This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേക്കടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേക്കടി

Thekkady

പെരിയാര്‍ വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്ന് കെ.കെ.റോഡ് വഴിയും കൊച്ചി-മധുര ഹൈവേയിലൂടെയും കുമിളി വഴി തേക്കടിയിലെത്താം. അടുത്തുള്ള പട്ടണം കുമിളിയാണ്. സുഖകരമായ കാലാവസ്ഥയാണ് തേക്കടിയിലേത്. 15°Cനും (ഡിസംബര്‍) 31°Cനും (ഏപ്രില്‍-മേയ്) മധ്യേയാണ് ശരാശരി താപനില. ജൂണിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്; ഏറ്റവും കുറവ് ജനുവരിയിലും. വാര്‍ഷികവര്‍ഷപാതം 2030 മി.മീ. ആണ്. പ്രകൃതിഭംഗികൊണ്ടും ജൈവവൈവിധ്യംകൊണ്ടും അനുഗൃഹീതമാണ് തേക്കടി.

കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണകേന്ദ്രമാണ് തേക്കടിയിലെ 'പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി'. 'പെരിയാര്‍ ടൈഗര്‍ റിസര്‍വ്' എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഭാരതത്തിലെ പത്താമത്തെ കടുവാസങ്കേതമായ ഇത് കേരളത്തിലെ ഏക കടുവാസങ്കേതം കൂടിയാണ്.

പെരിയാര്‍ തടാകം

ഇതിന്റെ വടക്കും കിഴക്കും തമിഴ് നാട്ടിലെ മധുര, രാംനാട്, തിരുനെല്‍വേലി ജില്ലകളും തെ. റാന്നി വനവും പ. കോട്ടയം വനം ഡിവിഷനും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നു. കോട്ടയത്തിന് 115 കി.മീ. കിഴക്കായും മധുരയ്ക്ക് 130 കി.മീ. പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഈ സങ്കേതം സമുദ്രനിരപ്പില്‍നിന്ന് 900-2014 മീ. ഉയരത്തില്‍ ആണ്. കള്ളിമല (1,637മീ.), കോമല (1,641 മീ.), ചൊക്കംപെട്ടിമല (1,801 മീ.), പാച്ചിമല (1,800മീ.), നാഗമല (1,733 മീ.), വെള്ളിമല (2,014മീ.), സുന്ദ്രമല (1,808മീ.) എന്നിവയാണ് സങ്കേതത്തിലെ ഉയരം കൂടിയ മലകള്‍. പെരിയാര്‍ നദിക്കു കുറുകെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ (1895) ഉണ്ടായ ജലസംഭരണി പെരിയാര്‍ തടാകം എന്നറിയപ്പെടുന്നു (വിസ്തൃതി 26 ച.കി.മീ.). ഈ തടാകത്തിനു ചുറ്റും 600.88 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയെ നെല്ലിക്കാംപെട്ടി എന്ന പേരില്‍ ആദ്യത്തെ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു (1934). അന്നുവരെ തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കേളീവനവും വേട്ടക്കാടുമായിരുന്നു ഈ നിബിഡ വനസ്ഥലി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് ഇവിടം ഒരു വന്യമൃഗസങ്കേതമാക്കുവാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് സമീപ വനപ്രദേശങ്ങളായ റാട്ടെന്‍ഡന്‍ വാലിയും (12.95 ച.കി.മീ.) മൗണ്ട് പ്ളാറ്റോയും (133.17 ച.കി.മീ.) നെല്ലിക്കാംപെട്ടിയോടു ചേര്‍ത്തു. 1950-ല്‍ 777.54 ച.കി.മീ. വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതത്തെ 'പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി' എന്ന് പുനര്‍നാമകരണം ചെയ്തു. 1973-ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച കടുവസംരക്ഷണ പദ്ധതിയില്‍ (പ്രോജക്റ്റ് ടൈഗര്‍) ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തെക്കൂടി ഉള്‍ പ്പെടുത്തി. ലോക ഭക്ഷ്യസംഘടന തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഏഷ്യ-പസിഫിക് മേഖലകളിലെ മികച്ച പത്ത് വന്യജീവിസങ്കേതങ്ങളിലൊന്നായും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രമായും പെരിയാര്‍ ടൈഗര്‍ റിസര്‍വിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

തേക്കടിയിലെ ബോട്ട് സര്‍വീസ്

ചൊക്കംപെട്ടിമലയില്‍ നിന്നാണ് പെരിയാറിന്റെ ഉദ്ഭവം. നിത്യഹരിതവനങ്ങളും അര്‍ധഹരിതവനങ്ങളും ഇലകൊഴിയും കാടുകളും ഈറ്റക്കാടുകളും പുല്‍മേടുകളും യൂക്കാലിപ്റ്റസ് തോട്ടങ്ങളും ഉള്‍ പ്പെടുന്ന വൈവിധ്യമാര്‍ന്ന വനങ്ങള്‍ തേക്കടി വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ പ്രത്യേകതകളാണ്.

പെരിയാര്‍ തടാകത്തിനു ചുറ്റുമുള്ള നിത്യഹരിത വനങ്ങളില്‍ വെള്ളപ്പയിന്‍, കല്പയിന്‍, പാലി, കുളമാവ് മുതലായ വന്‍വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളരുന്നു. അടിക്കാടുകളില്‍ ചൂരലും പന്നല്‍ ച്ചെടികളും അപൂര്‍വയിനം ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും വളരുന്നുണ്ട്.

ആരണ്യനിവാസ്(തേക്കടി)

അര്‍ധ നിത്യഹരിത വനങ്ങള്‍ ചെറുതും വലുതുമായ തുണ്ടു വനഭൂമികളായാണ് കാണപ്പെടുന്നത്. ആഞ്ഞിലി, ഇലവ്, തമ്പകം, ചീനി മുതലായ വൃക്ഷങ്ങളാണ് ഇവിടെ പ്രധാനമായും വളരുന്നത്. ഇവിടെ സാന്ദ്രമായ അടിക്കാടുകളുമുണ്ട്. ഇവിടെയുള്ള ഇലകൊഴിയും കാടുകളില്‍ മരുത്, വെന്തേക്ക്, തേമ്പാവ്, ആഞ്ഞിലി, ചീനി, വേങ്ങ, വാക എന്നീ വന്‍വൃക്ഷങ്ങളും അങ്ങിങ്ങ് തേക്ക്, ഈട്ടി, മുളങ്കൂട്ടങ്ങള്‍ എന്നിവയും വളരുന്നു. ഈറ്റപ്പടര്‍പ്പുകളും കാരിഞ്ചപ്പടര്‍പ്പുകളും ഇവിടെ അപൂര്‍വമല്ല. തുറസ്സായ പ്രദേശങ്ങളില്‍ വേലിപ്പരുത്തിയും ആസ്സാം പച്ചയും കെട്ടുപിണഞ്ഞ് വളരുന്നു. താഴ്ന്ന പ്രദേശത്തെ വേലിപ്പരുത്തിക്കാടുകള്‍ കടുവകളുടെ ആവാസകേന്ദ്രങ്ങളാണ്.

പെരിയാര്‍ തടാകത്തിനു ചുറ്റുമുള്ള കുന്നുകള്‍ അധികവും പുല്‍മേടുകളാണ്. പുല്‍മേടുകളില്‍ ഈന്തല്‍ വളരുന്ന ഇടങ്ങളുമുണ്ട്. മഴക്കാലങ്ങളില്‍ രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ വളരുന്ന പരുക്കന്‍ പുല്ലുകളും അങ്ങിങ്ങായി കാണുന്ന വൃക്ഷങ്ങളും നിറഞ്ഞ പുല്‍മേടുകള്‍ നയനമനോഹരങ്ങളാണ്. ഈ പുല്‍മേടുകള്‍ ആന, കാട്ടുപോത്ത്, മ്ളാവ് തുടങ്ങിയ വന്യജീവികളുടെ മേച്ചില്‍പ്പുറങ്ങളാണ്. കാട്ടാനകള്‍ക്ക് പഥ്യമായ ഈറ്റക്കാടുകളാണ് തേക്കടി സസ്യജാലത്തിന്റെ മറ്റൊരു പ്രത്യേകത. രണ്ടിനം ഈറ്റകള്‍ ഇവിടെ വളരുന്നുണ്ട്; ഈറ അഥവാ ഒട്ടല്‍ എന്നറിയപ്പെടുന്ന ഒക്ളാന്‍ഡ്ര റീഡൈയും ഈറ അഥവാ ഈറ്റ എന്നറിയപ്പെടുന്ന ഒക്ളാന്‍ഡ്ര ട്രാവന്‍കൂറിക്കയും.

സസ്തനികളുടെ പ്രധാന ആവാസകേന്ദ്രമാണ് തേക്കടിയിലെ വനം. ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കൂരമാന്‍, കരിമന്തി, വെള്ളക്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, കാട്ടുനായ്, കാട്ടുപന്നി, കരടി, മുള്ളന്‍പന്നി, കുറുക്കന്‍, മലയണ്ണാന്‍, മലമ്പാറാന്‍, വെരുക്, മരപ്പട്ടി, കീരി, മുയല്‍, അളുങ്ക് തുടങ്ങി മുപ്പത്തിയഞ്ചിലധികം സസ്തനികളെ ഇവിടെ കാണാം. നിത്യഹരിത വനങ്ങളുടെയും അര്‍ധ നിത്യഹരിത വനങ്ങളുടെയും ഉള്ളിലാണ് സിംഹവാലന്‍ കുരങ്ങുകളെ കാണുന്നത്. പുല്‍മേടുകളില്‍ മ്ളാവ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെയും ഉള്‍വനങ്ങളില്‍ പുലി, മരപ്പട്ടി, കേഴമാന്‍, കൂരമാന്‍ എന്നിവയെയും കാണാം. തേക്കടിയില്‍ ധാരാളം ആനകള്‍ ഉണ്ട്. ഇരുന്നൂറോളം ഇനം പക്ഷികള്‍ ഇവിടെയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധയിനം ദേശാടനക്കിളികള്‍ ശിശിരകാലത്ത് ഇവിടെ എത്തുന്നു. കാട്ടുമൈന, കാട്ടൂഞ്ഞാലി, കാട്ടിലക്കിളി, തേന്‍കിളി, ഗൌളിക്കിളി, തീക്കുരുവി, ലളിതക്കിളി, തീക്കാക്ക, മണികണ്ഠന്‍ ബുള്‍ബുള്‍, കാടുമുഴക്കി, മഞ്ഞക്കിളി, നാകമോഹന്‍, ചൂളക്കാക്ക, കരിങ്കിളി, പുള്ളിച്ചിലപ്പന്‍ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.

[[Image:|300px|left|thumb|പെരിയാര്‍ വന്യജീവിസംരക്ഷണകേന്ദ്രത്തിലെ വന്യജീവികള്‍]]

വന്യജീവി ഗവേഷണ കേന്ദ്രവും വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസും തേക്കടിയില്‍ പ്രവര്‍ത്തിക്കുന്നു. വന്യജീവി സങ്കേതത്തിലുടനീളം നിരവധി നടപ്പാതകള്‍ ഉണ്ട്. ഇവയിലധികവും കാട്ടാനകള്‍ നടന്നുണ്ടായ ആനത്താരകളാണ്. വണ്ടിപ്പെരിയാര്‍ - മൂഴിക്കല്‍ (10 കി.മീ.), കോഴിക്കാനം-ഉപ്പുപാറ (15 കി.മീ.), മേദകാനം-മുല്ലക്കുടി (15 കി.മീ.) എന്നീ പാതകളിലൂടെ ജീപ്പുയാത്ര സാധ്യമാണ്.

കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് തേക്കടി. കൊല്ലംതോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളും പ്രകൃതിസ്നേഹികളും ഇവിടെയെത്തുന്നു. കാട്ടാന, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ വന്യജീവികളെ അവയുടെ തനത് ആവാസ സാഹചര്യങ്ങളില്‍ വളരെയടുത്ത് കാണുവാനും ആത്മരക്ഷയോടെ അവയുടെ ഫോട്ടോ എടുക്കാനും ഏറ്റവുമധികം സൗകര്യമുള്ള ഇന്ത്യന്‍ വന്യമൃഗസംരക്ഷണകേന്ദ്രം എന്ന പ്രത്യേകതയാണ് ഇവിടത്തെ ടൂറിസം വളര്‍ച്ചയുടെ മുഖ്യ അടിത്തറ. ഏതു കാലാവസ്ഥയിലും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടമെങ്കിലും നവംബര്‍ മുതല്‍ മേയ് വരെയുള്ള മഴയൊഴിഞ്ഞ കാലമാണ് ഏറ്റവും അനുയോജ്യമായ സന്ദര്‍ശനകാലം.

സഞ്ചാരികള്‍ക്ക് തടാകത്തിലൂടെ ബോട്ട് യാത്ര നടത്തി വന്യമൃഗങ്ങളെയും പക്ഷിജാലങ്ങളെയും അടുത്തുകാണാനുള്ള സൗകര്യം ഇവിടെയുണ്ട്. വനംവകുപ്പ് ബോട്ട് സര്‍വീസ് നടത്തുന്നു. ഇതിനുപുറമേ കെ.റ്റി.ഡി.സി. വക പ്രത്യേക പാക്കേജ് ബോട്ടുകളുമുണ്ട്.

ആനപ്പുറത്തു കയറി വനാന്തരത്തിലൂടെ കാനനഭംഗി ആസ്വദിക്കാനുള്ള സൗകര്യവും തേക്കടിയിലുണ്ട്. കാല്‍നടയായി കാടുകാണാനുള്ള പാക്കേജും ഇവിടെ ഒരുക്കിയിരിക്കുന്നു. കാട്ടിനുള്ളില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി പലയിടങ്ങളിലും നിരീക്ഷണ ഗോപുരങ്ങളുമുണ്ട്.

മരക്കൊമ്പുകള്‍ക്കു മുകളില്‍ തീര്‍ത്ത താത്കാലിക വസതികള്‍ക്കുപുറമേ കൊക്കരയില്‍ കാട്ടിനുള്ളില്‍ താമസിക്കാനാവുന്ന തരം വീടുകളുമുണ്ട്. പ്രകൃതിയെ അടുത്തറിയാനാഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കായി മുളം ചങ്ങാടത്തിലൂടെയുള്ള യാത്രയ്ക്കും സൗകര്യം ലഭിക്കുന്നു. മണ്ണാന്‍ സെറ്റില്‍മെന്റിന് അടുത്തുള്ള ട്രൈബല്‍ ഹെറിറ്റേജ് മ്യൂസിയം ആദിവാസിജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി വസ്തുക്കളാല്‍ സമ്പന്നമാണ്. ജംഗിള്‍ പട്രോള്‍, ബോര്‍ഡര്‍ ഹൈക്കിങ്, ടൈഗര്‍ ട്രെയില്‍ എന്നിവയാണ് ഇവിടത്തെ ഇതര പരിസ്ഥിതിസൗഹൃദ സഞ്ചാരപദ്ധതികള്‍.

ഇടപ്പാളയം, താന്നിക്കുടി, മണക്കവല എന്നിവിടങ്ങളില്‍ വന്യജീവി നിരീക്ഷണത്തിനുവേണ്ടി നിര്‍മിച്ച കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നു. വനം വകുപ്പിന്റെ കീഴിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലും അടുത്തുള്ള കുമിളിയിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ഹോട്ടലുകള്‍ ലഭ്യമാണ്. തടാകതീരത്തായി വിനോദസഞ്ചാരവകുപ്പിന്റെ ആരണ്യനിവാസ്, ലേക്ക് പാലസ്, പെരിയാര്‍ ഹൗസ് എന്നീ ഹോട്ടലുകളുണ്ട്. സഞ്ചാരികള്‍ക്ക് സൗകര്യങ്ങളൊരുക്കാനും നിര്‍ദേശങ്ങള്‍ നല്കുവാനുമായി കുമിളിയില്‍ ഒരു ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു.

തേക്കടിയിലെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ആകര്‍ഷണമാണ് 12 കി.മീ. അകലെയുള്ള മംഗളാദേവീക്ഷേത്രം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍