This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെയ്യാന്‍ പാമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെയ്യാന്‍ പാമ്പ്

Striped keel back

നീര്‍ക്കോലിപ്പാമ്പിനോടു സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പ്. നാട്രിസിഡേ (Natricidae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: അംഫീസ്മാ സ്റ്റൊളാറ്റ (Amphiesma stolata). ദൈവത്താന്‍കുട്ടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ത്യയില്‍ 2000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് സാധാരണ തെയ്യാന്‍ പാമ്പുകളെ കണ്ടുവരുന്നത്. നെല്‍വയലുകള്‍, കുളക്കരകള്‍, ഇടതൂര്‍ന്നു വളരുന്ന പുല്‍മേടുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളാണ് തെയ്യാന്‍ പാമ്പുകളുടെ ഇഷ്ട വാസസ്ഥലം.

തെയ്യാന്‍ പാമ്പ്

40 സെന്റിമീറ്ററാണ് തെയ്യാന്‍ പാമ്പുകളുടെ ശരാശരി നീളം. പെണ്‍പാമ്പുകള്‍ക്ക് 80 സെ.മീ.വരെ നീളമുണ്ടായിരിക്കും. ശരീരത്തിന് ഇളം തവിട്ടോ ഇരുണ്ട തവിട്ടോ നിറമാണ്. തല മുതല്‍ വാല്‍ വരെ ശരീരത്തിന്റെ ഇരു പാര്‍ശ്വങ്ങളിലുമായി മഞ്ഞനിറത്തിലോ മഞ്ഞകലര്‍ന്ന തവിട്ടുനിറത്തിലോ ഉള്ള രണ്ട് വരകള്‍ കാണാം. ശരീരത്തിന്റെ അവസാന പകുതിയില്‍ ഈ വരകള്‍ കൂടുതല്‍ പ്രകടമാണ്. തല ഇളം തവിട്ടുനിറമാണ്; വായയുടെ ചുറ്റിലും കണ്ണുവരെയുള്ള ഭാഗങ്ങളിലും ഇളം മഞ്ഞനിറവും. വായില്‍ 21-24 പല്ലുകളുണ്ട്. തമിഴ്നാടിന്റെ ചില ഭാഗങ്ങളില്‍ കാണുന്ന തെയ്യാന്‍ പാമ്പുകളുടെ കണ്ണുകള്‍ക്കു പിന്നില്‍ വീതിയുള്ള കറുത്ത വരകളുണ്ട്. തെയ്യാന്‍ പാമ്പുകളുടെ ശരീരം മുഴുവന്‍ പരുക്കന്‍ ശല്ക്കങ്ങള്‍കൊണ്ട് ആവരണം ചെയ്തിരിക്കുന്നു.

പകല്‍ സമയങ്ങളിലാണ് തെയ്യാന്‍ പാമ്പുകള്‍ സഞ്ചരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവ പാറയിടുക്കുകളിലോ കുറ്റിക്കാടുകളിലോ മാളങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഉറങ്ങുന്നു.

തവളകളാണ് തെയ്യാന്‍ പാമ്പുകളുടെ മുഖ്യ ആഹാരം. പല്ലികള്‍, ചെറിയ എലികള്‍, പേക്കാച്ചിത്തവളകള്‍ എന്നിവയെയും ഇവ ജീവനോടെ വിഴുങ്ങാറുണ്ട്. തെയ്യാന്‍ പാമ്പുകളെ പിടികൂടിയാല്‍പ്പോലും അപൂര്‍വമായേ ഇവ ഉപദ്രവിക്കാറുള്ളൂ. ഭയപ്പെടുന്ന അവസരത്തില്‍ ഇവ പത്തി വിടര്‍ത്താറുണ്ട്. പത്തി വെള്ളയോ നീലയോ ചുവപ്പോ നിറത്തിലുള്ള ശല്ക്കങ്ങളാല്‍ ആവൃതമാണ്.

തെയ്യാന്‍ പാമ്പുകള്‍ക്ക് പ്രത്യേക പ്രജനനകാലമില്ല. പ്രജനനകാലത്ത് ആറോ അതിലധികമോ ആണ്‍പാമ്പുകള്‍ ഒരു പെണ്‍പാമ്പിനെ അനുഗമിക്കുന്നു. പെണ്‍പാമ്പ് ഒരുസമയം പന്ത്രണ്ടോളം മുട്ടകളിടുന്നു. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഒമ്പതു സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. പ്രാണികള്‍, വാല്‍മാക്രികള്‍, തവളക്കുഞ്ഞുങ്ങള്‍ തുടങ്ങിയവയെ കുഞ്ഞുങ്ങള്‍ ഭക്ഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍