This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മോഗ്രഫി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെര്‍മോഗ്രഫി

Thermography

ഒരു വസ്തുവില്‍നിന്ന് സ്വാഭാവികമായി ബഹിര്‍ഗമിക്കുന്ന ഇന്‍ഫ്രാറെഡ് രശ്മി(Infrared radiations)കളെ അളക്കുന്ന സാങ്കേതികവിദ്യ. മനുഷ്യചര്‍മത്തിലൂടെ ബഹിര്‍ഗമിക്കുന്ന താപം അളക്കുന്നതിനായി വൈദ്യശാസ്ത്രത്തില്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് രാത്രികാലങ്ങളില്‍ ശത്രുപക്ഷത്തെ ആളുകളെയും ഉപകരണങ്ങളെയും നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സ്നൂപര്‍ സ്കോപ്പ് (Snooper scope) എന്ന സങ്കേതത്തിന്റെ ഒരു വികസിത രൂപമായി ഇതിനെ കണക്കാക്കാം.

എല്ലാ വസ്തുക്കളില്‍നിന്നും ഇന്‍ഫ്രാറെഡ് രശ്മികള്‍ ബഹിര്‍ഗമിക്കുന്നുണ്ട്. മനുഷ്യശരീരത്തില്‍നിന്ന് നിരന്തരമായി 3-20 മൈക്രോണ്‍ തരംഗദൈര്‍ഘ്യമുള്ള വൈദ്യുത കാന്തിക രശ്മികള്‍ ബഹിര്‍ഗമിച്ചുകൊണ്ടിരിക്കുന്നുണ്ട്. തെര്‍മല്‍ മാപ്പുകള്‍, താപീയാലേഖങ്ങള്‍ എന്നീ രൂപങ്ങളില്‍ വികിരണങ്ങളെ രേഖപ്പെടുത്തിയശേഷം ടെലിവിഷന്‍ മോണിറ്ററിലൂടെയോ പോളറോയ്ഡ് ഫിലിമില്‍ക്കൂടിയോ മറ്റു ചില സവിശേഷ മാധ്യമങ്ങളിലൂടെയോ പ്രദര്‍ശിപ്പിക്കുകയാണു ചെയ്യുന്നത്.

താപീയാലേഖങ്ങളുടെ വിശകലനം വഴി രോഗങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിനും രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും സാധിക്കും. ശരീരത്തിന്റെ സമാനഭാഗങ്ങള്‍ ഏതാണ്ട് സമാനമായ താപ നിസ്സരണ മാതൃകകളാണ് പ്രദര്‍ശിപ്പിക്കുക എന്ന തത്ത്വത്തിലധിഷ്ഠിതമാണ് ഈ രോഗനിര്‍ണയ വിദ്യ. ഉദാഹരണത്തിന് രണ്ട് സ്തനങ്ങളുടെയും താപീയ ആലേഖങ്ങള്‍ തമ്മില്‍ വ്യത്യസ്തമാവുകയും ഒന്നില്‍ ചുടു ബിന്ദു (hot spot) ദൃശ്യമാവുകയും ചെയ്യുന്നത് ട്യൂമറിനെ സൂചിപ്പിക്കുന്നു. ചര്‍മത്തില്‍നിന്ന് ബഹിര്‍ഗമിക്കുന്ന വികിരണങ്ങള്‍ ചര്‍മത്തിലെയും ആന്തരിക കലകളിലെയും രക്തയോട്ടത്തെയും അന്തരീക്ഷ താപനിലയെയും ആശ്രയിച്ചിരിക്കുന്നു. സ്തനാര്‍ബുദം നിര്‍ണയിക്കുന്ന മാമോഗ്രഫി(mamography)ക്കു പൂരകമാകുന്ന ഒരു സങ്കേതമായാണ് തെര്‍മോഗ്രഫി വൈദ്യശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. വര്‍ധമാനമായ രക്തചംക്രമണംകൊണ്ട് ഒരു ട്യൂമറിന്റെ ചര്‍മ താപനില ഉയരുന്നു. തെര്‍മോഗ്രാം നേരിട്ട് താപനില രേഖപ്പെടുത്തുന്നില്ല. മറിച്ച് ചര്‍മം ബഹിര്‍ഗമിപ്പിക്കുന്ന ഇന്‍ഫ്രാറെഡ് രശ്മികളുടെ തോതിനെയാണ് നിര്‍ണയിക്കുന്നത്. പലപ്പോഴും രോഗാവസ്ഥയിലല്ലാതെയും ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍മൂലം തെര്‍മോഗ്രാമിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ രോഗം ഉള്ളതായി തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാകാറുണ്ട്. ഉദാ. ഗര്‍ഭാവസ്ഥ, മുലയൂട്ടല്‍ തുടങ്ങിയ സമയങ്ങളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം സ്തനാര്‍ബുദം ഉള്ളപ്പോഴുള്ളതിനു സമാനമായ തെര്‍മോഗ്രാം ലഭിക്കാനിടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തെര്‍മോഗ്രാം വിശകലനം ചെയ്യുന്നത് ക്ലേശകരമാണ്.

തെര്‍മോഗ്രാഫിക ഉപകരണങ്ങള്‍ രണ്ടുവിധത്തിലുണ്ട്. ഇന്‍ഡിയം ആന്റിമണി അഥവാ മെര്‍ക്കുറി കാഡ്മിയം ടെലൂറൈഡ് കൊണ്ടുള്ള താപ സംവേദക ക്രിസ്റ്റലുകളുള്ള ഉപകരണമാണ് ഒന്ന്. ചര്‍മത്തില്‍നിന്ന് ഉദ്ഭവിക്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ ഈ ക്രിസ്റ്റലിലേക്കു കേന്ദ്രീകരിക്കുമ്പോള്‍ ക്രിസ്റ്റലിന്റെ വൈദ്യുതരോധത്തില്‍ മാറ്റം വരുന്നു. തത്ഫലമായി താപോര്‍ജത്തെ ഇലക്ട്രോണിക് സിഗ്നലുകളാക്കി മാറ്റി കാഥോഡിക രശ്മികളടങ്ങുന്ന ട്യൂബിനുള്ളില്‍ പ്രതിബിംബം സൃഷ്ടിക്കുന്ന രീതിയാണ് ഈ സങ്കേതത്തില്‍ അനുവര്‍ത്തിക്കപ്പെടുന്നത്. താപനിലയില്‍ നേരിയ വ്യതിയാനം ഉണ്ടായാല്‍പോലും നിറം മാറുന്ന ദ്രവ കൊളസ്റ്റിറോള്‍ പരലുകള്‍ ഉപയോഗിക്കുന്ന തെര്‍മോഗ്രാഫുകളാണ് രണ്ടാമത്തെ വിഭാഗം. ചര്‍മത്തോടു ചേര്‍ത്തു വച്ച ലോലമായ ഒരു തകിടില്‍ ദ്രവ കൊളസ്റ്റിറോള്‍ പരലുകള്‍ പ്രയോഗിക്കുമ്പോള്‍ അവയ്ക്ക് നിറംമാറ്റം സംഭവിക്കുകയും അപ്രകാരം ചര്‍മത്തിന്റെ ഒരു താപീയാലേഖം രൂപപ്പെടുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍