This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേയില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേയില

ഒരു പാനീയ വിള. കേരളത്തിലെ പ്രധാന തോട്ടവിളകളിലൊന്നാണ് തേയില. തേയിലച്ചെടിയുടെ തളിരിലകളും ഇളം തണ്ടുകളും ഉപയോഗിച്ചാണ് വിവിധയിനം തേയിലകള്‍ ഉത്പാദിപ്പിക്കുന്നത്.

ടേണ്‍ സ്ട്രോമിയേസീ (Ternstroemiaceae) സസ്യകുടുംബത്തില്‍ പ്പെടുന്ന തേയിലച്ചെടിയുടെ ശാസ്ത്രനാമം: കമേലിയ സൈനെന്‍സിസ് (Camelia sinensis) എന്നാണ്.

തേയിലച്ചെടി

പ്രാചീനകാലം മുതല്‍ തേയില ഒരു പാനീയമായി ഉപയോഗിച്ചുവരുന്നു. ഇന്ത്യ, ശ്രീലങ്ക, ചൈന, ജാവ, ആഫ്രിക്ക, റഷ്യ, മലേഷ്യ, വിയറ്റ്നാം, മൗറീഷ്യസ്, കോംഗോ, എത്യോപ്യ, ബ്രസീല്‍, പെറു, അര്‍ജന്റീന, കൊളംബിയ, മെക്സിക്കോ, ഇറാന്‍, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലെല്ലാം വന്‍തോതില്‍ തേയില കൃഷി ചെയ്യുന്നു.

ഒരു ഉഷ്ണമേഖലാ വിളയാണ് തേയില. ഇന്ത്യയില്‍ അസം, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷി വ്യാപകമായുള്ളത്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും തേയിലക്കൃഷി നിലവിലുണ്ട്. തമിഴ്നാട്ടിലെ നീലഗിരിയിലും കേരളത്തിലെ ആനമല, വയനാട് മുതലായ പ്രദേശങ്ങളിലും തേയില സമൃദ്ധമായി വളരുന്നു. മ്യാന്‍മറിലും ഇന്ത്യയിലെ അസമിലും തേയില കാട്ടുചെടിയായാണ് വളരുന്നത്.

ഏകദേശം ഒമ്പതു മീ. വരെ ഉയരത്തില്‍ വളരുന്ന ചെറുവൃക്ഷമാണ് തേയില. തായ് വേരും പാര്‍ശ്വവേരുകളും അടങ്ങുന്നതാണ് മൂലവ്യൂഹം. ചില തേയിലച്ചെടികളുടെ പാര്‍ശ്വമൂലങ്ങള്‍ താഴേക്കും ചിലവയുടേത് തിരശ്ചീനമായും വളരുന്നു. ആഗിരണ മൂലങ്ങള്‍ മണ്ണിന്റെ ഉപരിതലത്തിനോടു ചേര്‍ന്നാണുള്ളത്. ജലവും പോഷകങ്ങളും ആഗിരണം ചെയ്യുകയും അന്നജം സംഭരിക്കുകയുമാണ് ഇവയുടെ പ്രധാന ധര്‍മങ്ങള്‍.

തേയിലച്ചെടിയുടെ ഇലകള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകള്‍ സരളവും തിളക്കമുള്ളതുമാണ്. അനുപര്‍ണങ്ങളില്ല. ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് വെളുത്ത നിറത്തിലുള്ള പുഷ്പങ്ങളുണ്ടാകുന്നു. ചിരസ്ഥായിയായ അഞ്ച് ബാഹ്യദളങ്ങളും അഞ്ച് ദളങ്ങളുമുണ്ട്. നിരവധി കേസരങ്ങളുണ്ട്. കേസര തന്തുക്കള്‍ ദളങ്ങളില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. പുഷ്പങ്ങള്‍ക്ക് ഒരു ജനിപുടം മാത്രമേയുള്ളൂ. അണ്ഡാശയത്തിന് 3-5 കോഷ്ഠകങ്ങളുണ്ട്. ഓരോ കോഷ്ഠകത്തിലും രണ്ട് അണ്ഡങ്ങള്‍ വീതമുണ്ടായിരിക്കും. മൂന്ന് വിത്തുകളുള്ള സംപുടമാണ് കായ്.

സമുദ്രനിരപ്പില്‍നിന്ന് സു. 2500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് സാധാരണയായി തേയില കൃഷിചെയ്യുന്നത്. തേയിലച്ചെടി വളരുന്ന പ്രദേശത്തിനനുസരിച്ച് ഉത്പന്നത്തിന്റെ ഗുണനിലവാരത്തിനും വ്യത്യാസമുണ്ടായിരിക്കും. മഴയും തണുപ്പുമുള്ള കാലാവസ്ഥ തേയിലച്ചെടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. 21-29oC താപനിലയുള്ള കാലാവസ്ഥയാണ് തേയിലക്കൃഷിക്ക് അനുയോജ്യം. 29oC-ല്‍ കൂടിയ താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളും 13oC-ല്‍ കുറഞ്ഞ താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളും തേയിലച്ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമല്ല. വേനല്‍ച്ചൂടില്‍നിന്ന് തേയിലച്ചെടികളെ സംരക്ഷിക്കുന്നതിനും തേയിലത്തോട്ടങ്ങളില്‍ ആര്‍ദ്രതയുള്ള അന്തരീക്ഷം നിലനിര്‍ത്തുന്നതിനും തേയിലച്ചെടികള്‍ക്കിടയില്‍ തണല്‍വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക പതിവാണ്. അല്‍ബിസ്സിയാ, എറിത്രീനാ ഇന്‍ഡിക്ക, ലിഥോസ്പേര്‍മം, ഗ്ളൈറിസീഡിയ, സെപ്പിയം, ഗ്രൂവിലിയ റോബസ്റ്റ തുടങ്ങിയ വൃക്ഷങ്ങളാണ് തേയിലത്തോട്ടങ്ങളില്‍ സാധാരണയായി നട്ടുവളര്‍ത്തുന്ന തണല്‍വൃക്ഷങ്ങള്‍. തേയിലത്തോട്ടങ്ങളിലെ കാറ്റിനെ നിയന്ത്രിക്കുന്നതിന് സില്‍വര്‍ ഓക്ക് മരങ്ങള്‍ നട്ടുവളര്‍ത്തുന്നതും പതിവാണ്. കേരളത്തില്‍ ഇടവപ്പാതിയുടെ അവസാനത്തോടെ തണല്‍വൃക്ഷങ്ങളുടെ ശാഖകള്‍ മുറിച്ചു മാറ്റി തണലിനെ ക്രമീകരിക്കുന്നതുമൂലം തേയിലച്ചെടികള്‍ക്ക് കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുകയും വളര്‍ച്ച ത്വരിതഗതിയിലാവുകയും ചെയ്യും. വേനല്‍ക്കാലത്തിനു തൊട്ടുമുമ്പ് തണല്‍ ക്രമീകരണം നടത്തിയാല്‍ വേനല്‍ക്കാലത്ത് തേയിലച്ചെടിയിലുണ്ടായേക്കാവുന്ന പൊള്ളലും ശിഖരവിദ്രധി രോഗവും (canker) തടയാന്‍ കഴിയും.

എല്ലാ ഇനം മണ്ണിലും നന്നായി വളരുന്ന സസ്യമാണ് തേയില. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട തേയിലത്തോട്ടങ്ങള്‍ ബ്രഹ്മപുത്രാ നദീതാഴ്വരയിലും സമീപപ്രദേശങ്ങളിലുമാണുള്ളത്. ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും അംശം കൂടുതലും കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ വളരെക്കുറവുമുള്ള മണ്ണിലാണ് തേയിലച്ചെടി നന്നായി വളരുന്നത്. അമ്ലക്ഷാര സൂചിക (pH) 6.5-ല്‍ കൂടുതലുള്ള മണ്ണില്‍ തേയിലച്ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു.

തേയിലച്ചെടിയുടെ പ്രവര്‍ധനം പ്രധാനമായും വിത്തുകള്‍ വഴിയാണ്. 4-15 വര്‍ഷം പ്രായമായ തേയിലച്ചെടികളില്‍ നിന്നാണ് വിത്തുകള്‍ ശേഖരിക്കുന്നത്. മൂപ്പെത്തിയ കായ്കള്‍ പൊട്ടി തറയില്‍ വീഴുന്ന വിത്തുകള്‍ക്ക് ജീവനക്ഷമത വളരെ കുറവായതിനാല്‍ വളരെപ്പെട്ടെന്നുതന്നെ വിത്തുകള്‍ ശേഖരിച്ച് തവാരണകളില്‍ പാകുന്നു. വിത്തിന്റെ ജീവനക്ഷമത വര്‍ധിപ്പിക്കാന്‍ നിരവധി രീതികള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 12-18 മാസം വരെ പ്രായമാകുമ്പോഴാണ് തൈകള്‍ പറിച്ചുനടുന്നത്.

ഗുണമേന്മയേറിയ തേയിലയ്ക്കു വേണ്ടിയും പഴയ തോട്ടങ്ങളെ പുതുക്കുന്നതിനു വേണ്ടിയും ചെടിക്കമ്പുകളും ക്ളോണുകളും ഉപയോഗിച്ചുള്ള കായിക പ്രവര്‍ധനത്തിന് ഇന്ന് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. കായിക പ്രവര്‍ധനത്തിനായി വളര്‍ച്ചയിലും ഗുണത്തിലും മേന്മയുള്ള രോഗബാധയില്ലാത്ത തേയിലച്ചെടികളാണ് തിരഞ്ഞെടുക്കുന്നത്.

ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് കമ്പുകള്‍ മുറിച്ചു നടുന്നത്. ചെടിക്കമ്പിന്റെ ആവൃതിക്കു കേടുപറ്റാതെ കക്ഷ്യമുകുളങ്ങള്‍ക്കു തൊട്ടുമുകളില്‍ വച്ചാണ് കമ്പു മുറിക്കുന്നത്. മുറിച്ചു മാറ്റുന്നതു മുതല്‍ നടുന്നതു വരെ കമ്പുകള്‍ വെള്ളത്തില്‍ മുക്കിയിടുക പതിവാണ്. വിത്തു പാകുന്നതുപോലെ തവാരണകളുണ്ടാക്കിയാണ് കമ്പുകളും നടുന്നത്. ഒരു ചെടിക്കമ്പിലെ ഇല മറ്റൊന്നിലെ ഇലയുമായി തൊടാതെ തണ്ട് അല്പം ചരിച്ച്, ഇല തവാരണയുടെ പ്രതലത്തില്‍ തൊട്ടിരിക്കത്തക്കവിധമാണ് കമ്പുകള്‍ നടുന്നത്. കാറ്റത്ത് ഇലഞെട്ടിനുണ്ടാകുന്ന ഇളക്കം ഇല കൊഴിയുന്നതിനും കമ്പു നശിക്കുന്നതിനും കാരണമാകാറുണ്ട്. ജലസേചനം നടത്തുമ്പോള്‍ തവാരണകളില്‍ ചെളികെട്ടാതെയും വെള്ളം അധികമാകാതെയും സൂക്ഷിക്കണം. കമ്പുകള്‍ വേരു പിടിച്ചു കഴിയുമ്പോള്‍ തൈകള്‍ നടുന്നതുപോലെതന്നെ നടുന്നു.

30 സെ.മീ. വ്യാസവും 45 സെ.മീ. ആഴവും ചതുരാകൃതിയുമുള്ള കുഴികളിലാണ് തൈകള്‍ നടുക. ഒരു ഹെക്ടറില്‍ എകദേശം 11,000 തേയിലച്ചെടികള്‍ നടത്തക്കവിധം കുഴികളുടെ അകലം ക്രമീകരിക്കേണ്ടിയിരിക്കുന്നു. തേയിലച്ചെടികള്‍ നടുമ്പോള്‍ രാസവളം ചേര്‍ ക്കേണ്ടതില്ല; ജൈവ വളങ്ങള്‍ ചേര്‍ക്കുന്നതാണ് ഉത്തമം. ഇടവപ്പാതിയാണ് ചെടികള്‍ നടാന്‍ അനുയോജ്യം.

തേയില കൊളുന്തു നുള്ളുന്ന തോട്ടംതൊഴിലാളികള്‍

തേയിലച്ചെടികള്‍ പന്തലിച്ച് കുറ്റിച്ചെടിയായി വളരുന്നതിനും വിളവെടുക്കാന്‍ (കൊളുന്തു നുള്ളാന്‍) സൗകര്യപ്രദമായ ഉയരം നിലനിര്‍ത്തുന്നതിനുംവേണ്ടി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തൂപ്പുവെട്ട് (pruning) ആരംഭിക്കണം. ഇല നുള്ളാനാരംഭിക്കുന്നതിനുമുമ്പ് തൂപ്പുവെട്ടി തണ്ടുകളുടെ ഒരു ചട്ടക്കൂട് ക്രമീകരിക്കുന്നു. തൂപ്പുവെട്ടല്‍ തേയിലച്ചെടിയെ സ്ഥിരമായ കായിക വളര്‍ച്ചാ ദശയില്‍ത്തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ഇളം തണ്ടുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. കൂടാതെ തേയിലച്ചെടിയുടെ ചട്ടക്കൂട് വിപുലമാകുന്നതിനാല്‍ വളരെ വേഗത്തില്‍ വളരുകയും ചെയ്യുന്നു. ഗുണമേന്മയേറിയ തേയില ഉത്പാദനത്തിനും തൂപ്പുവെട്ടല്‍ അനിവാര്യമാണ്. ചില അവസരങ്ങളില്‍ തേയിലച്ചെടിയുടെ വളര്‍ച്ചയും പുഷ്ടിയും കുറയാനും തൂപ്പുവെട്ടല്‍ കാരണമാകാറുണ്ട്. ശാഖകള്‍ മുറിക്കുമ്പോഴുണ്ടാകുന്ന മുറിപ്പാടില്‍ക്കൂടി രോഗബാധയുണ്ടാകാനിടയുള്ളതിനാല്‍ ശാഖകളെ 45o ചരിച്ചാണ് മുറിക്കുന്നത്.

തേയിലച്ചെടി നട്ട് മൂന്നു വര്‍ഷം കഴിയുമ്പോഴേക്കും കൊളുന്തു നുള്ളാനാരംഭിക്കുന്നു. രണ്ടിലയും ഒരു മുകുളവും (മൊട്ട്) ചേര്‍ത്താണ് കൊളുന്തു നുള്ളുന്നത്. ഒരു വര്‍ഷം മുപ്പതിലധികം തവണ വിളവെടുക്കാം. കൈകൊണ്ട് നുള്ളിയും 'ട്രിമ്മറിന്റെ' സഹായത്തോടെയുമാണ് വിളവെടുക്കുന്നത്. ഏതാണ്ട് ഒരേ നിരക്കില്‍ത്തന്നെ 30 വര്‍ഷക്കാലത്തോളം വിളവു തരുന്ന തോട്ടവിളയാണ് തേയില. 100 വര്‍ഷക്കാലത്തോളം തേയിലച്ചെടിക്ക് ആയുസ്സുണ്ട്. എന്നാല്‍ 30 വര്‍ഷത്തിനു ശേഷം ഉത്പാദനം നന്നേ കുറയുന്നു. തേയിലച്ചെടിയുടെ ശാഖാഗ്രം ഒന്നോ രണ്ടോ ഇലയോടുകൂടി നുള്ളിയെടുക്കുന്നത് ഒന്നാം തരമായും നേര്‍മയുള്ള വിഭാഗമായും തരംതിരിച്ചിരിക്കുന്നു. നേര്‍മയുള്ള വിഭാഗത്തില്‍ നിന്ന് ഗുണത്തിന്റെ അടിസ്ഥാനത്തില്‍ 'പെക്കോസ്' ഇനം ലഭിക്കുന്നു. വിടരാത്ത അഗ്രമുകുളങ്ങളില്‍നിന്നു ലഭിക്കുന്ന ഉത്പന്നത്തെ 'പൗഷ്പം' എന്നും ആദ്യത്തെ ഇലയില്‍നിന്നു ലഭിക്കുന്നതിനെ 'ഓറഞ്ച്' എന്നും വിളിക്കുന്നു. മധ്യവിഭാഗത്തില്‍ പ്പെടുന്ന ഉത്പന്നം 'സൗചോജ്' (souchaug) എന്ന് അറിയപ്പെടുന്നു. ശാഖാഗ്രം മൂന്ന് ഇലകളോടുകൂടി മുറിച്ചത് 'മധ്യമം' അഥവാ രണ്ടാം തരമായും ശാഖാഗ്രം നാലോ അഞ്ചോ ഇലകളോടുകൂടി മുറിച്ചത് 'പരുക്കന്‍' ആയും തരം തിരിച്ചിരിക്കുന്നു.

വ്യാവസായികാടിസ്ഥാനത്തില്‍ തേയിലയെ കറുത്ത തേയില (Black tea), പച്ചത്തേയില (Green tea), ഊലോങ് തേയില (Oolong tea) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

ഇലകള്‍ പൂര്‍ണമായും സംസ്കരി(fermented)ച്ചാണ് കറുത്ത തേയില ഉത്പാദിപ്പിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ജാവ എന്നിവിടങ്ങളിലാണ് പ്രധാനമായും കറുത്ത തേയില ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 2.1-3.2% വരെ കഫീനും 7-11% വരെ ടാനിനും അടങ്ങിയിരിക്കുന്നു. കറുത്ത തേയിലയെ ബ്രോക്കണ്‍ ഓറഞ്ച്, ഓറഞ്ച് പെക്കോ (Orange pekoe), ബ്രോക്കണ്‍ പെക്കോ, പെക്കോ, പെക്കോ സൌചോജ് തുടങ്ങിയ വിവിധ ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്.

തേയിലച്ചെടിയുടെ ഇല കിണ്വനം (fermentation) നടത്താതെ തയ്യാറാക്കുന്ന ഉത്പന്നം പച്ചനിറത്തില്‍ത്തന്നെ അവശേഷിക്കുന്നു. ഇതാണ് പച്ചത്തേയില. ചൈനയിലും ജപ്പാനിലുമാണ് പച്ചത്തേയില പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്നതും വിപണനം നടത്തുന്നതും. ഇലകള്‍ നിറച്ച വീപ്പകളില്‍ നീരാവി കടത്തിവിട്ടോ ഇലകളെ ഭാഗികമായി പെട്ടെന്ന് ഉണക്കിയോ പച്ചത്തേയില ഉത്പാദിപ്പിക്കാം. തേയിലയുടെ സവിശേഷമണം പച്ചത്തേയിലയ്ക്ക് ഉണ്ടായിരിക്കുകയില്ല. ഇതില്‍ 2.2-3.1% വരെ കഫീനും 5-11% വരെ ടാനിനും അടങ്ങിയിരിക്കുന്നു.

ഊലോങ് (Oolong) തേയില ഫോര്‍മോസയിലാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഭാഗികമായി സംസ്കരണം (semi-fermented) നടത്തിയതിനു ശേഷമുള്ള ഉത്പന്നമാണ്. ഗുണമേന്മയില്‍ കറുത്ത തേയിലയ്ക്കും പച്ചത്തേയിലയ്ക്കും മധ്യേയാണ് ഇതിന്റെ സ്ഥാനം. ഇതില്‍ 3-3.6% വരെ കഫീനും 13-21% ടാനിനും അടങ്ങിയിരിക്കുന്നു.

ഇന്‍സ്റ്റന്റ് കാപ്പി ഉത്പാദിപ്പിക്കുന്ന രീതി അവലംബിച്ച് നിര്‍മിക്കുന്ന തേയിലയാണ് ഇന്‍സ്റ്റന്റ് തേയില. കറുത്ത തേയില ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന തേയില ഇലകള്‍ അതിന്റെ പത്തിരട്ടി വെള്ളത്തില്‍ ചൂടാക്കി സത്ത് എടുക്കുന്നു. നാല് ശതമാനത്തോളം ഖരപദാര്‍ഥങ്ങളടങ്ങിയ ഈ സത്തില്‍ നിന്ന് സവിശേഷമായ ബാഷ്പീകരണ പ്രക്രിയയിലൂടെ സുഗന്ധപദാര്‍ഥങ്ങളെ വേര്‍തിരിച്ചെടുക്കുന്നു. ഇലസത്തിനെ വിവിധ ഘട്ടങ്ങളിലൂടെ കടത്തിവിട്ടശേഷം ഉണക്കുയന്ത്രങ്ങളിലോ മറ്റോ ഉണക്കിയെടുക്കുമ്പോള്‍ ഇന്‍സ്റ്റന്റ് തേയില ലഭിക്കുന്നു.

തേയില സംസ്കരണം. തേയില സംസ്കരണ പ്രക്രിയയെ വാട്ടം, വര്‍ത്തനം, കിണ്വനം, ശോഷണം എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു.

വിളവെടുത്ത ഇലകളിലെ ഈര്‍പ്പം ഭാഗികമായി നഷ്ടപ്പെടുത്തി അത് വാട്ടിയെടുക്കുന്ന പ്രക്രിയയെയാണ് വാട്ടം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പഴയ 'വാട്ടം' രീതിയില്‍നിന്ന് വ്യത്യസ്തമായി കറങ്ങിക്കൊണ്ടിരിക്കുന്ന വന്‍ വീപ്പകളില്‍ ഏകദേശം 700 കി.ഗ്രാം വരെ ഇല നിറച്ച് 54.5oC താപനിലയിലുള്ള വായു കടത്തിവിട്ട് വളരെച്ചുരുങ്ങിയ സമയംകൊണ്ട് ഇലകള്‍ പാകത്തിന് വാട്ടിയെടുക്കുന്ന വീപ്പ-വാട്ടം എന്ന പുതിയ രീതിയാണ് ഇന്നു നിലവിലുള്ളത്. ഇലയുടെ ഭാരം 40-45 ശതമാനം നഷ്ടമാകുമ്പോഴാണ് വാട്ടം പാകമായി എന്നു കണക്കാക്കപ്പെടുന്നത്.

ഇലകള്‍ പാകത്തിനു വാടിക്കഴിയുമ്പോള്‍ അവയെ വര്‍ത്തനത്തിനു വിധേയമാക്കുന്നു. വര്‍ത്തനംമൂലം ഇലകള്‍ പിരിഞ്ഞ് മുറിയുകയും ഇലകളിലെ ചാറ് പുറത്തേക്കു പോവുകയും ചെയ്യും. ഇലകള്‍ പൊടിഞ്ഞ് കോശത്തിനുള്ളിലെ എണ്ണ ഉള്‍ പ്പെടെയുള്ള വസ്തുക്കള്‍ പുറത്തു വരുന്നു. ഇവ ഇലത്തരിയുടെ പുറത്ത് ഒരു നേര്‍ത്ത പാടപോലെ പറ്റിയിരിക്കും.

വര്‍ത്തന യന്ത്രത്തില്‍നിന്നു പുറത്തെടുക്കുന്ന ഉത്പന്നത്തെ കനം കുറഞ്ഞ നിരകളായി പരത്തിയിടുന്നു. വര്‍ത്തന യന്ത്രത്തില്‍ നിന്നുതന്നെ ആരംഭിച്ച കിണ്വന പ്രക്രിയ തുടര്‍ന്ന് ഉത്പന്നത്തിന് താമ്രനിറവും പ്രത്യേക മണവും നല്കുന്നു. ഉചിതമായ മണം ലഭിക്കുമ്പോള്‍ കിണ്വനം നിറുത്തുകയാണ് പതിവ്. വാടിയ ഇലകളില്‍ അവശേഷിക്കുന്ന ഈര്‍പ്പം, തപിപ്പിക്കല്‍ (ശോഷണം) മൂലം ബാഷ്പീകരിച്ചുപോവുകയാണു പതിവ്. ആദ്യം 110o മുതല്‍ 138o വരെ താപം ഏല്പിക്കുമെങ്കിലും ക്രമേണ കുറച്ച് 93o ആയും പിന്നീട് അതിലും കുറഞ്ഞ താപനിലയിലും ക്രമീകരിക്കുന്നു. ഈ ഉത്പന്നത്തെ കൈകൊണ്ടുതന്നെ പരുക്കന്‍ തരികളായി പൊടിക്കാന്‍ കഴിയും. നുള്ളിയെടുത്ത തളിരിലകളില്‍ 70-83 ശതമാനം വരെ ജലാംശമുണ്ടായിരിക്കുമെങ്കിലും സംസ്കരണം കഴിഞ്ഞ ഉത്പന്നത്തില്‍ ഏകദേശം ആറ് ശതമാനം ഈര്‍പ്പം മാത്രമേ അടങ്ങിയിരിക്കുകയുള്ളൂ.

തേയിലച്ചെടിയെ പല രോഗങ്ങളും കീടങ്ങളും ആക്രമിക്കാറുണ്ട്. ഇവയില്‍ ബ്ലിസ്റ്റര്‍ ബ്ലൈറ്റ്, തവിട്ട് ബ്ലൈറ്റ് എന്നീ കുമിള്‍ രോഗങ്ങളാണ് വന്‍ നാശമുണ്ടാക്കുന്നത്.

തേയിലക്കൊതുകും ഇലചുരുട്ടിപ്പുഴുവുമാണ് തേയിലച്ചെടിയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. ചില അവസരങ്ങളില്‍ മണ്ടരിയും തേയിലച്ചെടിയെ ആക്രമിക്കാറുണ്ട്.

തേയിലയില്‍ 1.76% പൊട്ടാസ്യം, 0.41% കാത്സ്യം, 0.32% ഫോസ്ഫറസ്, 0.22% മഗ്നീഷ്യം, 0.15% ഇരുമ്പ്, 0.12% മാംഗനീസ്, 0.088% സള്‍ഫര്‍, 0.069% അലൂമിനിയം, 0.03% സോഡിയം, 0.024% സിലിക്കണ്‍, 0.003% സിങ്ക്, 0.002% കോപ്പര്‍, 4.5-5.0% നൈട്രജന്‍, 0.73-1.41% പഞ്ചസാര, 0.82-2.96% സ്റ്റാര്‍ച്ച്, 4-5% ടാനിന്‍ എന്നിവയും പോളിഫീനോളുകളും എന്‍സൈമുകളും വര്‍ണകങ്ങളും റിബോഫ്ളേവിന്‍, അസ്കോര്‍ബിക് അമ്ലം തുടങ്ങിയ ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. ഉണങ്ങിയ തേയിലയില്‍ 2-5% കഫീനും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തിന്‍ (Thein) എന്നാണ് തേയിലയിലെ കഫീന്‍ അറിയപ്പെടുന്നത്. ഈ ആല്‍ക്കലോയ്ഡാണ് തേയിലയെ പാനീയവും ഔഷധവുമായി ഉപയോഗിക്കാന്‍ സഹായിക്കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാന്‍ ഈ ആല്‍ക്കലോയ്ഡ് സഹായിക്കുന്നു. തേയിലയിലെ ടാനിന്‍ വയറിളക്കരോഗങ്ങള്‍ക്കു കാരണമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%AF%E0%B4%BF%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍