവിതനിലവാരം പുലര്‍ത്താന്‍ കഴിയുമെന്നുള്ളത് കൂലിയും ചരക്കുവിലകളും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടാകുമ്പോള്‍ യഥാര്‍ഥ കൂലി-വേതനം-വരുമാനം ക്ഷയിക്കുന്നു. ഈയവസരത്തില്‍ വിലക്കയറ്റം നിയന്ത്രിച്ച് തൊഴിലാളികളുടെ യഥാര്‍ഥ കൂലി ക്ഷയിക്കാതെ സംരക്ഷിക്കേണ്ടത് തൊഴില്‍നയത്തിന്റെ ധര്‍മമാണ്. ഇതിന് യഥാകാലം കുടുംബബജറ്റ് സര്‍വേ നടത്തി വരുമാനവും ചെലവും കണക്കാക്കി തൊഴിലാളികളുടെ യഥാര്‍ഥ കൂലി (real wages) ക്ഷയിക്കാതെ സംരക്ഷിച്ച് നിലനിര്‍ത്താനാണ് തൊഴില്‍നയത്തിന്റെ ഭാഗമായി ക്ഷാമബത്തയെന്ന ആനുകൂല്യം നടപ്പാക്കുന്നത്. മൊത്തവില സൂചിക, ജീവിതച്ചെലവ് സൂചിക, ഉപഭോക്തൃ വിലസൂചിക എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി ബന്ധപ്പെടുത്തി കൂലിനിരക്കില്‍ മാറ്റം വരുത്താന്‍ തൊഴില്‍നയത്തിന്റെ ഭാഗമായി തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്കാന്‍ സ്റ്റേറ്റിന് കടമയുണ്ട്.

സാധാരണയായി തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്ന വ്യവസായങ്ങളിലും തൊഴിലുകളിലും മിനിമം കൂലി നിയമം വഴി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കാന്‍ തൊഴില്‍നയം നിര്‍ദേശിക്കും. സ്റ്റേറ്റിന്റെ തൊഴില്‍വകുപ്പ് മിനിമം കൂലി തൊഴിലാളികള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയും വിലയിരുത്തലും നടത്താറുണ്ട്. മിനിമം കൂലി നല്കാത്ത തൊഴിലുടമകളെ നിയമപരമായി ശിക്ഷിക്കുകയും ചെയ്യാറുണ്ട്.

സാമൂഹ്യ വേതനം (Social wages) നല്കുക-അത് ഉറപ്പാക്കുക- എന്നതും തൊഴില്‍നയത്തിന്റെ ഭാഗമാകാം. പണമായി നല്കപ്പെടുന്ന കൂലി-വേതനം എന്നതിനു പുറമേ നല്കുന്ന ആനുകൂല്യങ്ങളാണ് സാമൂഹ്യ വേതനം. കുടുംബ ആനുകൂല്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, പാര്‍പ്പിട സഹായം, ആരോഗ്യപരിപാലന ചെലവുകള്‍ക്കുള്ള സഹായം എന്നിവ ഇതില്‍പ്പെടും. കൂടാതെ പൊതുവായി തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങളും സഹായവും കിട്ടുന്ന രീതിയില്‍ നടത്തുന്ന ബജറ്റ് ചെലവുകളും പ്രാധാന്യമര്‍ഹിക്കുന്നു.

തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് ഉണ്ടാക്കുന്ന സംഘടനയാണ് ട്രേഡ് യൂണിയന്‍. തൊഴിലുടമയുടെ ചൂഷണത്തിന്റെ തീക്ഷ്ണത അസഹനീയമാകുമ്പോഴാണ് തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് സംഘടിക്കുന്നത്. ഇന്ന് ലോകത്തെല്ലായിടത്തും തൊഴിലാളികള്‍ ശക്തമായി സംഘടിച്ചിരിക്കുന്നു. മേയ്ദിനത്തിന്റെ പ്രാധാന്യവും ശ്രദ്ധേയമാണ്. തൊഴിലാളി സംഘനടകള്‍ തൊഴിലുടമയുമായി ഏറ്റുമുട്ടുന്നതിനുപകരം ജനാധിപത്യപരമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്ന പതിവ് തൊഴില്‍നയം വഴി പ്രോത്സാഹിപ്പിക്കപ്പെടുന്നു. രണ്ടുകക്ഷികള്‍ക്കും അവരവരുടേതായ വിലപേശല്‍ശക്തിയുണ്ട്. എന്നാല്‍ ഈ പരസ്പര ശക്തിമത്സരത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടായാല്‍ അതു പരിഹരിക്കാന്‍ സ്റ്റേറ്റ് മൂന്നാമതൊരു ശക്തിയായി രംഗത്തു വരും. ഇതിനെയാണ് ത്രികക്ഷി സമ്പ്രദായം (Tripartite system) എന്നു വിളിക്കുന്നത്. ഇതും തൊഴില്‍നയത്തിന്റെ ഭാഗമാണ്. ഫാക്റ്ററിതലത്തിലും വ്യവസായ അടിസ്ഥാനത്തിലും ദേശീയതലത്തിലും ട്രേഡ് യൂണിയനുകള്‍ സംഘടനകളുണ്ടാക്കാറുണ്ട്. അതുപോലെതന്നെ തൊഴിലുടമകളും സംഘടനകള്‍ ഉണ്ടാക്കുന്നു. ചുരുക്കത്തില്‍ പല തലത്തിലും രണ്ട് വിഭാഗക്കാരും ശക്തിപരീക്ഷണം നടത്താറുണ്ട്. ഇതിന്റെ ഫലമായി പണിമുടക്കുകള്‍, ലോക്ക് ഔട്ടുകള്‍, ലേ ഓഫുകള്‍, പിരിച്ചുവിടലുകള്‍ എന്നിവ ഉണ്ടാകുന്നു. തുടര്‍ന്ന് ഉത്പാദനം തടസ്സപ്പെടുന്നു. തൊഴിലാളികള്‍ക്ക് കൂലിയും തൊഴിലുടമകള്‍ക്ക് ലാഭവും നഷ്ടമാകുന്നു. ഇതിനൊക്കെ പുറമേ രാജ്യത്തിന് ഉത്പാദനവും നഷ്ടപ്പെടുന്നു. ഒരു ഭരണകൂടത്തിനും ഇത് അവഗണിക്കാനാവില്ല. അതുകൊണ്ട് തൊഴില്‍നയത്തിന്റെ ഭാഗമായിത്തന്നെ പ്രത്യേക തൊഴില്‍ബന്ധ നയവും സ്റ്റേറ്റ് പ്രഖ്യാപിക്കാറുണ്ട്.

തൊഴില്‍ബന്ധ നയത്തിന്റെ ഭാഗമായി വ്യവസായ സമാധാനം ലക്ഷ്യമാക്കി നിയമനിര്‍മാണവും നടപടിക്രമങ്ങളും സ്റ്റേറ്റ് നിര്‍ദേശിക്കാറുണ്ട്. നേരിട്ടുള്ള കൂടിയാലോചന, ത്രികക്ഷിയടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍, ആര്‍ബിട്രേഷന്‍, മീഡിയേഷന്‍ എന്നീ വഴികളിലൂടെ തര്‍ക്കപരിഹാരത്തിലും ഒത്തുതീര്‍പ്പിലും എത്തിച്ചേരാനായില്ലെങ്കില്‍ അവസാന നടപടിയായി തര്‍ക്കം കോടതിയുടെ തീര്‍പ്പിന് റഫര്‍ ചെയ്യാന്‍ സ്റ്റേറ്റ് നിര്‍ബന്ധിതമാകും. അവസാനം പറഞ്ഞ രീതിയാണ് അഡ്ജൂഡിക്കേഷന്‍. ഇതിന് പ്രത്യേകമായി തൊഴില്‍ കോടതികളും വ്യവസായ ട്രൈബൂണലുകളും സ്റ്റേറ്റ് സ്ഥാപിക്കാറുണ്ട്. ദേശീയ പ്രാധാന്യമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിവന്നാല്‍ ദേശീയ ട്രൈബൂണലുകളും രൂപീകരിക്കാറുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍ ബാങ്ക്ജീവനക്കാര്‍, ഖനിത്തൊഴിലാളികള്‍, തുറമുഖത്തൊഴിലാളികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ കാര്യത്തില്‍ അവരുടെ വേതനം, മറ്റാനുകൂല്യങ്ങള്‍ എന്നിവയില്‍ തീരുമാനമുണ്ടാക്കാന്‍ പ്രത്യേക വേജ് ബോര്‍ഡുകളും തര്‍ക്കപരിഹാരത്തിന് ദേശീയ - വ്യവസായ അടിസ്ഥാനത്തിലുള്ള ട്രൈബൂണലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ദേശീയ തലത്തില്‍ ത്രികക്ഷി സമ്മേളനങ്ങളും തൊഴില്‍ നയത്തിന്റെ ഭാഗമായി ഇന്ത്യയില്‍ സ്വീകരിച്ചിരിക്കുന്നു.

ഇന്ത്യയുടെ തൊഴില്‍ നയം. ബ്രിട്ടിഷ് ഭരണകാലത്ത് ബ്രിട്ടനില്‍ നടപ്പിലാക്കിയിരുന്ന ഫാക്റ്ററി നിയമം, ട്രേഡ് യൂണിയന്‍ നിയമം, വ്യവസായ തര്‍ക്ക നിയമം എന്നിവയുടെ ചുവടുപിടിച്ച് ഇന്ത്യയിലും നിയമനിര്‍മാണം നടത്തുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയിലെ വ്യവസായങ്ങളില്‍ തൊഴില്‍തര്‍ക്കം, പണിമുടക്ക് എന്നിവ നിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ഡിഫന്‍സ് ഒഫ് ഇന്ത്യാ റൂള്‍സ് (Defense of India Rules-DIR) യഥാര്‍ഥത്തില്‍ ഒരു കിരാത നിയമമായിരുന്നു എന്നു പറയാം. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനുശേഷവും മേല്പറഞ്ഞ ചില നിയമങ്ങളും അവയുടെ അന്തസത്തയുള്‍ക്കൊണ്ട തൊഴില്‍നയവും തുടര്‍ന്നപ്പോള്‍ തൊഴിലാളിസംഘടനകള്‍ പ്രതിഷേധിച്ചു. ഇന്ത്യയുടെ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ദേശീയ തൊഴില്‍നിയമത്തിനുവേണ്ടി അവര്‍ മുറവിളികൂട്ടി. ഇക്കാര്യം ഇന്ത്യന്‍ ത്രികക്ഷി ലേബര്‍ കോണ്‍ഫറന്‍സിന്റെ (Tripartite Indian Conference) സമ്മേളനങ്ങളില്‍ അവര്‍ ഉയര്‍ത്തി. അതിന്റെയൊക്കെ ഫലമായി കേന്ദ്രസര്‍ക്കാര്‍ ജസ്റ്റീസ് ഗജേന്ദ്ര ഗാഡ്ക്കര്‍ അധ്യക്ഷനായുള്ള ഒന്നാം ദേശീയ തൊഴില്‍ കമ്മിഷനെ നിയോഗിച്ചു (1969). അതിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം, വ്യവസായ തര്‍ക്കപരിഹാരത്തിന് തൊഴിലാളി സംഘടനകളും തൊഴിലുടമകളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് മുന്‍ഗണന നല്കുകയാണ് തൊഴില്‍നയത്തിന്റെ കാതല്‍ എന്നതാണ്. തര്‍ക്കപരിഹാരത്തിനെക്കാള്‍ തര്‍ക്കം ഉണ്ടാകാതെ സംരക്ഷിക്കുന്ന അന്തരീക്ഷം ഉണ്ടാക്കാന്‍ സ്റ്റേറ്റും അതിന്റെ തൊഴില്‍നയവും ശ്രമിക്കണമെന്ന് കമ്മിഷന്‍ എടുത്തുപറഞ്ഞു. അതിനുവേണ്ട പ്രത്യേക സംവിധാനങ്ങളും നിര്‍ദേശങ്ങളും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന തൊഴില്‍നയത്തെയും കേരളത്തിന്റെ തനതായ വ്യവസായ ബന്ധ സമിതികളെയും (Industrial Relation Committees-IRCs) കമ്മിഷന്‍ പ്രത്യേകം ശ്ലാഘിക്കുകയും അവ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുകയും ചെയ്തു.

തൊഴില്‍നയത്തില്‍ ഈവിധ മാറ്റങ്ങള്‍ വന്നെങ്കിലും ഇന്ത്യയിലെ പൊതുവായ സാമ്പത്തിക നയത്തില്‍ 1991-നുശേഷം വന്ന മാറ്റങ്ങള്‍ വമ്പിച്ച പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങള്‍ രാജ്യത്ത് 'തൊഴില്‍ സൃഷ്ടിക്കാത്ത സാമ്പത്തിക വളര്‍ച്ച'(jobless growth)യാണ് ഉണ്ടാക്കുന്നതെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. പൊതുമേഖലാ ഓഹരി വില്പന, സ്വകാര്യവത്കരണം, വിലക്കയറ്റം, പണിമുടക്കുകളോടുള്ള സ്റ്റേറ്റിന്റെയും തൊഴിലുടമുകളുടെയും വര്‍ധിച്ചുവരുന്ന അസഹിഷ്ണുത, കടുത്തശിക്ഷ, ഉയര്‍ന്ന തോതിലുള്ള ലേ ഓഫ്, ലോക്ക് ഔട്ട്, പിരിച്ചുവിടല്‍, കൂലി വെട്ടിക്കുറയ്ക്കുന്ന നടപടി എന്നിവ വ്യാപകമായ പ്രതിഷേധത്തിനു വഴിതെളിച്ചു. ഒന്നിലധികം ദേശീയപണിമുടക്കുകളുണ്ടായി. 1970-കളുടെ ആദ്യം നടപ്പിലാക്കിയ, തൊഴിലാളി സംഘടനകളെ നിര്‍വീര്യമാക്കുന്ന അവശ്യ സേവനസംരക്ഷണനിയമം (Essential Services Act), ആഭ്യന്തരസുരക്ഷാ സംരക്ഷണ നിയമം (Maintenance of Internal Security Act-MISA) എന്നീ കര്‍ക്കശനിയമങ്ങള്‍ ഉപയോഗിച്ച് പണിമുടക്കുകളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയ രീതി 1991-നുശേഷമുള്ള കാലത്തും ആവര്‍ത്തിക്കുമെന്നതിന്റെ സൂചനകളുണ്ടായി.

ഈ അവസരത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന രവീന്ദ്രവര്‍മ അധ്യക്ഷനായി സര്‍ക്കാര്‍ രണ്ടാം ദേശീയ തൊഴില്‍ കമ്മിഷനെ നിയമിച്ചത്. 2002-ല്‍ പുറത്തിറക്കിയ അതിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ദേശീയ തൊഴില്‍നയം ഏതു രൂപത്തിലുള്ളതായിരിക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രീ തൊഴിലാളികള്‍, ബാലവേല, സാമൂഹ്യ സുരക്ഷ, തൊഴില്‍ നിയമങ്ങള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍, തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനം എന്നീ വിവിധ മേഖലകളെ സപ്ര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ഈ റിപ്പോര്‍ട്ട്. ഇവയെ കൂടാതെ ഏഴ് കരടു നിയമങ്ങളുടെ രൂപരേഖ, മാനേജ്മെന്റില്‍ തൊഴിലാളി പങ്കാളിത്തം, തൊഴിലവസരങ്ങളുടെ സൃഷ്ടി, വേതന നയം, തൊഴില്‍ സംബന്ധിച്ച സ്ഥിതി

വിവര കണക്കുകള്‍, ഗവേഷണം എന്നിവയും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

ഏഴ് കരട് നിയമങ്ങള്‍ താഴെപ്പറയുന്നവയാണ്: (1) തൊഴില്‍ ബന്ധനിയമം (2) വേതന നിയമം (3) ജോലിസമയം, അവധി, തൊഴില്‍ശാലയിലെ പശ്ചാത്തല സൌകര്യങ്ങള്‍ എന്നിവ സംബന്ധിച്ച നിയമം (4) തൊഴില്‍, ആരോഗ്യ സുരക്ഷാ നിയമം (5) ബാലവേല നിരോധന നിയമം (6) മാതൃകാ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ നിയമം (7) ചെറുകിട സ്ഥാപനങ്ങളിലെ തൊഴില്‍ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം.

രണ്ടാം ദേശീയ തൊഴില്‍ കമ്മിഷനിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് തൊഴിലാളി സംഘടനകള്‍ക്ക് അഭിപ്രായപ്പൊരുത്തമില്ല. കമ്മിഷനിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ വിയോജനക്കുറിപ്പുകള്‍ക്കുള്ള മറുപടിയും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

1991-നു ശേഷം ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷമായിത്തന്നെ കണ്ടുതുടങ്ങി. തൊഴിലുടമകളും മൂലധന ഉടമകളും വളരെ ശക്തമായി പ്രതികരിച്ചു. ഒഴിവുദിനങ്ങള്‍ വെട്ടിക്കുറയ്ക്കുക, പണിമുടക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരിക, പരാതി പരിഹാര നടപടിക്രമങ്ങള്‍ ഉണ്ടാക്കുക, പണിമുടക്ക് ബാലറ്റ് നിര്‍ബന്ധിതമാക്കുക, പ്രത്യേക സാമ്പത്തിക മേഖലകളില്‍ (special economic) പ്രവര്‍ത്തിക്കുന്ന തൊഴിലുടമകള്‍ക്ക് നിലവിലുള്ള തൊഴില്‍നിയമങ്ങളില്‍ നിന്ന് ഒഴിവുകള്‍ നല്കുക, ഉഭയകക്ഷി-ത്രികക്ഷി കരാറുകള്‍ക്ക് പൂര്‍ണ നിയമസാധുത നല്കുക, ലോക്ക് ഔട്ടുകള്‍ക്കും ലേ ഓഫിനും പിരിച്ചുവിടലിനും മുന്‍കൂര്‍ അനുമതി വേണ്ടെന്നുവയ്ക്കുക എന്നിവയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ മുഖ്യ നിര്‍ദേശങ്ങള്‍.

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലാണ് 'തൊഴില്‍' എന്ന വിഷയം വരുന്നത്. ഇന്ന് ഏതാണ്ട് നൂറിലധികം തൊഴില്‍ നിയമങ്ങള്‍ കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നിലവിലുണ്ട്. നിയമങ്ങളില്‍ വരുത്തിയിട്ടുള്ള ഭേദഗതികള്‍ നിരവധിയാണ്. കൂടാതെ തൊഴില്‍ കോടതികളുടെയും ഹൈക്കോടതികള്‍, സുപ്രീം കോടതി എന്നിവയുടെയും പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങളും വിധികളുമുണ്ട്. ഇതിന്റെ ആകെത്തുക തൊഴില്‍ നയത്തെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും അനിശ്ചിതത്വവുമാണ്. ഇതിനു പരിഹാരമായി നിയമത്തില്‍ ഏകീകരണം, വ്യക്തത എന്നിവ ഉണ്ടാക്കണമെന്ന് ദേശീയ തൊഴില്‍ കമ്മിഷന്‍ ആവശ്യപ്പെടുന്നു. അതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും അത് നല്കിയിട്ടുണ്ട്.

ചെറുകിട സ്ഥാപനങ്ങള്‍, അസംഘടിത മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവൃത്തിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്ന നിര്‍ദേശങ്ങള്‍ കമ്മിഷന്‍ നല്കിയിട്ടുണ്ട്. ബോണസ്സിന് നിലവിലുള്ള പരിധി ഉയര്‍ത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് കമ്മിഷന്‍ വിശദമായ നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്. അവ സംരക്ഷിക്കേണ്ട ചുമതലയും സ്റ്റേറ്റിനാണ് എന്ന് കമ്മിഷന്‍ വ്യക്തമാക്കി.

വേതന നയം. 1999-2000-ത്തിലെ നാഷണല്‍ സാംപിള്‍ സര്‍വേ സംഘടനയുടെ കണക്കനുസരിച്ച് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആകെ 397 ദശലക്ഷമാണ്. ഇതില്‍ സംഘടിത മേഖലയില്‍ ഉള്ളത് ഏതാണ്ട് 7.1% (28 ദശലക്ഷം) മാത്രം. ബാക്കിവരുന്ന 92.9% (369 ദശലക്ഷം) അസംഘടിത മേഖലയിലാണ്. സംഘടിതമേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്കു മാത്രമേ ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ലഭ്യമാക്കിയിട്ടുള്ളൂ. അതിലൊന്നാണ് മിനിമം കൂലി - വേതനം.

1969-ലെ ഒന്നാം ദേശീയ തൊഴില്‍ കമ്മിഷന്‍, 1973-ലെ എസ്.ചക്രവര്‍ത്തി കമ്മിറ്റി, 1978-ലെ ഭൂതലിംഗം കമ്മിറ്റി, 2002-ലെ രണ്ടാം ദേശീയ തൊഴില്‍ കമ്മിഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകളില്‍ ദേശീയ വേതന നയം ഏതു തരത്തിലുള്ളതായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 1947 മുതല്‍തന്നെ മിനിമം കൂലി, ഭേദപ്പെട്ട കൂലി, ജീവിതക്കൂലി എന്ന തരംതിരിവ് ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. പല വ്യവസായങ്ങളിലും പ്രത്യേക വിദഗ്ധ സമിതികള്‍ വഴി ഇത്തരത്തില്‍ കൂലി-വേതന നിര്‍ണയം നടന്നുവരികയാണ്. ചൂഷണവിധേയമായ മേഖലകളിലൊക്കെ മിനിമം കൂലി നടപ്പാക്കാന്‍ സ്റ്റേറ്റ് പണിപ്പെടുന്നുണ്ട്. നിയമം, കോടതികള്‍, കൂട്ടായ വിലപേശല്‍ എന്നിവ വഴിയാണ് ഇന്ന് ഇന്ത്യയില്‍ വേതന നിര്‍ണയം നടക്കുന്നത്. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ വേതനം നിര്‍ണയിക്കാന്‍ ശമ്പള കമ്മിഷനുകളും ഉണ്ട്. പത്രജീവനക്കാര്‍, ഖനിത്തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, പ്ളാന്റേഷന്‍ തൊഴിലാളികള്‍ എന്നീ വിവിധ വിഭാഗങ്ങള്‍ക്ക് പ്രത്യേക വേജ് ബോര്‍ഡുകളും സ്റ്റേറ്റ് നിയമിക്കാറുണ്ട്. കൂടാതെ ത്രികക്ഷിയടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലും വേതനഘടനയും നിരക്കുകളും വേതന സംരക്ഷണവും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്ന പതിവുണ്ട്.

തൊഴില്‍നയത്തില്‍ ആശയ സംഘട്ടനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മേഖലകളാണ് വ്യവസായ തര്‍ക്ക പരിഹാര നടപടിക്രമം, ട്രേഡ് യൂണിയനുകളുടെ അംഗീകാരം, തൊഴിലുടമകളുടെ അവകാശങ്ങള്‍, മാനേജ്മെന്റില്‍ തൊഴിലാളി പങ്കാളിത്തം എന്നിവ. ഇന്ന് തര്‍ക്ക പരിഹാരത്തിന് ത്രികക്ഷി തലത്തിലുള്ള നടപടികള്‍ക്ക് പ്രാധാന്യം കുറഞ്ഞോ എന്ന് സംശയിക്കുന്നവരുണ്ട്. നേരിട്ടുള്ള വിലപേശലിന് തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും സമാനമായ അഥവാ തുല്യതയുള്ള ശക്തിയുണ്ടാകണം.

കേരളത്തിലെ തൊഴില്‍ നയം. കേന്ദ്രത്തിനു പുറമേ സംസ്ഥാനങ്ങളും അവയുടെ പ്രത്യേക തൊഴില്‍നയം പ്രഖ്യാപിക്കാറുണ്ട്. വളരെ പുരോഗമനാത്മകമായ തൊഴില്‍നയങ്ങളാണ് പഴയകാല തിരുവിതാംകൂറിലും കൊച്ചിയിലും നിലവിലിരുന്നത്. ഇന്ത്യയില്‍ ആദ്യമായി 'മിനിമം ബോണസ്' എന്ന ആശയം നടപ്പാക്കിയത് കേരളത്തിലാണ്. വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ ആശയം ഇന്ത്യയില്‍ത്തന്നെ ദേശീയ ബോണസ് നിയമത്തില്‍ (1965) വന്നത്. ബോണസ് 'മാറ്റിവയ്ക്കപ്പെട്ട വേതനം' (deferred wages) ആണെന്ന് ആദ്യം സ്ഥാപിച്ച് അംഗീകരിച്ചതും കേരളമാണ്. വ്യവസായ തര്‍ക്ക പരിഹാരത്തിന് ഉഭയകക്ഷി കൂടിയാലോചനയും ത്രികക്ഷിയടിസ്ഥാനത്തിലുള്ള വ്യവസായബന്ധ സമിതികളും മിനിമം കൂലി നിര്‍ണയത്തില്‍ തൊഴിലാളി സംഘടനകളെ പങ്കെടുപ്പിക്കുന്ന രീതിയും കേരളത്തിന്റെ തനതായ തൊഴില്‍നയത്തിന്റെയും സംസ്കാരത്തിന്റെയും മുതല്‍ക്കൂട്ടാണെന്ന് ഒന്നാം ദേശീയ തൊഴില്‍ കമ്മിഷന്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കൂടാതെ അത് ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിക്കുകയുണ്ടായി.

എന്നാല്‍ ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നീ നയങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലും തൊഴില്‍നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. 1994-ലെ പുതിയ വ്യവസായ നയ പ്രഖ്യാപനത്തിന്റെ ഭാഗമായി കേരളസര്‍ക്കാര്‍ തൊഴില്‍നയത്തിന്റെ രൂപരേഖ അവതരിപ്പിക്കുകയുണ്ടായി. അതില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്: (1) തൊഴിലുടമകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രം (2) മണ്ണിന്റെ മക്കള്‍, ആശ്രിതനിയമനം എന്നിവ ഒഴിവാക്കും (3) ട്രേഡ് യൂണിയന്‍ രംഗത്തുള്ള 'അതിക്രമങ്ങള്‍' (ബന്ദ്, ഹര്‍ത്താല്‍, ധര്‍ണ, കുത്തിയിരുപ്പ്, ഘെരാവോ, കൈയേറ്റം, അട്ടിമറി എന്നിവ) ക്രിമിനല്‍ കുറ്റമായി പരിഗണിക്കും (4) തൊഴിലാളികളെ സ്വതന്ത്രമായി എവിടെയും വിന്യസിക്കാനുള്ള അവകാശം തൊഴിലുടമയ്ക്കുണ്ടായിരിക്കും (5) തൊഴിലാളി സംഘടനകള്‍ 'അന്യായമായ' പ്രവൃത്തികളിലേര്‍പ്പെട്ടാല്‍ നിയമപരമായി അച്ചടക്കനടപടികള്‍ക്കു വിധേയരാകും (6) ആകെ തൊഴിലാളികളുടെ പതിനഞ്ച് ശതമാനമെങ്കിലും അംഗത്വം ഉള്ള യൂണിയനുകള്‍ക്കുമാത്രമേ ചര്‍ച്ച, വിലപേശല്‍ എന്നിവയ്ക്ക് അവകാശവും അംഗീകാരവും ഉണ്ടാകൂ (7) ആദ്യത്തെ അഞ്ച് വര്‍ഷം വ്യവസായ സ്ഥാപനങ്ങളില്‍ പണിമുടക്കുകള്‍ അനുവദിക്കില്ല (8) നിര്‍മാണ മേഖലയില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും (9) വ്യവസായബന്ധ സമിതികളെയും കൂട്ടായ വിലപേശലിനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും (10) വ്യവസായവികസനത്തിന് തൊഴില്‍മേഖലയില്‍ അച്ചടക്കവും സമാധാനവും സൃഷ്ടിക്കാന്‍ സ്റ്റേറ്റ് പരമാവധി ശ്രമിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍