This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേനുറുമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേനുറുമ്പ്

Honey ants

സസ്യങ്ങളില്‍നിന്നോ തേന്‍ ഉത്പാദിപ്പിക്കുന്ന മറ്റു ജീവികളില്‍ നിന്നോ തേന്‍ ശേഖരിച്ചു സംഭരിച്ച് ഭക്ഷിച്ചു ജീവിക്കുന്ന പ്രത്യേകയിനം ഉറുമ്പുകള്‍. സാധാരണ ഉറുമ്പുകള്‍ ഉള്‍ പ്പെടുന്ന ഇന്‍സെക്ട വര്‍ഗത്തിലെ ഹൈമിനോപ്ടെറ (Hymenoptera) ഗോത്രത്തിലുള്‍പ്പെടുന്ന ഫോര്‍മിസിഡെ (Formicidae) കുടുംബത്തില്‍ത്തന്നെയാണ് തേനുറുമ്പുകളെയും ഉള്‍ പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രനാമം: മെര്‍മിക്കോസിസ്റ്റസ് ഹോര്‍ട്ടിഡിയോറം (Myrmecocystus hortideorum).

തേന്‍ ശേഖരിച്ച് ഉദരം വീര്‍ത്ത തേനുറുമ്പ് ‍‍

അമേരിക്കക്കാരനായ ഹെന് റി സി. മക്കുക് 1881-ല്‍ കൊളറാ ഡോയിലെ 'ദൈവത്തിന്റെ പൂന്തോട്ടം' എന്നറിയപ്പെടുന്ന സ്ഥല ത്താണ് തേനുറുമ്പുകളെ കണ്ടെത്തിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് തേനുറുമ്പുകള്‍ ധാരാളമായി കാണപ്പെടുന്നത്. സാധാരണ ഉറുമ്പുകളെപ്പോലെ തേനുറുമ്പുകള്‍ക്കിടയിലും വ്യക്തമായ തൊഴില്‍വിഭജനം നിലനില്ക്കുന്നു. സമൂഹങ്ങളായാണ് ഇവയും ജീവിക്കുന്നത്. മറ്റ് ഉറുമ്പുകളില്‍നിന്ന് വ്യത്യസ്തമായി തേനുറുമ്പുകളിലെ വേലക്കാരി ഉറുമ്പുകളാണ് അവയുടെ വയറിനുള്ളില്‍ തേന്‍ ശേഖരിച്ചുവയ്ക്കുന്നത്. ഇവ സസ്യങ്ങളുടെ മുകുളങ്ങളില്‍ നിന്നും പുഷ്പങ്ങളില്‍നിന്നും തേന്‍ (honey dew) ഉത്പാദിപ്പിക്കുന്ന വിവിധയിനം കീടങ്ങളില്‍നിന്നും തേന്‍ ശേഖരിക്കുന്നു. തേന്‍ ഉത്പാദിപ്പിക്കുന്ന കീടങ്ങളായ മുഞ്ഞകള്‍ (Aphids), മീലിമൂട്ടകള്‍ എന്നിവ സസ്യങ്ങളിലെ നീര് വലിച്ചുകുടിച്ചാണ് ജീവിക്കുന്നത്. സസ്യത്തിന്റെ ചാറ് വലിച്ചുകുടിച്ചു ജീവിക്കുന്ന ഇത്തരം ജീവികള്‍ അധികമുള്ള ചാറ് വിസര്‍ജിക്കുകയാണു പതിവ്. മധുരമുള്ള ഈ ചാറിനെ തേന്‍തുള്ളികള്‍ എന്നു വിശേഷിപ്പിക്കുന്നു. യു.എസ്സില്‍ ഓക്കുമരങ്ങളിലെ മുഴ(gall)കളില്‍ നിന്നുള്ള സ്രവമാണ് തേനുറുമ്പുകള്‍ ശേഖരിക്കുന്നത്.

തേനുറുമ്പു സമൂഹത്തില്‍ പ്രത്യുത്പാദനശേഷിയുള്ള റാണി (queen)യെയും ആണ്‍ ഉറുമ്പിനെയും (king) കൂടാതെ ഇവയുടെ നിലനില്പിനായി വിവിധ ജോലികള്‍ നിര്‍വഹിക്കുന്ന പ്രത്യുത്പാദന ശേഷിയില്ലാത്ത വേലക്കാര്‍ (workers) ഉറുമ്പുകളുമുണ്ട്. വേലക്കാരുടെ ഇടയില്‍ത്തന്നെ പ്രതിരോധം, തേന്‍സംഭരണം എന്നിവയ്ക്കായി പ്രത്യേക ജാതികള്‍ കാണപ്പെടുന്നു. തേനുറുമ്പുകള്‍ സാധാരണ കൂടുകള്‍ക്കു പുറമേ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് മീറ്ററുകളോളം ആഴത്തില്‍ സംഭരണ മുറികളും നിര്‍മിക്കുന്നു.

പ്യൂപ്പദശയില്‍നിന്നു പുറത്തുവരുന്ന നാള്‍ മുതല്‍ ആഹാരം ശേഖരിക്കാന്‍ പുറത്തു പോകാതെയിരിക്കുന്ന ചെറുപ്രായത്തിലുള്ള ഉറുമ്പുകളാണ് തേന്‍ സംഭരണികളായി വര്‍ത്തിക്കുന്നത്. ഇത്തരം ഉറുമ്പുകള്‍ പരസ്പരം വായ്ക്കുള്ളിലേക്ക് ഭക്ഷണം കൊടുക്കുകയാണു പതിവ്. തേനുറുമ്പുകള്‍ സ്പര്‍ശിനികളുപയോഗിച്ച് തേന്‍ സ്രവിക്കുന്ന കീടങ്ങളുടെ പുറത്ത് തടവി വിസര്‍ജിക്കപ്പെടുന്ന തേന്‍തുള്ളികള്‍ ശേഖരിച്ച് കൂടിനുള്ളിലെത്തിക്കുന്നു. വെളിയില്‍ പോയി തേന്‍ ശേഖരിച്ചു വരുന്ന ഉറുമ്പുകളില്‍നിന്ന് തേന്‍സംഭരണികളായി വര്‍ത്തിക്കുന്ന ഉറുമ്പുകള്‍ ആവശ്യത്തിലധികം തേന്‍ സ്വീകരിക്കുകയും ആവശ്യാനുസരണം മറ്റുള്ളവയ്ക്ക് നല്കുകയും ചെയ്യുന്നു. ആവശ്യത്തിലധികം തേന്‍ ശേഖരിക്കപ്പെടുന്നതിനാല്‍ ഇത്തരം ഉറുമ്പുകളുടെ ഉദരം വീര്‍ത്ത് ഗ്ളോബ്പോലെയായിത്തീരുന്നു. സുതാര്യമായ ഈ ഉദരത്തില്‍ ശരീരഖണ്ഡങ്ങള്‍ നേരിയ പട്ടകള്‍പോലെ കാണപ്പെടുന്നു. ഉദരത്തിന്റെ വലുപ്പക്കൂടുതല്‍കൊണ്ട് ചലനശേഷി നഷ്ടമായ വേലക്കാരായ തേനുറുമ്പുകള്‍ സംഭരണ മുറികളുടെ മുകളിലെ ഉള്‍ഭിത്തിയില്‍ പറ്റിപ്പിടിച്ച് തൂങ്ങിക്കിടക്കും. ഉദരം ക്രമാതീതമായി വീര്‍ത്ത് ഉറുമ്പിനു താങ്ങാനാകുന്നതിലധികം ഭാരമാകുമ്പോള്‍ ഇവ സ്വയം പൊട്ടി തേന്‍ പുറത്തേക്കു പോവുകയും ഉറുമ്പുകള്‍ മരണമടയുകയും ചെയ്യുന്നു. മറ്റ് ഉറുമ്പുകള്‍ ഈ തേന്‍തുള്ളികള്‍ ഭക്ഷിക്കുന്നു. മരുഭൂമികളിലെ വരള്‍ച്ചക്കാലത്ത് ഭക്ഷണ ദൗര്‍ലഭ്യം നേരിടുമ്പോള്‍ തേന്‍ സംഭരണികളിലെ തേന്‍ മറ്റ് ഉറുമ്പുകള്‍ ഭക്ഷിക്കുന്നതിനാല്‍ സംഭരണികള്‍ സാവകാശം ചെറുതായി വരുമെങ്കിലും ഉദരത്തിന്റെ വലിഞ്ഞുപോയ ചര്‍മത്തിന് പൂര്‍വസ്ഥിതിയിലെത്താന്‍ കഴിയില്ല. അതിനാല്‍ സംഭരണികളിലെ തേന്‍ മുഴുവന്‍ തീര്‍ന്നു കഴിയുമ്പോള്‍ ഉറുമ്പു ചത്തുപോവുകയാണു പതിവ്. ഇത്തരത്തില്‍ സംഭരണസ്വഭാവമുള്ള വിവിധയിനം ഉറുമ്പുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്. മെക്സിക്കോയിലും യു.എസ്സിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഇവ സര്‍വസാധാരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍