This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മൊസ്റ്റാറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെര്‍മൊസ്റ്റാറ്റ്

Thermostat

ഒരു നിശ്ചിത താപനില കൈവരിച്ച്, പ്രസ്തുത ഊഷ്മാവില്‍ ഏറ്റക്കുറച്ചിലില്ലാതെ വര്‍ത്തിക്കുവാനും താപനിലയില്‍ ബാഹ്യ ഇടപെടലിലൂടെ ക്രമീകരണം ആവശ്യം വരുന്ന സന്ദര്‍ഭങ്ങളെ സ്വയം സൂചിപ്പിക്കുവാനും പ്രാപ്തമായ സഹായക ഉപകരണം.സഹസംവിധാനങ്ങളിലെ താപനിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുമ്പോള്‍ തെര്‍മോസ്റ്റാറ്റിലെ സംവേദകം സ്വയം സൃഷ്ടിക്കുന്ന വിദ്യുത് മര്‍ദ സിഗ്നലിലൂടെ പൊതു സംവിധാനത്തില്‍ ശീതന-താപന ക്രമീകരണം നടത്തുന്നു. വിവിധ കാലാവസ്ഥകളില്‍ കൃത്യമായി സമയം കാണിക്കാനായി 1726-ല്‍ ഇംഗ്ലണ്ടില്‍ നിര്‍മിക്കപ്പെട്ട 'ഗ്രിഡ്-അയണ്‍' പെന്‍ഡുലത്തെ തെര്‍മോസ്റ്റാറ്റിന്റെ ആദ്യമാതൃകയായി കരുതാം. അന്ന് തെര്‍മോസ്റ്റാറ്റ് എന്ന പേര് നിലവിലില്ലായിരുന്നു; പകരം ഇവ 'ദ്വിലോഹ താപനിലാ പ്രതികരണ ഉപകരണം' എന്ന് അറിയപ്പെട്ടിരുന്നു. സ്കോട്ട്ലന്‍ഡുകാരനായ ആന്‍ഡ്രൂ എര്‍ ആണ് 'തെര്‍മോസ്റ്റാറ്റ്' എന്ന പേര് നല്കിയത്. ഉരുക്കും നാകവും കൊണ്ട് തയ്യാറാക്കിയ ഒരു തെര്‍മോസ്റ്റാറ്റിന് ഇദ്ദേഹം പേറ്റന്റും കരസ്ഥമാക്കി. പൊതുവേ, വ്യത്യസ്ത വികാസ നിരക്കുള്ള ലോഹങ്ങളോ ബാഷ്പശീല ദ്രാവകമോ ഉപയോഗിച്ചാണ് തെര്‍മോസ്റ്റാറ്റുകള്‍ നിര്‍മിക്കുന്നത്.

തെര്‍മോസ്റ്റാറ്റ്

ദ്വിലോഹ ഇനത്തില്‍ വ്യത്യസ്ത വികാസ നിരക്കുള്ള രണ്ട് ലോഹ ദണ്ഡുകളെ റിവറ്റ് ചെയ്ത് ഉറപ്പിക്കുന്നു. താപനില വര്‍ധിക്കുന്നതിനനുസരിച്ച് വികാസ നിരക്ക് കൂടിയ ലോഹദണ്ഡ് പുറവശത്തു വരുന്ന രീതിയില്‍ ദ്വിലോഹ ദണ്ഡ് വളയുകയും താപനിലാ നിയന്ത്രണ പരിപഥത്തെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. ഉരുക്കുപോലെ വികാസനിരക്ക് കുറഞ്ഞ ലോഹദണ്ഡിനെ നിക്കല്‍ പോലെ വികാസ നിരക്ക് കൂടിയ ലോഹത്തിന്റെ കുഴലിനകത്ത് ഒരറ്റം വിളക്കിച്ചേര്‍ത്ത് ഉറപ്പിച്ചാല്‍ താപനിലയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കുഴലിന്റെ നീളം കൂടുകയോ കുറയുകയോ ചെയ്യും. ഇത്തരത്തില്‍ കുഴലില്‍നിന്നു പുറത്തേക്ക് അനാവൃതമാക്കപ്പെടുന്ന ദണ്ഡ്, നിയന്ത്രണ പരിപഥത്തെ പ്രവര്‍ത്തിപ്പിക്കുന്നു.

ബാഷ്പശീല ദ്രാവകത്തെ പ്രത്യേക ഉറയ്ക്കകത്തു നിറച്ചാണ് ദ്രാവക തെര്‍മോസ്റ്റാറ്റ് നിര്‍മിക്കുന്നത്. ദ്രാവകത്തിന്റെ താപനില യിലെ ഏറ്റക്കുറച്ചിലനുസരിച്ച് ഉറയിലെ മര്‍ദത്തിനു വ്യതിയാനം ഉണ്ടാകുന്നു. ന്യൂമാറ്റിക് തെര്‍മോസ്റ്റാറ്റുകളാണ് മറ്റൊരിനം. ചെറിയ ചെമ്പു കുഴലുകളില്‍ വായു നിറച്ച് അതു സൃഷ്ടിക്കുന്ന മര്‍ദ സിഗ്നലുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നവയാണ് ഇവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍