This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേവാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേവാരം

1. ദേവപൂജ. ദീപം, ധൂപം, പുഷ്പം, നിവേദ്യം മുതലായവകൊണ്ട് ക്ഷേത്രങ്ങളിലോ അവനവന്‍തന്നെയോ നടത്തുന്ന പൂജയാണ് തേവാരം എന്നറിയപ്പെടുന്നത്. തേവാരത്തിനായി വച്ചിട്ടുള്ള സാളഗ്രാമാദി വിഗ്രഹങ്ങളും ഇതേ പേരില്‍ അറിയപ്പെടുന്നുണ്ട്. തേവാരത്തിനായി കുളത്തില്‍ മുങ്ങിക്കയറി നില്ക്കാനുള്ള കല്ല് തേവാരക്കല്ല് എന്നാണറിയപ്പെടുന്നത്. പൂജാഗൃഹങ്ങള്‍ക്ക് തേവാരക്കെട്ട് എന്ന പേരുവന്നത് തേവാരവുമായി ബന്ധപ്പെട്ടാണ്. പൂജയ്ക്കായുള്ള കുളി കഴിഞ്ഞാല്‍ പൂജാസാധനങ്ങളല്ലാതെ മറ്റൊന്നും തൊടാതെനോക്കുന്ന ശുദ്ധാചരണത്തിന് തേവാരശുദ്ധം എന്നാണ് പേര്.

2. തമിഴ് ശൈവസ്തോത്ര കൃതികള്‍. ഏഴ്, എട്ട്, ഒന്‍പത് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന തിരുജ്ഞാനസംബന്ധര്‍, അപ്പര്‍, സുന്ദരര്‍ എന്നീ മൂന്നുപേരും ശിവനെ പ്രകീര്‍ത്തിച്ചു പാടിയ സ്തോത്രങ്ങള്‍ തേവാരം എന്ന പേരില്‍ അറിയപ്പെടുന്നു. തേവാരം എന്ന പദത്തിന് തേ-ആരം, തേ-വാരം എന്നിങ്ങനെ രണ്ടര്‍ഥം ഉണ്ട്. തേ-ആരം എന്നതിന് തേ-ദൈവം, ആരം-പൂമാല അതായത് ദൈവത്തിനു ചൂടുന്ന പൂമാല എന്നര്‍ഥം. തേ-വാരം എന്നതിന് തേ-ദൈവം, വാരം-സ്നേഹം അതായത് ദൈവത്തോട് സ്നേഹം കാണിക്കുന്ന കൃതി എന്നാണര്‍ഥം.

11-ാം ശ.-ത്തിലെ രാജരാജചോഴനായ അഭയകുലശേഖരന്‍ തേവാരസ്തോത്രങ്ങള്‍ വായിച്ചപ്പോഴുണ്ടായ ഭക്തിപാരവശ്യത്താല്‍ തേവാരം മുഴുവന്‍ കണ്ടെത്തി ശേഖരിക്കുന്നതിന് നമ്പിയാണ്ടാര്‍ നമ്പിയെ ഏര്‍പ്പാടുചെയ്തു. അങ്ങനെ ശേഖരിച്ചവയാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള 795 പതികങ്ങള്‍. പില്ക്കാലത്ത് ശിലാശാസനങ്ങളില്‍നിന്ന് ഒന്നുകൂടി ലഭിക്കുകയും ചെയ്തു. പന്ത്രണ്ട് തിരുമുറകളിലെ ആദ്യത്തെ ഏഴെണ്ണം ഈ തേവാരങ്ങളാണ്. സംബന്ധരുടെ തേവാരങ്ങള്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ളതിലും അപ്പരുടേത് നാലു മുതല്‍ ആറു വരെയുള്ളതിലും സുന്ദരരുടേത് ഏഴിലുമായി ശേഖരിച്ചിരിക്കുന്നു. രാഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയെ ഏഴു കൃതികളായി വിഭജിച്ചിരിക്കുന്നത്.

തേവാരതിരട്ടുകള്‍ അകത്തിയ തേവാരതിരട്ട്, തേവാര അരുണ്‍മുറൈതിരട്ട്, അദ്ഭുത തേവാരതിരട്ട് എന്നിങ്ങനെ മൂന്നുവിധമുണ്ട്. തേവാരങ്ങള്‍ക്ക് തമിഴ് വേദം എന്ന നിലയില്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. അതിനാല്‍ ഉത്സവകാലങ്ങളില്‍ വേദങ്ങളോടൊപ്പം തേവാരങ്ങളും പാരായണം ചെയ്തുവരുന്നു. തേവാര കര്‍ത്താക്കളായ മൂന്നുപേരും മിസ്റ്റിക് കവികളുടെ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. ഇവര്‍ പ്രകൃതിസൌന്ദര്യത്തില്‍ ദൈവചൈതന്യം ദര്‍ശിക്കുന്നു. ഇതല്ലാതെ മറ്റൊരു രൂപം ദൈവത്തിനില്ലെന്നാണ് അവരുടെ അഭിപ്രായം. അതിനാല്‍ സംഘം കൃതികളിലെന്നതുപോലെ മനോഹരമായ പ്രകൃതിസൗന്ദര്യവര്‍ണനകള്‍ തേവാരത്തിലും കാണാന്‍ കഴിയും.

ശൈവദര്‍ശനങ്ങളോടു യോജിച്ചു പോകുന്നവയാണ് തേവാരങ്ങള്‍. 'എല്ലാം ക്ഷണികവും ക്ലേശപൂര്‍ണവുമാണ്' എന്ന ആശയത്തില്‍നിന്ന് ശിവന്‍ എന്ന രൂപത്തിലൂടെ, ഈശ്വരനിലൂടെ നിത്യവും സുന്ദരവും ആനന്ദപൂര്‍ണവുമായ ഒന്നില്‍ ലയിക്കുന്നതിനാണ് തേവാരകൃതികള്‍ വഴി കാണിച്ചുകൊടുക്കുന്നത്. തേവാരസ്തോത്രങ്ങളിലെ വര്‍ണനയുടെയും ഗാനത്തിന്റെയും അന്തിമലക്ഷ്യം ഈശ്വരസാക്ഷാത്കാരമായ ശിവന്‍തന്നെയാണ്. ശൈവസിദ്ധാന്തത്തില്‍ പറയുന്ന പതി, പശു, പാശം എന്ന ചൊല്ല് തേവാരത്തില്‍ അര്‍ഥവത്താകുന്നു. സ്നേഹത്തോടുകൂടി ദൈവത്തെ മനസ്സില്‍ അറിഞ്ഞ് ധ്യാനിച്ച് അവനെ പ്രാപിക്കണം. ഈ സത്യം തേവാരത്തിലെ അകപ്പൊരുള്‍ കവിതകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം ദൈവത്തെ മനസ്സില്‍ കുടിയിരുത്തുന്നവര്‍ക്ക് 'അഞ്ചുവതു യാതൊന്റം ഇല്ലൈ, അഞ്ചവരുവതും ഇല്ലൈ' (ഭയപ്പെടാന്‍ യാതൊന്നും ഇല്ല, ഭയപ്പെടേണ്ടവയും ഇല്ല) എന്നാണ് പറയുന്നത്. തേവാരം പാരായണം ചെയ്താലും ശ്രവിച്ചാലും ദോഷം ഇല്ലാതാകും, ദുഃഖം അകലും എന്നിങ്ങനെയാണ് സംബന്ധര്‍ തന്റെ പതികങ്ങളുടെ അവസാനത്തില്‍ പറഞ്ഞിരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍