This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെലുഗു സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെലുഗു സര്‍വകലാശാല

തെലുഗുഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുടെ പഠനത്തിനും ഗവേഷണത്തിനും പ്രാമുഖ്യം നല്കി സ്ഥാപിച്ചിട്ടുള്ള സര്‍വകലാശാല (1985). ഹൈദരാബാദിലെ പബ്ലിക് ഗാര്‍ഡന്‍സിനു സമീപം സ്ഥിതിചെയ്യുന്നു. 1996-ല്‍ ഇതിനെ പോറ്റി ശ്രീരാമുലു തെലുഗു സര്‍വകലാശാല എന്നു പുനര്‍നാമകരണം ചെയ്തു. ഭാഷയ്ക്കും സാഹിത്യത്തിനുംവേണ്ടി ഇന്ത്യയില്‍ സ്ഥാപിതമായിട്ടുള്ള സര്‍വകലാശാലകളില്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്.

പോറ്റി ശ്രീരാമുലു

ആന്ധ്രപ്രദേശ് സംസ്ഥാനമൊട്ടാകെയാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനമേഖല. ഹൈദരാബാദ്, രാജമുന്ദ്രി, ശ്രീശൈലം, വാറംഗല്‍, കുച്ചിപ്പുടി എന്നിങ്ങനെ അഞ്ച് സെന്ററുകള്‍ സര്‍വകലാശാലയ്ക്കുണ്ട്. അധ്യാപനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയാണ് പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഹൈദരാബാദില്‍ ഒരു സെന്‍ട്രല്‍ ലൈബ്രറിയും രാജമുന്ദ്രി, ശ്രീശൈലം എന്നിവിടങ്ങളില്‍ രണ്ട് സബ് ലൈബ്രറികളും ഉണ്ട്.

സ്കൂള്‍ ഒഫ് ലാങ്ഗ്വേജ് ഡവലപ്മെന്റ്, സ്കൂള്‍ ഒഫ് ഫൈന്‍ ആര്‍ട്സ്, സ്കൂള്‍ ഒഫ് സോഷ്യല്‍ ആന്‍ഡ് അദര്‍ സയന്‍സസ്, സ്കൂള്‍ ഒഫ് ലിറ്ററേച്ചര്‍, സ്കൂള്‍ ഒഫ് ഹിസ്റ്ററി, കള്‍ച്ചര്‍ ആന്‍ഡ് ആര്‍ക്കിയോളജി, സ്കൂള്‍ ഒഫ് ഫോക് ആന്‍ഡ് ട്രൈബ് ലോര്‍ എന്നീ ആറ് വിഭാഗങ്ങളിലായി പതിനഞ്ച് ഡിപ്പാര്‍ട്ട്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം ഡീന്‍മാരും ഓരോ ഡിപ്പാര്‍ട്ട്മെന്റിനും പ്രത്യേകം പ്രൊഫസര്‍മാരും ഉണ്ട്. ലക്സികോഗ്രാഫി, മ്യൂസിക്, ഡാന്‍സ്, ഫോക് ആര്‍ട്സ്, ജേര്‍ണലിസം, ക്ലാസ്സിക്കല്‍ ലിറ്ററേച്ചര്‍, ദേശി ലിറ്ററേച്ചര്‍, ഫോക് ആന്‍ഡ് ട്രൈബ് ലോര്‍, ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍ ഒഫ് തെലുഗു സ്പീക്കിങ് പീപ്പിള്‍, എപ്പിഗ്രാഫി ആന്‍ഡ് റിട്ടണ്‍ റെക്കോഡ്സ്, ആര്‍ക്കിയോളജി എന്നിവയാണ് ചില പ്രധാന ഡിപ്പാര്‍ട്ട്മെന്റുകള്‍. മേല്പറഞ്ഞവയ്ക്കു പുറമേ കലാക്ഷേത്രം, കംപാരിറ്റീവ് സ്റ്റഡീസ്, എന്‍സൈക്ലോപീഡിയ, ഇന്റര്‍നാഷണല്‍ തെലുഗു സെന്റര്‍ എന്നീ പ്രത്യേക വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു.

പോറ്റി ശ്രീരാമുലു തെലുഗു സര്‍വകലാശാല,ഹൈദരാബാദ്

ബി.എ., ബി.എഫ്.എ., എം.എ., ബി.സി.ജെ., എം.സി.ജെ. എന്നീ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും കറസ്പോണ്ടന്‍സ് കോഴ്സുകളും നടന്നുവരുന്നു. എം.ഫില്ലിനും പിഎച്ച്.ഡി.ക്കും വേണ്ടിയുള്ള ഗവേഷണ സൗകര്യങ്ങളും ഉണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും സ്കോളര്‍ഷിപ്പുകളും നല്കിവരുന്നു.

കവിത, നോവല്‍, ചെറുകഥ, സാഹിത്യനിരൂപണം, നാടകം, ബാലസാഹിത്യം എന്നിവയിലെ മികച്ച സംഭാവനകള്‍ക്ക് സര്‍വകലാശാല വര്‍ഷംതോറും അവാര്‍ഡ് എര്‍ പ്പെടുത്തിയിട്ടുണ്ട്. അതുപോലെ മികച്ച സാഹിത്യകാരിക്കും സംസ്കൃതപണ്ഡിതനും പ്രത്യേകം അവാര്‍ഡും നല്കിവരുന്നു. ഭാഷയിലെ അപൂര്‍വ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എന്നു മാത്രമല്ല, ഇത്തരം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് സാമ്പത്തികസഹായം നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിവിധ കലാരൂപങ്ങളെയും സാഹിത്യവിഭാഗങ്ങളെയും സംബന്ധിച്ച പരിശീലന ക്ലാസ്സുകളും സാഹിത്യ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പാരമ്പര്യ കലകളിലും നാടകത്തിലും സര്‍വകലാശാല മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ആന്ധ്രപ്രദേശ് ഗവര്‍ണറാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍