This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെലുങ്കാനാ സമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെലുങ്കാനാ സമരം

ആന്ധ്രയില്‍ 1946 മുതല്‍ 51 വരെ നടന്ന ഫ്യൂഡല്‍ വിരുദ്ധ സമരം. നൈസാം ഭരണകാലത്തെ ഹൈദരാബാദ് നാട്ടുരാജ്യത്തിലെ തെലുഗുഭാഷ സംസാരിക്കുന്ന ആന്ധ്രക്കാര്‍ വസിച്ചിരുന്ന പ്രദേശങ്ങളാണ് തെലുങ്കാനാ എന്നറിയപ്പെടുന്നത്. തെലുങ്കാനാ പ്രദേശത്തായിരുന്നു ഈ സമരം നടന്നത്. നൈസാമിന്റെ ഭരണകാലത്താരംഭിച്ച തെലുങ്കാനാ സമരം ഇന്ത്യ സ്വതന്ത്രമായിട്ടും കുറച്ചുകാലംകൂടി തുടര്‍ന്നു. ആന്ധ്ര മഹാസഭ എന്ന ബഹുജന സംഘടന, കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ തണലില്‍ കൃഷിക്കാര്‍ക്കുവേണ്ടിയുള്ള ഈ സമരം ശക്തമായി നടന്നു. പി.സുന്ദരയ്യ, സി.രാജേശ്വര റാവു, ഡി.വെങ്കടേശ്വര റാവു തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്കിയ പ്രധാനികളാണ്.

നൈസാമിന്റെ ഹൈദരാബാദ് നാട്ടുരാജ്യത്തിലെ ഗ്രാമങ്ങളില്‍ ദാരിദ്ര്യം നടമാടിയിരുന്നു. ഭൂമി കൂടുതലും ഫ്യൂഡല്‍ പ്രഭുക്കളുടെ കൈവശമായിരുന്നു. നൈസാമിന്റെ ഭരണത്തിന്‍കീഴില്‍ വന്‍കിട ഭൂവുടമകളുടെയും നാടുവാഴികളുടെയും സ്വേച്ഛാപ്രഭുത്വം നിലനിന്നിരുന്നു. അധികാരം നവാബുമാരിലും ജാഗിര്‍ദാര്‍മാരിലും ദേശമുഖ്യന്മാരിലുമാണ് കേന്ദ്രീകരിച്ചിരുന്നത്. ഭൂവുടമകള്‍ക്കുവേണ്ടി കുടിയാന്മാര്‍ക്ക് അടിമകളെപ്പോലെ പണിയെടുക്കേണ്ടിവന്നു. യഥേഷ്ടം പാട്ടംപിരിക്കലും കുടിയൊഴിപ്പിക്കലുമാണ് നടന്നിരുന്നത്. നാടുവാഴികളുടെയും ഭൂപ്രഭുക്കന്മാരുടെയും ക്രൂരവും നികൃഷ്ടവും സ്വേച്ഛാപരവുമായ നിലപാടുകള്‍ക്കെതിരെ കൃഷിക്കാര്‍ സംഘടിച്ച് പോരാടാന്‍ തുടങ്ങി. ഇതിനായി ആന്ധ്രമഹാസഭ ഗ്രാമങ്ങള്‍തോറും കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ട് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1946 ജൂല.-ല്‍ ദൊദ്ദി കോമരയ്യ എന്നൊരു ആന്ധ്രമഹാസഭാ പ്രവര്‍ത്തകന്‍ വധിക്കപ്പെട്ടതോടെ സമരം തെലുങ്കാനാ പ്രദേശമാകെ വ്യാപിച്ചു. കൃഷിക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, അവരെ ഭൂവുടമകളുടെ പീഡനത്തില്‍നിന്ന് മോചിതരാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കു പുറമേ നൈസാമിന്റെ വാഴ്ച അവസാനിപ്പിക്കുകയെന്നതും തെലുങ്കാനാ സമരത്തിന്റെ ലക്ഷ്യമായിരുന്നു. സമരം അടിച്ചമര്‍ത്താന്‍ നൈസാം ശ്രമിച്ചു. നൈസാമിന്റെ പൊലീസും പട്ടാളവും 'റസാക്കര്‍'മാര്‍ എന്നറിയപ്പെട്ട മുസ്ലിം സന്നദ്ധസേനയും തെലുങ്കാനാഗ്രാമങ്ങളില്‍ സമരക്കാരെ എതിര്‍ത്തു. അവരെ നേരിടാന്‍ തെലുങ്കാനാ സമരക്കാര്‍ സന്നദ്ധസേന രൂപവത്കരിച്ച് പട്ടാളത്തിന്റെയും പൊലീസിന്റെയും മറ്റും ആക്രമണങ്ങളെ ചെറുക്കാനുള്ള പരിശീലനം നല്കി. സാമാന്യ ജനങ്ങളുടെ പിന്തുണയും തെലുങ്കാനാ സമരത്തിനു ലഭിച്ചു.

ഇന്ത്യ സ്വതന്ത്രമായശേഷവും തെലുങ്കാനാ സമരം തുടര്‍ന്നു. ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്ര ഹൈദരാബാദ് സ്ഥാപിക്കുവാന്‍ നൈസാം പദ്ധതിയിട്ടു. നൈസാമിനെതിരെ ഇന്ത്യാ ഗവണ്മെന്റ് 1948 സെപ്തംബറില്‍ പട്ടാള നടപടി സ്വീകരിച്ചു. സൈനിക-അര്‍ധസൈനിക വിഭാഗങ്ങള്‍ ഹൈദരാബാദിലേക്കു നീങ്ങി. ഇതോടെ നൈസാമിനെ പുറത്താക്കി ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുവാന്‍ കഴിഞ്ഞു. അതിനുശേഷവും ശക്തമായി മുന്നേറിക്കൊണ്ടിരുന്ന തെലുങ്കാനാ സമരത്തെ ഇന്ത്യന്‍ പട്ടാളം നേരിട്ടു. പട്ടാള നടപടിക്കുമുമ്പില്‍ സമരം അധികകാലം നീണ്ടുനിന്നില്ല. 1951 ഒ.-ല്‍ സമരം അവസാനിച്ചു.

സമരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അനവധി പേര്‍ അറസ്റ്റിലായി. വളരെയേറെ ഗ്രാമങ്ങളില്‍ നൈസാമിന്റെ ഭരണം തകര്‍ത്തുകൊണ്ട് ഗ്രാമീണ ഭരണ വ്യവസ്ഥിതി സ്ഥാപിക്കുവാന്‍ സമരക്കാര്‍ക്കു കഴിഞ്ഞു. ജനകീയ കമ്മിറ്റികള്‍ രൂപവത്കരിച്ച് ഭൂവുടമകളില്‍നിന്നും മറ്റും പിടിച്ചെടുത്ത ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കര്‍ഷകത്തൊഴിലാളികളുടെ കുറഞ്ഞ കൂലി ഉയര്‍ത്തി. കുടിയൊഴിപ്പിക്കല്‍ നിറുത്തലാക്കി. വിനോബാഭാവേ ഭൂദാന പ്രസ്ഥാനം ആരംഭിക്കുന്നതിന് തെലുങ്കാനാ സമരവും ഒരു കാരണമായിത്തീര്‍ന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍