This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൈലം

സ്നേഹദ്രവ്യങ്ങളിലൊന്ന്. ദ്രവ്യങ്ങള്‍ വേവിച്ച് ഊറ്റിയോ ചക്കിലിട്ട് ആട്ടിയോ മറ്റ് ആധുനിക രീതികള്‍ അവലംബിച്ചോ വേര്‍തിരിച്ചെടുക്കുന്നതാണ് തൈലം അഥവാ എണ്ണ. ആയുര്‍വേദത്തില്‍ തൈലം എന്ന പദംകൊണ്ട് തിലതൈലം അഥവാ എള്ളെണ്ണയെ ആണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്ന എണ്ണകളെല്ലാംകൂടി തൈലവര്‍ഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. എണ്ണ ഉത്പാദിപ്പിക്കുന്ന ദ്രവ്യത്തെ ആശ്രയിച്ചായിരിക്കും അവയുടെ ഗുണങ്ങളും. എള്ളെണ്ണ, ആവണക്കെണ്ണ, കടുകെണ്ണ, വേപ്പെണ്ണ, ഉങ്ങെണ്ണ, ഓടലെണ്ണ, ഇലപ്പ്യെണ്ണ, താന്നിയെണ്ണ, ചെറുപുന്നയെണ്ണ, വെളിച്ചെണ്ണ, അകത്തിയെണ്ണ, മരോട്ടിയെണ്ണ, ചേര്‍ക്കരുഎണ്ണ എന്നിവയാണ് ആയുര്‍വേദത്തില്‍ പ്രധാനമായും ഉപയോഗിച്ചുവരുന്ന എണ്ണകള്‍. ഇവയ്ക്ക് ഓരോന്നിനും പ്രത്യേകം ഗുണങ്ങളും ഉപയോഗങ്ങളുമാണ് ഉള്ളത്. തിലതൈലമാണ് എണ്ണകളില്‍വച്ച് ഏറ്റവും ശ്രേഷ്ഠം.

തിലതൈലഗുണം.

'തൈലം സ്വയോനിവത്തത്ര

മുഖ്യം തീക്ഷ്ണം വ്യവായി ച

ത്വഗ്ദോഷകൃദചക്ഷുഷ്യം

സൂക്ഷ്മോഷ്ണം കഫകൃന്ന ച

കൃശാനാം ബൃംഹണായാലം

സ്ഥൂലാനാം കര്‍ശനായ ച'

(അഷ്ടാംഗഹൃദയം സൂത്രസ്ഥാനം)

'തിലജാല്‍ ജാതം തൈലം'- എള്ളെണ്ണ തീക്ഷ്ണമായിട്ടുള്ളതും വ്യാപനസ്വഭാവത്തോടുകൂടിയതും ത്വക്ക്ദോഷത്തെ ഉണ്ടാക്കുന്നതും അചക്ഷുഷ്യവും സൂക്ഷ്മവും ഉഷ്ണവും കഫോപദ്രവത്തെ ചെയ്യാത്തതുമാകുന്നു. മെലിഞ്ഞവരെ തടിപ്പിക്കുവാനും തടിച്ചവരെ മെലിയിപ്പിക്കുവാനും കഴിവുണ്ട്.

'സര്‍വം വാതഹരം തൈലം വിശേഷാത്തിലസംഭവം

തൈലം സയോഗസംസ്കാരാത്സര്‍വരോഗഹരം സ്മൃതം.'

(ആയുര്‍വേദ ഔഷധഗുണചന്ദ്രിക)

എല്ലാ തൈലങ്ങളും വാതഹരമാകുന്നു. എള്ളെണ്ണ വിശേഷിച്ചും വാതഹരമാണ്. എള്ളെണ്ണയില്‍ മറ്റ് ഔഷധങ്ങള്‍ ചേര്‍ത്ത് വേണ്ടവണ്ണം സംസ്കരിച്ചെടുത്താല്‍ സകല രോഗങ്ങളെയും ശമിപ്പിക്കത്തക്ക ശക്തി ഉള്ളതായിത്തീരും.

'തിലതൈലമലങ്കരോതി കേശാന്‍

മധുരം തിക്തകഷായമുഷ്ണതീക്ഷ്ണം

ബലകൃത് കഫവാത ജന്തുഖര്‍ജ്ജു

വ്രണകണ്ഡൂതിഹരഞ്ച കാന്തിദായി'

(ആയുര്‍വേദ ഔഷധഗുണചന്ദ്രിക)

എള്ളെണ്ണ തലമുടിക്ക് കാന്തിയും ഭംഗിയും പ്രദാനം ചെയ്യുന്നു. അത് മധുരരസവും തിക്തകഷായ രസങ്ങള്‍ കൂടെയുള്ളതും തീക്ഷ്ണവും ബലത്തെ വര്‍ധിപ്പിക്കുന്നതുമാകുന്നു. കഫ-

വാത-കൃമി രോഗങ്ങള്‍, വ്രണം, ചൊറിച്ചില്‍ എന്നിവയെ ശമിപ്പിക്കുന്നു. മലത്തെ വര്‍ധിപ്പിക്കുന്നു. ബാലന്മാര്‍ക്കും വൃദ്ധന്മാര്‍ക്കും ഒരുപോലെ ഹിതകരമാണെങ്കിലും പിത്തജവികാരങ്ങളിലും രക്തജവികാരങ്ങളിലും പഥ്യമല്ല. മഹാവാതവികാരങ്ങള്‍ക്കെല്ലാം പഥ്യമാണ്. വാതാശ്രിതങ്ങളായ എല്ലാ രോഗങ്ങളെയും നശിപ്പിക്കുന്നതിനു ശക്തിയുണ്ട്.

(ഡോ. പി. ശങ്കരന്‍കുട്ടി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%88%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍