This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴില്‍ ചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴില്‍ ചികിത്സ

Occupational therapy

ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതില്‍നിന്നുള്ള മോചനത്തിനായി വ്യത്യസ്ത തൊഴിലുകള്‍ പ്രയോജനപ്പെടുത്തുന്ന ചികിത്സാമാര്‍ഗം. വിദഗ്ധനായ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ രോഗികള്‍ ഏതെങ്കിലും ഒരു പ്രത്യേക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന രീതിയാണിത്.

ചരിത്രം. അര്‍ഥവത്തും സന്തോഷകരവുമായ പ്രവൃത്തികളിലേര്‍പ്പെടുന്നത് പലതരം രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും എന്ന തിരിച്ചറിവ് പുരാതനകാലം മുതല്‍തന്നെ നിലനിന്നിരുന്നു. 19-ാം ശ.-ത്തിന്റെ അന്ത്യത്തിലും 20-ാം ശ.-ത്തിന്റെ ആരംഭത്തിലും മനോരോഗാശുപത്രികളില്‍ അന്തേവാസികള്‍ക്ക് കരകൌശലവിദ്യകളില്‍ ഏര്‍പ്പെടുവാന്‍ അവസരം നല്കിക്കൊണ്ട് പരീക്ഷണം നടത്തുകയുണ്ടായി. 1908-ല്‍ ഷിക്കാഗൊയില്‍ ആദ്യത്തെ തൊഴില്‍ ചികിത്സാ വര്‍ക്ക്ഷോപ്പ് സ്ഥാപിക്കപ്പെട്ടു.

തൊഴില്‍ ചികിത്സ ശാസ്ത്രീയമായി നടപ്പാക്കപ്പെട്ടുതുടങ്ങിയത് ഒന്നാം ലോകയുദ്ധത്തിനു ശേഷമാണ്. ഫിലാഡെല്‍ഫിയയിലും ബോസ്റ്റണിലും തൊഴില്‍ ചികിത്സാ പരിശീലന വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. നെതര്‍ലന്‍ഡ്സിലും യു.കെ.യിലും ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ ചികിത്സയില്‍ പരിശീലനം നല്കിത്തുടങ്ങി. രണ്ടാം ലോകയുദ്ധംവരെ മാനസികവും ശാരീരികവുമായ രോഗങ്ങളുടെ ചികിത്സയ്ക്ക് കരകൌശലവിദ്യകള്‍ ഒരുപോലെ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും രണ്ടാം ലോകയുദ്ധകാലത്ത് ശാരീരിക ചികിത്സയ്ക്കായി മറ്റു തൊഴിലുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെട്ടുതുടങ്ങി. രണ്ടാം ലോകയുദ്ധത്തില്‍ സൈനികര്‍ക്കും സാധാരണക്കാര്‍ക്കുമേറ്റ പരിക്കുകളും ശാരീരികാസ്വാസ്ഥ്യങ്ങളും പരിഹരിക്കുവാനായിരുന്നു ഇത്. യുദ്ധകാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ അടിയന്തര തൊഴില്‍ ചികിത്സാ പരിശീലന പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.

1952-ല്‍ തൊഴില്‍ ചികിത്സകരുടെ ലോക ഫെഡറേഷന്‍ (World Federation of Occupational Therapists) എന്ന ആശയം രൂപംകൊള്ളുകയും 1954-ല്‍ എഡിന്‍ബറൊയില്‍ തൊഴില്‍ ചികിത്സകരുടെ പ്രഥമ അന്താരാഷ്ട്ര കോണ്‍ഗ്രസ് നടക്കുകയും ചെയ്തു. 1958-ല്‍ കോപന്‍ഹെഗനില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ്സില്‍ മുപ്പതിലേറെ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1963-ല്‍ ഫിലാഡെല്‍ഫിയയില്‍ നടന്ന മൂന്നാം കോണ്‍ഗ്രസ്സില്‍ 37 രാജ്യങ്ങള്‍ പങ്കെടുത്തു. ദ് വേള്‍ഡ് ഫെഡറേഷന്‍ ഒഫ് ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ്സ് എന്ന സംഘടന ഐക്യരാഷ്ട്രസഭ, ലോകാരോഗ്യസംഘടന എന്നിവയുമായി ബന്ധം പുലര്‍ത്തുന്നു. തൊഴില്‍ ചികിത്സ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ പരിശീലനത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും പരിശീലന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശ രേഖകള്‍ തയ്യാറാക്കുന്നത് ഈ സംഘടനയാണ്.

തൊഴില്‍ ചികിത്സാ പ്രക്രിയയും ലക്ഷ്യങ്ങളും. ദീര്‍ഘകാലം ശയ്യാവലംബരായി കഴിയുന്നവര്‍ക്കുണ്ടാകുന്ന മനംമടുപ്പും വിഷാദവുമകറ്റുവാന്‍ തൊഴില്‍ ചികിത്സ ഉപകരിക്കും. രോഗികളിലെ അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തുവാനും ഇത് സഹായകമാകും. പെയിന്റിങ്, തയ്യല്‍, നെയ്ത്ത് തുടങ്ങിയ ലളിതമായ തൊഴിലുകളാണ് സാധാരണയായി ചെയ്യിപ്പിക്കുന്നത് (ചില പ്രത്യേക ശാരീരിക ചലനങ്ങളുളവാക്കാന്‍ ചില രോഗികള്‍ക്ക് കാഠിന്യമേറിയ തൊഴിലുകളും നല്കാറുണ്ട്). തൊഴിലില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞാല്‍ അത് രോഗിക്ക് ആത്മസംതൃപ്തിയേകുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. സംയുക്ത ചലനം, കായികശേഷിയുടെ സമന്വയം, പേശീബലം എന്നിവ മെച്ചപ്പെടുന്നു എന്നതാണ് തൊഴില്‍ ചികിത്സയിലൂടെ ഉണ്ടാകുന്ന ശാരീരിക വ്യത്യാസം. ഹിസ്റ്റീരിയ ലക്ഷണങ്ങള്‍, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയവ അകറ്റുവാനും തൊഴില്‍ ചികിത്സ സഹായകമാകുന്നു.

പരിക്കേറ്റവരെയും രോഗികളെയും ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ആശുപത്രികള്‍, ക്ളിനിക്കുകള്‍, സ്കൂളുകള്‍, ക്യാമ്പുകള്‍, രോഗിയുടെ വീട് തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും തൊഴില്‍ ചികിത്സകര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. ജനറല്‍ ആശുപത്രികള്‍, അസ്ഥിരോഗാശുപത്രികള്‍, ക്ഷയരോഗചികിത്സാലയം, മാനസികരോഗ ചികിത്സാലയം, പുനരധിവാസ കേന്ദ്രങ്ങള്‍, അന്ധരുടെയും ബധിരരുടെയും ബുദ്ധിമാന്ദ്യമുള്ളവരുടെയും പരിശീലന കേന്ദ്രങ്ങള്‍ മുതലായവ തൊഴില്‍ ചികിത്സകരുടെ കര്‍മരംഗങ്ങളാണ്.

ഒരു വ്യക്തിയെ തൊഴില്‍ ചികിത്സയ്ക്കായി അയയ്ക്കുമ്പോള്‍ ഭിഷഗ്വരന്‍ അയാളുടെ രോഗത്തെക്കുറിച്ചും അത് ഭേദമാകാനുള്ള സാധ്യതകളെക്കുറിച്ചും തൊഴില്‍ ചികിത്സകന് വ്യക്തമായ അറിവ് നല്കുന്നു. തൊഴില്‍ ചികിത്സ നടപ്പാക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, ചികിത്സയുടെ ലക്ഷ്യവും പൊതുവേയുള്ള ചികിത്സാ സ്വഭാവവും, വ്യക്തിക്ക് എത്രത്തോളം തൊഴില്‍ പ്രവൃത്തികള്‍ അനുവദനീയമാണ് എന്നതിനെക്കുറിച്ചെല്ലാം അറിവ് നല്കേണ്ടത് ആവശ്യമാണ്. ഉദ്ദേശിച്ച ഫലമുളവാക്കാന്‍ ഏതു പ്രവൃത്തിയാണ് ഏറ്റവും അനുയോജ്യമെന്നു കണ്ടെത്തുകയും ആ പ്രവൃത്തിയില്‍ രോഗിക്ക് താത്പര്യം ജനിപ്പിക്കുകയും ചെയ്യേണ്ടത് ചികിത്സകന്റെ കടമയാണ്. പലപ്പോഴും ഒരേ ഫലമുളവാക്കുന്ന വ്യത്യസ്ത പ്രവൃത്തികളില്‍നിന്ന് രോഗിയുടെ വ്യക്തിത്വ സവിശേഷതകള്‍ക്കനുസരിച്ച് ചികിത്സകന് ഒരു പ്രത്യേക പ്രവൃത്തി തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിക്കും.

ചില വ്യക്തികളില്‍ പൊതുവേയുള്ള പ്രവര്‍ത്തനത്തോത് കുറയ്ക്കുക എന്നതായിരിക്കും ചികിത്സയുടെ ലക്ഷ്യം. മറ്റു ചിലരില്‍ തോത് വര്‍ധിപ്പിക്കുകയായിരിക്കും ലക്ഷ്യം. അതിനാല്‍ മാനസികാദ്ധ്വാനമോ ശാരീരികാധ്വാനമോ ആവശ്യമായ പ്രവൃത്തികള്‍ തൊഴില്‍ ചികിത്സയില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കരകൌശലവിദ്യകള്‍, കൈത്തൊഴിലുകള്‍, സംഗീതം, തോട്ടപ്പണി തുടങ്ങിയവയെല്ലാം തൊഴില്‍ ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നു. ദൈനംദിന പ്രവൃത്തികളായ ആഹാരം കഴിക്കല്‍, വസ്ത്രം ധരിക്കല്‍, വ്യക്തിശുചിത്വം പരിപാലിക്കല്‍ തുടങ്ങിയവയിലും ചില രോഗികള്‍ക്ക് പരിശീലനം നല്കേണ്ടി വരാറുണ്ട്. ഈ കഴിവുകള്‍ പൂര്‍ണമായും വികസിച്ചിട്ടില്ലാത്തവര്‍ക്കും രോഗം മൂലമോ അപകടം മൂലമോ കഴിവുകള്‍ നഷ്ടപ്പെട്ടുപോയവര്‍ക്കുമാണ് ഇത്തരം സഹായം ആവശ്യമായി വരുന്നത്. ഇതുവരെ തൊഴില്‍ ചെയ്തിട്ടില്ലാത്ത രോഗികള്‍ക്കും രോഗം അഥവാ പരിക്ക് മൂലം പഴയ തൊഴിലില്‍നിന്നു മാറി പുതിയത് സ്വീകരിക്കേണ്ടിവരുന്നവര്‍ക്കും ആവശ്യമായ അഭിരുചി നിര്‍ണയവും മാര്‍ഗനിര്‍ദേശവും നല്കുന്നതും തൊഴില്‍ ചികിത്സകന്റെ ചുമതലയാണ്.

തൊഴില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ വ്യത്യസ്ത പ്രായത്തിലുള്ളവരും വിഭിന്ന രോഗങ്ങളുള്ളവരുമായിരിക്കും. അതിനാല്‍ രോഗിയുടെ കുടുംബാംഗങ്ങളുമായും തൊഴില്‍ ചികിത്സകന് നിരന്തര ബന്ധം പുലര്‍ത്തേണ്ടതായിവരും. കുട്ടികളുടെ കാര്യത്തില്‍ ഇത് അത്യാവശ്യമാണ്. കുടുംബാംഗങ്ങളും മറ്റു പ്രസക്ത വ്യക്തികളും രോഗിയുടെ ആവശ്യങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും അറിഞ്ഞിരിക്കുകയും പൂര്‍ണമായി സഹകരിക്കുകയും ചെയ്യേണ്ടത് തൊഴില്‍ ചികിത്സയുടെ വിജയത്തിനാവശ്യമാണ്. തൊഴില്‍ ചികിത്സയുടെ ലക്ഷ്യങ്ങള്‍ മുന്‍കരുതല്‍ സ്വഭാവമുള്ളവയോ (preventive), തിരുത്തല്‍ സ്വഭാവമുള്ളവയോ (remedial), നിര്‍ണയ സ്വഭാവമുള്ളവയോ (diagnostic), ഈ മൂന്ന് സ്വഭാവങ്ങളും ഒരുമിച്ച് പ്രകടിപ്പിക്കുന്നവയോ ആകാം.

ശാരീരികമായ അവശത ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്നു.മാനസിക പിരിമുറുക്കം അനുഭവപ്പെടുകയും അതിന് അയവ് വരാത്തപക്ഷം മാനസികോര്‍ജം ഗണ്യമായി കുറയുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ രോഗികള്‍ വളരെവേഗം പ്രകോപിതരാകുവാനും വിഷാദത്തിനടിമപ്പെടുവാനും സാധ്യതയുണ്ട്. അനന്തരഫലമായി വിശപ്പില്ലായ്മ, രക്തപ്രസാദമില്ലായ്മ തുടങ്ങിയവയുമുണ്ടാകാം. താരതമ്യേന ആയാസരഹിതവും രസകരവുമായ കളികളും കൈത്തൊഴിലുകളും മനസ്സിന് ഉണര്‍വ് പകരുകയും ശരീരത്തിന് വ്യായാമം നല്കുകയും ചെയ്യുന്നു. ഒരു മുന്‍കരുതലെന്ന നിലയില്‍ നടത്തപ്പെടുന്ന ഇപ്രകാരമുള്ള തൊഴില്‍ ചികിത്സ 'ടോണിക് ചികിത്സ' എന്നാണറിയപ്പെടുന്നത്.

ഏതെങ്കിലും രോഗാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുക, ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന തൊഴില്‍ ചികിത്സ 'നിര്‍വഹണാത്മക ചികിത്സ' എന്നാണറിയപ്പെടുന്നത്. വിരലിലെ പേശികള്‍ക്കു ബലം നല്കുന്നതിനായി കളിമണ്ണുകൊണ്ട് ശില്പങ്ങള്‍ നിര്‍മിക്കുന്നതും കൈമുട്ടിന് അയവ് വരുത്തുവാനായി തടി അറക്കുന്നതും മറ്റും നിര്‍വഹണാത്മക ചികിത്സയ്ക്ക് ഉദാഹരണങ്ങളാണ്. പേശീബലം വര്‍ധിപ്പിക്കുക, സന്ധികളുടെ ചലനശേഷി വര്‍ധിപ്പിക്കുക, ശാരീരിക ചലനങ്ങള്‍ സമന്വയിപ്പിക്കുക തുടങ്ങിയവയാണ് നിര്‍വഹണാത്മക ചികിത്സയുടെ ലക്ഷ്യങ്ങള്‍. രോഗിയുടെ ശരീരപ്രകൃതി, സ്വഭാവം, വിദ്യാഭ്യാസം തുടങ്ങിയവ കണക്കിലെടുത്തുകൊണ്ടാണ് അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കുന്നത്. രോഗിയുടെ അവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് പ്രവൃത്തിയുടെ കാഠിന്യം കൂട്ടുകയോ കുറയ്ക്കുകയോ ആകാം. മസ്തിഷ്കാഘാതം, പോളിയോ, സെറിബ്രല്‍ പാല്‍സി, വാതം തുടങ്ങിയ രോഗങ്ങളില്‍ അവയവങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തനശേഷി തിരിച്ചുകിട്ടുകയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊഴില്‍ ചികിത്സയിലൂടെ സാധ്യമായ രീതിയില്‍ വൈകല്യം മാറ്റിയതിനുശേഷം, ഈ ഭാഗികമായ പ്രവര്‍ത്തനശേഷി എങ്ങനെ പൂര്‍ണമായി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് രോഗിക്ക് നിര്‍ദേശം നല്കുന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പരമാവധി പ്രവര്‍ത്തനം ഉറപ്പു വരുത്തുവാനും പരിശീലനം നല്കുന്നു. അവയവങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുള്ള രോഗികള്‍ക്ക് കൃത്രിമാവയവങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനവും തൊഴില്‍ ചികിത്സയിലൂടെ ലഭിക്കുന്നുണ്ട്.

ക്ഷയരോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്ക് ജോലിസഹിഷ്ണുത വികസിപ്പിക്കുവാനോ പുനഃസ്ഥാപിക്കുവാനോ ആണ് തൊഴില്‍ ചികിത്സ പ്രധാനമായും ഉപകരിക്കുന്നത്. ഒരു ക്രമീകൃത പദ്ധതിയിലൂടെ ജോലിയുടെ തോത്, ദൈര്‍ഘ്യം, ആവശ്യമായ പ്രയത്നം എന്നിവ സാവധാനം വര്‍ധിപ്പിച്ച് രോഗിയുടെ ജോലി സഹിഷ്ണുതാനിലവാരം കണ്ടെത്തുന്നു.

ഭിഷഗ്വരന്‍, തൊഴില്‍ ചികിത്സകന്‍, സ്പീച്ച് തെറാപ്പിസ്റ്റ്, കൃത്രിമ അവയവങ്ങള്‍ തയ്യാറാക്കുന്നവര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മനശ്ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശകര്‍ തുടങ്ങിയവരുടെ സംയുക്ത സംരംഭമായാണ് തൊഴില്‍ ചികിത്സ വിജയകരമായി നടപ്പാക്കേണ്ടത്.

പരിശീലനം. വിദേശ രാജ്യങ്ങളില്‍ ഇന്ന് തൊഴില്‍ ചികിത്സാരംഗത്ത് വിദഗ്ധ പരിശീലനം നല്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ചില സര്‍വകലാശാലകള്‍ ബിരുദ തലത്തില്‍ തൊഴില്‍ ചികിത്സയില്‍ പരിശീലനം നല്കുന്നു. തൊഴില്‍ ചികിത്സയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക, തൊഴില്‍ ചികിത്സാ പരിശീലനത്തിനും പ്രയോഗത്തിനും മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചികിത്സാ സൊസൈറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയില്‍ തമിഴ്നാട്ടിലെ എം.ജി. രാമചന്ദ്രന്‍ സര്‍വകലാശാല, കട്ടക്കിലെ സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങള്‍ തൊഴില്‍ ചികിത്സയില്‍ വിദഗ്ധ പരിശീലനം നല്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍