This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തെരഞ്ഞെടുപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തെരഞ്ഞെടുപ്പ്
Election
ചരിത്രം
തെരഞ്ഞെടുപ്പു സമ്പ്രദായം ആരംഭിച്ചത് എന്നു മുതലാണ് എന്നതിന് കൃത്യമായ രേഖകളില്ല. പല പ്രാചീന സംസ്കാരങ്ങളിലും തെരഞ്ഞെടുപ്പിന്റെ ആദിരൂപങ്ങള്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. മഹാഭാരതം, അര്‍ഥശാസ്ത്രം തുടങ്ങിയ കൃതികളിലെ സൂചനകളില്‍നിന്ന് ഇന്ത്യയില്‍ പുരാതനകാലം മുതല്‍ തെരഞ്ഞെടുപ്പിനു സമാനമായ ജനപങ്കാളിത്തം നിലനിന്നിരുന്നതായി അനുമാനിക്കാം. ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലും റോമിലെ സെനറ്റിലും ചില തെരഞ്ഞെടുപ്പു സംവിധാനങ്ങള്‍ നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ആഥന്‍സില്‍ ഭരണസംബന്ധമായ പൊതുക്കാര്യങ്ങള്‍ക്കു ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിലൂടെയായിരുന്നു നിശ്ചയിച്ചിരുന്നത്. ബി.സി. 4-ാം ശ.-ത്തില്‍ സ്പാര്‍ട്ടയിലെ പൌരസഭാംഗങ്ങള്‍ പ്രത്യേക ശബ്ദം മുഴക്കി വോട്ട് ചെയ്തിരുന്നു. പുരാതന റോമിലെ ജനകീയ അസംബ്ളികള്‍ ഭരണകാര്യങ്ങള്‍ക്കായി ട്രിബ്യൂണുകളെ തെരഞ്ഞെടുക്കുന്ന രീതിയാണ് അവലംബിച്ചത്. എന്നാല്‍, മധ്യകാലങ്ങളില്‍ അവിടെ തെരഞ്ഞെടുപ്പുകള്‍ അത്ര സാധാരണമായിരുന്നില്ല. മാര്‍പാപ്പയെയും വിശുദ്ധ റോമാ ചക്രവര്‍ത്തിയെയും തെരഞ്ഞെടുക്കുന്നതിലേക്കു മാത്രമായി അക്കാലത്ത് തെരഞ്ഞെടുപ്പ് പരിമിതപ്പെട്ടിരുന്നു.
ഇംഗ്ലണ്ടില്‍ 13-ാം ശ.-ത്തില്‍ ഉണ്ടായ പാര്‍ലമെന്ററി പ്രക്രിയയുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പു സമ്പ്രദായം നടപ്പിലായത്. 1688-ലെ വിപ്ലവത്തിനു ശേഷമുള്ള നിരവധി നിയമനിര്‍മാണങ്ങളിലൂടെ വോട്ടവകാശം വിപുലമാക്കാനുള്ള പല പരിഷ്കാരങ്ങളും പ്രാബല്യത്തിലായി. 1872-ല്‍ രഹസ്യ ബാലറ്റ് സമ്പ്രദായം നിലവില്‍വന്നു. അമേരിക്കയില്‍ കോളനിഭരണകാലത്തുതന്നെ തെരഞ്ഞെടുപ്പ് അംഗീകൃതമാകാന്‍ തുടങ്ങിയിരുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ രൂപവത്കരണത്തോടെ തെരഞ്ഞെടുപ്പിന് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. എങ്കിലും യു.എസ്. ഉള്‍പ്പെടെയുള്ള പല പരിഷ്കൃത രാജ്യങ്ങളിലും തെരഞ്ഞെടുപ്പുരംഗത്ത് പരിഷ്കാരങ്ങളും ആധുനിക രീതികളും നിലവില്‍വന്നത് 19-ാം ശ.-ത്തില്‍ മാത്രമാണ്. ആധുനിക കാലം എത്തിയപ്പോഴേക്കും തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യ ഗവണ്മെന്റുകളുടെ വളര്‍ച്ചയില്‍ അനിവാര്യ ഘടകമായി മാറി.
ഇന്ത്യയില്‍ 1892-ല്‍ ബ്രിട്ടീഷുകാര്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണ ജനപങ്കാളിത്തമുള്ളതായിരുന്നില്ല. സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കു മാത്രമേ വോട്ടവകാശം നല്കിയിരുന്നുള്ളൂ. ജനകീയമായ തെരഞ്ഞെടുപ്പുതത്ത്വം ആദ്യമായി അംഗീകരിക്കപ്പെട്ടത് 1909-ല്‍ ആണ്. സ്വതന്ത്ര ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് 1952-ല്‍ നടന്നു. പിന്നീട് 1957, 62, 67, 71, 77, 80, 84, 89, 91, 96, 98, 99, 2004 എന്നീ വര്‍ഷങ്ങളില്‍ അഖിലേന്ത്യാതലത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.
പഴയകാല കേരളത്തില്‍ ഭരണനടത്തിപ്പിന് തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ ഉണ്ടായിരുന്നു. വേണാട്ടു രാജാക്കന്മാരുടെ ഭരണകാലത്ത് 'മുന്നൂറ്റുവര്‍', 'അറുന്നൂറ്റുവര്‍' എന്നീ ജനപ്രാതിനിധ്യസ്വഭാവമുള്ള സമിതികള്‍ നിലനിന്നിരുന്നതായും അവ രാജാവിന്റെ അധികാരത്തെ നിയന്ത്രിച്ചിരുന്നതായും ചരിത്രപരാമര്‍ശമുണ്ട്. ശ്രീമൂലം തിരുനാള്‍ രാമവര്‍മ രാജാവിന്റെ ഭരണകാലത്ത് (1888-ല്‍) തിരുവിതാംകൂറില്‍ ആദ്യ നിയമനിര്‍മാണസഭ രൂപവത്കരിക്കുകയും അതിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. പിന്നീട് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ഭരണ കാലത്ത് (1931-49) നടന്ന നിയമനിര്‍മാണസഭാപരിഷ്കരണത്തെ ത്തുടര്‍ന്ന് (1932) വിപുലമായ വോട്ടവകാശത്തോടുകൂടിയ തെരഞ്ഞെടുപ്പു നടന്നു. കൊച്ചിയിലും നിയമനിര്‍മാണസഭ നിലവില്‍വന്നു. മലബാറിന് 1909-ല്‍ മദ്രാസ് പ്രസിഡന്‍സിയില്‍ പ്രാതിനിധ്യമുണ്ടായി. തിരുക്കൊച്ചി സംസ്ഥാനമുണ്ടായപ്പോള്‍ 1951-ലും 54-ലും തെരഞ്ഞെടുപ്പ് നടന്നു. കേരള സംസ്ഥാനം നിലവില്‍വന്നശേഷം 1957, 60, 65, 67, 70, 77, 80, 82, 87, 91, 96, 2001, 06 എന്നീ വര്‍ഷങ്ങളിലാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്.
ഓരോ കാലത്തും വോട്ട് ചെയ്യുന്നതിന് വ്യത്യസ്ത രീതികളാണ് സ്വീകരിച്ചിരുന്നത്. പുരാതനകാലത്ത് പരസ്യ വോട്ടിങ് നിലവിലിരുന്നു. കൈ പൊക്കിയും എഴുന്നേറ്റുനിന്നും വിളിച്ചുപറഞ്ഞും കുന്തം പരിചയില്‍ മുട്ടിച്ചോ മറ്റേതെങ്കിലും വിധത്തിലോ ശബ്ദമുണ്ടാക്കിയും മറ്റുമായിരുന്നു 'വോട്ട്' ചെയ്തിരുന്നത്. ആര്, ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നു വ്യക്തമായി മനസ്സിലാക്കാന്‍ ഈ രീതികളിലൂടെ സാധ്യമായിരുന്നു. ഇത്തരം പരസ്യ വോട്ടിങ് രീതികള്‍ തങ്ങളുടെ എതിരാളിക്ക് വോട്ടു ചെയ്യുന്നവരെ ആക്രമിക്കുക എന്ന അവസ്ഥവരെ സംജാതമാക്കി. ഇതിനു പരിഹാരമായി രഹസ്യ വോട്ട് ചെയ്യല്‍ നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചു. ഇതിനായി തടിയോ ലോഹമോ കല്ലോ കൊണ്ടുണ്ടാക്കിയ, കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ചെറിയ ഉണ്ടകള്‍ വോട്ടര്‍മാര്‍ക്ക് നല്കി. ഓരോ സ്ഥാനാര്‍ഥിയെയും അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നു സൂചിപ്പിക്കുന്നതിന് മൂന്‍കൂട്ടി വെവ്വേറെ നിറങ്ങള്‍ നിര്‍ദേശിക്കുകയും അതനുസരിച്ചുള്ള ഉണ്ടകള്‍ പെട്ടിയില്‍ ഇടാന്‍ അവസരം നല്കുകയും ചെയ്തു. ഒടുവില്‍ ഈ ഉണ്ടകള്‍ എണ്ണിനോക്കി ജയിച്ച സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന പതിവ് നിലവില്‍വന്നു. ബി.സി. 139 ആയപ്പോഴേക്കും റോമില്‍ രഹസ്യ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി. മധ്യകാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് സാര്‍വത്രികമായിരുന്നില്ല. 1562-ല്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ പുരോഹിതന്മാര്‍ രഹസ്യവോട്ട് ചെയ്തതിന് തെളിവുകളുണ്ട്. കാലക്രമത്തില്‍ രഹസ്യ വോട്ടിങ്ങിനായി ബാലറ്റ് പേപ്പര്‍ ഉപയോഗത്തിലായി. ചെറിയ ഉണ്ട എന്ന് അര്‍ഥമുള്ള 'ബാലറ്റ' (Ballotta) എന്ന ഇറ്റാലിയന്‍ വാക്കില്‍നിന്നാണ് ബാലറ്റ് എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായത്. 17-ാം ശ. മുതല്‍ അമേരിക്കയില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിച്ചുതുടങ്ങി. രഹസ്യവോട്ടിങ്ങിനായി 1858-ല്‍ ആസ്റ്റ്രേലിയയില്‍ ഉപയോഗിച്ച ബാലറ്റ് പേപ്പര്‍ പിന്നീട് യു.എസ്. ഉള്‍പ്പെടെ പല രാജ്യങ്ങളും മാതൃകയായി സ്വീകരിച്ചു. ഇതില്‍ നിന്നാണ് 'ആസ്റ്റ്രേലിയന്‍ ബാലറ്റ്' എന്ന പ്രയോഗമുണ്ടായത്.
ആദ്യകാലങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം ലഭിച്ചിരുന്നില്ല. ആഥന്‍സില്‍ അടിമകള്‍ക്കും സ്ത്രീകള്‍ക്കും വിദേശികള്‍ക്കും വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്നു. 'സാര്‍വത്രിക വോട്ടവകാശം' എന്ന ചിന്താഗതി 18-ാം ശ. മുതല്‍ നിലവില്‍വന്നെങ്കിലും അപ്പോഴും എല്ലാ വിഭാഗങ്ങള്‍ക്കും വോട്ടവകാശം നല്കിയിരുന്നില്ല. ആധുനിക ജനാധിപത്യത്തിന്റെ പ്രഭവകേന്ദ്രമായ ഇംഗ്ലണ്ടില്‍പ്പോലും ഇതുതന്നെയായിരുന്നു അവസ്ഥ. നിശ്ചിത പരിധി വരെയുള്ള സ്വത്ത്, വിദ്യാഭ്യാസ നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു പലപ്പോഴും വോട്ടവകാശം അനുവദിച്ചിരുന്നത്. വര്‍ഗത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലും വോട്ടവകാശം പരിമിതപ്പെടുത്തിയിരുന്നു. പല രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വളരെ വൈകിമാത്രമാണ് വോട്ടവകാശം ലഭിച്ചത്. ബ്രിട്ടനില്‍ 1918 വരെയും യു.എസ്സില്‍ 1920 വരെയും സ്വിറ്റ്സര്‍ലന്‍ഡില്‍ 1971 വരെയും സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ഇന്നു നിലവിലിരിക്കുന്ന സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം അനുസരിച്ച് ഏതൊരു പൗരനും നിശ്ചിത പ്രായം എത്തിക്കഴിഞ്ഞാല്‍ ജാതി, മതം, ലിംഗം, സമ്പത്ത്, വിദ്യാഭ്യാസം എന്നിവയുടെ പേരില്‍ വിവേചനമില്ലാതെ സമ്മതിദാനാവകാശം വിനിയോഗിക്കാവുന്നതാണ്.
സമ്മതിദായകര്‍ (Voters)
ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ ഇക്കാര്യത്തിനായി വോട്ടവകാശം ലഭിച്ചിട്ടുള്ളവരെ സമ്മതിദായകര്‍ എന്നു വിളിക്കുന്നു. വോട്ടവകാശം വളരെ പാവനമായ ചുമതല ആയതുകൊണ്ട് അത് ഉത്തരവാദിത്വത്തോടുകൂടി ഉപയോഗിക്കുന്നതിനുവേണ്ടി സമ്മതിദായകര്‍ക്ക് ചില പ്രത്യേക യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് 'സാര്‍വത്രിക വോട്ടവകാശം' എന്ന തത്ത്വം എല്ലാ പരിഷ്കൃത ജനാധിപത്യ രാഷ്ട്രങ്ങളിലും അംഗീകരിച്ചിരിക്കുന്നതുകൊണ്ട് സ്ത്രീപുരുഷ ഭേദമെന്യേ കഴിയുന്നിടത്തോളം കൂടുതല്‍ പേര്‍ക്ക് സമ്മതിദാനാവകാശം ലഭിക്കുന്നു. വോട്ടുചെയ്യുന്ന ആള്‍ ആ രാജ്യത്തിലെ പൌരന്‍ ആയിരിക്കണം. അയാള്‍ക്ക് ഒരു നിശ്ചിതപ്രായം തികഞ്ഞിരിക്കണം. ഇന്ത്യയില്‍, നിലവിലുള്ള നിയമം അനുസരിച്ച് പതിനെട്ട് വയസ്സു തികഞ്ഞവരെ മാത്രമേ സമ്മതിദായകരാകാന്‍ അനുവദിക്കുന്നുള്ളൂ. ചില പ്രത്യേക കുറ്റകൃത്യങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിച്ചിട്ടുള്ളവരെ ഈ അവകാശത്തില്‍നിന്ന് ചില രാജ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.ഏകസമ്മതിദാനവും ബഹുസമ്മതിദാനവും
തെരഞ്ഞെടുപ്പുവേളയില്‍ ഒരു സമ്മതിദായകന്‍ തനിക്കിഷ്ടപ്പെട്ട ഒരു സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുകയെന്നതാണ് പൊതുവേയുള്ള നിയമം. ഇതിനെ ഏകസമ്മതിദാനം (single voting) എന്നുപറയുന്നു.എന്നാല്‍ ചില രാജ്യങ്ങളില്‍ ബഹുസമ്മതിദാനം (plural voting) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഒരു സമ്മതിദായകന് അയാളുടെ വിശേഷാല്‍ യോഗ്യതകളെ മുന്‍നിര്‍ത്തി ഒന്നിലധികം വോട്ട് രേഖപ്പെടുത്താനുള്ള അനുവാദം നല്കിയിരിക്കുന്നു. ഇന്ന് പൊതുവേ ബഹുവോട്ടിങ് സമ്പ്രദായം എല്ലാ രാഷ്ട്രങ്ങളിലും ഉപേക്ഷിച്ചിരിക്കുകയാണ്.
നിയോജകമണ്ഡലം
തെരഞ്ഞെടുപ്പില്‍ ഒരു പ്രതിനിധിയെ അല്ലെങ്കില്‍ ഒരു സംഘം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള സമ്മതിദായകരുടെ സംഘത്തെ നിയോജകമണ്ഡലം (constituency) എന്നു പറയുന്നു. രണ്ടുതരത്തില്‍ നിയോജകമണ്ഡലം രൂപവത്കരിക്കാം. ഒന്നുകില്‍ ഒരു പ്രദേശത്തിനുള്ളില്‍ താമസിക്കുന്ന സമ്മതിദായകരെ ചേര്‍ത്ത് പ്രാദേശിക നിയോജക മണ്ഡലം (territorial constituency) രൂപവത്കരിക്കാം. അല്ലെങ്കില്‍ രാജ്യത്തിന്റെ ഏതുഭാഗത്തു താമസിച്ചാലും ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ചേര്‍ത്ത് തൊഴിലടിസ്ഥാനത്തിലുള്ള നിയോജക മണ്ഡലം (functional constituency) രൂപവത്കരിക്കാം.
നിയോജകമണ്ഡലങ്ങള്‍ക്ക് ഏകാംഗ മണ്ഡലങ്ങള്‍ എന്നും ബഹ്വംഗ മണ്ഡലങ്ങള്‍ എന്നുമുള്ള ഒരു തരംതിരിവും ഉണ്ട്. ഏകാംഗ മണ്ഡല സംവിധാനം അനുസരിച്ച് ഒരു രാജ്യത്ത് അനേകം പ്രാദേശികമണ്ഡലങ്ങള്‍ രൂപവത്കരിക്കുന്നു. ഓരോ മണ്ഡലത്തില്‍നിന്നും ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കുന്നു. ഇന്ത്യയില്‍ ലോക്സഭയിലേക്കും പ്രാദേശിക നിയമസഭകളിലേക്കും ഈ വിധത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. പ്രതിനിധികളുടെ ചുമതലാബോധവും സേവനതാത്പര്യവും ഇത്തരം മണ്ഡലങ്ങളില്‍ (ബഹ്വംഗ നിയോജകമണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍) കൂടുതലായിരിക്കും എന്ന ഒരു വിലയിരുത്തല്‍ ഉണ്ട്. പക്ഷേ, ജനപ്രതിനിധികളുടെ സേവനരംഗം ഒരു ചെറിയ മണ്ഡലത്തിലൊതുങ്ങിയാല്‍ അവര്‍ രാഷ്ട്രത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് കാര്യമായ ശ്രദ്ധ നല്കുകയില്ല എന്നത് ഒരു പോരായ്മയായി ഈ സമ്പ്രദായത്തിനെതിരെ ആരോപിക്കപ്പെട്ടുകാണുന്നു.
ബഹ്വംഗ സമ്പ്രദായം (general ticket method) അനുസരിച്ച് ഒരു നിയോജകമണ്ഡലത്തില്‍നിന്ന് ഒരേ സമയം അനേകം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. ഈ തത്ത്വം അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിയോജകമണ്ഡലങ്ങളുടെ എണ്ണം കുറവായിരിക്കും. രാഷ്ട്രം ചെറുതാണെങ്കില്‍ രാഷ്ട്രം മുഴുവനും ഒരൊറ്റ നിയോജകമണ്ഡലമായി കണക്കാക്കുന്നു. തെരഞ്ഞെടുക്കപ്പെടേണ്ട പ്രതിനിധികളുടെ എണ്ണത്തിനനുസരണമായി നിയോജകമണ്ഡലത്തിന്റെ വലുപ്പം നിശ്ചയിക്കുന്നു. ഇന്ന് ബഹ്വംഗനിയോജകമണ്ഡലങ്ങള്‍ യൂണിവേഴ്സിറ്റി സെനറ്റ്, യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനുപയോഗിക്കുന്നു. ഒരു ബഹ്വംഗ മണ്ഡലത്തില്‍ അനേകം സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ അവരില്‍ ഏറ്റവും കൂടുതല്‍ വോട്ടുലഭിക്കുന്ന നിശ്ചിത എണ്ണം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുകയാണു പതിവ്.
പ്രത്യക്ഷ-പരോക്ഷ തെരഞ്ഞെടുപ്പുകള്‍
രാഷ്ട്രത്തിലെ സമ്മതിദാനം ലഭിച്ച പൗരന്മാര്‍ എല്ലാവരുംകൂടി നേരിട്ട് ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് പ്രത്യക്ഷ തെരഞ്ഞെടുപ്പ് . തെരഞ്ഞെടുപ്പു ദിവസം പോളിങ് സ്റ്റേഷനില്‍ തനിക്കിഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുരേഖപ്പെടുത്താന്‍ ഉള്ള അവകാശം പ്രത്യക്ഷ തെരഞ്ഞെടുപ്പിലൂടെ സമ്മതിദായകര്‍ക്കു ലഭിക്കുന്നു. ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പാര്‍ലമെന്റംഗങ്ങള്‍ പ്രത്യക്ഷ തെരഞ്ഞെടുപ്പിലൂടെ അംഗത്വം നേടുന്നവരാണ്. ഇന്ത്യയിലെ ലോക്സഭാംഗങ്ങള്‍, ഇംഗ്ളണ്ടിലെ കോമണ്‍സ് സഭാംഗങ്ങള്‍, അമേരിക്കയിലെ പാര്‍ലമെന്റംഗങ്ങള്‍ ഇവരൊക്കെ പ്രത്യക്ഷ തെരഞ്ഞെടുപ്പിലൂടെ അംഗത്വം നേടുന്നു.
ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ സമ്മതിദായകര്‍ എല്ലാവരും അതില്‍ നേരിട്ട് വോട്ടുരേഖപ്പെടുത്താതെ, ജനപ്രതിനിധികള്‍ മാത്രം തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്ന സമ്പ്രദായമാണ് പരോക്ഷ തെരഞ്ഞെടുപ്പ്. ഉദാഹരണമായി ഇന്ത്യയിലെ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് പതിനെട്ടുവയസ്സു തികഞ്ഞ പൗരന്മാരല്ല, പ്രത്യുത ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സംസ്ഥാന നിയമസഭയിലെ അംഗങ്ങളാണ്. പരോക്ഷ തെരഞ്ഞെടുപ്പു സംവിധാനത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും സാധാരണ സമ്മതിദായകര്‍ക്കും ഇടയില്‍ മധ്യവര്‍ത്തികളെന്നവണ്ണം ഒരു സമ്മതിദായകമണ്ഡലം (electoral college) പ്രവര്‍ത്തിക്കുന്നു. ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ ജനങ്ങള്‍ ആദ്യം സമ്മതിദായകമണ്ഡലത്തെ തെരഞ്ഞെടുക്കുന്നു. ഈ വിധം തെരഞ്ഞെടുക്കപ്പെടുന്ന സമ്മതിദായകമണ്ഡലത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നു. ഇന്ത്യയില്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുമ്പോള്‍ കേന്ദ്ര പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന് സമ്മതിദായകമണ്ഡലമായി മാറുന്നു. പരോക്ഷമാംവിധം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് പ്രത്യക്ഷമാംവിധം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്കുള്ളിടത്തോളം പ്രാധാന്യം ഉണ്ടാവുകയില്ല. ഇന്ത്യയില്‍ ലോക്സഭാംഗങ്ങള്‍ക്കുള്ളിടത്തോളം പ്രാധാന്യം രാജ്യസഭാംഗങ്ങള്‍ക്കില്ല.
സ്ഥാനാര്‍ഥികളുടെ യോഗ്യതകള്‍
സമ്മതിദായകര്‍ക്കെന്നപോലെതന്നെ സ്ഥാനാര്‍ഥികള്‍ക്കും എല്ലാ രാജ്യങ്ങളിലും ചില യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ട്. സമ്പത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ മതത്തിന്റെയോ പേരിലുള്ള വിവേചനം ഏര്‍പ്പെടുത്താറില്ല. എന്നാല്‍ സ്ഥാനാര്‍ഥി ആ രാജ്യത്തിലെ പൗരന്‍ തന്നെ ആയിരിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. സ്ഥാനാര്‍ഥി ആകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, താന്‍ മത്സരിക്കുന്ന നിയോജകമണ്ഡലത്തില്‍ താമസക്കാരനായിരിക്കണം എന്ന് പലയിടത്തും വ്യവസ്ഥയുണ്ട്. അയാളുടെ പേര് ആ രാജ്യത്തിലെ സമ്മതിദായകപ്പട്ടികയില്‍ ഉണ്ടായിരിക്കണം. സ്ഥാനാര്‍ഥികള്‍ ഒരു നിശ്ചിത പ്രായം തികഞ്ഞവര്‍ ആയിരിക്കണം. ഇന്ത്യയില്‍ ലോക്സഭയിലേക്കും ഇംഗ്ലണ്ടില്‍ കോമണ്‍സ് സഭയിലേക്കും മത്സരിക്കുന്ന ആളിന് ഇരുപത്തിഅഞ്ചുവയസ്സ് തികഞ്ഞിരിക്കണം. ഇന്ത്യയില്‍ രാജ്യസഭയിലേക്കും അമേരിക്കന്‍ ഐക്യനാടുകളില്‍ സെനറ്റിലേക്കും മത്സരിക്കുന്നവര്‍ മുപ്പതുവയസ്സുപൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം. ചില പ്രത്യേക ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരെ സ്ഥാനാര്‍ഥികളാകാന്‍ സമ്മതിക്കാറില്ല. ഇന്ത്യയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിനോക്കുന്ന ഉദ്യോഗസ്ഥരെ സ്ഥാനാര്‍ഥികളാകാന്‍ അനുവദിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാള്‍ ക്രമവിരുദ്ധമായ പ്രചരണപരിപാടികള്‍ നടത്തിയാലും അയാളുടെ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം
പൊതുതെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമാണ് കഴിവുള്ളിടത്തോളം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം നല്കുകയെന്നത്. എല്ലാ രാജ്യങ്ങളിലും മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങള്‍ ഉണ്ടാകും. ഉദാഹരണമായി പ്രൊട്ടസ്റ്റന്റുകാര്‍ക്ക് ഭൂരിപക്ഷമുള്ള ഇംഗ്ലണ്ടില്‍ കത്തോലിക്കര്‍ ന്യൂനപക്ഷക്കാരാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ വെള്ളക്കാര്‍ക്കുള്ളിടത്തോളം സംഖ്യാബലം നീഗ്രോ വംശജര്‍ക്കില്ല. സിംഹളവംശജര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ തമിഴ് വിഭാഗം ന്യൂനപക്ഷക്കാരാണ്. ഇത്തരം രാഷ്ട്രങ്ങളില്‍ തെരഞ്ഞെടുപ്പുകാലത്ത് ഭൂരിപക്ഷവിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യത കൂടുന്നു. ഒരു സ്ഥാനാര്‍ഥി എത്ര മിടുക്കനാണെങ്കിലും അയാള്‍ ന്യൂനപക്ഷവിഭാഗക്കാരനാണെങ്കില്‍ വിജയസാധ്യത കുറയുന്നു. പാര്‍ലമെന്റും മറ്റു ജനപ്രതിനിധിസഭകളും ഭൂരിപക്ഷ വിഭാഗക്കാരെക്കൊണ്ട് നിറയും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഇല്ലെങ്കില്‍ അവര്‍ക്ക് രാഷ്ട്രത്തോട് അമര്‍ഷം തോന്നാന്‍ സാധ്യതയുണ്ട്. ചിലപ്പോഴൊക്കെ ഈ അമര്‍ഷം വിപ്ലവത്തില്‍ കലാശിച്ചുവെന്നും വരാം. അതിനാല്‍ തെരഞ്ഞെടുപ്പില്‍ അവഗണിക്കപ്പെടുന്നതിനോ പുറന്തള്ളപ്പെടുന്നതിനോ സാധ്യതയുള്ള ന്യൂനപക്ഷക്കാരായ പൌരന്മാര്‍ക്ക് അവരുടെ പ്രതിനിധികളെ നിയമനിര്‍മാണസഭയിലേക്ക് അയയ്ക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുവാന്‍ രാഷ്ട്രത്തിന് ധാര്‍മികമായ കടമയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കുമ്പോള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കൊടുക്കുവാന്‍ ഓരോ പാര്‍ട്ടിയും ശ്രദ്ധിക്കുന്നു. ചില രാഷ്ട്രങ്ങളില്‍ ഒരു നിശ്ചിത വിഹിതം സീറ്റുകള്‍ പിന്നോക്ക വിഭാഗക്കാര്‍ക്കായി മാറ്റിവയ്ക്കുന്ന പതിവും ഉണ്ട്. ഉദാഹരണമായി ഭാരതത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു മാത്രമായി കുറേ സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. ന്യൂനപക്ഷ വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുവേണ്ടി ലോകത്തു നിലവിലുള്ള രണ്ടു പദ്ധതികളാണ് നിയന്ത്രിത സമ്മതിദാനവും (limited voting) സഞ്ചിത സമ്മതിദാനവും (cumulative voting).
നിയന്ത്രിത സമ്മതിദാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിനെ പല ബഹ്വംഗ നിയോജകമണ്ഡലങ്ങളായി ഭാഗിക്കുന്നു. കുറഞ്ഞപക്ഷം മൂന്നുപേരെങ്കിലും ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടണം. പ്രതിനിധികളുടെ എണ്ണത്തിനനുസരണമായി ഒരു നിശ്ചിത എണ്ണം വോട്ട് ചെയ്യുന്നതിന് സമ്മതിദായകര്‍ക്ക് അവകാശമുണ്ടായിരിക്കും. ഉദാഹരണമായി അഞ്ച് സീറ്റുകളാണുള്ളതെങ്കില്‍ ഒരാള്‍ക്ക് നാല് വോട്ടുകള്‍ രേഖപ്പെടുത്താം. ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് - ഒരു സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുവീതം - വോട്ടുരേഖപ്പെടുത്താം. ഈ തെരഞ്ഞെടുപ്പു വ്യവസ്ഥയില്‍ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥികളോടൊപ്പം ന്യൂനപക്ഷക്കാര്‍ക്കും വോട്ടുലഭിക്കുമെന്നത് തീര്‍ച്ചയാണ്. ന്യൂനപക്ഷത്തിന്റെ അംഗസംഖ്യ തീരെ കുറവല്ലെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രതിനിധികളെ വിജയിപ്പിക്കുവാന്‍ ഈ പദ്ധതി സഹായിക്കുന്നു.
സഞ്ചിത സമ്മതിദാനത്തില്‍ രാജ്യമൊട്ടുക്ക് അനേകം ബഹ്വംഗ നിയോജക മണ്ഡലങ്ങള്‍ ഉണ്ടായിരിക്കും. ഓരോ സമ്മതിദായകനും തെരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാര്‍ഥികളുടെ എണ്ണത്തിനനുസരണമായി ഒരു നിശ്ചിത വിഹിതം ബാലറ്റ് പേപ്പറുകള്‍ ലഭിക്കുന്നു. ഈ വോട്ടുകളെ വേണമെങ്കില്‍ തനിക്കിഷ്ടപ്പെട്ട ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്കു മാത്രമായി രേഖപ്പെടുത്താം, അല്ലെങ്കില്‍ പല സ്ഥാനാര്‍ഥികള്‍ക്കായി രേഖപ്പെടുത്താം. ജനസംഖ്യ വളരെക്കുറഞ്ഞ ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്കുപോലും വിജയ സാധ്യത ഉണ്ടാക്കിക്കൊടുക്കുന്ന ഒരു സമ്പ്രദായമാണ് സഞ്ചിത സമ്മതിദാന പദ്ധതി. ന്യൂനപക്ഷത്തില്‍പ്പെട്ട സമ്മതിദായകര്‍ സംഘടിച്ച്, അവരുടെ വോട്ടുകള്‍ ഒന്നും പാഴാക്കാതെ, എല്ലാംകൂടി തങ്ങളുടെ സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രം രേഖപ്പെടുത്തിയാല്‍ അയാള്‍ക്ക് ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥിയെക്കാള്‍ വിജയസാധ്യതയേറും. ന്യൂനപക്ഷ വിഭാഗത്തിലെ എല്ലാ അംഗങ്ങളും ഏകോപിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതു സാധിക്കുകയുള്ളൂ. സമ്മതിദായകര്‍ക്ക് വേണ്ടത്ര നിര്‍ദേശവും പരിശീലനവും ഇക്കാര്യത്തില്‍ നല്കേണ്ടത് അത്യാവശ്യമാണ്.
ആനുപാതിക പ്രാതിനിധ്യം
രാജ്യത്തിലെ ഓരോ ജനവിഭാഗത്തിനും അവരുടെ ജനസംഖ്യാബലത്തിന് ആനുപാതികമായി അവരുടെ പ്രതിനിധികളെ നിയമനിര്‍മാണസഭയിലേക്ക് തെരഞ്ഞെടുത്തയയ്ക്കുന്നതിനുള്ള ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം പല യൂറോപ്യന്‍ രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഭൂരിപക്ഷ വിഭാഗക്കാര്‍ക്കും ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന വിഹിതം പ്രതിനിധികളെ തെരഞ്ഞെടുത്തയ്ക്കാന്‍ സാധിക്കുന്നു. സംഖ്യാബലംകൊണ്ട് ഭൂരിപക്ഷക്കാര്‍ അര്‍ഹിക്കുന്നതിലധികമായ ആനുകൂല്യം നേടുന്നില്ല. ന്യൂനപക്ഷക്കാര്‍ അവഗണിക്കപ്പെടുന്നുമില്ല. എല്ലാ ജനവിഭാഗങ്ങള്‍ക്കും പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിക്കും. ആനുപാതിക പ്രാതിനിധ്യ സംവിധാനത്തില്‍ രാജ്യത്തെ അനേകം ബഹ്വംഗ നിയോജകമണ്ഡലങ്ങളായി വിഭജിക്കുന്നു. ജയിക്കുന്ന സ്ഥാനാര്‍ഥികള്‍ ഒരു നിശ്ചിത വിഹിതം വോട്ടുനേടണമെന്നുള്ളതും ആവശ്യമാണ്. ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള രണ്ടു സമ്പ്രദായങ്ങളാണ് ഹെയര്‍ സമ്പ്രദായവും ലിസ്റ്റ് സമ്പ്രദായവും.
തോമസ് ഹെയര്‍ എന്ന ബ്രിട്ടീഷുകാരന്‍ ആവിഷ്കരിച്ച സംവിധാനമാണ് ഹെയര്‍ സമ്പ്രദായം. രാജ്യത്തെ പല ബഹ്വംഗ നിയോജകമണ്ഡലങ്ങളായി വിഭജിക്കുന്നു. ഓരോ മണ്ഡലത്തില്‍നിന്ന് മൂന്നുപേരെയെങ്കിലും തെരഞ്ഞെടുക്കണം. ഓരോ സമ്മതിദായകനും ഒരു ബാലറ്റ്പേപ്പര്‍ ലഭിക്കുന്നു. ആ ബാലറ്റ്പേപ്പറില്‍ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ ക്രമത്തില്‍ ഇഷ്ടമുള്ള സ്ഥാനാര്‍ഥികള്‍ക്കെല്ലാം മുന്‍ഗണനാ വോട്ടു രേഖപ്പെടുത്താം. വോട്ടെണ്ണുമ്പോള്‍ ഒന്നാം വോട്ട് മാത്രമേ പരിഗണിക്കുന്നുള്ളൂ. ഒന്നാം വോട്ട് എണ്ണിക്കഴിയുമ്പോള്‍ ഒരു നിശ്ചിത വിഹിതം വോട്ടുലഭിക്കുന്ന സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നു. ആവശ്യത്തിനുള്ള സ്ഥാനാര്‍ഥികള്‍ ജയിക്കാതെവന്നാല്‍ പിന്നീടുള്ള മുന്‍ഗണനാ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ളത്ര സ്ഥാനാര്‍ഥികള്‍ ജയിക്കുന്നതുവരെ വോട്ടെണ്ണല്‍ പ്രക്രിയ തുടരുന്നു. ഇന്ത്യയില്‍ യൂണിവേഴ്സിറ്റി സെനറ്റ് ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പു നടത്തുന്നത് ഹെയര്‍പദ്ധതി അനുസരിച്ചാണ്.
ആനുപാതിക പ്രാതിനിധ്യത്തിന് കുറേക്കൂടി എളുപ്പമായ മാര്‍ഗമായി ലിസ്റ്റ് സമ്പ്രദായത്തെ കരുതുന്നു. ഇതനുസരിച്ച് ബഹ്വംഗ നിയോജകമണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടേണ്ട ആളുകളുടെ പേര് ഒരു ലിസ്റ്റായി ഓരോ കക്ഷിയും സമ്മതിദായകരുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഇവിടെ സമ്മതിദായകന് ഒരു വോട്ടുമാത്രം ചെയ്യാം. ആ വോട്ടിനെ അയാള്‍ തനിക്കിഷ്ടപ്പെട്ട ലിസ്റ്റിനു വേണ്ടിയായിരിക്കും വിനിയോഗിക്കുന്നത്. ഓരോ ലിസ്റ്റിനും കിട്ടിയിട്ടുള്ള വോട്ടിന്റെ അനുപാതത്തില്‍ അവര്‍ക്ക് പ്രതിനിധിസഭയില്‍ അംഗത്വം ലഭിക്കുന്നു. ഇത് സമ്മതിദായകര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ എളുപ്പമായ മാര്‍ഗമായി കരുതപ്പെടുന്നു.
തെരഞ്ഞെടുപ്പു പ്രക്രിയ
തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിക്കുന്നത് തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതലാണ്. തെരഞ്ഞെടുപ്പു നടത്താന്‍ ചുമതലപ്പെട്ട ഏജന്‍സി ആണ് പ്രഖ്യാപനം നടത്തുന്നത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ആണ് ഇപ്രകാരം ചുമതലപ്പെട്ട ഏജന്‍സി. നിയോജകമണ്ഡല നിര്‍ണയനവും വോട്ടര്‍പട്ടിക തയ്യാറാക്കലും ഇതിനകം പൂര്‍ത്തിയാക്കിയിരിക്കും. സ്ഥാനാര്‍ഥികളായി നില്ക്കുന്നവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം. പല രാജ്യങ്ങളിലും ഇതിനായി പല രീതികളാണ് സ്വീകരിച്ചുവരുന്നത്. ഇന്ത്യയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍ത്തുന്നവര്‍ക്കോ പാര്‍ട്ടിക്കാര്‍ അല്ലാത്തവര്‍ക്കോ സ്ഥാനാര്‍ഥികളാകാം. പിന്നീട് പ്രചാരണത്തിനുള്ള സമയമാണ്. ഇന്ത്യയില്‍ പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുവരെ പ്രചാരണത്തിന് അനുമതിയുണ്ട്. പോളിങ്ങിനു നിശ്ചയിച്ചിട്ടുള്ള ദിവസം വോട്ടര്‍മാര്‍ക്ക് അവരുടെ പോളിങ് സ്റ്റേഷനില്‍ എത്തി വോട്ട് രേഖപ്പെടുത്താം. അതിനുശേഷം വോട്ട് എണ്ണി ഫലപ്രഖ്യാപനം നടത്തുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതല്‍ തെരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുന്നതുവരെ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കും.
തെരഞ്ഞെടുപ്പു കമ്മിഷന്‍
ഇന്ത്യയില്‍ തെരഞ്ഞെടുപ്പു നടത്തുന്നതിനുവേണ്ടി ഭരണഘടന അധികാരപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക സമിതിയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള പരിപൂര്‍ണ ചുമതല തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിക്ഷിപ്തമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 324-ാം അനുഛേദമനുസരിച്ചാണ് തെരഞ്ഞെടുപ്പു കമ്മിഷനെ നിയമിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനും അതിനുവേണ്ട നിര്‍ദേശങ്ങള്‍ നല്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരം ഭരണഘടന തെരഞ്ഞെടുപ്പു കമ്മിഷനു നല്കിയിട്ടുണ്ട്. ഭരണഘടന അനുസരിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പു നടത്തേണ്ടത് തെരഞ്ഞെടുപ്പു കമ്മിഷന്റെ ചുമതലയിലാണ്. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറും മറ്റ് അംഗങ്ങളും അടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ കൂടാതെ 1993 ഒക്ടോബറില്‍ രണ്ട് കമ്മിഷണര്‍മാരെക്കൂടി രാഷ്ട്രപതി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെയും മറ്റു തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെയും രാഷ്ട്രപതിയാണ് നിയമിക്കുന്നത്. ഇതിനായി പാര്‍ലമെന്റ് ചട്ടങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഒന്നിലധികം തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുണ്ടെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ആ സമിതിയുടെ ചെയര്‍പേഴ്സണ്‍ ആയിരിക്കും.
ഭരണഘടനാപരമായ ഒരു പ്രധാന ഔദ്യോഗിക എജന്‍സിയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍. പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പുകളും നടത്തുക എന്നതു മാത്രമല്ല തെരഞ്ഞെടുപ്പു കമ്മിഷന്റെ ചുമതല. സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തുക, സമ്മതിദായകരുടെ പട്ടിക തയ്യാറാക്കുക തുടങ്ങിയവകൂടി തെരഞ്ഞെടുപ്പു കമ്മിഷന്റെ ചുമതലകളാണ്.
യഥാകാലങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മിഷനുമായി ആലോചിച്ച് പ്രാദേശിക തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ രാഷ്ട്രപതി നിയമിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും മറ്റു തെരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍, പ്രാദേശിക കമ്മിഷണര്‍മാര്‍ എന്നിവരുടെയും സേവന വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒരു സുപ്രീംകോടതി ജഡ്ജിയെ ഉദ്യോഗത്തില്‍നിന്നു നീക്കം ചെയ്യാവുന്ന കാരണങ്ങളാലും, രീതിയിലും മാത്രമേ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ നീക്കം ചെയ്യാന്‍ പാടുള്ളൂ. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ സേവന വ്യവസ്ഥകള്‍ അദ്ദേഹത്തിന്റെ നിയമനത്തിനുശേഷം വ്യത്യാസപ്പെടുത്തി ആ വ്യക്തിക്ക് ദോഷം വരുത്തുവാന്‍ പാടില്ല. മറ്റു തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെയോ പ്രാദേശിക തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെയോ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ ശുപാര്‍ശയില്ലാതെ മാറ്റാന്‍ പാടില്ല.
രാഷ്ട്രീയ സമ്മര്‍ദത്തിനോ എക്സിക്യൂട്ടിവിന്റെ നിയന്ത്രണത്തിനോ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിധേയമല്ല. സ്വതന്ത്രവും നിഷ്പക്ഷവും ആയ പ്രവര്‍ത്തനത്തിനുള്ള എല്ലാ സാഹചര്യങ്ങളും തെരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ഭരണഘടനയുടെ 324(5)-ാം വകുപ്പ് കമ്മിഷന്റെ സ്വാതന്ത്യ്രം സംരക്ഷിക്കുന്നു. റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും പോളിങ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ കൊടുക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മിഷനുണ്ട്. പ്രാദേശിക തെരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
മുകളില്‍ വിവരിച്ച ചുമതലകള്‍ കൂടാതെ പാര്‍ലമെന്റ്, നിയമസഭകള്‍ എന്നിവയിലുള്ള അംഗങ്ങള്‍ക്ക് അയോഗ്യതയുണ്ടെങ്കില്‍ അത് രാഷ്ട്രപതിയെ ധരിപ്പിക്കുക, നിലവിലുള്ള അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ചുള്ള പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുക എന്നിവ തെരഞ്ഞെടുപ്പു കമ്മിഷന്റെ ചുമതലയാണ്. പ്രത്യേകം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങള്‍ രൂപപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷന് അധികാരമുണ്ട്.
തെരഞ്ഞെടുപ്പു നിയമങ്ങള്‍
ഇന്ത്യയില്‍ ഗ്രാമപഞ്ചായത്തുതലം മുതല്‍ സംസ്ഥാന നിയമസഭ, പാര്‍ലമെന്റ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി തലംവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളും നടത്തുന്നത് അതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ്. ഇവ കൂടാതെ സഹകരണ സംഘങ്ങള്‍, അസോസിയേഷനുകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, ക്ലബ്ബുകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തുന്നതിന് കോ-ഓപ്പറേറ്റീവ് ആക്റ്റ്, ചട്ടങ്ങള്‍, ബൈലോകള്‍ എന്നീ നിയമാവലികളുമുണ്ട്.
1950-ലേയും 1951-ലേയും ജനപ്രാതിനിധ്യ നിയമങ്ങളാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പു നിയമത്തിന്റെ അടിസ്ഥാനം. ഇന്ത്യയില്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പു നടന്നത് 1952-ല്‍ ആണ്. 1960-ല്‍ രജിസ്റ്റ്ട്രേഷന്‍ ഒഫ് ഇലക്ടേഴ്സ് റൂള്‍സ്, 1961-ല്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ എന്നിവ പ്രാബല്യത്തില്‍ വന്നു. അതിനുശേഷം ഡി ലിമിറ്റേഷന്‍ ആക്റ്റ്, പ്രിവന്‍ഷന്‍ ഒഫ് ഡിസ്ക്വാളിഫിക്കേഷന്‍ ആക്റ്റ്, രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുക്കുന്നതിനുള്ള നിയമം എന്നിവയും തുടര്‍ന്ന് തെരഞ്ഞെടുപ്പു സംബന്ധമായ അനേകം നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയും നിലവില്‍ വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പു രീതി, വോട്ടര്‍പട്ടിക തയ്യാറാക്കല്‍, നിയോജക മണ്ഡലങ്ങള്‍ തിരിക്കല്‍, റിട്ടേണിങ് ഓഫീസര്‍മാരെയും പോളിങ് ഓഫീസര്‍മാരെയും പ്രിസൈഡിങ് ഓഫീസര്‍മാരെയും നിയമിക്കല്‍, സ്ഥാനാര്‍ഥികളുടെ യോഗ്യത നിര്‍ണയിക്കല്‍, നോമിനേഷന്‍ പേപ്പര്‍ സമര്‍പ്പിക്കല്‍, നോമിനേഷന്‍ പേപ്പര്‍ സ്വീകരിക്കല്‍, അതിനുള്ള ഫീസ് അടയ്ക്കല്‍, നോമിനേഷന്‍ പിന്‍വലിക്കല്‍, നോമിനേഷന്‍ പേപ്പര്‍ സൂക്ഷ്മ പരിശോധന നടത്തി സ്ഥാനാര്‍ഥി ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍, തെരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ അനുവദിക്കല്‍, തെരഞ്ഞെടുപ്പു പ്രചാരണത്തിന് മേല്‍നോട്ടം നടത്തല്‍, വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങളോ അഴിമതിയോ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കല്‍, തെരഞ്ഞെടുപ്പു റദ്ദാക്കല്‍, തെരഞ്ഞെടുപ്പു കേസുകള്‍ കേള്‍ക്കല്‍, ഉപതെരഞ്ഞെടുപ്പു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കല്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പു നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ്.
തെരഞ്ഞെടുപ്പു നിയമങ്ങളിലുള്ള വ്യവസ്ഥകള്‍ക്കു പുറമേ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തെരഞ്ഞെടുപ്പു സംബന്ധമായ കുറ്റങ്ങളും അതിനുള്ള ശിക്ഷയും നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു നിയമങ്ങളുടെ ലംഘനം ശിക്ഷാര്‍ഹമാണ്. വോട്ടര്‍മാരുടെ പ്രായവും വോട്ടവകാശമുള്ളവര്‍, നിയോജക മണ്ഡലത്തിനുപുറത്തു താമസിക്കുന്നവര്‍, തെരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്യുന്നവര്‍, സേനാവിഭാഗത്തില്‍പ്പെട്ടവര്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരുടെ വോട്ടവകാശം എന്നീ കാര്യങ്ങളും നിര്‍ണയിക്കുന്നതിന് പ്രത്യേകം ചട്ടങ്ങളുണ്ട്. ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കുമുള്ള പൊതുതെരഞ്ഞെടുപ്പുകളും രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവരുടെ തെരഞ്ഞെടുപ്പുകളും ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മിഷന്റെ മേല്‍നോട്ടത്തിലാണു നടക്കുന്നത്.
1955-ലെ പൌരാവകാശ സംരക്ഷണ നിയമമനുസരിച്ചും ജനപ്രാതിനിധ്യ നിയമമനുസരിച്ചും കുറ്റക്കാരാണെന്നുകണ്ട് വിധി ഉണ്ടായാല്‍ അങ്ങനെയുള്ളവര്‍ക്ക് ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുന്നതല്ല. ഇന്ത്യയിലെ ഏതെങ്കിലും കോടതിയില്‍നിന്ന് രണ്ടുവര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് ശിക്ഷ ലഭിച്ചിട്ടുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ അവകാശമില്ല. ജയില്‍ മോചിതരായാലും അങ്ങനെയുള്ളവര്‍ക്ക് അഞ്ചു കൊല്ലത്തേക്ക് അയോഗ്യത ഉണ്ടായിരിക്കും. അസംബ്ലിയിലെയും പാര്‍ലമെന്റിലെയും അംഗങ്ങളെ ശിക്ഷിച്ചാല്‍ റിവിഷന്‍ കാലാവധി കഴിഞ്ഞു മാത്രമേ ശിക്ഷ പ്രാബല്യത്തില്‍ വരുകയുള്ളൂ.
തെരഞ്ഞെടുപ്പു നടക്കുന്ന അവസരത്തില്‍ കരാര്‍ അടിസ്ഥാനത്തിലും മറ്റുമായി ഗവണ്‍മെന്റ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പു ചട്ടങ്ങളനുസരിച്ച് തെരഞ്ഞെടുപ്പിനു മത്സരിക്കുവാന്‍ യോഗ്യത ഉണ്ടായിരിക്കില്ല. തെരഞ്ഞെടുപ്പു കണക്കുകള്‍ നല്കാത്തവര്‍ക്ക് പിന്നീട് തെരഞ്ഞെടുപ്പിനു മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും.
ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം വന്നതോടുകൂടി 18 വയസ്സ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൌരന്മാര്‍ക്കും (മറ്റ് അയോഗ്യതകളില്ലെങ്കില്‍) വോട്ടവകാശം ലഭ്യമായി. വോട്ട് രേഖപ്പെടുത്തല്‍, വോട്ട് എണ്ണല്‍, തപാല്‍ വോട്ട് (പോസ്റ്റല്‍ ബാലറ്റ്) എന്നീ കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പു നിയമത്തിലെ വ്യവസ്ഥ അനുസരിച്ചാണു നടത്തുന്നത്. കള്ളവോട്ട്, അസാധു, തെരഞ്ഞടുപ്പു തര്‍ക്കങ്ങള്‍ എന്നിവയെപ്പറ്റിയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പുഫലപ്രഖ്യാപനം കഴിഞ്ഞ് നാല്പത്തഞ്ചു ദിവസത്തിനകം തെരഞ്ഞെടുപ്പു ഹര്‍ജി നല്കണം. ഹര്‍ജി നല്കേണ്ടത് ഹൈക്കോടതിയിലാണ്. ഹൈക്കോടതി തെരഞ്ഞെടുപ്പു കേസുകള്‍ തീരുമാനിക്കുമ്പോള്‍ ആ വിവരം ഇലക്ഷന്‍ കമ്മിഷനെ അറിയിക്കേണ്ടതാണ്. ഹൈക്കോടതിവിധി കഴിഞ്ഞ് മുപ്പതു ദിവസത്തിനകം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാവുന്നതാണ്. ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നതിനും മുപ്പതു ദിവസത്തിനുശേഷം നല്കുന്ന അപ്പീലുകള്‍ സ്വീകരിക്കുന്നതിനും സുപ്രീം കോടതിക്ക് അധികാരമുണ്ട്.
തെരഞ്ഞെടുപ്പു നിയമം 123-ാം വകുപ്പില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അഴിമതിയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. കൈക്കൂലി, അവിഹിത സ്വാധീനം, ജാതിയുടേയും മറ്റും പേരിലുള്ള വോട്ടുപിടിത്തം, അപവാദ പ്രചാരണം, വാഹനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പിന് അമിതമായ ധനം ചെലവഴിച്ചും ധൂര്‍ത്ത് കാണിച്ചും പണം നല്കിയും വോട്ടു ചെയ്യിക്കല്‍, ഗവണ്മെന്റുദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നത് മുതലായവയെല്ലാം തെരഞ്ഞെടുപ്പു കുറ്റങ്ങളാണ്. അവ തെളിയിക്കപ്പെട്ടാല്‍ നല്കേണ്ടതായ ശിക്ഷയും മറ്റും നിയമത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഭേദഗതിയിലൂടെ നിയമത്തിന്റെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്.
123 മുതല്‍ 136 വരെയുള്ള വകുപ്പുകള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കുറ്റങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നു. മതം, വര്‍ഗം, ജാതി, സമുദായം, ഭാഷ, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെയിടയില്‍ ശത്രുത വരുത്തുന്ന കുറ്റത്തിന് മൂന്ന് കൊല്ലം വരെ തടവോ പിഴയോ ശിക്ഷിക്കാം (സെക്ഷന്‍ 125). തെരഞ്ഞടുപ്പു നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള ദിവസമോ അതിന്റെ തൊട്ടുമുമ്പുള്ള ദിവസമോ പൊതുയോഗം കൂടുകയോ, പരസ്യപ്രചാരണം നടത്തുകയോ ചെയ്താല്‍ 250 രൂപ വരെ ശിക്ഷ വിധിക്കാവുന്നതാണ് (സെക്ഷന്‍-126). കൈക്കൂലി, അനര്‍ഹമായ വാഗ്ദാനം, വര്‍ഗത്തിന്റെയും ജാതിയുടെയും പേരിലുള്ള വോട്ടുപിടിത്തം, കളവായ പ്രചാരണം, വാഹനങ്ങളുടെ ദുരുപയോഗം, നിശ്ചിത തുകയില്‍ കൂടുതല്‍ ചെലവു നടത്തല്‍, ഗവണ്‍മെന്റുദ്യോഗസ്ഥരുടെയും മറ്റും സഹായം സ്വീകരിക്കല്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പു നിയമമനുസരിച്ച് കുറ്റങ്ങളും അതിനാല്‍ ശിക്ഷാര്‍ഹവുമാണ്. നിയമപ്രകാരമല്ലാത്ത പോസ്റ്ററുകളും നോട്ടീസുകളും മറ്റും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരവും ആറുമാസം വരെയുള്ള തടവോ രണ്ടായിരം രൂപവരെ പിഴയോ ശിക്ഷ ലഭിക്കാവുന്നതുമാണ് (സെക്ഷന്‍-127). വോട്ടിങ് രഹസ്യം പാലിക്കാതിരുന്നാല്‍ മൂന്ന് മാസം വരെയുള്ള തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും (സെക്ഷന്‍-128). തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏതെങ്കിലും സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ ആറ് മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ് (സെക്ഷന്‍-129). വോട്ടിങ് സ്റ്റേഷനു സമീപം തെരഞ്ഞെടുപ്പ് അടയാളങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുക, വോട്ടിങ്ങിനെതിരായോ അനുകൂലമായോ പ്രചാരണം നടത്തുക എന്നിവ കുറ്റകരവും ശിക്ഷാര്‍ഹവും 250 രൂപ വരെ ശിക്ഷ ലഭിക്കാവുന്നതുമാണ്. വോട്ടിങ് സ്ഥലത്ത് അന്യായമായി പ്രവേശിക്കുക, അതിനു സമീപം ഉച്ചഭാഷിണി ഉപയോഗിക്കുക, വാഹനങ്ങളുടെ ദുരുപയോഗം നടത്തുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വീഴ്ച വരുത്തുക, ബാലറ്റ് പേപ്പര്‍ എടുത്തുകൊണ്ടു പോവുക, നാമനിര്‍ദേശ പത്രികയോ നോട്ടീസോ നശിപ്പിക്കുക, ബാലറ്റുപെട്ടി അനധികൃതമായി കൈകാര്യം ചെയ്യുക എന്നിവയെല്ലാം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
ഇന്ത്യന്‍ പീനല്‍ കോഡില്‍ 171എ മുതല്‍ 171ഐ വരെയുള്ള വകുപ്പുകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങളെപ്പറ്റിയുള്ളതാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് ഇന്ത്യന്‍ പീനല്‍ കോഡിലുള്ള കുറ്റങ്ങള്‍ കണക്കാക്കിയാണ് അയോഗ്യത കണ്ടുപിടിക്കുന്നത്. അനര്‍ഹമായ ആനൂകൂല്യങ്ങള്‍, വോട്ടര്‍മാരെ അനര്‍ഹമായി സ്വാധീനിക്കല്‍, ആള്‍മാറാട്ടം, വ്യാജപ്രസ്താവനകള്‍, നിയമവിരുദ്ധമായി പണം കൊടുക്കല്‍, തെരഞ്ഞെടുപ്പു കണക്ക് നല്കാതിരിക്കല്‍ ഇവയെല്ലാം പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റങ്ങളാണ്. തെരഞ്ഞെടുപ്പു സംബന്ധമായ കേസുകള്‍ കേള്‍ക്കുന്നതിന് സിവില്‍ കോടതികള്‍ക്ക് അധികാരമില്ല.
ഇന്ത്യയില്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുക്കുന്നത് 1952-ലെ പ്രസിഡന്‍ഷ്യല്‍ ആന്‍ഡ് വൈസ് പ്രസിഡന്‍ഷ്യല്‍ ആക്റ്റ് അനുസരിച്ചാണ്. ആനുപാതിക പ്രാതിനിധ്യ രീതിയില്‍ മാറ്റം ചെയ്യാന്‍ കഴിയുന്ന ഒറ്റ വോട്ട് സമ്പ്രദായത്തിലാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശം ചെയ്യപ്പെട്ട (നോമിനേറ്റഡ്) മെമ്പര്‍മാര്‍ക്ക് വോട്ടവകാശമില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം സുപ്രീം കോടതിക്കു മാത്രമാണുള്ളത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പു നടത്തുന്നത് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ആണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 54, 55 എന്നിവയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും അടങ്ങുന്ന ഇലക്ടറല്‍ കോളജ് രഹസ്യബാലറ്റിലൂടെയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഉപരാഷ്ട്രപതിയെ പാര്‍ലമെന്റിലെ രണ്ട് സഭകളിലെ അംഗങ്ങളുംകൂടി രഹസ്യബാലറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ അതിനായി പ്രത്യേകം രൂപീകരിച്ചിട്ടുള്ള വാര്‍ഡുകളില്‍നിന്ന് പ്രതിനിധികളെ രഹസ്യ ബാലറ്റ് അനുസരിച്ച് തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ ചേര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പു കേസുകള്‍ പഞ്ചായത്തുകളുടെ അധികാരം ഉള്‍ക്കൊള്ളുന്ന മുന്‍സിഫ് കോടതിയും മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ ബന്ധപ്പെട്ട ജില്ലാ കോടതിയുമാണ് കേള്‍ക്കുന്നത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പു കേസുകള്‍ അസിസ്റ്റന്റ് രജിസ്റ്റ്രാര്‍, രജിസ്റ്റ്രാര്‍, ഹൈക്കോടതി എന്നീ അധികാരസ്ഥാനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അസോസിയേഷനുകള്‍, ക്ളബ്ബുകള്‍, ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു കേസുകള്‍ മുന്‍സിഫ് കോടതികള്‍ കൈകാര്യം ചെയ്യുന്നു.
സമ്മതിദായകപ്പട്ടിക തയ്യാറാക്കുക, അത് പുതുക്കുക, ഭേദഗതി ചെയ്യുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നത് ഇലക്റ്ററല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ആണ്. ആ ഉദ്യോഗസ്ഥന്റെ തീരുമാനം കോടതിയില്‍ ചോദ്യംചെയ്യാന്‍ പാടില്ല. പാര്‍ലമെന്റിന്റെയും അസംബ്ലിയുടെയും കാലാവധി അഞ്ച് കൊല്ലമാണ്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് സ്ഥാനാര്‍ത്ഥികളാകുവാന്‍ ആഗ്രഹിക്കുന്നവരുടെ യോഗ്യതയും അയോഗ്യതയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലോക്സഭയിലേക്ക് സ്ഥാനാര്‍ഥി ആകുവാന്‍ 25 വയസ്സ് പൂര്‍ത്തിയാവുകയും ഇന്ത്യയിലെ ഏതെങ്കിലും പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ വോട്ടറായിരിക്കുകയും മറ്റ് അയോഗ്യതകളില്ലാതിരിക്കുകയും വേണം. രാജ്യസഭയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് പ്രായപരിധി 30 വയസ്സാണ്. അസംബ്ളി സ്ഥാനാര്‍ത്ഥിയാകുന്നതിന് ഇരുപത്തഞ്ചു വയസ്സ് പ്രായപൂര്‍ത്തി ആയിരിക്കുകയും സംസ്ഥാനത്തെ ഏതെങ്കിലും നിയോജക മണ്ഡലത്തിലെ വോട്ടര്‍ ആയിരിക്കുകയും മറ്റ് അയോഗ്യതകള്‍ ഇല്ലാതിരിക്കുകയും വേണം.
തെരഞ്ഞെടുപ്പു ഹര്‍ജി
തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ജനപ്രാതിനിധ്യ നിയമപ്രകാരം നല്കുന്ന പരാതി. സാധാരണ സിവില്‍ കോടതിയുടെ പരിധിയില്‍വരുന്ന പരാതികളില്‍നിന്ന് വ്യത്യസ്തമാണിവ. തെരഞ്ഞെടുപ്പു ഹര്‍ജികള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക ട്രൈബ്യൂണലിനെ നിയമിക്കുകയായിരുന്നു പതിവ്. എന്നാല്‍ 1966-ലെ ഭരണഘടനാഭേദഗതിയിലൂടെ തെരഞ്ഞെടുപ്പു ഹര്‍ജികള്‍ സ്വീകരിക്കാനും വിചാരണ ചെയ്യാനുമുള്ള അധികാരം ഹൈക്കോടതിയില്‍ നിക്ഷിപ്തമാക്കി. ഹൈക്കോടതിവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്.
തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം തെരഞ്ഞെടുപ്പു ഹര്‍ജി സമര്‍പ്പിക്കണം. പരാതിക്കാസ്പദമായ മണ്ഡലത്തിലെ ഏതു വോട്ടര്‍ക്കും തെരഞ്ഞെടുപ്പു ഹര്‍ജി സമര്‍പ്പിക്കാം.
1951-ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് താഴെപ്പറയുന്ന കാരണങ്ങളെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു ഹര്‍ജി സമര്‍പ്പിക്കാവുന്നതാണ്.
1.തെരഞ്ഞെടുപ്പു ദിവസം നിര്‍ദിഷ്ട യോഗ്യത ഇല്ലാത്ത ഒരാളെ ജയിച്ചതായി പ്രഖ്യാപിക്കുക
2.ജയിച്ച സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ ഏജന്റുമാരോ തെരഞ്ഞെടുപ്പു കുറ്റങ്ങളില്‍ ഉള്‍പ്പെടുക
3.നിയമവിരുദ്ധമായി നാമനിര്‍ദേശ പത്രിക നിരസിക്കപ്പെടുക
4.ജയിച്ച സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ക്രമവിരുദ്ധമായിട്ടായിരിക്കുക
5.വോട്ട് സ്വീകരിച്ചതോ തിരസ്കരിച്ചതോ നിയമവിരുദ്ധമായിട്ടായിരിക്കുക
6.അസാധുവായ വോട്ട് സ്വീകരിക്കുക
7.ഭരണഘടനയിലെയോ ജനപ്രാതിനിധ്യ നിയമത്തിലെയോ ഉത്തരവുകള്‍ ലംഘിക്കപ്പെടുക.
ഇതില്‍ ഏതെങ്കിലുമൊരു ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍, ജയിച്ച സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പുഹര്‍ജിയിലെ ആരോപണങ്ങളെ സംബന്ധിച്ച്, സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ആരോപിതമായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പു കുറ്റങ്ങളുടെ നിര്‍വചനമനുസരിച്ച് കൃത്യമായി തെളിയിക്കപ്പെടണം. ആരോപണങ്ങള്‍ സംശയരഹിതമായി തെളിയിക്കാന്‍ ഹര്‍ജിക്കാരന് ബാധ്യതയുണ്ട്. ജയിച്ച സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനുള്ള ഹര്‍ജിയില്‍, ജയിച്ച സ്ഥാനാര്‍ഥി എതിര്‍കക്ഷിയായിരിക്കണം.
എതിര്‍കക്ഷിയായി തെരഞ്ഞെടുപ്പു ഹര്‍ജിയില്‍ പേര് ചേര്‍ത്തിട്ടില്ലാത്ത ഏത് സ്ഥാനാര്‍ഥിക്കും വിചാരണ തുടങ്ങി 14 ദിവസത്തിനകം കക്ഷിചേരാവുന്നതാണ്.
സിവില്‍ വ്യവഹാരത്തില്‍ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണെങ്കിലും തെരഞ്ഞെടുപ്പു ഹര്‍ജിയുടെ നടപടിക്രമത്തെപ്പറ്റി ജനപ്രാതിനിധ്യ നിയമം വ്യക്തമായ സൂചനകള്‍ നല്കുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഒന്നിലധികം ഹര്‍ജികള്‍ ഉണ്ടെങ്കില്‍ അവ ഒറ്റയ്ക്കോ കൂട്ടായോ വിചാരണ ചെയ്യാവുന്നതാണ്. വിചാരണ ആരംഭിച്ചുകഴിഞ്ഞാല്‍ അത് തുടര്‍ച്ചയായി നടത്തണമെന്നും ഹര്‍ജി സമര്‍പ്പിച്ച തീയതി മുതല്‍ 6-മാസത്തിനകം തീര്‍ത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഹൈക്കോടതിയുടെ അനുമതിയോടെ ഹര്‍ജി പിന്‍വലിക്കാം. ഹര്‍ജി പിന്‍വലിച്ച വിവരം ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തേണ്ടതാണ്. ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിയിലെ എല്ലാ കക്ഷികളുടെയും സമ്മതം വേണം. ജയിച്ച സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാകുകയും മറ്റൊരു സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നതിനുള്ള ഹര്‍ജികളിന്മേലുള്ള തീര്‍പ്പ് സങ്കീര്‍ണമാണ്. മറ്റൊരു സ്ഥാനാര്‍ത്ഥി ജയിച്ചതായി പ്രഖ്യാപിക്കുന്നത് ജയിച്ച സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയതിനുശേഷമായിരിക്കണം. ഹര്‍ജിയില്‍ കക്ഷിക്കാരല്ലാത്ത ആരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തുകയാണെങ്കില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണ്. കോടതിയുടെ അന്തിമതീരുമാനം എത്രയുംവേഗം തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. കൂടാതെ ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ ചെയര്‍പേഴ്സണ്‍, സംസ്ഥാന നിയമസഭാ സ്പീക്കര്‍ എന്നിവരെയും അറിയിക്കേണ്ടതുണ്ട്.
ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ നല്കേണ്ടത് സുപ്രീം കോടതിയിലാണ്. ഹൈക്കോടതിവിധിക്കെതിരെ 30 ദിവസത്തിനകം അപ്പീല്‍ നല്കണം. ഹൈക്കോടതിയില്‍നിന്നുതന്നെ സ്റ്റേ വാങ്ങാവുന്നതുമാണ്. സാധാരണ സിവില്‍ നടപടിക്രമങ്ങള്‍ തന്നെയാണ് അപ്പീലിനും ബാധകമായിട്ടുള്ളത്. ജയിച്ച ഒരു സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏതെങ്കിലും കോടതിവിധിയിലൂടെ അസാധുവായി പ്രഖ്യാപിക്കപ്പെടുന്നതുകൊണ്ടുമാത്രം പ്രസ്തുത ഉത്തരവ് നിലവില്‍വരുന്നതുവരെ ആ സാമാജികന്‍ പങ്കെടുത്ത സഭാനടപടികള്‍ക്ക് പ്രാബല്യം നഷ്ടപ്പെടില്ല. മാത്രവുമല്ല, ആ കാലയളവില്‍ സഭാനടപടികളില്‍ പങ്കെടുത്തതിന് പ്രസ്തുത അംഗത്തെ കുറ്റപ്പെടുത്താനുമാവില്ല. അപ്പീലിന്മേല്‍ സുപ്രീം കോടതി അന്തിമമായ തീരുമാനം പ്രഖ്യാപിച്ചാലുടന്‍ തന്നെ പ്രസ്തുത തീരുമാനം രേഖാമൂലം ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളെ അറിയിച്ചിരിക്കണം. ഹൈക്കോടതിവിധിയുടെ കാര്യത്തിലെന്നപോലെ, വിധിയുടെ വിശദാംശങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.
(എന്‍. മോഹന്‍ദാസ്; എന്‍.റ്റി. ഗോപാലന്‍; നേശന്‍ ടി. മാത്യു; സ.പ.)