This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേരട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേരട്ട

Millipede

മിറിയാപോഡ (Myriapoda) പ്രാണിവര്‍ഗത്തിന്റെ ഉപവര്‍ഗമായ പ്രോഗോനിയേറ്റ(Progoneata)യിലെ ഡിപ്ളോപോഡ ഗോത്രത്തില്‍ പ്പെടുന്ന ഒരിനം അട്ട. ജീനസ്നാമം: സ്പൈറോബോളസ് (Spirobolus). പാറകളുടെയും തടിക്കഷണങ്ങളുടെയും ഇടയിലെ ഈര്‍പ്പമുള്ള മണ്ണിലാണ് തേരട്ടകളെ സര്‍വസാധാരണമായി കാണുന്നത്. മഴക്കാലമാകുമ്പോഴേക്കും ഇവയുടെ എണ്ണം വര്‍ധിക്കുന്നു. ഉരുണ്ട്, പുഴുവിനെപ്പോലെ ഏതാണ്ട് സിലിന്‍ഡര്‍ ആകാരത്തിലുള്ള തേരട്ടകള്‍ക്ക് 2-3 സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. 25-100 ഖണ്ഡങ്ങളുള്ള ശരീരമാണ് ഇവയുടേത്. ശരീരത്തിലെ ഓരോ ഖണ്ഡവും രണ്ടു ഖണ്ഡങ്ങള്‍ യോജിച്ചുണ്ടായതാണ്. ഇക്കാരണത്താലാണ് ഓരോ ഖണ്ഡത്തിലും ഓരോ ജോഡി കാലുകളുള്ളതായി തോന്നുന്നത്. അതിനാല്‍ ഇവയെ ഡിപ്ളോപോഡ അഥവാ ദ്വിപാദജീവികള്‍ എന്ന് വിശേഷിപ്പിക്കുന്നു. നിരവധി കാലുകളുള്ളതിനാല്‍ ഇവ മില്ലിപീഡുകളെന്നും അറിയപ്പെടുന്നു. 100 ജോഡിയിലധികം കാലുകള്‍ ഉള്ള തേരട്ടകളുണ്ട്. ഇത്രയേറെ കാലുകളുണ്ടെങ്കിലും വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്ന നിരുപദ്രവകാരികളായ ജീവികളാണ് തേരട്ടകള്‍. തലയില്‍ ദൃഗ്ബിന്ദുവും ശൃംഗികയും ഉണ്ടായിരിക്കും.

തേരട്ട

സ്പര്‍ശനമേറ്റാലുടനെ തേരട്ടകള്‍ സ്പ്രിങ്ങുപോലെ വൃത്താകൃതിയില്‍ ചുരുളുന്നു. ചുരുണ്ടിരിക്കുന്ന അവസ്ഥയില്‍ തേരട്ടയുടെ ശരീരത്തിന്റെ ഉപരിഭാഗം മാത്രമേ കാണാന്‍ കഴിയൂ.

തേരട്ടയുടെ ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ ദുര്‍ഗന്ധമുള്ള ദ്രവം സ്രവിക്കുന്ന സ്രാവികളുണ്ട്. ഈ ദ്രവത്തിന് ചിലയിനം പ്രാണികളെ കൊല്ലാന്‍ കഴിവുണ്ട്. സയനൈഡിന്റേതുപോലെയുള്ള ഈ ദുര്‍ഗന്ധം കാരണം മറ്റു ജീവികള്‍ തേരട്ടകളെ ഇരയാക്കാറില്ല. ഇത് ശത്രുക്കളില്‍നിന്ന് രക്ഷപെടാന്‍ ഇവയെ സഹായിക്കുന്നു.

അഴുകിയ സസ്യപദാര്‍ഥങ്ങളും മാലിന്യങ്ങളുമാണ് തേരട്ടയുടെ ഭക്ഷണം. ചിലയിനം തേരട്ടകള്‍ സസ്യങ്ങളുടെ വേരുകള്‍ തിന്നു നശിപ്പിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍