This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെരുക്കൂത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെരുക്കൂത്ത്

തമിഴ്നാട്ടില്‍ പ്രചാരത്തിലുള്ള തെരുവുനാടകം. 'തെരു' എന്നതിന് തെരുവെന്നും 'കൂത്ത്' എന്നതിന് നാടകമെന്നും അര്‍ഥം. തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ ഉടലെടുത്ത ഒരു കലാരൂപമാണിത്. ഇതിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. തമിഴ്നാട്ടിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്കിടയിലാണ് ഇതു പ്രചരിച്ചുവരുന്നത്. ഇതിന്റെ ഉദ്ഭവം കര്‍ണാടകയിലെ യക്ഷഗാനത്തില്‍നിന്നാണെന്നും കേരളത്തിലെ കഥകളിയില്‍നിന്നാണെന്നും അഭിപ്രായമുണ്ട്. പക്ഷേ, ഇതിനു വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. ദക്ഷിണഭാരതത്തിലെ പരമ്പരാഗത നാടകവേദിയില്‍നിന്നു വ്യത്യസ്തമായ ഒരു കലാരൂപമാണ് തെരുക്കൂത്ത്.

തെരുക്കൂത്ത്

തമിഴ്നാട്ടിലെ ചെങ്കല്‍പട്ട്, ആര്‍ക്കോട്ട് ജില്ലകളിലെ കൂത്താടി ജാതിക്കാര്‍ക്കിടയിലാണ് ഈ കലാരൂപം ഏറെ പ്രചരിച്ചിട്ടുള്ളത്. നാടകസംഘങ്ങള്‍ ഇപ്പോള്‍ നന്നേ കുറവാണ്. പ്രശസ്തമായ 'രാഘവ തമ്പിരാന്‍ കമ്പനി'യുടെ അനന്തരഗാമികള്‍ ഇപ്പോഴും സജീവമാണ്. ചെന്നൈ നഗരത്തിനു ചുറ്റുമുള്ള ചേരി പ്രദേശങ്ങളില്‍ തെരുക്കൂത്തു സംഘങ്ങള്‍ സജീവമാണെങ്കിലും അവര്‍ പരമ്പരാഗത വേഷങ്ങള്‍ വെടിഞ്ഞ് സിനിമാസംഗീതവും മറ്റും ഉള്‍പ്പെടുത്തിയാണ് കാണികളെ ആകര്‍ഷിക്കുന്നത്.

ഗ്രാമത്തിലെ തുറസ്സായ സ്ഥലത്താണ് തെരുക്കൂത്ത് അവതരിപ്പിച്ചിരുന്നത്. ദരിദ്ര കുടുംബാംഗങ്ങളാണ് ഇതില്‍ പങ്കെടുക്കാറുള്ളത്. നാടകവേദിക്കു ചുറ്റും പൊക്കമുള്ള നാല് മുളകള്‍ നാട്ടുന്നു. തുടര്‍ന്ന് നാടകക്കമ്പനിയുടെ പേരെഴുതിയ ബാനര്‍ വലിച്ചുകെട്ടും. അതിനുപുറമേ വിവിധ നിറങ്ങളിലുള്ള ബാനറുകള്‍ കെട്ടി അലങ്കരിക്കുകയും ചെയ്യുന്നു. അഭിനേതാക്കളുടെ വസ്ത്രധാരണവും മറ്റും എണ്ണവിളക്കിന്റെ വെളിച്ചത്തിലാണു നടത്തുന്നത്. കടുത്ത ചുവപ്പും നീലയും കലര്‍ന്ന വേഷങ്ങളാണ് അവര്‍ ധരിക്കുന്നത്. ഇതിഹാസകഥകളിലെ നായകന്മാര്‍ മെഴുകു പുരട്ടിയ കനത്ത മീശകള്‍ ധരിക്കുന്നു. തടിയില്‍ തീര്‍ത്ത വര്‍ണാഭരണങ്ങളും കിരീടങ്ങളും ഉപയോഗിക്കുന്നു. ആടയാഭരണങ്ങളുടെ ഉപയോഗത്തിലും മറ്റും യക്ഷഗാനത്തിന്റെ സ്വാധീനം പ്രകടമാണ്.

ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകളില്‍ തെരുക്കൂത്തുകാരും പങ്കെടുക്കാറുണ്ട്. രാത്രി മുഴുവന്‍ നീണ്ടുനില്ക്കുന്ന കലാപ്രകടനത്തിനുശേഷം പ്രതീകാത്മകമായി തിന്മയെ നശിപ്പിക്കുന്ന ചടങ്ങിലും ഇവര്‍ പങ്കെടുക്കുന്നു. ഈശ്വരനിലുള്ള വിശ്വാസം വെളിവാക്കാനായി ചുട്ടുപഴുത്ത കല്ക്കരിയിലൂടെ നടന്നാണ് ചടങ്ങുകള്‍ അവസാനിപ്പിക്കുന്നത്. അരങ്ങിലെ സംവിധായകനായി ഒരു കോമാളിയുടെ വേഷത്തില്‍ അരങ്ങേറുന്ന 'കട്ടിയക്കാരന്‍' തെരുക്കൂത്തിലെ ജനപ്രിയ കഥാപാത്രമാണ്. ക്ളാസ്സിക്കല്‍ സംഗീതത്തിന്റെയും നാടോടി ഗാനത്തിന്റെയും ഒരു സങ്കരമാണ് തെരുക്കൂത്തിന് ഉപയോഗപ്പെടുത്തുന്നത്. അഭിനേതാക്കള്‍ പാടുന്ന വരികള്‍ സംഘഗാനക്കാര്‍ ഏറ്റുപാടുന്നു. ഗദ്യവും പദ്യവുമായിട്ടാണ് തെരുക്കൂത്ത് മുന്നേറുന്നത്. ഒന്‍പതു മണിക്കൂറോളം നീണ്ടുനില്ക്കുന്ന തെരുക്കൂത്തില്‍ ഉയര്‍ന്ന സ്വരത്തില്‍ ഏറെനേരം പാടുവാന്‍ പ്രത്യേകമായ അഭ്യാസം ആവശ്യമാണ്. ഹാര്‍മോണിയം, കുരുക്കുഴല്‍, ഹാന്‍ഡ്ഡ്രം, ബെല്‍മെറ്റല്‍ സിംബല്‍ എന്നിവയാണ് വാദ്യോപകരണങ്ങള്‍. ചടുലമായ നൃത്തത്തില്‍ ആംഗികാഭിനയത്തിന് പ്രാധാന്യമില്ല. ഇതിഹാസകഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങളാണ് തെരുക്കൂത്തിന് തിരഞ്ഞെടുക്കാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍