This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേന്‍ കരടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേന്‍ കരടി

Sloth bear

ഒരിനം കരടി. സസ്തനി ജന്തുഗോത്രത്തിലെ അര്‍സിഡെ (Ursidae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: മെലര്‍സസ് അര്‍സിനസ് (Melursus ursinus). തേന്‍ ഇഷ്ടഭോജ്യമായതിനാലാണ് ഇവയ്ക്ക് തേന്‍ കരടി എന്ന പേരു ലഭിച്ചത്. ശ്രീലങ്കയിലും അസമിലും ഹിമാലയന്‍ പ്രദേശങ്ങളിലെ വനങ്ങളിലുമാണ് തേന്‍ കരടികളെ സാധാരണ കണ്ടുവരുന്നത്. തവിട്ടും കറുപ്പും കലര്‍ന്ന നിറമുള്ള തേന്‍ കരടിയുടെ നെഞ്ചില്‍ 'ഢ' ആകൃതിയിലുള്ള ഒരു വെളുത്ത അടയാളം കാണാം. തേന്‍ കരടിക്ക് 140-170 സെ.മീ. നീളവും 65-85 സെ.മീ. ഉയരവും ഉണ്ടായിരിക്കും. ആണ്‍ കരടിക്ക് 127-145 കി.ഗ്രാം തൂക്കമുണ്ട്. പെണ്‍കരടിക്ക് 64 കിലോഗ്രാമിലധികം തൂക്കമുണ്ടായിരിക്കുകയില്ല. നീണ്ട മുഖവും തൂങ്ങിക്കിടക്കുന്ന കീഴ്ച്ചുണ്ടും അഴകില്ലാത്ത നീളന്‍ രോമങ്ങളും കുറുകിയ പിന്‍കാലുകളും തേന്‍ കരടിയുടെ സവിശേഷതകളാണ്. മോന്തയ്ക്ക് ഇളം മഞ്ഞയോ വെളുപ്പോ നിറമായിരിക്കും. മുന്‍കാലുകളുടെ അറ്റത്തിനും നീളം കൂടിയ നഖരത്തിനും മുഷിഞ്ഞ വെള്ളയോ മഞ്ഞയോ നിറമായിരിക്കും.

തേന്‍ കരടി

സുലഭമായി ഭക്ഷണം ലഭിക്കുന്ന വനാന്തരങ്ങളിലും, വേനല്‍ക്കാലത്തും മഴക്കാലത്തും സുരക്ഷിതമായി പാര്‍ക്കാന്‍ സൗകര്യമുള്ള പാറക്കെട്ടുകള്‍ക്കിടയിലുമാണ് തേന്‍ കരടികള്‍ സാധാരണ വസിക്കുന്നത്. പകല്‍സമയത്ത് ഇവ അപൂര്‍വമായി മാത്രമേ പുറത്തിറങ്ങാറുള്ളൂ. രാത്രികാലങ്ങളിലാണ് ഭക്ഷണം തേടി പുറത്തിറങ്ങി സഞ്ചരിക്കുന്നത്. പഴവര്‍ഗങ്ങളും പ്രാണികളുമാണ് മുഖ്യ ആഹാരം. പഴവര്‍ഗങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങളില്‍ ഇവ ഒന്നിച്ചുകൂടാറുണ്ട്. മരത്തില്‍ കയറി കൈകള്‍കൊണ്ടു ചില്ലകള്‍ കുലുക്കി പഴങ്ങള്‍ താഴേക്കിട്ട് ഭക്ഷിക്കുന്നു. വൃക്ഷങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന തേന്‍കൂടുകള്‍ തട്ടി താഴേക്കിട്ട് തേന്‍ കുടിക്കുന്നതും സാധാരണയാണ്. ചിതലുകള്‍, മണ്ണിനടിയിലുള്ള വിവിധയിനം വണ്ടുകള്‍, കമ്പിളിപ്പുഴുക്കള്‍ എന്നിവയെയും തേന്‍ കരടി ഭക്ഷിക്കാറുണ്ട്. മഴക്കാലത്തിനുശേഷം കരിമ്പ്, ചോളം എന്നിവയും ആഹാരമാക്കാറുണ്ട്. കള്ളുചെത്തുന്ന പനകളില്‍ കയറി കലങ്ങളില്‍നിന്ന് കള്ള് മോഷ്ടിച്ചു കുടിക്കുന്നതും ഇവയുടെ പതിവാണ്.

ജൂണ്‍-ജൂലായ് മാസങ്ങളിലാണ് തേന്‍കരടികള്‍ ഇണചേരുന്നത്. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഗര്‍ഭകാലം ഏഴുമാസമാണ്. പെണ്‍കരടി കുഞ്ഞുങ്ങളെ പുറത്തേറ്റി നടക്കും. 2-3 വര്‍ഷം വരെ കുഞ്ഞുങ്ങള്‍ അമ്മയോടൊപ്പം കഴിയുന്നു. തേന്‍കരടിക്ക് 40 വയസ്സു വരെ ആയുസ്സുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍