This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേംസ് നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേംസ് നദി

Thames

ഇംഗ്ലണ്ടിലെ പ്രമുഖ നദികളില്‍ ഒന്ന്. റോമന്‍ അധിനിവേശകാലത്ത് 'തമേസിസ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തേംസ് കാട്സ് വോള്‍ഡ് കുന്നുകളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ലീക് ലേഡിനു സമീപം സമുദ്രനിരപ്പില്‍നിന്ന് സു. 72 മീ. ഉയരത്തില്‍ ഏതാനും ചെറുനദികളുമായി ചേര്‍ന്ന് പൂര്‍ണരൂപം പ്രാപിക്കുന്ന തേംസിന് 346 കി.മീ. ദൈര്‍ഘ്യമുണ്ട്. ചെര്‍വെല്‍, കെന്നറ്റ്, വീ, ലീ എന്നിവയാണ് പ്രധാന പോഷകനദികള്‍. പ്രഭവസ്ഥാനത്തുനിന്ന് കിഴക്കുദിശയില്‍ ലണ്ടന്‍ നഗരത്തിലൂടെ ഒഴുകുന്ന തേംസ് തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ നോറിനു സമീപം നോര്‍ത് സീയില്‍ പതിക്കുന്നു. പതനസ്ഥാനത്തുനിന്ന് ഏറെ ഉള്ളിലായുള്ള ടെടിങ്ടണ്‍ വരെ വേലിയേറ്റത്തിന്റെ പ്രഭാവമുള്ള ഈ നദിയില്‍ ലണ്ടന്‍ നഗരത്തിനു തൊട്ടുതാഴെ തേംസ് ബാരിയര്‍ എന്ന ചിറ നിര്‍മിച്ച് ഏറ്റം നിയന്ത്രിച്ചിരിക്കുന്നു.

തേംസ് നദിയും തീരത്തുള്ള ലണ്ടന്‍ നഗരവും -ഒരു ദൃശ്രം

പൊതുവേ ഒഴുക്കു കുറഞ്ഞ നദിയാണ് തേംസ്. പ്രഭവസ്ഥാനത്തുനിന്നു ക്രമാനുഗതമായി വര്‍ധിക്കുന്ന നദിയുടെ വീതി പതനസ്ഥാനത്ത് എത്തുമ്പോഴേക്കും 8.8 കി.മീ. ആകുന്നു. ഓക്സ്ഫഡ് നഗരത്തിനു തൊട്ടുമുമ്പുള്ള നദീഭാഗങ്ങള്‍ ചിറ്റോടങ്ങളുടെയും ഓക്സ്ഫഡിനും ലണ്ടനും മധ്യേയുള്ള നദീഭാഗങ്ങള്‍ ചെറിയ ആവിക്കപ്പലുകള്‍, ഉല്ലാസ നൗകകള്‍, ചെറിയ പായ്ക്കപ്പലുകള്‍ തുടങ്ങിയവയുടെയും ഗതാഗതത്തിന് ഉപയുക്തമാണ്. ലണ്ടനു താഴെയുള്ള നദീഭാഗങ്ങളില്‍ തുറമുഖ-ഡോക്ക് സൗകര്യങ്ങള്‍ ഉണ്ട്. മാര്‍ഗററ്റ്, സൗത് എന്‍ഡ്-ഓണ്‍-സീ എന്നിവ തേംസ് നദീമുഖത്തിനു സമീപം സ്ഥിതിചെയ്യുന്ന പ്രധാന സുഖവാസ കേന്ദ്രങ്ങളാണ്.

ഇംഗ്ലണ്ടിലെ പ്രമുഖ വാണിജ്യ ജലപാതകളില്‍ ഒന്നാണ് തേംസ്. ഓക്സ്ഫഡ്, വിന്‍ഡ്സര്‍, സ്റ്റെയിന്‍സ്, കിങ്സ്ടണ്‍, ലണ്ടന്‍, ടില്‍ബറി, സൗത്ത് എന്‍ഡ്, ആബിങ്ടണ്‍ തുടങ്ങിയ ചരിത്രപ്രസിദ്ധമായ നിരവധി നഗരങ്ങള്‍ തേംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. പാര്‍ലമെന്റ് മന്ദിരം, ലണ്ടന്‍ ഗോപുരം, റോയല്‍ ബൊട്ടാണിക് ഉദ്യാനങ്ങള്‍, ഹാംപ്ടണ്‍ കോര്‍ട്ട് കൊട്ടാരം, നാഷണല്‍ മാരിടൈം മ്യൂസിയം, റോയല്‍ നേവല്‍ കോളജ് തുടങ്ങിയ ശ്രദ്ധേയമായ നിരവധി വാസ്തുവിശേഷങ്ങള്‍ തേംസിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ ലണ്ടന്‍ പാലം ഉള്‍ പ്പെടെ അനേകം ഹൈവേകളും റെയില്‍പ്പാതകളും തേംസിന് കുറുകെ കടന്നുപോകുന്നു. ലണ്ടന്‍ പാലത്തില്‍നിന്ന് സു. 77 കി.മീ. അകലെയാണ് തേംസിന്റെ അഴിമുഖം സ്ഥിതിചെയ്യുന്നത്. ഗ്രാന്‍ഡ് യൂണിയന്‍ കനാല്‍ നദിയുടെ കീഴ്ഭാഗങ്ങളെ ഇംഗ്ലീഷ് മിഡ്ലന്‍ഡ്സുമായി ബന്ധിപ്പിക്കുന്നു. പോര്‍ട്ട് ഒഫ് ലണ്ടന്‍ അതോറിറ്റി, ദ് നാഷണല്‍ റിവേഴ്സ് അതോറിറ്റി എന്നിവയിലാണ് തേംസ് നദിയുടെ നിയന്ത്രണാധികാരം നിക്ഷിപ്തമായിരിക്കുന്നത്.

പഴമയും പ്രൗഢിയും കൈകോര്‍ക്കുന്ന ലണ്ടന്‍, ഓക്സ്ഫഡ് തുടങ്ങിയ തേംസിന്റെ തീരനഗരങ്ങള്‍ പ്രകൃതിരമണീയങ്ങളാണ്. ഓക്സ്ഫഡ്, കേംബ്രിജ് സര്‍വകലാശാലകള്‍ നടത്തുന്ന വാര്‍ഷിക വള്ളംകളികള്‍ ഉള്‍ പ്പെടെ അനവധി ജല കായിക മേളകള്‍ക്ക് തേംസ് വേദിയാകാറുണ്ട്.

തേംസ് നദിയുമായി ബന്ധപ്പെട്ടാണ് ലണ്ടന്‍ നഗരത്തിന്റെ ഉദ്ഭവവും വികാസവും ആരംഭിക്കുന്നത്. ലണ്ടനിലെ പ്രധാന വ്യവസായങ്ങളെല്ലാം തേംസിന്റെ തീരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലണ്ടനിലെ മുഖ്യ ജലസ്രോതസ്സുകളില്‍ ഒന്നായ തേംസിന്റെ വ്യാവസായിക പ്രാധാന്യം ലണ്ടന്‍ തുറമുഖത്തെ ഇംഗ്ലണ്ടിലെ മുഖ്യ വാണിജ്യ തുറമുഖങ്ങളിലൊന്നാക്കി വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍