This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊല്കാപ്പിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊല്കാപ്പിയര്‍

തമിഴ് വൈയാകരണന്‍. തമിഴിലെ ഏറ്റവും പ്രാചീന വ്യാകരണ ഗ്രന്ഥമായ തൊല്കാപ്പിയത്തിന്റെ കര്‍ത്താവാണ് ഇദ്ദേഹം. മറ്റു പ്രാചീന സാഹിത്യകാരന്മാരുടെ കാര്യത്തിലെന്നതുപോലെ ഇദ്ദേഹത്തിന്റെ ജീവചരിത്രവും അറിയാന്‍ കഴിഞ്ഞിട്ടില്ല. കാപ്പിയര്‍ എന്നാണ് യഥാര്‍ഥ പേര്. 'തൊല്'എന്ന വിശേഷണം ചേര്‍ത്ത് തൊല്കാപ്പിയര്‍ ആയെന്നു പറയപ്പെടുന്നു. തൊല് (പഴയ) കാപ്പിയ (കൃതി) രചയിതാവ് എന്ന നിലയ്ക്ക് തൊല്കാപ്പിയര്‍ എന്ന പേരുണ്ടായി എന്നും ഒരു അഭിപ്രായമുണ്ട്.

തൊല്കാപ്പിയത്തിന്റെ ചിറപ്പുപ്പായിരത്തില്‍ (പ്രശസ്തിഗാനം) 'തൊല്കാപ്പിയര്‍ എന തന്‍പെയര്‍ തോറ്റി' എന്നതിന് വ്യാഖ്യാതാവായ ഇളംപൂരണര്‍ 'പഴയ കാപ്പിയ കുടിയിലുള്ളോന്‍ എന്റു തന്‍ പെയരൈ തോറ്റുവിത്തു' എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ കാപ്പിയക്കുടി എന്നത് എന്തിനെ സൂചിപ്പിക്കുന്നു എന്നതു വ്യക്തമല്ല. ചിലര്‍ കവിയുടെ പാരമ്പര്യം (കുലം) എന്ന അര്‍ഥത്തില്‍ കവി ശുക്രനെ സൂചിപ്പിക്കുന്നു എന്നും ശുക്രന്റെ പാരമ്പര്യത്തില്‍പ്പെടുന്ന ആള്‍ എന്ന അര്‍ഥത്തിലുള്ള തദ്ധിതാന്തനാമം ആണ് ഇതെന്നും പറയുന്നു. തമിഴ്നാട്ടിലെ പ്രാചീനമായ കാപ്പിയക്കുടി എന്ന സ്ഥലത്തു ജനിച്ചതിനാല്‍ ഈ പേരുണ്ടായി എന്നും പ്രാചീന ഗ്രന്ഥങ്ങള്‍ക്ക് കാപ്പ് (ആഭരണം) ആയി ശോഭിച്ചതിനാല്‍ ഈ പേരു സിദ്ധിച്ചു എന്നും പറഞ്ഞുവരുന്നുണ്ട്.

ഇപ്പോള്‍ തൊല്കാപ്പിയരെപ്പറ്റി പറയുന്ന കഥകള്‍ക്ക് ആധാരം തൊല്കാപ്പിയം എഴുത്തതികാരത്തിന് നച്ചിനാര്‍ക്കിനിയാര്‍ രചിച്ച പായിരത്തിലെ പ്രസ്താവനകളാണ്. അതില്‍ തൊല്കാപ്പിയര്‍ ജമദഗ്നിയുടെ മകനാണെന്നും തൃണധുമാഗ്നി എന്നതാണ് ശരിയായ പേരെന്നും പറഞ്ഞിരിക്കുന്നു. ജമദഗ്നിയുടെ മക്കളില്‍ ഈ പേരിലുള്ള ആരെങ്കിലും ഉള്ളതായി ജമദഗ്നിയുടെ കഥയിലോ അദ്ദേഹത്തിന്റെ മകനായ പരശുരാമന്റെ കഥയിലോ കാണുന്നില്ല. തൊല് കാപ്പിയരുടെ ഗുരുവായ അകത്തിയര്‍ മഹാഭാരത കാലത്ത് ജീവിച്ചിരുന്നതായി അറിയപ്പെടുന്നു. അങ്ങനെയാണെങ്കില്‍ മഹാഭാരത കാലത്തിനു മുമ്പ് രാമന്റെ കാലത്തുണ്ടായിരുന്ന പരശുരാമന്റെ സഹോദരനായ തൃണധുമാഗ്നി അകത്തിയരുടെ ശിഷ്യനായത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു.

'ഐന്തിരം നിറൈന്ത തൊല്കാപ്പിയര്‍' എന്നു ചിറപ്പുപ്പായിരത്തില്‍ കാണുന്നതില്‍നിന്ന് പാണിനിക്കു മുമ്പുണ്ടായിരുന്ന സംസ്കൃത ലക്ഷണഗ്രന്ഥമായ ഐന്തിര വ്യാകരണത്തില്‍ പ്രത്യേക പരിജ്ഞാനം ഉള്ള ആളായിരുന്നു തൊല്കാപ്പിയര്‍ എന്നു മനസ്സിലാക്കാം. ഐന്തിരം എന്നത് ഐന്തിറം ആയിരിക്കാം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഐന്തിറം എന്നത് എഴുത്ത്, ചൊല്‍, പൊരുള്‍, യാപ്പ്, അണി എന്നിങ്ങനെ അഞ്ചുവക വ്യാകരണ കാര്യങ്ങളെ സൂചിപ്പിക്കുന്നു. ഐന്തിരം നല്ലവണ്ണം അറിയുന്ന തൊല്കാപ്പിയര്‍ മുന്‍ഗ്രന്ഥങ്ങളെ ആധാരമാക്കി രചിച്ച തൊല്കാപ്പിയം തിരുവില്‍ പാണ്ഡ്യന്റെ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു. അവിടെവച്ച് വേദജ്ഞനായ അതങ്കോടാശാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് ഉത്തരം നല്കുകയും ചെയ്തു. ഇത് സഹപാഠിയായ പനംപാരനാര്‍ തന്റെ തൊല്കാപ്പിയപ്പായിരത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതില്‍നിന്ന് തമിഴിലും സംസ്കൃതത്തിലും പ്രത്യേക പരിജ്ഞാനം ഉള്ള ആളായിരുന്നു തൊല്കാപ്പിയര്‍ എന്നതു വ്യക്തമാണ്.

തൊല്കാപ്പിയരുടെ കാലം ബി.സി. 300 ആയിരിക്കാം എന്ന് പണ്ടാരകര്‍ രാജമാണിക്കര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പ്രശസ്ത നിരൂപകനായ വൈയ്യാപുരിപ്പിള്ള എ.ഡി.അഞ്ചാം നൂറ്റാണ്ടില്‍, അതും വജ്രനന്ദി സംഘത്തില്‍ ആണെന്ന് തറപ്പിച്ചു പറയുന്നു. ഇവയ്ക്കിടയ്ക്കാണ് കെ.എസ്.ശിവരാജപിള്ള, ഡോ.ബി.ലക്ഷ്മണന്‍, വെള്ളൈ വാരണനാര്‍, ആര്‍.രാഘവ അയ്യങ്കാര്‍, കെ.എസ്.പിള്ളൈ എന്നിവരുടെ കാലഗണന. ബുദ്ധമതത്തെ സംബന്ധിച്ച സൂചനകളൊന്നും തൊല്കാപ്പിയത്തില്‍ കാണാത്തതിനാല്‍ ബുദ്ധമതം തമിഴ്നാട്ടില്‍ എത്തുന്നതിനു മുമ്പായിരിക്കാം തൊല്കാപ്പിയരുടെ കാലമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സംഘം കൃതികള്‍ക്കു മുമ്പാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് ഒരു കൂട്ടം പണ്ഡിതര്‍ കരുതുന്നു. തൊല്കാപ്പിയത്തില്‍ ക്രോഡീകരിച്ചിട്ടുള്ള നിയമങ്ങളും ലക്ഷണങ്ങളും സംഘം കൃതികളില്‍ കാണപ്പെടുന്നു എന്നതാണ് ഇവരുടെ നിഗമനത്തിന് ആധാരം.

തൊല്കാപ്പിയത്തില്‍ എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. ഓരോ അതികാരവും ഒന്‍പത് ഇയലുകളായി വിഭജിച്ചിരിക്കുന്നു. നിയമങ്ങള്‍ എല്ലാംതന്നെ സൂത്രങ്ങളായിട്ടാണ് ക്രോഡീകരിച്ചിട്ടുള്ളത്. നോ: തൊല്കാപ്പിയം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍