This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃശൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃശൂര്‍

ഠവൃശൌൃ

മധ്യകേരളത്തിലെ ഒരു ജില്ല, കോര്‍പ്പറേഷന്‍, താലൂക്ക്, ജില്ല-താലൂക്ക് ആസ്ഥാന നഗരം. കേരളത്തിന്റെ 'സാംസ്കാരിക തലസ്ഥാനം' എന്നും 'പൂരങ്ങളുടെ നാട്' എന്നും വിശേഷിപ്പിക്കപ്പെടുന്ന തൃശൂരിന്റെ പൂര്‍ണനാമം 'തൃശ്ശിവപേരൂര്‍' എന്നാണ്. തൃശ്ശിവ പേരൂരിന്റെ ചുരുക്കെഴുത്താണ് 'തൃശൂര്‍'. പരമശിവന്റെ പേരുള്ള നഗരം എന്നാണ് തൃശ്ശിവപേരൂരിന് അര്‍ഥം. തൃശൂര്‍ നഗരത്തിന്റെ മുഖമുദ്രയായ വടക്കുന്നാഥക്ഷേത്രവുമായി ബന്ധപ്പെട്ടാണ് 'തൃശ്ശിവപേരൂര്‍' എന്ന നാമം നിഷ്പന്നമായിട്ടുള്ളത്. പ്രാചീന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു തൃശ്ശിവപേരൂര്‍.

ശക്തന്‍ തമ്പുരാന്റെ ഭരണകാലത്താണ് തൃശൂര്‍ നഗരം വികസനത്തിലേക്കും പ്രശസ്തിയിലേക്കും ഉയരുന്നത്. താരതമ്യേന ഉയര്‍ന്ന ഒരു പ്രദേശത്തിനു ചുറ്റുമായി തൃശൂര്‍ നഗരം വ്യാപിച്ചിരിക്കുന്നു. ഇവിടത്തെ വനപ്രദേശം വെട്ടിത്തെളിച്ച് ശക്തന്‍ തമ്പുരാന്‍ നഗരവികസനത്തിനു വഴിയൊരുക്കി. തൃശൂരിന്റെ മുഖ്യ ആകര്‍ഷണമാണ് വടക്കുന്നാഥക്ഷേത്രം. വര്‍ഷംതോറും ക്ഷേത്രാങ്കണത്തില്‍ അരങ്ങേറുന്ന 'തൃശൂര്‍പൂരം' (മേടമാസം) കേരളത്തിനകത്തും പുറത്തും നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

1949 ജൂല. 1-ന് നിലവില്‍വന്ന തൃശൂര്‍ ജില്ലയില്‍ മുന്‍ കൊച്ചി സംസ്ഥാനത്തിലെ തലപ്പിള്ളി, ചിറ്റൂര്‍, തൃശൂര്‍, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, കണയന്നൂര്‍ താലൂക്കുകളും തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കുന്നത്തുനാട്, പറവൂര്‍ എന്നീ താലൂക്കുകളും ഉള്‍പ്പെട്ടിരുന്നു. 1956, 57, 58 വര്‍ഷങ്ങളില്‍ ജില്ലയുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടു. ഇപ്പോള്‍ തലപ്പിള്ളി, ചാവക്കാട്, തൃശൂര്‍, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം എന്നീ അഞ്ച് താലൂക്കുകളിലായി വ്യാപിച്ചിരിക്കുന്ന തൃശൂര്‍ ജില്ലയ്ക്ക് 3,032 ച.കി.മീ. വിസ്തീര്‍ണമുണ്ട്. തീരദേശദൈര്‍ഘ്യം: സു. 50 കി.മീ.; മുനിസിപ്പാലിറ്റികള്‍: 6; കോര്‍പ്പറേഷന്‍: 1, ജനസംഖ്യ: 29,75,440 (2001); അക്ഷാ. വ. 10ബ്ബ 10'-10ബ്ബ 46' നും രേഖാ. കി. 75ബ്ബ 57'-76ബ്ബ 54' നും മധ്യേയാണ് തൃശൂര്‍ ജില്ല വ്യാപിച്ചിരിക്കുന്നത്. അതിരുകള്‍: വ. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കും കി. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കും തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട പൊള്ളാച്ചി താലൂക്കും തെ. എറണാകുളം ജില്ലയില്‍ ഉള്‍പ്പെട്ട കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളും ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കും. പ. ലക്ഷദ്വീപ് കടല്‍. തൃശൂര്‍ ജില്ലയില്‍ ഇപ്പോഴുള്ള (2005) കോര്‍പറേഷന്‍ ആണ് തൃശൂര്‍ നഗരം. ഗുരുവായൂര്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം എന്നിവ മുനിസിപ്പാലിറ്റികളാണ്. ചാവക്കാട്, ചൊവ്വണ്ണൂര്‍, വടക്കാഞ്ചേരി, പഴയന്നൂര്‍, ഒല്ലൂക്കര, പുഴയ്ക്കല്‍, മുല്ലശ്ശേരി, തളിക്കുളം, അന്തിക്കാട്, ചേര്‍പ്പ്, കൊടകര, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍, മതിലകം, കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി എന്നിവയാണ് ജില്ലയില്‍ ഉള്‍പ്പെടുന്ന ബ്ളോക്കുകള്‍. ജില്ലയിലെ പ്രസിദ്ധമായ ടൌണ്‍ഷിപ്പാണ് ഗുരുവായൂര്‍. ഇന്ത്യയിലെ ജില്ലകളില്‍ വിസ്തൃതിവച്ചുനോക്കുമ്പോള്‍ തൃശൂര്‍ ജില്ലയ്ക്ക് 66-ാം സ്ഥാനമാണ്; കേരളത്തില്‍ 4-ാം സ്ഥാനവും.

1. ഭൂപ്രകൃതി. കേരളത്തിന്റെ പൊതുഭൂവിഭാഗ സവിശേഷതകള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ജില്ലയാണ് തൃശൂര്‍. പശ്ചിമഘട്ടനിരകളുടെ ഭാഗമായ മലനാടിന് സമുദ്രനിരപ്പില്‍ നിന്ന് 1,220 മീ.-ലധികം ഉയരമുണ്ട്. മച്ചാട്, പറവത്താണി, പലപ്പിള്ളി, കൊടശ്ശേരി, അതിരപ്പിള്ളി എന്നിവയാണ് ഈ പ്രദേശത്തുള്ള മുഖ്യ മലനിരകള്‍. തുടര്‍ച്ചയായ മലനിരകള്‍ക്കു പുറമേ ഒറ്റപ്പെട്ട ചില കുന്നുകളും ഇവിടെയുണ്ട്. ചെങ്കുത്തായ നിരവധി താഴ്വരകളും നിബിഡവനങ്ങളും ഈ പ്രദേശത്തു കാണാം. ഏതാനും പീഠപ്രദേശങ്ങളും ഇവിടെയുണ്ട് (ഉദാ. പറവത്താണി നിരയിലെ വെള്ളാനി). ഏകദേശം 30 ഗിരിശൃംഗങ്ങള്‍ തൃശൂര്‍ ജില്ലയിലുണ്ട്. ഇവയില്‍ മുകുന്ദപുരം താലൂക്കിന്റേയും പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിന്റേയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കരിമല ഗോപുരമാണ് (1,439 മീ.) ഏറ്റവും ഉയരം കൂടിയത്. വിറപ്പിള്ളികുന്ന്, പന്തോളംമല, മുടിയന്‍പാറ, കാഞ്ചിലക്കുന്ന്, മുക്കോട്ടുമുടി, വാല്‍വരമല തുടങ്ങിയവയാണ് ഉയരംകൂടിയ മറ്റു കൊടുമുടികള്‍. മലനിരകളിലെ വനങ്ങളില്‍ തേക്ക്, എബണി, ഇരുള്‍ തുടങ്ങിയ വാണിജ്യമൂല്യമുള്ള വൃക്ഷങ്ങളും വിവിധയിനം പുഷ്പസസ്യങ്ങളും സമൃദ്ധമായി വളരുന്നു.

മലനാടിന് പ. ഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിവുമാനം കുറഞ്ഞ ഇടനാട് പ്രദേശത്തിന് പൊതുവേ സമതല പ്രകൃതിയാണുള്ളത്; ഒറ്റപ്പെട്ട കുന്നുകളും അപൂര്‍വമല്ല. ജില്ലയിലെ മുഖ്യ കാര്‍ഷിക മേഖലയായ ഇവിടെ നെല്ല്, തെങ്ങ്, കവുങ്ങ്, മാവ്, പ്ളാവ് എന്നിവയൊക്കെ സമൃദ്ധമായി വളരുന്നു. പ. കായലുകള്‍ വരെ വ്യാപിച്ചിരിക്കുന്ന ഈ പ്രദേശത്തെ സമൃദ്ധമായ എക്കല്‍ മണ്ണ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. നദികളാണ് ഈ പ്രദേശത്തെ മുഖ്യജലസേചനോപാധികള്‍. നദീജന്യ സില്‍റ്റും എക്കലും അടിഞ്ഞ് കായലുകള്‍ക്കും തീരദേശത്തിനും മധ്യേ രൂപംകൊണ്ടിരിക്കുന്ന ഭൂഭാഗം മണപ്പുറം എന്നറിയപ്പെടുന്നു. കൊടുങ്ങല്ലൂരിനും ചേറ്റുവായ്ക്കും മധ്യേയാണ് ഈ ഭൂഭാഗം അവസ്ഥിതമായിട്ടുള്ളത്. മണപ്പുറത്തിന്റെ പലഭാഗങ്ങളിലും മണ്‍സൂണ്‍കാലത്ത് വെള്ളക്കെട്ടുണ്ടാകുന്നത് സാധാരണമാണ്.

തൃശൂര്‍ ജില്ലയുടെ കടലോര ദൈര്‍ഘ്യം സു. 50 കി.മീ. ആണ്. ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളുടെ പശ്ചിമാതിര്‍ത്തിയായി വര്‍ത്തിക്കുന്ന തീരപ്രദേശം വ. പുന്നയൂര്‍ക്കുളത്തുനിന്നാരംഭിച്ച് തെ. അഴിക്കോട് വരെ വ്യാപിച്ചിരിക്കുന്നു. കായലും കടലുമായി സമ്മേളിക്കുന്ന കൊടുങ്ങല്ലൂര്‍ (അഴീക്കല്‍), ചേറ്റുവാ പ്രദേശങ്ങളില്‍ ചെറുകപ്പലുകള്‍ക്ക് അടുക്കുവാനുള്ള സൌകര്യമുണ്ട്. പ്രാചീന കേരളത്തിലെ വാണിജ്യപ്രാധാന്യമുള്ള തുറമുഖങ്ങളില്‍ ഒന്നായിരുന്നു കൊടുങ്ങല്ലൂര്‍ (മുസിരിസ്). പുല്ലൂട്ട്, വലിയ പണിക്കന്‍തുരുത്ത്, അരിമ്പൂര്‍, പുള്ളി എന്നിവ തൃശൂര്‍ ജില്ലയിലെ പ്രധാന ദ്വീപുകളാണ്. മിക്ക ദ്വീപുകളേയും പാലങ്ങളും റോഡുകളും വഴി പ്രധാന കരയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

2. ഭൂവിജ്ഞാനം. ആര്‍ക്കിയന്‍ നീസും ക്രിസ്റ്റലീകൃത ഷിസ്റ്റുമാണ് ജില്ലയില്‍ കാണപ്പെടുന്ന പ്രധാന ശിലാസമൂഹങ്ങള്‍. ആര്‍ക്കിയന്‍ ശിലകളുടെ അവസ്ഥിതിയാണ് വളരെ കൂടുതല്‍. ഇവയില്‍ നീസ്, ചാര്‍ണക്കൈറ്റ്, ഡൈക്ക് എന്നിവ പശ്ചിമഘട്ട നിരകളില്‍ കൂടുതല്‍ കാണപ്പെടുന്നു.

തൃശൂര്‍ ജില്ലയിലെ വില്‍വട്ടം, കുറുമാലിക്കുന്ന് തുടങ്ങിയ ഇടങ്ങളില്‍ ലെപ്റ്റിനൈറ്റ് ശില കാണപ്പെടുന്നു. ഇളംനിറത്തിലുള്ള ഈ ശിലയില്‍ പ്രധാനമായി ക്വാര്‍ട്സ്, ഫെല്‍സ്പാര്‍ എന്നിവയ്ക്കുപുറമേ ചെറിയ അളവില്‍ ഗാര്‍നെറ്റും അടങ്ങിയിരിക്കുന്നു. പട്ടിക്കാട്, പീച്ചി എന്നിവിടങ്ങളില്‍ റോസ് നിറത്തിലുള്ള ഫെല്‍സ്പാറും ആംഫിബോളുമടങ്ങിയ ഗ്രാനൈറ്റ് നീസ് കാണാം. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ പ്രദേശങ്ങളിലും ഗ്രാനൈറ്റ് നീസിന്റെ അവസ്ഥിതി നിര്‍ണയിച്ചിട്ടുണ്ട്. ചാര്‍ണക്കൈറ്റാണ് തൃശൂര്‍ ജില്ലയില്‍ കാണപ്പെടുന്ന മറ്റൊരു പ്രധാന ശില. ഉരുകുമ്പന്‍കുട്ടി, വാണിയമ്പാറ, പള്ളാച്ചിവെല്ലം, ദേശമംഗലം എന്നിവിടങ്ങളില്‍ വിഭിന്ന ചാര്‍ണക്കൈറ്റ് ശിലാസഞ്ചയങ്ങള്‍ അവസ്ഥിതമായിരിക്കുന്നു. തളിക്കാടുകുന്ന്, ആമാടം, ഊരകം, ഇളംകുന്നി, ആറാട്ടുപുഴ, നെടുംപാല്‍, കല്ലേറ്റുംകര തുടങ്ങിയ പ്രദേശങ്ങളില്‍ ഡൈക്കുകളും തലേക്കോടന്‍കുന്ന്, നറോക്കാട്കുന്ന്, മുരോക്കാട്ടകുന്ന്, കോഴിര്കുള്ളി, വേത്തിക്കാട്, പാരളം, പാകോട്, വെണ്ടൂര്‍, വരന്തരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ ഡോളറൈറ്റ് ശിലകളും കണ്ടെത്തിയിട്ടുണ്ട്.

3. മണ്ണിനങ്ങള്‍. പ്രധാനമായും നാലിനം മണ്ണാണ് തൃശൂര്‍ ജില്ലയിലുള്ളത്; മണല്‍, എക്കല്‍ മണ്ണ്, ചെമ്മണ്ണ് വനപ്രദേശ മണ്ണ്. തീരദേശ താലൂക്കുകളായ കൊടുങ്ങല്ലൂരിലും ചാവക്കാട്ടുമാണ് മണല്‍ ഏറ്റവും കൂടുതലുള്ളത്. തൃശൂര്‍, മുകുന്ദപുരം താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിലും ചാവക്കാട് താലൂക്കിന്റെ ചില ഭാഗങ്ങളിലും 'കോള്‍' എന്നറിയപ്പെടുന്ന ഒരിനം എക്കല്‍ മണ്ണ് കാണപ്പെടുന്നു. ജൈവാംശം, നൈട്രജന്‍, പൊട്ടാഷ് എന്നിവയാല്‍ സമ്പുഷ്ടമായ ഈ മണ്ണില്‍ കാല്‍സിയത്തിന്റേയും ഫോസ്ഫറസിന്റേയും അളവ് വളരെ കുറവാണ്. തൃശൂര്‍, തലപ്പിള്ളി, മുകുന്ദപുരം താലൂക്കുകളുടെ മധ്യഭാഗത്താണ് ചെങ്കല്ലു പൊടിഞ്ഞ മണ്ണ് കാണപ്പെടുന്നത്. ഇരുമ്പിന്റേയും അലൂമിനിയത്തിന്റേയും ഓക്സൈഡുകളാല്‍ സമ്പുഷ്ടമാണ് ചെമ്മണ്ണ്. വനപ്രദേശങ്ങളിലെ സസ്യാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് വനപ്രദേശമണ്ണ് രൂപംകൊള്ളുന്നത്. ജില്ലയിലെ തലപ്പിള്ളി, മുകുന്ദപുരം, തൃശൂര്‍ താലൂക്കുകളുടെ പൂര്‍വഭാഗത്ത് വനപ്രദേശമണ്ണ് വ്യാപകമായി കാണപ്പെടുന്നു.

4. ജലസമ്പത്ത്. നദികള്‍, കായലുകള്‍, തടാകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജില്ലയുടെ ജലസമ്പത്ത്. കേരളത്തിലെ മുഖ്യനദികളായ ഭാരതപ്പുഴയും പെരിയാറും യഥാക്രമം ജില്ലയുടെ ഉത്തര, ദക്ഷിണാതിര്‍ത്തികളിലൂടെ കുറച്ചുദൂരം ഒഴുകുന്നു. കേച്ചേരിപുഴ, കരുവന്നൂര്‍പുഴ, ചാലക്കുടിപുഴ, വിയ്യൂര്‍പുഴ തുടങ്ങിയവയാണ് ഈ ജില്ലയിലെ നദികള്‍.

ജില്ലയിലെ എല്ലാ നദികളും കിഴക്കന്‍ മലനിരകളില്‍നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറേക്കൊഴുകുന്നവയാണ്. തൃശൂരിന്റെ ഉത്തരാതിര്‍ത്തിയിലൂടെ സു. 40 കി.മീ. ഒഴുകുന്ന ഭാരതപ്പുഴയില്‍ ജില്ലയ്ക്കുള്ളിലെ വനാന്തരങ്ങളില്‍നിന്ന് ഉദ്ഭവിക്കുന്ന അനവധി ആറുകള്‍ ജലമെത്തിക്കുന്നു. പഴയന്നൂര്‍പുഴ, ഗായത്രിപ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്ന ചീരക്കുഴിപുഴ തിരുവില്വാമലയ്ക്കടുത്തുവച്ചാണ് ഭാരതപ്പുഴയില്‍ ചേരുന്നത്.

ചാലക്കുടിപ്പുഴയാണ് തൃശൂര്‍ ജില്ലയിലെ പ്രധാന നദി. പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി കുന്നാണ് ഇതിന്റെ ഉദ്ഭവസ്ഥാനം. ഷോളയാര്‍, പറമ്പിക്കുളം, കുരിയാര്‍ (തേക്കടി), കാരാപാറ, ആനക്കയം എന്നിവ ഇതിന്റെ പ്രധാന പോഷകനദികളാണ്. കൊടുങ്ങല്ലൂരിന് 10 കി.മീ. അകലെ ഏലന്തിക്കരയില്‍ വച്ച് ഈ നദി പെരിയാറിന്റെ വലതുശാഖയുമായി സംഗമിക്കുന്നു.

വടക്കാഞ്ചേരിപ്പുഴ എന്നറിയപ്പെടുന്ന കേച്ചേരിപുഴ മച്ചാട് കുന്നുകളില്‍നിന്നുദ്ഭവിച്ച് പടിഞ്ഞാറേക്കൊഴുകി ചേറ്റുവാ കായലില്‍ പതിക്കുന്നു (43 കി.മീ.). മണലി, കുരുമാലി പുഴകള്‍ ആറാട്ടുപുഴയ്ക്കടുത്തു സംഗമിച്ച് ഉണ്ടാകുന്നതാണ് കരുവന്നൂര്‍ പുഴ. പതനസ്ഥാനത്തോടടുത്ത് രണ്ടായി പിരിയുന്ന കരുവന്നൂര്‍ പുഴയുടെ ഒരു ശാഖ മനക്കോടി തടാകത്തിലും മറ്റേ ശാഖ ചേറ്റുവാ കായലിലുമാണ് നിപതിക്കുന്നത്. സു. 65 കി.മീ. ആണ് ഇതിന്റെ ദൈര്‍ഘ്യം. സു. 24 കി.മീ. നീളമുള്ള വിയ്യൂര്‍പുഴ മച്ചാട്-പറവത്താനി കുന്നുകളില്‍നിന്നുദ്ഭവിച്ച് ഏനാമാക്കല്‍ തടാകത്തില്‍ പതിക്കുന്നു.

തൃശൂര്‍ ജില്ലയുടെ തീരദേശത്തിനു സമാന്തരമായി സ്ഥിതിചെയ്യുന്ന കായലുകളെല്ലാം തോടുകള്‍ മുഖേന പരസ്പരം ബന്ധിതമാണ്. ചില നദികളുടെ പതനസ്ഥാനംകൂടിയാണ് ഈ കായലുകള്‍. കൊടുങ്ങല്ലൂര്‍, ചേറ്റുവാ എന്നിവിടങ്ങളില്‍ കായലുകള്‍ കടലുമായി സന്ധിക്കുന്നു. വടകര മുതല്‍ തിരുവനന്തപുരം വരെയുള്ള ജലഗതാഗതശൃംഖലയുടെ ഭാഗമായ ഈ കായലുകള്‍ എല്ലാ കാലങ്ങളിലും നാടന്‍ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഗതാഗതസൌകര്യമൊരുക്കുന്നു.

തൃശൂര്‍ താലൂക്കിലെ ഏനാമാക്കല്‍, മനക്കോടി, മുകുന്ദപുരം താലൂക്കിലെ മുറിയാട്, തലപ്പള്ളി താലൂക്കിലെ കറ്റക്കാംപല്‍ എന്നിവയാണ് ജില്ലയിലെ പ്രധാന ശുദ്ധജല തടാകങ്ങള്‍. ഏനാമാക്കല്‍, മനക്കോടി തടാകങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇവയെ ഒറ്റ ജലാശയ ശൃംഖലയായാണ് പരിഗണിക്കുന്നത്. കരുവന്നൂര്‍, വിയ്യൂര്‍, വടക്കാഞ്ചേരി പുഴകള്‍ ജലമെത്തിക്കുന്ന ഈ തടാകശൃംഖലയ്ക്ക് സു. 64.75 ച.കി.മീ. വിസ്തൃതിയുണ്ട്. ഏനാമാക്കല്‍, കാരാംചിറ എന്നിവിടങ്ങളില്‍ വച്ച് ഈ തടാകങ്ങള്‍ കായലുകളുമായി സന്ധിക്കുന്നു. ഈ പ്രദേശങ്ങളില്‍ ചിറകെട്ടി ഓരുവെള്ളം തടഞ്ഞാണ് കാര്‍ഷിക ജലസേചന സൌകര്യമൊരുക്കുന്നത്. വേനല്‍ക്കാലത്ത് പൂര്‍ണമായും വറ്റിപ്പോകുന്നതിനാല്‍ ഈ കാലയളവില്‍ തടാകതടത്തിനുള്ളിലും കൃഷിസാധ്യമാകുന്നു. താരതമ്യേന വലുപ്പം കുറഞ്ഞ തടാകമാണ് മുറിയാട്. ചെറുനദികളാല്‍ ജലസേചിതമാകുന്ന ഈ തടാകത്തിലെ അധികജലം വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകി കരുവന്നൂര്‍ പുഴയിലെത്തുക പതിവാണ്. ഏനാമാക്കല്‍ തടാകത്തിലേതുപോലെ ഇവിടെയും വേനല്‍ക്കാലത്ത് കൃഷി സാധ്യമാകുന്നു. വിസ്തൃതമായ കറ്റക്കാംപല്‍ ജലാശയത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ തൃശൂര്‍ ജില്ലയിലുള്‍പ്പെടുന്നുള്ളൂ; ബാക്കി ഭാഗം പാലക്കാട് ജില്ലയിലാണ്. നെല്‍കൃഷിക്ക് ഈ തടാകവും വിനിയോഗിക്കുന്നുണ്ട്.

പൊന്നാനി, കനോലി, ഷണ്‍മുഖം, പുത്തന്‍തോട് എന്നിവയാണ് തൃശൂര്‍ ജില്ലയിലെ ഗതാഗത-ജലസേചന പ്രാധാന്യമുള്ള കനാലുകള്‍. പൊന്നാനിയില്‍നിന്നാരംഭിച്ച് ചേറ്റുവാ കായലില്‍ അവസാനിക്കുന്ന പൊന്നാനി കനാലിന്റെ സു. 8 കി.മീ. ഈ ജില്ലയ്ക്കുള്ളിലാണ്. ഏകദേശം 13. കി.മീ. നീളമുള്ള കനോലി കനാല്‍ കാരന്‍ചിറപ്പുഴയില്‍നിന്ന് ശാഖപിരിഞ്ഞ് വള്ളിവട്ടത്തിനടുത്തു വച്ച് കായലുമായി സന്ധിക്കുന്നു. കനോലി കനാലിന്റെ ശാഖയായ ഷണ്‍മുഖം കനാല്‍ (സു. 6.5 കി.മീ.) ഇരിങ്ങാലക്കുടയില്‍ അവസാനിക്കുന്നു. കരുവന്നൂര്‍ പുഴയില്‍ നിന്നാരംഭിച്ച് തൃശൂര്‍ വരെയെത്തുന്ന പുത്തന്‍തോടിന് സു. 15. കി.മീ. നീളമുണ്ട്. ഇവ കൂടാതെ സു.1.5 കി.മീ. നീളമുളള ഹെര്‍ബെര്‍ട്, 4 കി.മീ.ഓളം നീളമുള്ള ഒരു വെള്ളപ്പൊക്കസുരക്ഷാകനാല്‍ എന്നിവയും മറ്റനവധി ചെറു ജലസേചന കനാലുകളും തൃശൂര്‍ ജില്ലയിലുണ്ട്. മഴക്കാലത്ത് കരുവന്നൂര്‍ പുഴയിലെ അധികജലം മനക്കോടി, മുറിയാട് തടാകങ്ങളിലെത്തിക്കുകയാണ് ഹെര്‍ബര്‍ട് കനാലിന്റേയും വെള്ളപ്പൊക്കസുരക്ഷാകനാലിന്റേയും മുഖ്യധര്‍മം.

5. ജൈവസമ്പത്ത്. പശ്ചിമഘട്ടം മുതല്‍ ലക്ഷദ്വീപ് കടല്‍ വരെ വ്യാപിച്ചിരിക്കുന്ന തൃശൂര്‍ ജില്ലയുടെ ഭൂപ്രകൃതിക്കും ഉയരവിന്യാസത്തിനും അനുസൃതമാണ് ഇവിടത്തെ ജൈവ വൈവിധ്യം. മലനിരകള്‍ വന്യമൃഗങ്ങളുടേയും പക്ഷികളുടേയും ആവാസകേന്ദ്രങ്ങളാണ്. ഇടനാട് പ്രദേശത്ത് പ്രധാനമായും ചെറുസസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയെ കാണാം. വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്തും നീര്‍പക്ഷികളും മറ്റു ചെറുമൃഗങ്ങളും തീരപ്രദേശത്തിന്റെ പ്രത്യേകതയാണ്. കരിങ്കുരങ്ങ്, വെള്ളക്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, കാട്ടുപൂച്ച, കാട്ടുമാക്കാന്‍, വെരുക്, മരപ്പട്ടി, കീരി, കുറുക്കന്‍, ചെന്നായ്, കരടി, നീര്‍നായ്, കാട്ടുപോത്ത്, മ്ളാവ്, കലമാന്‍, പുള്ളിമാന്‍, കേഴമാന്‍, കാട്ടുപന്നി, അളുങ്ക്, എലി, പന്നി, അണ്ണാന്‍, തുരപ്പന്‍, കാട്ടുമുയല്‍, വാവല്‍, നരിച്ചീര്‍ എന്നിവയും ജില്ലയില്‍ കാണപ്പെടുന്ന ജന്തുക്കളാണ്. കേരളത്തിലെ മിക്കവാറും എല്ലാ പക്ഷികളും തൃശൂര്‍ ജില്ലയില്‍ കാണപ്പെടുന്നുണ്ട്. കാക്ക, ഓലഞാലി, കാക്കത്തമ്പുരാട്ടി, കരിയിലപ്പക്ഷി, വണ്ണാത്തിക്കിളി, തുന്നാരന്‍ പക്ഷി, മഞ്ഞക്കിളി, മൈന, കാട്ടുമൈന, മരംകൊത്തി, കൊറ്റി, കുരുവി, കുയില്‍, ഉപ്പന്‍, തത്ത, പൊന്മാന്‍, വേഴാമ്പല്‍, കൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത്, കരിമ്പരുന്ത്, പ്രാപ്പിടിയന്‍, കഴുകന്‍, മൂങ്ങ, നത്ത്, കൊല്ലി, കുറുവന്‍, കാട്ടുമൂങ്ങ, പ്രാവ്, കാട്ടുകോഴി, കാട, കുളക്കോഴി, എരണ്ട, താറാവ് തുടങ്ങിയവ ജില്ലയില്‍ സാധാരണ കാണപ്പെടുന്ന പക്ഷികളാണ്.

പലതരം ഉരഗങ്ങളും ജില്ലയിലുണ്ട്. പാമ്പുകള്‍, ചീങ്കണ്ണി, ആമ, ഓന്ത്, മരയോന്ത്, അരണ, ഉടുമ്പ് എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്. നിരവധിയിനം പാമ്പുകള്‍ ഈ ജില്ലയിലുണ്ട്. മൂര്‍ഖന്‍, കരിനാഗം, ശംഖുവരയന്‍, ചേനത്തണ്ടന്‍, അണലി എന്നീ വിഭാഗങ്ങളില്‍പ്പെട്ട വിഷപ്പാമ്പുകളാണ് കൂടുതല്‍ കാണപ്പെടുന്നത്. വിഷമുള്ള കടല്‍പ്പാമ്പുകളേയും ഇവിടത്തെ തീരദേശക്കടലില്‍ കണ്ടെത്തിയിട്ടുണ്ട്. പെരുമ്പാമ്പ്, ചേര, നീര്‍ക്കോലി, പുളവന്‍, കാക്കോത്തിപ്പാമ്പ്, പച്ചിലപ്പാമ്പ്, കോഴിപ്പാമ്പ്, ഇരുതലപ്പാമ്പ് തുടങ്ങിയ വിഷം കുറഞ്ഞയിനങ്ങളും കരഭാഗത്ത് കാണപ്പെടുന്നു. ഉഭയജീവികളില്‍ തവളയ്ക്കാണ് പ്രാമുഖ്യം.

വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്തിനാല്‍ സവിശേഷമാണ് തൃശൂര്‍ ജില്ലയുടെ തീരക്കടല്‍. ചാള, മത്തി, അയല, നെയ്മീന്‍, ചൂര, കണമ്പ്, മാളന്‍, ആവോലി, തിരണ്ടി തുടങ്ങി ഒട്ടനവധി മത്സ്യയിനങ്ങള്‍ ഇവിടത്തെ തീരദേശക്കടലില്‍നിന്ന് ലഭിക്കുന്നു. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തില്‍ കൊഞ്ച്, കണമ്പ്, മാളന്‍, തിലാപ്പിയ തുടങ്ങിയവയ്ക്കാണ് പ്രാമുഖ്യമുളളത്.

ഭൂപ്രകൃതിക്കനുസൃതമായ സസ്യജാലമാണ് തൃശൂര്‍ ജില്ലയിലേത്. ചെമ്പകം, അത്തി, കറുവ, നിലംപുന്ന, മന്ദാരം, പുളി, അരണ മരം, അശോകം, രാജമല്ലി, വാക, കൊന്ന, തകര, വയണ, കഴഞ്ചി, മൈലാഞ്ചി, അരിവേലം, അരളി, മഞ്ചാടി, തൊട്ടാവാടി, ഈഞ്ച, വേങ്ങ, പൊങ്ങ്, മുതിര, മുരിക്ക്, കുന്നി, കാറ്റാടി, പ്ളാവ്, അയണി, അക്കേഷ്യ, മരോട്ടി, നീര്‍മാതളം, കുമ്പളം, പേര, ഈട്ടി, പൊന്നാംവള്ളി, കാഞ്ഞിരം, വേപ്പ്, മുള, തേക്ക് തുടങ്ങിയവ ഇവയിലുള്‍പ്പെടുന്നു.

രണ്ട് വന്യമൃഗസങ്കേതങ്ങള്‍ ജില്ലയിലുണ്ട്: പീച്ചി-വാഴാനിയും ചിമ്മിണിയും. 1958-ല്‍ സ്ഥാപിതമായ പീച്ചി-വാഴാനി വന്യമൃഗ സങ്കേതത്തിന് 125 ച. കി.മീ. വിസ്തീര്‍ണമുണ്ട്. 1984-ല്‍ സ്ഥാപിതമായ ചിമ്മിണി വന്യമൃഗസങ്കേതത്തിന്റെ വിസ്തീര്‍ണം 85 ച.കി.മീ. ആണ്. കേന്ദ്ര പരിസ്ഥിതി-വനമന്ത്രാലയത്തിന്റെ കീഴിലുള്ള വനവത്കരണ-പരിസ്ഥിതി സംരക്ഷണ പദ്ധതികളില്‍ തൃശൂര്‍ ജില്ലയിലെ പുലാക്കോട്, ചേലക്കര പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

6. കാലാവസ്ഥ. ഈര്‍പ്പഭരിതമായ ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ് തൃശൂര്‍. ഡി.-ല്‍ ആരംഭിക്കുന്ന വരണ്ട കാലം ഫെ.-ല്‍ അവസാനിക്കുന്നു. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് വേനല്‍ക്കാലം. ജൂണ്‍-സെപ്. കാലയളവില്‍ മണ്‍സൂണില്‍നിന്നും, ഒ.-ന. മാസങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ വടക്കു കിഴക്കന്‍ മണ്‍സൂണില്‍ നിന്നും മഴ ലഭിക്കുന്നു. ഫെ.-യോടെ താപനിലയിലുണ്ടാകുന്ന വര്‍ധനവ് മാ., ഏ. മാസങ്ങള്‍ കഴിഞ്ഞ് മേയ് മധ്യം വരെ നീളുന്നു. തുടര്‍ന്നു വരുന്ന മണ്‍സൂണ്‍ കാലത്താണ് ജില്ലയില്‍ പരമാവധി മഴ (സു. 70 ശ.മാ.) ലഭിക്കുന്നത്. ചൂടുകാലത്ത് തീരപ്രദേശങ്ങളില്‍ 32ബ്ബഇ-ഉം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 37ബ്ബഇ-ഉം ശ.ശ. ദൈനിക താപനില അനുഭവപ്പെടുന്നു. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ.3,000 മി.മീ. ആണ്.

കക. ജനങ്ങളും ജീവിതരീതിയും.

1. ജനവിതരണം. 2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജില്ലകളില്‍ ജനസംഖ്യയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്നത് തൃശൂര്‍ ആണ്; ദേശീയാടിസ്ഥാനത്തില്‍ 89-ാം സ്ഥാനം. ജനസാന്ദ്രത: 981/ച.കി.മീ., ജനസംഖ്യാ വര്‍ദ്ധനനിരക്ക്: 8.7. ജില്ലയിലെ ജനങ്ങളില്‍ 14,22,047 പേര്‍ പുരുഷന്‍മാരും 15,53,393 പേര്‍ സ്ത്രീകളുമാണ്. പുരുഷന്മാരുടെ സാക്ഷരത അടിസ്ഥാനമാക്കുമ്പോള്‍ തൃശൂര്‍ ജില്ലയ്ക്ക് സംസ്ഥാനതലത്തില്‍ ഏഴാമത്തേയും ദേശീയ തലത്തില്‍ പത്താമത്തേയും സ്ഥാനമാണുള്ളത്. സ്ത്രീ സാക്ഷരതയുടെ കാര്യത്തില്‍ ഇത് യഥാക്രമം 5-ഉം 8-ഉം ആണ്.

സംസ്ഥാനത്തെ മൊത്തം ജനങ്ങളിലെ 9.34 ശ.മാ. തൃശൂര്‍ ജില്ലയില്‍ വസിക്കുന്നു. ജില്ലയുടെ മൊത്തം ജനസംഖ്യയുടെ 70.21 ശ.മാ. പട്ടണവാസികളാണ്. 1991-ലെ കണക്കു പ്രകാരം മൊത്തം ജനങ്ങളി(27,37,311)ല്‍ 20,17,095 പേര്‍ ഗ്രാമങ്ങളിലും. 7,20,216 പേര്‍ പട്ടണങ്ങളിലും നിവസിച്ചിരുന്നു.

2. വിദ്യാഭ്യാസം. തൃശൂര്‍ ജില്ല വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വേദപഠനത്തിനായി തുടങ്ങിവെച്ച ബ്രഹ്മസ്വം മഠത്തിന് നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാം. കടവല്ലൂര്‍ അന്യോന്യം ഇതിലെ ഉന്നത പരീക്ഷയാണ്. സാഹിത്യ- വിജ്ഞാനരംഗങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളരിയാണ് കൊടുങ്ങല്ലൂര്‍ കളരി. ഒട്ടേറെ പണ്ഡിതന്മാരുടെ ഭവനങ്ങള്‍ വിദ്യാനികേതനങ്ങളായിരുന്നു. താഴേക്കാട്ട് പൊതുവാള്‍ ഭവനം, മുണ്ടോളി പാപ്പാത്ത് നമ്പ്യാര്‍ ഭവനം, കോമരത്ത് അമ്മുണ്ണി മേനോന്‍ ഭവനം എന്നിവ സ്മരണീയം. സംസ്കൃതപഠനത്തിന് കുരിയാക്കു മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാലയം നിരവധി പണ്ഡിതര്‍ക്കും സംസ്കൃത പ്രണയികളായ വിദ്യാര്‍ത്ഥികള്‍ക്കും അഭയകേന്ദ്രമായി.

ആരുര്‍ അടിതിരിയാണ് തൃശൂരില്‍ സംസ്കൃതപഠനത്തിന് പുതിയ ഉത്തേജനം നല്‍കിയത്. ആ പാരമ്പര്യം കൈക്കുളങ്ങര രാമവാരിയര്‍, ആറ്റൂര്‍ കൃഷ്ണപിഷാരടി, കെ.പി. നാരായണപിഷാരടി, വാസുദേവന്‍ ഇളയത്, കുരിയാക്കു മാസ്റ്റര്‍ എന്നിങ്ങനെയുള്ളവരിലൂടെ അടുത്തകാലം വരെ നിലനിന്നു. സംസ്കൃത സര്‍വകലാശാലയുടെ ഒരു കേന്ദ്രം ഇന്ന് തൃശൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദേശീയാടിസ്ഥാനത്തില്‍ സാക്ഷരതയില്‍ 9-ാം സ്ഥാനത്തു നില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ 2001-ലെ കണക്കനുസരിച്ച് 92.56 ശ.മാ. സാക്ഷരതാനിരക്ക് രേഖപ്പെടുത്തി. പുരുഷന്മാരില്‍ 95.47 ശ.മാ.വും സ്ത്രീകളില്‍ 89.94 ശ.മാ.വും സാക്ഷരരാണ്. 2001-ലെ കണക്കനുസരിച്ച് ജില്ലയിലെ 24,56,081 പേര്‍ സാക്ഷരരായിരുന്നു (പു-12,00,247, സ്ത്രീ-12,55,834).

1886-ല്‍ സ്ഥാപിതമായ മണ്ണുത്തി ലോവര്‍ പ്രൈമറി സ്കൂള്‍, 1896-ല്‍ സ്ഥാപിതമായ സെയ്ന്റ് ആന്റണീസ് സ്കൂള്‍ എന്നിവയാണ് ജില്ലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആധുനിക വിദ്യാഭ്യാസരംഗത്ത് നൂറുവര്‍ഷം പിന്നിട്ട സി.എം.എസ്. സ്കൂള്‍, സെയ്ന്റ് തോമസ് സ്കൂള്‍, ഈ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ തുടങ്ങിയ സെയ്ന്റ് തോമസ് കോളേജ് (1919) എന്നിവ നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയാണ്. ഇപ്പോള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്കൂള്‍തലം വരെയുള്ള മൊത്തം 1002 സ്കൂളുകളെ 257 സര്‍ക്കാര്‍, 708 സ്വകാര്യ എയ്ഡഡ്, 37 സ്വകാര്യ അണ്‍ എയ്ഡഡ് എന്നിങ്ങനെ തരം തിരിക്കാം. കേരളപാഠ്യപദ്ധതിയില്‍ പെടാത്ത 28 സി.ബി.എസ്.ഇ. സ്കൂളുകള്‍, മൂന്ന് ഐ.സി.എസ്. ഇ. സ്കൂളുകള്‍, ഒരു കേന്ദ്രീയ വിദ്യാലയം, ഒരു ജവാഹര്‍ നവോദയ വിദ്യാലയം തുടങ്ങിയവയും ജില്ലയിലുണ്ട്. 2002-ല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലെ മൊത്തം 119 സ്കൂളുകള്‍ തൃശൂര്‍ ജില്ലയിലുണ്ടായിരുന്നു. ഇതില്‍ 42 എണ്ണം സര്‍ക്കാര്‍ മേഖലയിലും 42 എണ്ണം എയ്ഡഡ് മേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. 2002-03 അധ്യയനവര്‍ഷത്തില്‍ മൊത്തം 36 തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു; സര്‍ക്കാര്‍-26, എയ്ഡഡ്-10. ജില്ലയിലെ മൊത്തം 20 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 3 എണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയിലും 17 എണ്ണം സ്വകാര്യ ഉടമസ്ഥതയിലുമാണ് പ്രവര്‍ത്തിക്കുന്നത് (2002). കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം ജില്ലയിലെ മണ്ണുത്തിയിലാണ്; വെറ്ററിനറി കോളജുമുണ്ട്. സര്‍ക്കാര്‍ ഉടമയിലുള്ള തൃശൂര്‍ മെഡിക്കല്‍ കോളജ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഒല്ലൂരിലെ വൈദ്യരത്നം ആയുര്‍വേദ കോളജാണ് ഈ മേഖലയിലെ മറ്റൊരു പ്രധാന സ്ഥാപനം. മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പടെ പല മേഖലകളിലുമുള്ള പ്രൊഫഷണല്‍ കോളജുകള്‍ ജില്ലയിലുണ്ട്.

3. ആരോഗ്യം. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ഉടമയിലുള്ള 18 ആശുപത്രികള്‍, 87 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ഒന്‍പത് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, അഞ്ച് ഡിസ്പെന്‍സറികള്‍, ഒരു ക്ഷയരോഗ ചികിത്സാകേന്ദ്രം, രണ്ട് കുഷ്ഠരോഗനിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു (2002). അലോപ്പതി വിഭാഗത്തില്‍ 123, ആയുര്‍വേദത്തില്‍ 94, ഹോമിയോപ്പതിയില്‍ 40 എന്നിങ്ങനെ ആകെ 257 ചികിത്സാ

കേന്ദ്രങ്ങള്‍ തൃശൂര്‍ ജില്ലയിലുണ്ട്. ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രഥമസ്ഥാനം തൃശൂര്‍ മെഡിക്കല്‍ കോളജിനാണ്. ജില്ലാ ആശുപത്രി, എലൈറ്റ് മിഷന്‍ ആശുപത്രി, അമല കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ബിഷപ്പ് ആലപ്പാട് മിഷന്‍ ആശുപത്രി, തൃശൂര്‍ ഹാര്‍ട്ട് ആശുപത്രി, മദര്‍ ഹോസ്പിറ്റല്‍, സെയ്ന്റ് ജെയിംസ് ആശുപത്രി, സെയ്ന്റ് ജോസഫ് ആശുപത്രി, യൂണിറ്റി ഹോസ്പിറ്റല്‍, റോയല്‍ ഹോസ്പിറ്റല്‍, മരിയ തെരേസ ആശുപത്രി തുടങ്ങിയവയാണ് മറ്റു പ്രധാന ചികിത്സാ കേന്ദ്രങ്ങള്‍. തൃശൂര്‍ ജില്ലാ ആശുപത്രി, മഹാത്മാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, തൃശൂര്‍ ജില്ലാ പ്രകൃതി ചികിത്സാകേന്ദ്രം എന്നിവയ്ക്കു പുറമേ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മണലൂര്‍ എന്നിവിടങ്ങളില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളുമുണ്ട്.

കകക. സമ്പദ്വ്യവസ്ഥ.

സംസ്ഥാനത്തെ ജില്ലകളില്‍ വരുമാനാടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം തൃശൂര്‍ ജില്ലയ്ക്കാണ്; 6,916 കോടി (2002). പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ജില്ല അഞ്ചാം സ്ഥാനത്തു നില്‍ക്കുന്നു. 2001-02-ല്‍ പ്രതിശീര്‍ഷ വരുമാന വര്‍ധന നിരക്കില്‍ മൂന്നാമത്തെ ജില്ലയായിരുന്നു തൃശൂര്‍ (9.8 ശ.മാ.). 2001-02-ല്‍ ജില്ലയുടെ വരുമാനത്തില്‍ 1,230.61 കോടി പ്രാഥമിക മേഖലയില്‍ നിന്നും 1,796.11 കോടി ദ്വിതീയ മേഖലയില്‍ നിന്നും 3,889.19 കോടി തൃതീയ മേഖലയില്‍ നിന്നും ലഭിച്ചു. തൃശൂര്‍ ജില്ലയുടെ സമ്പദ്ഘടനയില്‍ പ്രഥമസ്ഥാനം കൃഷിക്കാണ്. വ്യവസായം, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്കും ജില്ലയുടെ ധനാഗമമാര്‍ഗത്തില്‍ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്.

1. കൃഷിയും ജലസേചനവും. മൊത്തം ഭൂവിസ്തൃതിയുടെ 75 ശ.മാ. കൃഷി നിലങ്ങളാണ്. നെല്ല്, മരച്ചീനി, നാളികേരം, അടയ്ക്ക, കശുവണ്ടി, നേന്ത്രപ്പഴം, റബ്ബര്‍, പയറു വര്‍ഗങ്ങള്‍ എന്നിവയാണ് ജില്ലയിലെ പ്രധാന കാര്‍ഷിക വിഭവങ്ങള്‍. മൊത്തം കൃഷിഭൂമിയുടെ പകുതിയോളം പ്രദേശത്ത് നെല്ല് കൃഷിചെയ്യുന്നു. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് പൂ കൃഷി ഇവിടെ പ്രചാരത്തിലുണ്ടെങ്കിലും മുണ്ടകനാണ് കൂടുതല്‍ പ്രധാനം. 'കോള്‍' (ഗീഹല) എന്നു വിളിക്കുന്ന നിമ്ന പ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യുന്നു. ചാവക്കാട്, ചേര്‍പ്പ്, അന്തിക്കാട്, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍, കൊടകര, മാള, മുല്ലശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നെല്‍കൃഷി വ്യാപകമാണ്. വിളകളില്‍ രണ്ടാം സ്ഥാനം തെങ്ങിനാണ്. ജില്ലയില്‍ വ്യാപകമായി കൃഷിചെയ്യുന്ന മറ്റൊരു പ്രധാന വിളയാണ് കവുങ്ങ്. റബ്ബര്‍ കൃഷിയില്‍ തലപ്പിള്ളി താലൂക്ക് മുന്നില്‍ നില്‍ക്കുന്നു. ജില്ലയില്‍ വ്യാപകമായി ഉത്പാദിപ്പിക്കുന്ന തോട്ടവിള കശുവണ്ടിയാണ്. മാങ്ങ, ചക്ക, നേന്ത്രപ്പഴം, കൈതച്ചക്ക തുടങ്ങിയ ഫലവര്‍ഗങ്ങളും കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ജില്ലയിലെ കാര്‍ഷികോത്പന്നങ്ങളാണ്.

പീച്ചി, വാഴാനി, ചീരക്കുഴി, ചാലക്കുടി എന്നീ നാല് പ്രധാന ജലസേചന പദ്ധതികള്‍ തൃശൂര്‍ ജില്ലയിലുണ്ട്. തൃശൂരിന് 24 കി.മീ. കിഴക്ക് സ്ഥിതിചെയ്യുന്ന പീച്ചി ജലസംഭരണി കരുവന്നൂര്‍ നദിയുടെ പോഷക നദിയായ മണലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. യഥാക്രമം 37.7 കി.മീ., 44.5 കി.മീ നീളമുള്ള വലത്-ഇടത് കനാലുകളും അവയുടെ നിരവധി ശാഖകളും ഈ പദ്ധതിയുടെ ഭാഗമാണ്. ചാലക്കുടി നദിയിലെ ചാലക്കുടി ജലസംഭരണിയും ജില്ലയുടെ ജലസേചനത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. 37 കി.മീ. നീളവും 18 ശാഖകളുമുള്ള വലതു കനാലും 19.3 കി.മീ. നീളവും 16 ശാഖകളുമുള്ള ഇടതു കനാലും ഉള്‍പ്പെടുന്നതാണ് ഈ ജലസേചന പദ്ധതി. വടക്കാഞ്ചേരി പുഴയിലെ വാഴാനി അണക്കെട്ടിലെ ജലം 39.2 കി.മീ. നീളമുള്ള കനാല്‍ വഴി കൃഷിക്ക് ഉപയുക്തമാക്കുന്നു. ഗായത്രി പുഴയിലെ ചീരക്കുഴി ജലസേചന പദ്ധതി തലപ്പിള്ളി താലൂക്കിനാണ് കൂടുതല്‍ പ്രയോജനപ്രദമാകുന്നത്. നിരവധി ചെറുകിട ജലസേചന പദ്ധതികളും ജില്ലയിലുണ്ട്.

2. ഖനിജസമ്പത്ത്. ഇഷ്ടിക, ഓട് എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന കളിമണ്ണാണ് ജില്ലയിലെ പ്രധാന ഖനിജം. ജില്ലയിലെ കിഴുപ്പിള്ളിക്കരയില്‍ ചൈനാക്ളേ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. മണ്ണശ്ശേരി, പള്ളിപ്പുറം, പുതിയ കാടപ്രം എന്നിവിടങ്ങളില്‍ ഇല്‍മനൈറ്റ് കലര്‍ന്ന മണ്ണും ഇരിങ്ങാലക്കുട, വടക്കാഞ്ചേരി പ്രദേശങ്ങളിലെ ലാറ്ററൈറ്റില്‍ ഇരുമ്പയിരും കിഴുപ്പിള്ളിക്കര, ചാലക്കുടി, പുല്ലൂറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ കയോലിനും ചാവക്കാടിനടുത്ത് ഗുണമേന്മ കുറഞ്ഞ മോണസൈറ്റും നിക്ഷേപങ്ങളായി കാണപ്പെടുന്നു. കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ചിലയിടങ്ങളില്‍നിന്ന് നീറ്റുകക്കയും ലഭിക്കുന്നുണ്ട്.

3. വ്യവസായം. വ്യാപാര വ്യവസായരംഗത്ത് ധാരാളം വന്‍കിടക്കാരെ തൃശൂര്‍ സൃഷ്ടിച്ചിട്ടുണ്ട്. സീതാറാം മില്‍ സ്ഥാപിതമായതോടെ വസ്ത്രവ്യാപാരരംഗത്ത് കുതിച്ചുകയറ്റം ഉണ്ടായി. കുത്താമ്പിള്ളി പാരമ്പര്യ വസ്ത്രനിര്‍മാതാക്കളുടെ സ്ഥലമാണ്. കേച്ചേരി പഴഞ്ഞിയിലെ അടയ്ക്കാവ്യാപാരം, തൃശൂരിലെ സ്വര്‍ണാഭരണവ്യാപാരം, കുന്നംകുളത്തെ നോട്ടുപുസ്തക നിര്‍മാണം, ചെവ്വൂരിലെ ഫര്‍ണിച്ചര്‍ നിര്‍മാണം, ചേര്‍പ്പിലെ ദാരുശില്‍പനിര്‍മാണം എന്നിവ ശ്രദ്ധേയമാണ്. മത്സ്യബന്ധനവ്യവസായവും പ്രബലം. രാജ്യാന്തര പ്രശസ്തി നേടിയ ചന്ദ്രിക സോപ്പ് വര്‍ക്സ്, ജ്യോതി ലബോറട്ടറീസ്, വീ ഗാര്‍ഡ് എന്നിവ തൃശൂര്‍ ജില്ലയിലുള്ളതോ ജില്ലക്കാരുടേതോ ആണ്. ശക്തന്‍ തമ്പുരാന്റെ കാലത്ത് തുടങ്ങിയ കുറിയുടെ മാതൃക സ്വീകരിച്ച് തൃശൂരില്‍ തഴച്ചു വളര്‍ന്ന മറ്റൊരു വ്യാപാരമാണ് കുറിക്കമ്പനികള്‍. സ്ഥാപനങ്ങളും വ്യക്തികളുമായി ആയിരക്കണക്കിനുപേര്‍ ഈ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തൃശൂരിന്റെ സാമ്പത്തികരംഗത്ത് മൂന്ന് ബാങ്കുകള്‍ സജീവമായി നിലകൊള്ളുന്നു. കാത്തലിക് സിറിയന്‍ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയാണ് തൃശൂര്‍ ആസ്ഥാനമായുള്ള വന്‍കിട ബാങ്കുകള്‍. 1937-ല്‍ നടന്ന വിദ്യുച്ഛക്തിസമരം തൃശൂരിന്റെ ചരിത്രത്തില്‍ അവിസ്മരണീയമാണ്. 1930-ല്‍ സ്ഥാപിച്ച ലേബര്‍ ബ്രദര്‍ഹുഡ് ആണ് കേരളത്തിലെ ആദ്യത്തെ തൊഴിലാളിസംഘടന.

സീതാറാം ടെക്സ്റ്റെല്‍സിനുപുറമേ, അളഗപ്പാ ടെക്സ്റ്റൈല്‍സ്, കേരള ലക്ഷ്മി മില്‍സ്, വനജ ടെക്സ്റ്റെല്‍സ്, തൃശൂര്‍ കോട്ടണ്‍ മില്‍സ്, കെല്‍ട്രോണ്‍ പവര്‍ ഡിവൈസ്, അപ്പോളോ ടയേഴ്സ്, കേരള സോള്‍വന്റ് എക്സ്ട്രാക്ഷന്‍സ് തുടങ്ങിയ വ്യവസായ ശാലകള്‍ പ്രവര്‍ത്തനത്തിലുണ്ട്. 2000-ലെ കണക്കനുസരിച്ച് 2,557 വ്യവസായ യൂണിറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്ര-പൊതുമേഖലയില്‍ രണ്ടും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ എട്ടും സ്വകാര്യമേഖലയില്‍ 38-ഉം വ്യവസായ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചെറുകിട വ്യവസായ മേഖലയില്‍ പ്രഥമസ്ഥാനം ഇഷ്ടിക-ഓട് നിര്‍മാണത്തിനാണ്. അച്ചടി, ബയന്റിങ്, സോപ്പ് നിര്‍മാണം, കൈത്തറി, എണ്ണയാട്ട്, കളിമണ്‍ വ്യവസായം, പായ നെയ്ത്ത്, കൂടനെയ്ത്ത്, കയര്‍ വ്യവസായം തുടങ്ങിയവയ്ക്കും പ്രാമാണ്യമുണ്ട്.

4. വനസമ്പത്ത്. ജില്ലയുടെ മൊത്തം ഭൂവിസ്തൃതിയുടെ സു. 36 ശ.മാ. വനപ്രദേശമാണ്. കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നിവയിലൊഴികെ മറ്റെല്ലാ താലൂക്കുകളിലും വനങ്ങള്‍ കാണാം. മുകുന്ദപുരത്താണ് വനങ്ങള്‍ കൂടുതലുള്ളത്. ജില്ലയിലെ വനപ്രദേശം തൃശൂര്‍, ചാലക്കുടി എന്നീ ഫോറസ്റ്റ് ഡിവിഷനുകളാക്കി തിരിച്ചിരിക്കുന്നു. തൃശൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ വടക്കാഞ്ചേരി, പട്ടിക്കാട്, പീച്ചി, പാലപ്പിള്ളി എന്നീ റേഞ്ചുകളും ചാലക്കുടി ഡിവിഷനില്‍ പരിയാരം, വാഴച്ചാല്‍, ഷോളയാര്‍ എന്നീ റേഞ്ചുകളും ആണുള്ളത്. ഇലപൊഴിയും ഈര്‍പ്പവനം (ാീശ റലരശറൌീൌ), നിത്യഹരിതം (ല്ലൃ ഴൃലലി), അര്‍ദ്ധ-നിത്യഹരിതം (ലൊശല്ലൃഴൃലലി) എന്നീയിനങ്ങളിലുള്ള വനങ്ങളാണ് ജില്ലയില്‍ കാണപ്പെടുന്നത്. തൃശൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ ഭാഗങ്ങളില്‍ ഇലപൊഴിയും ഈര്‍പ്പവനങ്ങളും ഷോളയാര്‍ താഴ്വരയില്‍ നിത്യഹരിത വനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. അതിരപ്പള്ളി പ്രദേശത്ത് മുഖ്യമായും അര്‍ധ-ഹരിത വനങ്ങളാണുള്ളത്. തേക്ക്, എബണി തുടങ്ങി സമ്പദ് പ്രധാനങ്ങളായ വൃക്ഷങ്ങളുടേയും ഒട്ടനവധി വന്യമൃഗങ്ങളുടേയും പക്ഷികളുടേയും സങ്കേതങ്ങളാണ് ജില്ലയിലെ വനമേഖല.

5. മത്സ്യബന്ധനം. മത്സ്യബന്ധനം മുഖ്യ ഉപജീവനമാര്‍ഗമായിട്ടുള്ള ചെറിയൊരു ശ.മാ. ജനവിഭാഗം ഈ ജില്ലയിലുണ്ട്. കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ തീരപ്രദേശങ്ങളിലാണ് ഇവര്‍ മുഖ്യമായും നിവസിക്കുന്നത്. ചാവക്കാട്, നാട്ടിക, കൊടുങ്ങല്ലൂര്‍ എന്നിവയാണ് ജില്ലയിലെ മുഖ്യ മത്സ്യബന്ധന കേന്ദ്രങ്ങള്‍. 14 ഇനങ്ങളിലധികം മത്സ്യം ഇവിടത്തെ തീരദേശക്കടലില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും അയല, മത്തി എന്നിവയ്ക്കാണ് മുഖ്യസ്ഥാനം. യന്ത്രവല്‍കൃത ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് ജില്ലയില്‍ കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുള്ളത്. ചേറ്റുവാ, അഴിക്കോട് എന്നിവിടങ്ങളില്‍ ബോട്ടുകള്‍ക്ക് നങ്കൂരമിടുവാനുള്ള സൌകര്യമുണ്ട്. അനവധി ജലാശയങ്ങളും നദികളും ജില്ലയിലുണ്ടെങ്കിലും ഉള്‍നാടന്‍ മത്സ്യബന്ധനം വികസിച്ചിട്ടില്ല. 1979-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മത്സ്യകര്‍ഷക വികസന ഏജന്‍സി ഈ മേഖലയുടെ പുരോഗതിക്കായി യത്നിച്ചുവരുന്നു.

6. വിനോദസഞ്ചാരം. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള ജില്ലയാണ് തൃശൂര്‍. തീരദേശം മുതല്‍ പശ്ചിമഘട്ടം വരെ വ്യാപിച്ചു കിടക്കുന്ന ജില്ലയൂടെ വ്യത്യസ്തവും മനോഹരവുമായ ഭൂപ്രകൃതി സന്ദര്‍ശകരുടെ മനം കവരുന്നു. ജില്ലയിലെ ആരാധനാലയങ്ങള്‍, ജലസംഭരണികള്‍, വനങ്ങള്‍, ജലപാതങ്ങള്‍, പുരാവസ്തു ശേഖരങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, നൈസര്‍ഗിക ദൃശ്യങ്ങള്‍ തുടങ്ങിയവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

തൃശൂരിലെ ശക്തന്‍ തമ്പുരാന്‍ കോവിലകവും പൈതൃക ഉദ്യാനവും; സ്റ്റേറ്റ് വക മ്യൂസിയം, ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, മൃഗശാല എന്നിവയും കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലാണ്. ദേശീയോത്സവമായ തൃശൂര്‍ പൂരം, പഴയ പെരുമ്പടപ്പിന്റെ മുഴുവന്‍ പൂരമായിരുന്ന ആറാട്ടുപുഴ പൂരം, മച്ചാട് വേല, മുസ്ളിങ്ങള്‍ തുടങ്ങിവച്ചതും തൃശൂരിന്റെ മാത്രം ജനകീയ ഉത്സവമായി മാറിയതുമായ പുലികളി, മണത്തല നേര്‍ച്ച, തൃപ്രയാര്‍, കണ്ടശ്ശാംകടവ് ജലോത്സവങ്ങള്‍, വടക്കുന്നാഥന്‍ ക്ഷേത്രം, പുന്നത്തൂര്‍ കോട്ടയിലെ ആനസങ്കേതം, കലാമണ്ഡലം കൂത്തമ്പലം, വിലങ്ങന്‍കുന്ന്, അമ്മന്നൂര്‍ കൂടിയാട്ടക്കളരി, കൊടുങ്ങല്ലൂരിലെ സെയ്ന്റ് തോമസ് പള്ളി, ചേരമാന്‍ പള്ളി, അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍, പീച്ചി അണക്കെട്ടിന്റെ ഉദ്യാനം, അര്‍ണോസ് പാതിരിയുടെ പള്ളി, കണ്ടാണശ്ശേരി മുനിയറ, വാടാനപ്പിള്ളി ബീച്ച്, തിരുവില്വാമല പുനര്‍ജനി ഗുഹയും രാക്ഷസപ്പാറയും എന്നിവ കേരളസംസ്കൃതിയെ പല തരത്തില്‍ സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രം, കൂടല്‍ മാണിക്യക്ഷേത്രം, അരിയന്നൂര്‍ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കാവ്, തിരുവാണിക്കാവ്, ഉത്രാളിക്കാവ്, കരുവന്തലക്കാവ് എന്നിവ ജനസഹസ്രങ്ങളെ ആകര്‍ഷിക്കുന്ന പുണ്യകേന്ദ്രങ്ങളാണ്. അരിയന്നൂരിലെ കുടക്കല്ലുകള്‍, വെള്ളാനിമലയിലെ ബാണന്‍ കോട്ട, നെടുങ്കോട്ട എന്നിവയും ഈ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

തൃശൂരിന് 35 കി.മീ. വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചേലക്കര ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. 1762-ല്‍ സാമൂതിരി കൊച്ചി-തിരുവിതാംകൂര്‍ സംയുക്ത സേനകളോടേറ്റുമുട്ടി പരാജയപ്പെട്ടത് ഇവിടെ വച്ചായിരുന്നു. തൃശൂര്‍ നഗരത്തില്‍ നിന്ന് 22 കി.മീ. വടക്ക് സ്ഥിതിചെയ്യുന്ന കുന്നംകുളത്ത് നിരവധി പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ ഉണ്ട്. കുന്നംകുളത്തിന് 3 കി.മീ. വടക്കുള്ള പോര്‍കുളത്തില്‍ പുരാതനമായ ഒരു ബുദ്ധ പ്രതിമ കാണപ്പെടുന്നു. തൃശൂരിന് 27 കി.മീ. വടക്കുമാറിയുള്ള മുല്ലൂര്‍ക്കര, പാലിയത്തച്ചനാല്‍ നിര്‍മിക്കപ്പെട്ട കോട്ടയിലൂടെ ചരിത്ര പ്രാധാന്യം ആര്‍ജിച്ചിരിക്കുന്നു. തലപ്പിള്ളി താലൂക്കിലെ പഴയന്നൂര്‍ ഭഗവതി ക്ഷേത്രവും പ്രസിദ്ധമാണ്. തലപ്പിള്ളി താലൂക്കാസ്ഥാനമായ വടക്കാഞ്ചേരിയില്‍ നിന്ന് 8 കി.മീ. കിഴക്ക് വടക്കാഞ്ചേരിപ്പുഴയില്‍ നിര്‍മിച്ചിരിക്കുന്ന വാഴാനി അണക്കെട്ടാണ് മറ്റൊരു ആകര്‍ഷണം.

കൊച്ചി രാജാവും സാമൂതിരിയും തമ്മിലും സാമൂതിരിയും ഡച്ചുകാരും തമ്മിലും നടന്ന ഘോരയുദ്ധങ്ങളുടെ വേദിയായിരുന്ന ഊരകം തൃശൂരിന് 11 കി.മീ. തെക്ക് മാറി സ്ഥിതിചെയ്യുന്നു. തൃശൂരില്‍നിന്ന് 10 കി.മീ. തെക്ക് സ്ഥിതിചെയ്യുന്ന പെരുമനം ശിവക്ഷേത്രം 17-18 ശ.-ങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട ചുമര്‍ ചിത്രങ്ങളിലൂടെ പ്രശസ്തിയാര്‍ജിച്ചിരിക്കുന്നു. തൃശൂരിലെ ശ്രീ ശങ്കരനാരായണ ക്ഷേത്രവും പ്രസിദ്ധം തന്നെ. ചാവക്കാട് താലൂക്കിലെ പാലയൂരില്‍ സെയ്ന്റ് തോമസ്സിനാല്‍ സ്ഥാപിതമായ സിറിയന്‍ ദേവാലയമാണ് ജില്ലയിലെ മറ്റൊരാകര്‍ഷണകേന്ദ്രം; ജൂതക്കുന്ന്, കോട്ട, വിശ്വനാഥക്ഷേത്രം തുടങ്ങിയവ ഈ പ്രദേശത്തെ മറ്റു പ്രധാന കേന്ദ്രങ്ങളാണ്. വാണിജ്യ കേന്ദ്രമായ ചാവക്കാട് പട്ടണം 'മിനി ഗള്‍ഫ്' എന്നും അറിയപ്പെടുന്നു. തൃശൂരിന് 11 കി.മീ. വടക്കു പടിഞ്ഞാറു മാറി ചരിത്രപ്രസിദ്ധമായ ചേറ്റുവാ മണപ്പുറം സ്ഥിതി ചെയ്യുന്നു; പ്രമുഖ വാണിജ്യകേന്ദ്രമെന്നതിനു പുറമേ ചേറ്റുവാ ഒരു മത്സ്യബന്ധനകേന്ദ്രം കൂടിയാണ്. ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാറിന്റെ പ്രശസ്തിയ്ക്കു നിദാനം. മമ്മിയൂര്‍ ശിവക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം എന്നിവയും പ്രസിദ്ധ ഹൈന്ദവ ക്ഷേത്രങ്ങളാണ്.

കൊടുങ്ങല്ലൂര്‍, മതിലകം എന്നിവ കൊടുങ്ങല്ലൂര്‍ താലൂക്കിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. പ്രാചീന തുറമുഖമായിരുന്ന മുസിരിസ് (കൊടുങ്ങല്ലൂര്‍) ഗ്രീക്ക് - റോമന്‍ദേശങ്ങളില്‍പോലും പ്രസിദ്ധമായിരുന്നു. ചരിത്ര-വാണിജ്യ പ്രാധാന്യമുള്ള ഈ പ്രദേശം ജൂതര്‍, ഫിനീഷ്യര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, അറബികള്‍ തുടങ്ങിയ വിദേശീയരുമായി വളരെ പണ്ടു മുതലേ വാണിജ്യബന്ധം സ്ഥാപിച്ചിരുന്നു. കുറുമ്പ ഭഗവതിക്ഷേത്രം വളരെയേറെ പ്രാധാന്യമുള്ളതാണ്. തൃപ്പക്കുളം ശിവക്ഷേത്രമാണ് മതിലകത്തിന്റെ പ്രശസ്തിക്കു നിദാനം. സ്വകാര്യ മേഖലയില്‍ ആരംഭിച്ചിട്ടുള്ള വാട്ടര്‍ തീം പാര്‍ക്കുകള്‍ ജില്ലയിലെ മുഖ്യ വരുമാന കേന്ദ്രങ്ങളായിത്തീര്‍ന്നിരിക്കുന്നു.

7. ഊര്‍ജം.

പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന ജലവൈദ്യുതപദ്ധതികള്‍. ചാലക്കുടി നദിയിലുള്ള പെരിങ്ങല്‍ക്കുത്ത് ജലസംഭരണിക്ക് 218.34 മെഗായൂണിറ്റ് വൈദ്യുതി ഉത്പാദനശേഷിയുണ്ട് (2001-02). ഷോളയാര്‍ നദിയിലെ ഷോളയാര്‍ പദ്ധതിയില്‍ മൂന്ന് ജലസംഭരണികള്‍ ഉണ്ട്. 1405.98 മെഗായൂണിറ്റ് ആണ് ഇതിന്റെ ഉത്പാദനശേഷി. ജില്ലയിലെ മിക്ക ജനവാസ കേന്ദ്രങ്ങളിലും വൈദ്യുതി ലഭ്യമാണ്.

കഢ ഗതാഗതവും വാര്‍ത്താവിനിമയവും.

ജില്ലയുടെ ഗതാഗതത്തില്‍ റോഡുകള്‍ക്കും റെയില്‍വേയ്ക്കുമാണ് പ്രാമുഖ്യം. ഉള്‍നാടന്‍ ജലഗതാഗതത്തിനും അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. ദേശീയ-സംസ്ഥാന-ജില്ല-പഞ്ചായത്ത് റോഡുകള്‍ ഉള്‍പ്പെടുന്ന വിപുലമായൊരു ശൃംഖല തൃശൂര്‍ ജില്ലയിലുണ്ട്. ദേശീയപാത 47-ഉം 17-ഉം തൃശൂര്‍ ജില്ലയിലൂടെ കടന്നുപോകുന്നു. 133 കി.മീ. ആണ് ഇവയുടെ മൊത്തം ദൈര്‍ഘ്യം. 2002-ലെ കണക്കനുസരിച്ച് ജില്ലയില്‍ പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള 1,586.4 കി.മീ. റോഡുകളില്‍ 322.4 കി.മീ. സംസ്ഥാന ഹൈവേകളും 1,088 കി.മീ. പ്രധാന ജില്ലാ റോഡുകളും 161 കി.മീ. മറ്റു ജില്ലാ റോഡുകളും 15 കി.മീ. ഗ്രാമീണ റോഡുകളും ആണ്. 70 കി.മീ. ദൈര്‍ഘ്യത്തില്‍ റെയില്‍പാത ജില്ലയിലൂടെ കടന്നുപോകുന്നു. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ കീഴിലാണ് ജില്ലയിലെ റെയില്‍പാത വരുന്നത്. തെക്കേയറ്റത്ത് കൊരട്ടി അങ്ങാടിയും വടക്കേയറ്റത്ത് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു.

ഉള്‍നാടന്‍ ജലപാതകള്‍ ഗണ്യമായി പുരോഗമിച്ചിട്ടുള്ള ജില്ലയാണ് തൃശൂര്‍. തീരദേശത്തിനു സമാന്തരമായുള്ള ജലാശയങ്ങളെല്ലാം ഗതാഗതത്തിന് ഉപയുക്തമാണ്. നാടന്‍ വള്ളങ്ങളും ബോട്ടുകളുമാണ് ഇവിടെ മുഖ്യമായി സര്‍വീസ് നടത്തുന്നത്.

കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന മിക്ക ദിനപത്രങ്ങളും ആനുകാലികങ്ങളും തൃശൂര്‍ ജില്ലയിലും പ്രചാരത്തിലുണ്ട്. അവയില്‍ മിക്കവയ്ക്കും തൃശൂര്‍ പതിപ്പുകളുണ്ട്. തൃശൂര്‍ ആസ്ഥാനമാക്കി നിലവില്‍ വന്ന പത്രമാണ് എക്സ്പ്രസ്സ്. 1973-ല്‍ ആകാശവാണിക്ക് തൃശൂരില്‍ ഒരു സ്വതന്ത്രനിലയം ഉണ്ടായി. ദൂരദര്‍ശന്റെ പ്രാദേശിക നിലയവും തൃശൂരിലുണ്ട്. ഏഷ്യാനെറ്റ്, കൈരളി, സൂര്യ, ജീവന്‍, ഇന്ത്യാവിഷന്‍ എന്നീ ടി.വി. ചാനലുകള്‍ക്കും ഇവിടെ പ്രാദേശിക കേന്ദ്രങ്ങളുണ്ട്. തപാല്‍ വകുപ്പിന്റെ കേരള സര്‍ക്കിളില്‍ ഉള്‍പ്പെടുന്ന തൃശൂരിന് രണ്ട് ഡിവിഷനുകളുണ്ട്; തൃശൂരും, ഇരിങ്ങാലക്കുടയും. 2002-ല്‍ തൃശൂര്‍ ഡിവിഷനില്‍ 297-ഉം ഇരിങ്ങാലക്കുടയില്‍ 193-ഉം ഉള്‍പ്പെടെ മൊത്തം 490 തപാല്‍ ഓഫീസുകള്‍ ജില്ലയിലുണ്ടായിരുന്നു. 2001-02-ല്‍ 78 ടെലിഫോണ്‍ എക്സ്ചേഞ്ചുകളാണ് തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഢ. തൃശൂര്‍ നഗരം.

തൃശൂര്‍ ജില്ലയുടേയും താലൂക്കിന്റേയും ആസ്ഥാനമാണ് കേരളത്തിലെ അഞ്ച് നഗരസഭകളിലൊന്നായ തൃശൂര്‍ നഗരം. ഈ നഗരത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് 120 കി.മീ.-ഉം കോഴിക്കോട്ടേക്ക് 128 കി.മീ.-ഉം എറണാകുളത്തേക്ക് 75 കി.മീ.-ഉം ദൂരമുണ്ട്. തൃശൂര്‍-കുറ്റിപ്പുറം, തൃശൂര്‍-കൊടുങ്ങല്ലൂര്‍ പാതകള്‍ നഗരത്തെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. വ.കോലഴി, മാടക്കത്തറ; കി.പുത്തൂര്‍, പാണഞ്ചേരി, നടത്തറ; തെ.ആവിണിശ്ശേരി, നെന്മണിക്കര; പ.ആടാട്, അരിമ്പൂര്‍ എന്നീ പഞ്ചായത്തുകളാണ് തൃശൂര്‍ നഗരത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്.

വടക്കുന്നാഥക്ഷേത്രമാണ് നഗര കേന്ദ്രം. ക്ഷേത്രാങ്കണത്തിനുചുറ്റുമുള്ള തേക്കിന്‍കാട് മൈതാനവും മൈതാനത്തെ ചുറ്റിവളഞ്ഞു പോകുന്ന രാജപാതയും രാജപാതയില്‍ നിന്ന് വ്യത്യസ്ത ദിശകളിലേക്കു വഴിപിരിയുന്ന റോഡുകളും ചേര്‍ന്ന് തൃശൂരിന് ഒരു ആസൂത്രിത നഗരത്തിന്റെ പരിവേഷം നല്‍കുന്നു. ഇന്ത്യയുടേയും കേരളത്തിന്റേയും ചരിത്രത്തില്‍ തൃശൂരിന് പ്രധാന സ്ഥാനമാണുള്ളത്. 1940-കളില്‍ ശക്തമായിത്തീര്‍ന്ന പ്രജാമണ്ഡലത്തിന്റെ ഈറ്റില്ലം തൃശൂരായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ തൃശൂരിന്റെ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ശക്തന്‍ തമ്പുരാന്‍ നഗരത്തിന്റെ സ്ഥാപകനായി ആദരിക്കപ്പെടുന്നു. ഇതര മതസ്ഥരേയും പരദേശി ബ്രാഹ്മണരേയും നഗരത്തില്‍ കൊണ്ടുവന്ന് വാണിജ്യ സംസ്കാരത്തിന് അടിത്തറയിട്ടത് ഇദ്ദേഹമാണ്.

ഇന്നത്തെ മുനിസിപ്പല്‍ കൌണ്‍സില്‍ ആക്റ്റിന്റെ പ്രാക്രൂപമായ 'കൊച്ചി ഒന്നാം റെഗുലേഷന്‍ ആക്റ്റ്' പ്രകാരമാണ് തൃശൂരിന്റെ ഭരണ സംവിധാനം നിര്‍ണയിതമായത്. ആദ്യ ടൌണ്‍ കൌണ്‍സില്‍ പ്രസിഡന്റ് (1910-14) ദിവാന്‍ പേഷ്ക്കാരും ജില്ലാ മജിസ്റ്റ്രേറ്റുമായിരുന്ന പണിക്കവീട്ടില്‍ ശങ്കുണ്ണി മേനോനായിരുന്നു. 1921 ജൂണ്‍ 13-ന് തൃശൂര്‍ നഗരസഭ നിലവില്‍വന്നു; കൊച്ചു ഗോവിന്ദമാരാര്‍ ആയിരുന്നു പ്രഥമ ചെയര്‍മാന്‍ (1921 ജൂണ്‍ -1923 ന.). 1939-ല്‍ പുതിയ മുനിസിപ്പല്‍ ആക്റ്റ് പ്രാബല്യത്തില്‍ വന്നതോടെ ഈ തസ്തിക മുനിസിപ്പല്‍ കമ്മിഷണര്‍ എന്ന പദവിക്ക് വഴിമാറി. 1991-ല്‍ 12.65 ച.കി.മീ. വിസ്തൃതിയുണ്ടായിരുന്ന തൃശൂര്‍ മുനിസിപ്പാലിറ്റിയുടെ ജനസംഖ്യ 73,849 ആയിരുന്നു. 2000-ല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ നിലവില്‍വന്നു. മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള അയ്യന്തോള്‍, ഒല്ലൂക്കര, ഒല്ലൂര്‍, കൂര്‍ക്കഞ്ചേരി, വില്‍വട്ടം എന്നീ പഞ്ചായത്തുകളെ കൂടി ചേര്‍ത്താണ് തൃശൂര്‍ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത്. തൃശൂര്‍, ചേര്‍പ്പ്, ഒല്ലൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 101.42 ച.കി.മീ. വിസ്തൃതിയുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ വിയ്യൂര്‍, വില്‍വട്ടം, പെരിങ്ങാവ്, തൃശൂര്‍, ചെമ്പുകാവ്, പൂങ്കുന്നം, അയ്യന്തോള്‍, അരണാട്ടുകര, പുല്ലഴി, കണിമംഗലം, കൂര്‍ക്കഞ്ചേരി, ചിയ്യാരം, ഒല്ലൂക്കര, നെറ്റിശ്ശേരി, എടക്കുന്നി, നടത്തറ, ഒല്ലൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. 3,63,816 ആയിരുന്നു ഇവിടത്തെ ജനസംഖ്യ (പു. - 1,78,270, സ്ത്രീ - 1,85,546). 50 ഡിവിഷനുകള്‍ ഉള്‍പ്പെട്ട ഈ കോര്‍പ്പറേഷനില്‍ 92 ശ. മാ. പേര്‍ സാക്ഷരരാണ്.

തോമാശ്ളീഹയുടേയും സ്വാമി വിവേകാനന്ദന്റേയും ശ്രീ നാരായണഗുരുവിന്റേയും പാദസ്പര്‍ശമേറ്റ നാട് എന്ന ഖ്യാതി തൃശൂരിനുണ്ട്. 1699-ല്‍ കേരളം സന്ദര്‍ശിച്ച മഹാപണ്ഡിതനായ അര്‍ണോസുപാതിരി അക്കാലത്തേ തൃശൂരില്‍ ഒരു പണ്ഡിത പരിഷത്തുണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു. മറ്റൊരു നഗരത്തിലും കാണാനാവാത്തവിധം സംഗീതം, സാഹിത്യം, ലളിതകല, ചിത്രകല എന്നിവയുമായി ബന്ധപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങള്‍ തൃശൂരില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളായ ലോകമാന്യന്‍, ഉണ്ണി നമ്പൂതിരി, വിദ്യാവിനോദിനി, രസികരഞ്ജിനി, ഗോമതി, മംഗളോദയം എന്നിവ തൃശൂരില്‍ നിന്നാണ് പ്രകാശിതമായിരുന്നത്.

സാംസ്കാരിക-പൊതുരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധിപേര്‍ തൃശൂര്‍ നഗരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരായുണ്ട്. കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാര്‍, അപ്പന്‍ തമ്പുരാന്‍, ആമ്പാടി കുഞ്ഞികൃഷ്ണന്‍ പൊതുവാള്‍, സി.പി. അച്യുത മേനോന്‍, ടി.സി. അച്യുത മേനോന്‍, ജോസഫ് മുണ്ടശ്ശേരി, പുത്തേഴത്തു രാമന്‍ മേനോന്‍, കെ.കെ. രാജാ, പള്ളത്തു രാമന്‍, സി.എ. കിട്ടുണ്ണി, പി.ശങ്കരന്‍ നമ്പ്യാര്‍, എന്‍.വി. കൃഷ്ണവാര്യര്‍, സി.അച്ചുതമേനോന്‍, എം.പി. പോള്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, പി.സി.കുട്ടികൃഷ്ണന്‍ (ഉറൂബ്),

വി. കരുണാകരന്‍ നമ്പ്യാര്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, കെ. ദാമോദരന്‍, ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍, ജി.ശങ്കരക്കുറുപ്പ്, ആറ്റൂര്‍ കൃഷ്ണപിഷാരടി, പി.എ. ജോസഫ്, സുകുമാര്‍ അഴീക്കോട്, എം.ആര്‍.ബി., പ്രേംജി, വിലാസിനി, കെ.ബി. ശ്രീദേവി, സി.എല്‍, ജോസ്, പ്രൊഫ. ജി. കുമാരപിള്ള, രാമു കാര്യാട്ട്, പി. ഭാസ്കരന്‍ എന്നിങ്ങനെ ഈ പട്ടിക നീളുന്നു.

വിദ്യാഭ്യാസ മേഖലയിലും ഏറെ മുന്നിലാണ് തൃശൂര്‍ നഗരം. വെര്‍ണാകുലര്‍ സ്കൂള്‍ (ഇന്നത്തെ മോഡേണ്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) ആണ് ജില്ലയില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായി സ്ഥാപിക്കപ്പെട്ട (1818) ആദ്യസ്ഥാപനം. ഇപ്പോള്‍ 35 സര്‍ക്കാര്‍ സ്കൂളുകളും 112 എയ്ഡഡ് സ്കൂളുകളും നഗരത്തിലുണ്ട്; 51 ലോവര്‍ പ്രൈമറി, 48 അപ്പര്‍ പ്രൈമറി, 35 ഹൈസ്കൂള്‍, 14 ഹയര്‍ സെക്കന്‍ഡറി എന്നീ ക്രമത്തിലാണ് ഇവ. സി.അച്ചുതമേനോന്‍ ഗവണ്മെന്റ് കോളജിനു പുറമേ സെയ്ന്റ് അലോഷ്യസ്, വിമല, സെയ്ന്റ് മേരീസ്, സെയ്ന്റ് തോമസ്, കേരളവര്‍മ എന്നീ അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളും എന്‍ജിനീയറിങ് കോളജ്, ലോ കോളജ്, കാര്‍ഷിക സര്‍വകലാശാല, മെഡിക്കല്‍ കോളജിലെ ചില വിഭാഗങ്ങള്‍, അധ്യാപന പരിശീലന കേന്ദ്രങ്ങള്‍, ഡ്രാമാ സ്കൂള്‍, പോളിടെക്നിക്കുകള്‍, സംഗീത സ്കൂള്‍, ചിത്രകലാ പരിശീലന കേന്ദ്രം തുടങ്ങിയവയും തൃശൂര്‍ നഗരത്തിന്റെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.

വ്യാപാരത്തിനും അനുബന്ധ തൊഴിലുകള്‍ക്കുമാണ് തൃശൂര്‍ നഗരത്തിന്റെ സമ്പദ്ഘടനയില്‍ മുന്‍തൂക്കം. 20-ാം ശ.-ത്തിന്റെ ആദ്യദശകത്തില്‍ യന്ത്രീകൃത വസ്ത്രനിര്‍മാണം ആരംഭിച്ചതോടെ നഗരത്തിന് വ്യവസായികച്ഛായ കൈവന്നിരുന്നു. 1610 മുതല്‍ ഇവിടെ ചെറുകിട വ്യവസായങ്ങള്‍ നിലനിന്നിരുന്നതായി ചരിത്ര രേഖകളില്‍ പരാമര്‍ശമുണ്ട്. തൃശൂര്‍ നഗരത്തിന്റെ വ്യാവസായിക മേഖലയില്‍ പൂങ്കുന്നത്തെ സീതാറാം മില്ലിനാണ് പ്രഥമ സ്ഥാനം; ഇത് 1902 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കുട നിര്‍മാണത്തിലും അച്ചടി വ്യവസായത്തിലും തൃശൂര്‍ ശ്രദ്ധേയമായൊരു സ്ഥാനം നേടിയിട്ടുണ്ട്. നഗരത്തിലെ റെയില്‍-റോഡ് ഗതാഗത സൌകര്യങ്ങള്‍ പര്യാപ്തമാണെങ്കിലും വ്യോമ ഗതാഗത സൌകര്യം ഇല്ല. കുട്ടനെല്ലൂര്‍ കോളജ് ഗ്രൌണ്ടില്‍ ഒരു ഹെലിപാഡുണ്ട്. മുന്‍കാലങ്ങളില്‍ കൊച്ചി, പൊന്നാനി പട്ടണങ്ങളുമായി ജലമാര്‍ഗേണ വ്യാപാരബന്ധമുണ്ടായിരുന്നു.

ഏറെക്കുറെ ഫലഭൂയിഷ്ടമായ ചെമ്മണ്ണാണ് തൃശൂര്‍ നഗരത്തില്‍ പൊതുവേ കാണപ്പെടുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ ഈ മണ്ണ് കൃഷിക്ക് അനുയോജ്യമാണ്.

തൃശൂര്‍ നഗരത്തിന്റെ സമ്പദ്ഘടനയില്‍ കൃഷിക്ക് രണ്ടാം സ്ഥാനമാണുള്ളത്. നെല്ല്, തെങ്ങ്, റബ്ബര്‍, കശുമാവ്, കമുക്, വാഴ, കുരുമുളക്, പച്ചക്കറികള്‍, പൂച്ചെടികള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഇവിടെ കൃഷി ചെയ്യപ്പെടുന്നു. കന്നുകാലി, കോഴി, താറാവ്, പന്നി, ആട് എന്നീ മൃഗങ്ങളെ വളര്‍ത്തല്‍, ശുദ്ധജല മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവ പ്രധാന ഉപജീവനമാര്‍ഗങ്ങളാണ്. വ്യാപാര മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനുംവേണ്ടി തൃശൂരില്‍ ചേംബര്‍ ഒഫ് കോമേഴ്സ് (1949), മര്‍ച്ചന്റ്സ് അസോസിയേഷന്‍ (1969), വ്യാപാരി-വ്യവസായി ഏകോപന സമിതി (1980), വ്യാപാര വ്യവസായസമിതി (1989) എന്നീ സംഘടനകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ദ് സൌത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ മൂന്ന് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഈ നഗരം കേന്ദ്രീകരിച്ചാണ് സ്ഥാപിതമായി വളര്‍ന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ചിട്ടി- വായ്പാ പദ്ധതികള്‍ ആവിഷ്കരിച്ചു നടത്തിപ്പോരുന്ന കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസി(ഗടഎഋ)ന്റെ ആസ്ഥാനം തൃശൂര്‍ നഗരത്തിലാണ്. തൃശൂര്‍ പൂരം, കൂര്‍ക്കഞ്ചേരി പൂയം, ആറാട്ടുപുഴ പൂരം, ഒല്ലൂര്‍ പെരുന്നാള്‍ പുത്തന്‍പള്ളി പെരുന്നാള്‍ തുടങ്ങിയ മഹോത്സവങ്ങളുടെ നാടാണ് തൃശൂര്‍. പുലികളി, കുമ്മാട്ടിക്കളി തുടങ്ങിയ നാടന്‍ വിനോദങ്ങളും നഗരത്തില്‍ കെങ്കേമമായി നടത്താറുണ്ട്. രാജഭരണകാലത്ത് വധശിഷ നടപ്പിലാക്കിയിരുന്ന പ്രദേശമായിരുന്നു തൃശൂരിലെ തേക്കിന്‍കാട്. തൃശൂരിലെ മറ്റൊരാകര്‍ഷണമായ മൃഗശാലയ്ക്ക് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ശക്തന്‍ തമ്പുരാന്റെ അതിഥിമന്ദിരമായിരുന്ന തൃശൂരിലെ രാമനിലയം മലയാളത്തനിമ പുലര്‍ത്തുന്ന ഒരു പുരാതന മന്ദിരമാണ്.

ഢക. ഭരണ സംവിധാനം. ഭരണ സൌകര്യത്തിനായി ജില്ലയെ അഞ്ച് താലൂക്കുകളായും 151 വില്ലേജുകളായും വിഭജിച്ചിരിക്കുന്നു. 92 ഗ്രാമ പഞ്ചായത്തുകളും 17 ബ്ളോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും ആറ് മുനിസിപ്പാലിറ്റികളും ഒരു കോര്‍പ്പറേഷനും ചേര്‍ന്നതാണ് ജില്ലയുടെ തദ്ദേശ സ്വയംഭരണ വ്യവസ്ഥിതി.

ജില്ലയില്‍ 14 അസംബ്ളി മണ്ഡലങ്ങളുണ്ട്: ഇരിങ്ങാലക്കുട, ഒല്ലൂര്‍, കുന്നംകുളം, കൊടകര, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ചാലക്കുടി, ചേലക്കര, ചേര്‍പ്പ്, തൃശൂര്‍, നാട്ടിക, മണലൂര്‍, മാള, വടക്കാഞ്ചേരി എന്നിവ.

ഢകക. ചരിത്രം.

പ്രാചീനകാലം മുതലേ ജനവാസമുണ്ടായിരുന്നെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഇവിടെയുണ്ട്. ശിവപുരം, വൃഷപുരം, വൃഷഭാദ്രിപുരം, തെന്‍കൈലാസം, ശിവപേരൂര്‍, തിരുശിവപേരൂര്‍, തൃശ്ശിവപേരൂര്‍, തൃശൂര്‍, ട്രിച്ചൂര്‍ എന്നിങ്ങനെ ഇന്നത്തെ തൃശൂര്‍ വിവിധ രേഖകളില്‍ പരമാര്‍ശിക്കപ്പെട്ടിട്ടുണ്ട്. പരശുരാമന്‍ പ്രതിഷ്ഠിച്ചതെന്നു കരുതപ്പെടുന്ന വടക്കുന്നാഥന്റെ ക്ഷേത്രത്തെ വലംവച്ചാണ് ഈ നഗരം വികസിച്ചത്. ഇരുപത്തൊന്നു വട്ടം ക്ഷത്രിയനിഗ്രഹം നടത്തിയതിനുള്ള പാപം പരിഹരിക്കാന്‍ പരശുരാമന്‍ കേരളസൃഷ്ടി നടത്തി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത് യാത്ര പറഞ്ഞു പിരിഞ്ഞത് വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തുവച്ചാണെന്നാണ് ഐതിഹ്യം. ആവശ്യമുള്ളപ്പോള്‍ താന്‍ വരാമെന്ന് സത്യം ചൊല്ലിപ്പിരിഞ്ഞ പരശുരാമനെ പരീക്ഷിക്കുന്നതിന് ബ്രാഹ്മണര്‍ അനാവശ്യമായി വിളിച്ചുവരുത്തുകയും അതില്‍ കുപിതനായ പരശുരാമന്‍ അവരെ ശപിക്കുകയും ചെയ്തതും ശ്രീമൂലസ്ഥാനത്തുവെച്ചു തന്നെയാണെന്ന് ഐതിഹ്യം പറയുന്നു. ഇന്ന് അമ്പലത്തിനു പുറത്ത് തേക്കിന്‍കാടു മൈതാനത്തിന്റെ അരികിലാണ് ശ്രീമൂലസ്ഥാനം.

സംഘകാലം തൊട്ടേ തൃശൂര്‍ അറിയപ്പെട്ടിരുന്നു. കേരളത്തിന്റെ ഇതര പ്രദേശങ്ങളെന്നപോലെ തൃശൂരും ചേരരാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായിരുന്നു. സംഘകാല മഹാകാവ്യമായ ചിലപ്പതികാരം ഇതിന് തെളിവു നല്‍കുന്നുണ്ട്. സംഘകാലവുമായി തൃശൂര്‍ ജില്ലയിലെ മിക്ക കുന്നുകളെയും ബന്ധപ്പെടുത്തുന്നവരുണ്ട്. പഴക്കമേറിയ ഒരു നാഗരികത തൃശൂരിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു എന്നാണ് ഇതു നല്‍കുന്ന സൂചന. 'വിശ്വത്തിലെങ്ങും വൃഷപുരിക്കൊത്തൊരു വിശ്വേശ്വരാവാസമില്ലെന്നറിക നീ' എന്ന് വൃഷപുരമഹാത്മ്യം എന്ന ഗ്രാമീണകൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൈലാസ നാഥോദയം, ചന്ദ്രോത്സവം എന്നീ പ്രാചീന കൃതികളിലും തൃശൂരിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം.

എ.ഡി. 52-ല്‍ ക്രിസ്തുശിഷ്യനായ തോമാശ്ളീഹ കേരളത്തില്‍ എത്തിയെന്നു പറയപ്പെടുന്നു. ഇസ്ളാംമതത്തിന്റെ ആദ്യകാലങ്ങളില്‍ത്തന്നെ ആ മതം പ്രചരിച്ചതും ഇന്നത്തെ തൃശൂര്‍ ജില്ലയിലാണ്. മതസൌഹാര്‍ദത്തിന്റെ ശ്രേയസ്കരമായ പ്രാചീനലക്ഷ്യങ്ങള്‍ ഇവിടെ ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമേധാവിത്വത്തിനും ക്രിസ്തുമത-ഇസ്ളാംമതങ്ങള്‍ക്കും വഴിമാറിയെന്ന് ഈ ചരിത്രം സംക്ഷേപിക്കാം. ജൂതമതാവലംബികളും ഇവിടെ പ്രാചീനകാലം തൊട്ടേ ഉണ്ടായിരുന്നു. ഇന്നത്തെ മാളപ്രദേശമാണ് അവരുടെ കേന്ദ്രം. ജൂതസിനഗോഗും ശ്മശാനവും ഇന്നും അവിടെ കാണാം. ശ്രീശങ്കരന്റെ വേദാന്തമതത്തിന് തൃശൂര്‍ ശക്തമായ പിന്തുണ നല്കി. അദ്ദേഹത്തിന്റെ സമാധി വടക്കുന്നാഥക്ഷേത്രത്തിനുള്ളില്‍ ശംഖുചക്രപ്രതിഷ്ഠകളോടെ ആരാധിക്കപ്പെടുന്നു. ശങ്കരശിഷ്യന്മാര്‍ ഗുരുസമാധിസ്ഥലമായ തൃശൂരില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ചു. അവയില്‍ മൂന്നെണ്ണം ഇപ്പോഴും നിലനില്ക്കുന്നു. ഇടയില്‍മഠം ഇന്നത്തെ നടുവില്‍മഠത്തില്‍ ലയിച്ചു. തെക്കേമഠവും വടക്കേമഠവുമാണ് രണ്ട് മഠങ്ങള്‍. വടക്കേമഠമാണ് ഇന്നത്തെ ബ്രഹ്മസ്വംമഠം. നമ്പൂതിരിമാരുടെ പൌരാണികമായ വേദപാഠശാലയാണിത്. മറ്റുള്ളവ രണ്ടും സന്ന്യാസിമഠങ്ങള്‍. ശങ്കരകൃതികളില്‍ ശങ്കരശിഷ്യന്മാരായ ഈ മഠാധിപതികള്‍ രചിച്ചവയും ധാരാളമുണ്ടാകാമെന്ന് കരുതപ്പെടുന്നു. തൃശൂര്‍ പ്രമുഖമായ നമ്പൂതിരികേന്ദ്രമായതിനും ക്ഷേത്രസംസ്കാരത്തിന്റെ ശക്തി വളരുന്നതിനും ഈ സാഹചര്യമായിരിക്കാം പ്രധാനകാരണമായത്. 7-ാം ശ. മുതല്‍ ശൈവമത സ്വാധീനം തൃശൂരില്‍ പ്രബലമായിരുന്നതായി ചില ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

നമ്പൂതിരി കേന്ദ്രിതമായ അറുപത്തിനാല് ഗ്രാമങ്ങളില്‍ ഏറ്റവും പ്രമുഖമായിരുന്നു തൃശൂര്‍. ഇന്നത്തെ തൃശൂര്‍ ജില്ലയിലുള്‍പ്പെട്ട പെരുവനവും ഇരിങ്ങാലക്കുടയുമാണ് മറ്റു രണ്ട് പ്രമുഖ ഗ്രാമങ്ങള്‍. കൃഷ്ണാനദീ തീരത്തുനിന്ന് ഒരു ബ്രാഹ്മണകുടുംബത്തെ വരുത്തി പരശുരാമന്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശാന്തിയായി അവരോധിച്ചു. ക്ഷേത്രാധികാരം യഥാര്‍ത്ഥത്തില്‍ ദേശാധികാരം തന്നെയായിരുന്നു. കഠിനബ്രഹ്മചര്യാനുഷ്ഠായികളായ പുറപ്പെടാശാന്തികളായിരുന്ന ഇവരെ യോഗാതിരിമാര്‍ എന്നാണ് വിളിച്ചുപോന്നത്. ആദ്യകാലത്ത് ആജീവനാന്തമായിരുന്നു ഇവരുടെ അവരോധം. ക്രമേണ അത് പന്ത്രണ്ട് വര്‍ഷമായി കുറയ്ക്കപ്പെട്ടു. ബ്രഹ്മചര്യവും പുറപ്പെടാശാന്തിത്വവും ഇല്ലാതായി. കൊ.വ.938-ല്‍ അവരോധിക്കപ്പെട്ട പാതായ്ക്കര നമ്പൂതിരിയോടെ യോഗാതിരിസ്ഥാനം തന്നെ അവസാനിക്കുകയും ചെയ്തു. വടക്കുന്നാഥക്ഷേത്രം ശക്തന്‍തമ്പുരാന്റെ കാലത്ത് സര്‍ക്കാര്‍ വകയാക്കി. ഇന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍, കേന്ദ്രപുരാവസ്തുവകുപ്പിലെ ഒരു ആരാധനാലയമാണ്. ക്ഷേത്രകേന്ദ്രീകൃതമായ ഭരണവ്യവസ്ഥ തകര്‍ന്നതോടെ തൃശൂര്‍ സ്വന്തംനിലയ്ക്ക് വളരാന്‍ തുടങ്ങി.

തൃശൂര്‍ നഗരവും ചുറ്റുമുള്ള പ്രദേശങ്ങളും പല ഭരണകര്‍ത്താക്കളുടെ കീഴില്‍ കഴിഞ്ഞുപോന്നിട്ടുണ്ട്. ഒന്‍പതു മുതല്‍ 12 വരെയുള്ള ശതകങ്ങളില്‍ മഹോദയപുരം ആസ്ഥാനമാക്കിയുള്ള കുലശേഖരന്മാരും 12-ാം ശ.-ത്തിനുശേഷം പെരുമ്പടപ്പു സ്വരൂപവും (കൊച്ചി രാജാക്കന്മാര്‍) ആയിരുന്നു തൃശൂരിന്റെ ഭരണാധിപന്മാര്‍. പഴയ കൊച്ചിശീമയില്‍പ്പെട്ട രണ്ട് മുഖ (ജില്ല) ങ്ങളില്‍ വടക്കേ മുഖത്തിന്റെ പ്രധാന ആസ്ഥാനവും വടക്കേ മുഖം സര്‍വാധിയുടെ ആസ്ഥാനവും തൃശൂരായിരുന്നു. കൊച്ചി രാജാവിന്റെ ഭരണാധികാരത്തില്‍പ്പെട്ട പ്രദേശമായിരുന്നു തൃശൂരെങ്കിലും സാമൂതിരിയുടേയും മൈസൂറിലെ സുല്‍ത്താന്‍മാരുടേയും ആക്രമണങ്ങള്‍ക്കും അധീശാധികാരങ്ങള്‍ക്കും തൃശൂര്‍ അടിപ്പെടേണ്ടിവന്നിട്ടുണ്ട്. വിദേശികളായ പോര്‍ച്ചുഗീസുകാരുടേയും ഡച്ചുകാരുടേയും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ തൃശൂരുമായും ബന്ധപ്പെട്ടുള്ളതായിരുന്നു. 1750-നും 1762-നും ഇടയ്ക്ക് യോഗക്കാരുടെ ചക്രവര്‍ത്തിയായി സാമൂതിരി തൃശൂര്‍ കേന്ദ്രമാക്കി കൊച്ചി ഭരിച്ചു. ഡച്ചുകാരേയും തിരുവിതാംകൂറിനേയും കൂട്ടുപിടിച്ച് കൊച്ചി നടത്തിയ എതിര്‍ത്തുനില്പുമൂലം സാമൂതിരിക്ക് പിന്തിരിയേണ്ടിവന്നു. തിരുവിതാംകൂറിന്റെ സഹായത്തോടെ സാമൂതിരിയെ ഭാരതപ്പുഴ കടത്തിവിട്ടതോടെ ഈ ഭരണം അവസാനിച്ചു.

1776-ല്‍ ഹൈദരലിയുടെ സൈന്യാധിപന്‍ സര്‍ദാര്‍ ഖാന്‍ തൃശൂരിലെത്തി. തൃശൂരും വടക്കുന്നാഥക്ഷേത്രവും കുറച്ചുകാലം അദ്ദേഹത്തിന്റെ വരുതിയിലായിരുന്നു. 1789-ല്‍ ടിപ്പു തൃശൂരിലെത്തി. വടക്കുന്നാഥക്ഷേത്രമായിരുന്നു അന്ന് ടിപ്പുവിന്റെ ഓഫീസ്. തൃശൂരിലെ ബ്രാഹ്മണമഠങ്ങളിലാണ് ടിപ്പുവിന്റെ പട്ടാളക്കാര്‍ താമസിച്ചത്. തൃശൂരിന്റെ പരിവര്‍ത്തനത്തിന് ഈ ചരിത്രഗതികള്‍ കാരണമായിട്ടുണ്ടാകണം. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം ശക്തന്‍തമ്പുരാന്‍ നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റി. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന തേക്കിന്‍കാട് വെട്ടിത്തെളിക്കുകയും ക്ഷേത്രാതിര്‍ത്തികള്‍ക്കു ചുറ്റും വീതിയേറിയ നടവഴികള്‍ ഉണ്ടാക്കുകയും സത്യസന്ധമായ കച്ചവടത്തിനു പേരുകേട്ട പൌരസ്ത്യ കല്‍ദായ സുറിയാനി ക്രിസ്ത്യന്‍ സമൂഹത്തിലെ 52 കുടുംബങ്ങളെ നഗരത്തിന്റെ കിഴക്കുഭാഗത്ത് താമസിപ്പിക്കുകയും ചെയ്തു. എണ്ണയുടെ കുത്തക അരണാട്ടുകര തരകനും ജൌളിക്കച്ചവടം പരദേശ ബ്രാഹ്മണര്‍ക്കും നല്‍കിയ ശക്തന്‍തമ്പുരാന്‍ കൊക്കാല ഭാഗത്ത് മുസ്ളിങ്ങള്‍ക്കും താമസിക്കുന്നതിനുള്ള സൌകര്യം നല്‍കി. നഗരസംവിധാനത്തില്‍ അദ്ദേഹം കാണിച്ച ക്രാന്തദര്‍ശിത്വം ഇന്നും അസൂയാവഹവും മറികടക്കാന്‍ കഴിയാത്തതുമാണ്. ശക്തന്‍ തമ്പുരാന്റെ കോവിലകം തൃശൂരിലുണ്ട്. വടക്കേ കോവിലകം, വലിയ കോവിലകം എന്നൊക്കെ അറിയപ്പെടുന്ന ഈ കോവിലകം കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ദേശീയ സ്മാരകമായി നിലനിര്‍ത്തിയിരിക്കുന്നു.

ബ്രിട്ടിഷ് മേധാവിത്വത്തിനെതിരായ സ്വാതന്ത്യ്രസമര പ്രവര്‍ത്തനങ്ങള്‍ തൃശൂരില്‍ സജീവമായിരുന്നു. 1920 ഓടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സ്വാതന്ത്യ്രസമര പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹം തൃശൂര്‍ജില്ലയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി എടുത്തു പറയത്തക്ക സംഭവമാണ്. സ്വാതന്ത്യ്രസമരകാലത്ത് തീവ്രവിപ്ളവകാരികള്‍ തിരുവിതാംകൂറില്‍നിന്ന് എത്തിച്ചേര്‍ന്നത് തൃശൂരാണ്. അംശി നാരായണപിള്ള, സി. കുട്ടന്‍ നായര്‍ എന്നിവരുടെ ചരിത്രം ഓര്‍മിക്കത്തക്കതാണ്. പ്രജാമണ്ഡലസ്ഥാപനവും തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു. അന്തിക്കാട് ചെത്തുതൊഴിലാളി സമരം, തേക്കിന്‍കാടു മൈതാനത്തിലെ മണികണ്ഠനാല്‍ കേന്ദ്രീകരിച്ചു നടന്ന വിവിധ സ്വാതന്ത്യ്രസമരങ്ങള്‍ എന്നിവ തൃശൂര്‍ ജില്ലയെ പ്രബുദ്ധമാക്കി. കേരളസിംഹം മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍, ഇക്കണ്ടവാരിയര്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍, കുറൂര്‍ നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍ തുടങ്ങിയ പ്രഗല്ഭര്‍ക്ക് തൃശൂര്‍ ജന്മം നല്‍കി.

ആധുനിക തൃശൂരിന്റെ ശില്‍പിയെന്ന് അറിയപ്പെടുന്നത് ഡോ. എ.ആര്‍. മേനോനാണ്. ഇപ്പോഴത്തെ നഗരത്തിലെ വീതിയേറിയ പ്രദക്ഷിണവഴി, വാട്ടര്‍വര്‍ക്സ്, വൈദ്യുതി സംവിധാനം ഇവയ്ക്കൊക്കെ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. പി.എസ്. റാവുവിന്റെ മേല്‍നോട്ടത്തില്‍ അയ്യന്തോളില്‍ സിവില്‍ സ്റ്റേഷന്‍ വന്നതാണ് പിന്നീടുണ്ടായ ഒരു പ്രധാന സഗരവികസനസംരംഭം. 1947-ലെ ഐക്യകേരള സമ്മേളനത്തിന് തൃശൂര്‍ വേദിയായി.

തൃശൂര്‍ ജില്ലയിലെ കോട്ടകളുടെ ബാഹുല്യവും ശ്രദ്ധേയമാണ്. ഏനാമാക്കല്‍, കക്കാട്, എയ്യാല്‍, മുള്ളൂര്‍ക്കര എന്നിവിടങ്ങളില്‍ അടുത്തകാലംവരെ കോട്ടകള്‍ ഉണ്ടായിരുന്നു. തൃശൂര്‍ നഗരാതിര്‍ത്തിയിലും കൊടുങ്ങല്ലൂര്‍, മച്ചാട്, മുണ്ടത്തിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും 'കോട്ടപ്പുറം' എന്ന പേര് കാണാം. തൃശൂര്‍ നഗരത്തിലെ കേന്ദ്രപ്രദേശങ്ങളാണ് കിഴക്കേകോട്ടയും പടിഞ്ഞാറേകോട്ടയും. തൃശൂരിനെ വലയം ചെയ്തുകൊണ്ട് നാലര മൈല്‍ നീളത്തില്‍ ഒരു കൂറ്റന്‍കോട്ടയും കിടങ്ങും ഉണ്ടായിരുന്നുവെന്നും കിഴക്കുംപാട്ടുകര, പാറമേക്കാവ്, വെളിയന്നൂര്‍, കോട്ടപ്പുറം, ചിറയ്ക്കല്‍, പൂത്തോള്‍, ചെമ്പൂക്കാവ്, പൂങ്കുന്നത്തിന്റെ ഒരുഭാഗം എന്നിവ ഈ കോട്ടയ്ക്കുള്ളിലായിരുന്നുവെന്നും രേഖകളുണ്ട്. ശക്തന്‍തമ്പുരാന്‍ കോവിലകത്തിനും വടക്കുന്നാഥക്ഷേത്രത്തിനും പ്രത്യേകം കോട്ടകളുണ്ട്. ക്ഷേത്രത്തിലെ നാല് ഗോപുരങ്ങള്‍ തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട്, പാലക്കാട് രാജാക്കന്മാര്‍ പണികഴിപ്പിച്ചവയാണ്. പ്രാചീനകാലം മുതല്‍ കേരളവും മറ്റു രാജ്യങ്ങളുമായുണ്ടായിരുന്ന കച്ചവടബന്ധങ്ങളില്‍ തൃശൂരിന് പ്രധാനപങ്കാണുണ്ടായിരുന്നത്. തൃശൂരിലെ കൊടുങ്ങല്ലൂര്‍ മികച്ച വാണിജ്യ കേന്ദ്രമായിരുന്നു.

ഢകകക. സാംസ്കാരികരംഗം

1. മതം. സാമുദായിക സൌഹാര്‍ദത്തിനും മതമൈത്രിക്കും പേരുകേട്ട പ്രദേശമാണ് തൃശൂര്‍. കേരളത്തില്‍ പൊതുവേ കാണപ്പെടുന്ന എല്ലാ മതവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും തൃശൂര്‍ ജില്ലയിലുണ്ട്. വിഷവന്‍, വില്‍കുറുപ്പ്, വേളന്‍, വാലന്‍, പുഷ്പകന്‍, ഉണ്ണി, പണ്ടാരം (പര്‍പ്പടക), നമ്പ്യാര്‍, നായാടി, നായ്ക്കന്‍, മലയന്‍, കുശവന്‍, കണക്കന്‍, എഴുത്തച്ഛന്‍, ചക്കിലിയന്‍, അഹമ്മദീയ, തുടങ്ങിയ ചില പ്രത്യേക സമുദായിക വിഭാഗങ്ങളും ജില്ലയില്‍ ഉള്‍പ്പെടുന്നു. കാടര്‍ ആണ് പ്രധാന ആദിവാസി വിഭാഗം. അതിരപ്പള്ളി (2), പരിയാരം (1) എന്നിവിടങ്ങളിലാണ് ഇവരുടെ അധിവാസ കേന്ദ്രങ്ങള്‍. മലയാളവും തമിഴുമാണ് ജില്ലയില്‍ പ്രചാരത്തിലുള്ള മുഖ്യഭാഷകള്‍.

2. ആരാധനാലയങ്ങള്‍. മത ആരാധനാലയങ്ങളാല്‍ സമ്പന്നമാണ് തൃശൂര്‍ ജില്ല. ജില്ലയിലെ ക്ഷേത്രങ്ങളെല്ലാം തനതു കേരളീയ വാസ്തുവിദ്യാവൈഭവം പ്രതിഫലിപ്പിക്കുന്നവയാണ്. കൊടുങ്ങല്ലൂര്‍ പോലുള്ള പ്രദേശങ്ങള്‍ വളരെ പണ്ടു മുതല്‍ക്കുതന്നെ ചരിത്ര-മത-സാംസ്കാരിക രംഗങ്ങളില്‍ പ്രാധാന്യം നേടിയിരുന്നു. കേരളത്തില്‍ ജൂതര്‍ ആദ്യമായി കൂടിയേറിയത് കൊടുങ്ങല്ലൂരിലാണെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതിനടുത്തുള്ള പാലയൂര്‍ (മുമ്പ് പാലൂര്‍) ഒരു പ്രധാന ജൂത വാണിജ്യകേന്ദ്രമായിരുന്നു. തൃക്കണാമതിലകത്തിനു (ഇന്നത്തെ മതിലകം) സമീപമായിരുന്നു പാലൂരിന്റെ സ്ഥാനം. 1524-ല്‍ ജൂതരും മുസ്ളിങ്ങളും തമ്മിലും, 1566-ല്‍ ജൂതരും പോര്‍ച്ചുഗീസുകാരും തമ്മിലും നടന്ന ഏറ്റുമുട്ടലുകള്‍ കൊടുങ്ങല്ലൂരിലെ ജൂത അധിനിവേശം അവസാനിക്കുന്നതിനു കളമൊരുക്കി. മേത്തലയിലെ ജൂതക്കുളം പോലുള്ള പ്രദേശങ്ങള്‍ ഇന്നും ഇതിന്റെ അവശിഷ്ടങ്ങളായി നിലകൊള്ളുന്നു. ക്നാനായ തൊമ്മന്റെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ വന്നിറങ്ങിയതും കൊടുങ്ങല്ലൂരിലായിരുന്നു. ഇന്ത്യന്‍ ഉപദ്വീപിലെ തന്നെ ആദ്യത്തേതെന്നു കരുതപ്പെടുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ മുസ്ളിംപള്ളി മറ്റു മുസ്ളിം ആരാധനലയങ്ങളില്‍ നിന്നു വ്യത്യസ്തമായി കിഴക്കോട്ടു ദര്‍ശനമായാണ് നിര്‍മിച്ചിട്ടുള്ളത്. കൂടല്‍ മാണിക്യക്ഷേത്രവും, തിരുവില്വാമല, തൃപ്രയാര്‍, ഗുരുവായൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പ്രസിദ്ധ ഹൈന്ദവ ദേവാലയങ്ങളും ഈ ജില്ലയിലാണ്.

ചരിത്രപ്രധാനമായ ഒട്ടേറെ ദേവാലയങ്ങള്‍ ഉള്ള ജില്ലയാണിത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി കൊടുങ്ങല്ലൂരില്‍ സെയ്ന്റ് തോമസ് സ്ഥാപിച്ച പള്ളിയാണ്. പാലയൂരും അദ്ദേഹം പള്ളി പണിതിട്ടുണ്ട്. രണ്ടും ഇന്ന് തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്.

തിരുവഞ്ചിക്കുളത്തെ അതിപ്രാചീനമായ ക്ഷേത്രത്തില്‍ ശൈവസന്ന്യാസിയായ സുന്ദരമൂര്‍ത്തി നായനാരുടേയും ചേരമാന്‍പെരുമാളുടേയും പ്രതിഷ്ഠയുണ്ട്. ഈ ക്ഷേത്രത്തില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഇരുണ്ട അറ ചരിത്രഗവേഷകരെ ആകര്‍ഷിച്ചിട്ടുള്ളതാണ്. സംഘകാലക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ഭദ്രകാളിക്ഷേത്രം ഇന്നും ദ്രാവിഡാചാരങ്ങളുടെ തത്ത്വങ്ങളും ജൈനപുരോഹിതത്വത്തിന്റെ ചിഹ്നങ്ങളും നിലനിര്‍ത്തുന്നു. കോഴിവെട്ട് ഇവിടത്തെ ആചാരമായി ഇപ്പോഴും നിലനില്‍ക്കുന്നു. അടികള്‍ എന്നാണ് പുരോഹിതന്‍ അറിയപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിവെട്ടലാണെങ്കില്‍ കൊച്ചിരാജാക്കന്മാരുടെ പരദേവതാ ക്ഷേത്രമായ പഴയന്നൂര്‍ ദേവീക്ഷേത്രത്തില്‍ കോഴി പറപ്പിക്കലാണ് വഴിപാട്. ശൈവവൈഷ്ണവസമന്വയം കാണുന്ന വടക്കുന്നാഥന്‍ ക്ഷേത്രം നഗരത്തിന്റെ ഗാംഭീര്യം നിലനിര്‍ത്തുന്ന മഹാക്ഷേത്രമാണ്. ഇവിടത്തെ പ്രതിഷ്ഠ കണ്ടിട്ടുള്ളവരില്ല. അതിനെ നെയ്മല മൂടിയിരിക്കുന്നു. അതിന്മേലാണ് അഭിഷേകം. നെയ്മല ഇടിയുന്നത് ദോഷകരമായി കരുതപ്പെടുന്നു. ശിവനും രാമനും ശങ്കരനാരായണനും പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. കേരളം സൃഷ്ടിക്കുകയും ഇവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്ത പരശുരാമന് പ്രദക്ഷിണവഴിയില്‍ ഒരു മൂലയ്ക്ക് അപ്രധാനമായ സ്ഥാനം നല്‍കിയിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് സാക്ഷ്യം വഹിക്കുന്ന വടക്കുന്നാഥന്റെ രണ്ട് ഭാഗങ്ങളിലായി തൃശൂരിലെ ഏറ്റവും സമ്പന്നമായ രണ്ട് ക്ഷേത്രങ്ങള്‍ പ്രൌഢിയോടെ നിലകൊള്ളുന്നു: പാറമേക്കാവ് ദേവീക്ഷേത്രവും തിരുവമ്പാടിയും. ശക്തന്റെ സ്വന്തം ക്ഷേത്രമായ അശോകേശ്വരം, മിഥുനപ്പള്ളി ശിവക്ഷേത്രം, ഹനുമല്‍സാന്നിദ്ധ്യമുള്ള കുളശ്ശേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രം, കോട്ടപ്പുറം-പൂങ്കുന്നം ശിവക്ഷേത്രങ്ങള്‍ എന്നിങ്ങനെ നഗരത്തിലെ ക്ഷേത്രസാന്നിദ്ധ്യം മഹത്തും വിപുലവുമാണ്. രാഷ്ട്രാന്തര പ്രശസ്തിയാര്‍ജിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം വില്വമംഗലം, മേല്‍പ്പത്തൂര്‍, പൂന്താനം, കുറൂരമ്മ തുടങ്ങിയ ഭക്തോത്തംസങ്ങളാല്‍ ആരാധിക്കപ്പെട്ട അമ്പാടി കൃഷ്ണന്റെ ആവാസസ്ഥാനമാണ്. ശ്രീരാമന്‍, ഭരതന്‍, ശത്രുഘ്നന്‍ ഇവരുടെ ക്ഷേത്രങ്ങള്‍ ഉള്ള സ്ഥലം തൃശൂര്‍ ജില്ലയാണ് (തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം). ആലുവാ താലൂക്കിലാണെങ്കിലും അടുത്തുതന്നെയാണ് ലക്ഷ്മണപ്രതിഷ്ഠയുള്ള മൂഴിക്കുളം ക്ഷേത്രം. നാലുപേരെയും ഒരേ ദിവസം കാണുന്നത് അത്യന്തം പുണ്യകരമായി കരുതപ്പെടുന്നു. ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യ ക്ഷേത്രം കേരളത്തിലെ തന്നെ ഒരേയൊരു ഭരതക്ഷേത്രമാണ്. ഈ ക്ഷേത്രക്കുളത്തില്‍ തവളയില്ലെന്നതും ക്ഷേത്രത്തിലെ വിശാലമായ സ്ഥലത്ത് തുളസി വളര്‍ത്താറില്ലെന്നതും പ്രത്യേകതകളാണ്. തൃപ്രയാറിലേയും തിരുവില്വാമലയിലേയും ശ്രീരാമസ്വാമി ക്ഷേത്രങ്ങള്‍ പഴയകാലം തൊട്ടേ പിതൃതര്‍പ്പണ സ്ഥാനങ്ങളാണ്. തിരുവില്വാമലയിലെ പുനര്‍ജനി എന്നറിയപ്പെടുന്ന ഗുഹ നൂണ്ടാല്‍ പൂര്‍വജന്മ പാപങ്ങളെല്ലാം ശമിക്കുമെന്നാണ് വിശ്വാസം. തൃശൂര്‍പൂരം ദേശീയോത്സവമാണെങ്കിലും പൂരപ്രേമികളുടേയും ആനകളുടേയും എണ്ണത്തില്‍ കേരളത്തില്‍ത്തന്നെ ഒന്നാം സ്ഥാനം ആറാട്ടുപുഴ പൂരത്തിനാണ്.

ആര്യസംസ്കാരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് അമ്പലത്തിന്റെ അകത്തും ദ്രാവിഡസംസ്കാരത്തിന്റെ ആഘോഷമായ വേല പുറത്തും നടത്തുന്ന ഊത്രാളിക്കാവ്, മച്ചാട് മാമാങ്കം നടക്കുന്ന തിരുവാണിക്കാവ്, അക്ഷര ഗുരുവിന്റെ തിരുവുള്ളക്കാവ്, ഊരകത്തമ്മ ക്ഷേത്രം, ഔഷധസേവയ്ക്ക് കേളികേട്ട നെല്ലുവായ് ധന്വന്തരി ക്ഷേത്രം, മണക്കുളം രാജാക്കന്മാരുമായി ബന്ധപ്പെട്ട കക്കാട് ഗണപതി ക്ഷേത്രം, സര്‍പ്പാരാധനാകേന്ദ്രമായ പാമ്പുമേക്കാവ് തുടങ്ങിയവയും അവണങ്ങാട്ട്, കാനാടി ചാത്തന്‍ മഠങ്ങളും തൃശൂരിന്റെ ക്ഷേത്രപ്പെരുമയുടെ തിളക്കങ്ങളാണ്. ശ്രീനാരായണഗുരു ഈ ജില്ലയില്‍ നിരവധി ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും തുടക്കം നല്‍കിയിട്ടുണ്ട്. കൂര്‍ക്കഞ്ചേരിയിലെ മഹേശ്വരക്ഷേത്രമാണ് അതില്‍ പ്രമുഖം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേയും സ്വകാര്യ വ്യക്തികളുടേയും ക്ഷേത്രസമിതികളുടേയും കീഴില്‍ ആയിരത്തി അഞ്ഞൂറോളം ക്ഷേത്രങ്ങള്‍ ഈ ജില്ലയിലുണ്ടെന്നാണ് കണക്ക്. ആര്യദ്രാവിഡ സംസ്കൃതിയുടെ നിറവുകൊണ്ട് ഇവ സമ്പന്നമാണ്.

ക്രിസ്ത്യന്‍ പള്ളികളുടെയും വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. ഇന്നത്തെ തൃശൂര്‍ ജില്ലയില്‍പ്പെട്ട താഴക്കാടിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു പൂര്‍വിക ശാസനമുണ്ട്. എ.ഡി. 1225-ലേതെന്ന് ഏറെക്കൂറെ സമ്മതമായ ഈ ശാസനത്തിലൂടെ ക്രിസ്തുമതത്തില്‍പെട്ട ചാത്തന്‍ വടുകന്‍, ഇരവിച്ചാത്തന്‍ എന്നീ വര്‍ത്തകര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ പ്രബലസാന്നിധ്യവും സാമ്പത്തിക ശക്തിയുമാകുന്നതിന് ശക്തന്‍ തമ്പുരാന്റെ നയങ്ങളും സഹായകമായി. പുരാതനമായ കാല്‍ഡിയന്‍ സിറിയന്‍ പള്ളി, നിലവറയോടുകൂടിയ ലൂര്‍ദ് പള്ളി, ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന ഗോപുരമുള്ള പുത്തന്‍പള്ളി, 1669 മുതല്‍ 1732 വരെ അര്‍ണോസ് പാതിരിയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന വേലൂര്‍ പള്ളി, ടിപ്പുവിന്റെ ആക്രമണവുമായി ബന്ധപ്പെട്ട ചരിത്രമുള്ള ആര്‍ത്താറ്റു പള്ളി, ഇരിങ്ങാലക്കുട പള്ളി, കരിമരുന്നു പ്രയോഗത്തിന് പേരുകേട്ട പാവറട്ടി പള്ളി, ശില്‍പഭംഗിയുടെ ഉദാത്തമാതൃകയായ എറവ് കപ്പല്‍ പള്ളി എന്നിവയെല്ലാം ക്രിസ്തുമതസ്വാധീനം വിളംബരം ചെയ്യുന്നു. തൊഴിയൂര്‍ കേന്ദ്രമായി ഒരു സ്വതന്ത്ര ക്രിസ്ത്യന്‍ വിഭാഗംതന്നെ തൃശൂര്‍ ജില്ലയില്‍ ഉണ്ട്.

മഹാക്ഷേത്രവും പള്ളിയും മോസ്ക്കും അടുത്തടുത്ത് നിലനില്‍ക്കുന്ന തൃശൂര്‍ നഗരത്തില്‍ അതതു മതങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങള്‍കൂടി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ജില്ലയില്‍പ്പെട്ട മാളയില്‍ ഇസ്രയേല്‍ രാജ്യസ്ഥാപനംവരെ ജൂതജനതയും വസിച്ചിരുന്നു.

മതരംഗത്തെ പല പ്രഗല്ഭമതികളും ഈ അടുത്ത കാലത്തും തൃശൂരില്‍ ഉണ്ടായി. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധിപനും അഗാധ വേദാന്തപണ്ഡിതനുമായിരുന്ന സ്വാമി രംഗനാഥാനന്ദ, ചിന്മയാമിഷന്‍ സ്ഥാപകനായ സ്വാമി ചിന്മയാനന്ദ, വിമോചന ദൈവശാസ്ത്രത്തിന്റെ പ്രചാരകനായിരുന്ന ഡോ. പൌലോസ് മാര്‍ പൌലോസ് എന്നിവര്‍ ഈ രംഗത്ത് സ്മരണീയരാണ്.

3. സാഹിത്യരംഗം. ചിലപ്പതികാരം തൊട്ടേ തുടങ്ങുന്നതാണ് ഇന്നത്തെ തൃശൂര്‍ ജില്ലയുടെ സാഹിത്യപാരമ്പര്യം. തിരുവഞ്ചിക്കുളം ആസ്ഥാനമായി കേരളം ഭരിച്ച ചേരരാജാവിന്റെ അനുജനും ജൈനസന്ന്യാസിയുമായ ഇളങ്കോ അടികളാണ് ചിലപ്പതികാരം രചിച്ചത്. കുലശേഖര ആള്‍വാര്‍ എന്ന വൈഷ്ണവസന്ന്യാസി കുലശേഖരവര്‍മയാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. തപതിസംവരണം, സുഭദ്രാധനഞ്ജയം, വിച്ഛിന്നാഭിഷേകം എന്നിവ അദ്ദേഹം രചിച്ചതാണ്. അദ്ദേഹം കുലശേഖരത്ത് ആഴ്വാര്‍ ആയപ്പോള്‍ രചിച്ച നിരവധി സംസ്കൃതസ്തോത്രങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് മുകുന്ദമാല. ശൈവസന്ന്യാസിവര്യരെയാണ് നായനാര്‍ എന്നു വിളിക്കുന്നത്. അറുപത്തിനാല് നായനാന്മാരില്‍ ഒരാള്‍ ചേരസാമ്രാജ്യം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ നായനാരാണ്. അദ്ദേഹത്തിന്റേയും സുഹൃത്തായ സുന്ദരമൂര്‍ത്തിനായനാരുടേയും പ്രതിമകള്‍ തിരുവഞ്ചിക്കുളം എന്ന പാടല്‍പെട്ട കേരള ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ആദിയുലാ എന്ന പ്രശസ്ത കാവ്യം ഈ പെരുമാളുടേതാണ്.

തൃശൂര്‍ ജില്ലക്കാരനല്ലെങ്കിലും തോലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വികടകവിയും മഹാപണ്ഡിതനുമായ വ്യക്തി കുലശേഖരവര്‍മയുടെ സദസ്യനായിരുന്നു. കൂടിയാട്ടം പരിഷ്കരിക്കുന്നതിന് കുലശേഖരവര്‍മനെ സഹായിച്ചത് ഇദ്ദേഹമാണ്. 'ഇത ഇത വാതു വരുന്നു....' എന്നു തുടങ്ങുന്ന യമക ശ്ളോകം കൊണ്ട് പ്രസിദ്ധനായ വാസുദേവ ഭട്ടതിരി (യുധിഷ്ഠിരവിജയം, നളോദയം തുടങ്ങിയ മഹാകാവ്യങ്ങളുടെ കര്‍ത്താവ്) തിരുവുള്ളക്കാവിനു സമീപമുള്ള പട്ടത്ത് ഇല്ലത്തില്‍ പിറന്ന ആളാണ്. വില്വമംഗലത്തിന്റെ ഇല്ലം ഇന്നത്തെ പുത്തന്‍ചിറയിലായിരുന്നു. തൃശൂരിലെ പോര്‍ക്കളത്താണ് പയ്യൂര്‍ പട്ടേരിമാരുടെ ഇല്ലം. പതിനെട്ടര കവികളില്‍ ഒമ്പതു പേര്‍ പയ്യൂര്‍ പട്ടേരിമാരും ഒരാള്‍ ഗുരുവായൂര്‍ തന്ത്രികുടുംബത്തില്‍ ലയിച്ച ചേന്നാസു നമ്പൂതിരിയും മറ്റൊരാള്‍ കാക്കശ്ശേരി ഭട്ടതിരിയുമാണ്. എല്ലാവരും ഇന്നത്തെ തൃശൂര്‍ ജില്ലക്കാര്‍. ഗണിതശാസ്ത്രജ്ഞനായ ശങ്കരനാരായണന്‍ കൊടുങ്ങല്ലൂര്‍ക്കാരനാണ്. അതിരാത്രം നടന്ന പാഞ്ഞാള്‍ സ്വദേശിയാണ് മുഹൂര്‍ത്തപദവി എഴുതിയ മാത്തൂര്‍ നമ്പൂതിരി. ജ്യോതിഷപണ്ഡിതനും നൈഷധം ചമ്പുവിന്റെ കര്‍ത്താവുമായ മഴമംഗലത്ത് നമ്പൂതിരി വലയാധീശ്വരിയുടെ നാട്ടുകാരനാണ്. തെങ്കൈലനാഥോദയം ചമ്പു രചിച്ച നീലകണ്ഠ കവിയും തൃശൂര്‍ക്കാരന്‍ തന്നെ. നളചരിതകര്‍ത്താവായ ഉണ്ണായിവാര്യര്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ വാര്യത്തെ ആണെന്നും ഇരിങ്ങാലക്കുട അകത്തൂട്ടു വാര്യത്തെയാണെന്നും വാദമുണ്ട്. പണ്ഡിതശ്രേഷ്ഠന്മാരായ കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയതമ്പുരാന്‍, പട്ടത്തു കുഞ്ഞുണ്ണി നമ്പ്യാര്‍, കൈക്കുളങ്ങര രാമവാര്യര്‍ എന്നിവരെയും തൃശൂര്‍ ജില്ലയാണ് ഉള്‍ക്കൊള്ളുന്നത്. വെണ്മണി പ്രസ്ഥാനവും പച്ചമലയാളവുമായി ബന്ധപ്പെട്ട പൂന്തോട്ടത്ത് അച്ഛന്‍ നമ്പൂതിരിയും മഹന്‍ നമ്പൂതിരിയും (കിള്ളിമംഗലം) കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, നടുവത്തച്ഛനും മഹനും, കാത്തുള്ളി അച്യുതമേനോന്‍, ഒറവങ്കര, കുണ്ടൂര്‍ നാരായണമേനോന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, പെട്ടരഴിയത്ത് രാമന്‍ നമ്പൂതിരി തുടങ്ങിയ മഹാരഥന്മാരുടെ യോഗം തൃശൂരിന്റെ മാത്രമായിരുന്നില്ല, കേരള കവിതയിലെ മണിപ്രവാള വസന്തത്തിന്റെ കൂടിയായിരുന്നു. സി.പി. അച്യുതമേനോനും ചാത്തുക്കുട്ടി മന്നാടിയാരും (അന്ന് ചിറ്റൂര്‍ തൃശൂര്‍ ജില്ലയിലായിരുന്നു) ഉത്തരരാമചരിതം പരിഭാഷയിലൂടെ കലഹിച്ചു. തോട്ടയ്ക്കാട്ട് ഇക്കാവമ്മ തൃശൂര്‍ നന്തിക്കര വീട്ടില്‍ ചാത്തു പണിക്കരുടെ മകളാണ്. വടക്കാഞ്ചേരിക്കാരനാണ് ആലത്തൂര്‍ അനുജന്‍ ഭട്ടതിരിപ്പാട്. സംഗീതനൈഷധ കര്‍ത്താവായ റ്റി.സി. അച്യുതമേനോന്‍ പ്രശസ്തമായ തെക്കേ കുറുപ്പത്തെയാണ്. പണ്ഡിതവര്യന്‍ കെ. രാമപ്പിഷാരോടി, ആറ്റൂര്‍ കൃഷ്ണപ്പിഷാരോടി, എന്‍.വി. കൃഷ്ണവാരിയര്‍ എന്നിവര്‍ ജന്മം കൊണ്ടും കെ.പി. നാരായണപ്പിഷാരോടി കര്‍മം കൊണ്ടും തൃശൂര്‍ക്കാരാണ്. തൃശൂരില്‍ താമസിച്ച് കേരളത്തിലെ മുഴുവന്‍ എഴുത്തുകാരെയും യോജിപ്പിച്ച ആളാണ് മലയാള ഭാഷയുടെ 'പരോക്ഷദൈവതം' എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച അപ്പന്‍ തമ്പുരാന്‍. അദ്ദേഹത്തിന്റെ കാലവിപര്യയമാണ് ചര്‍ക്ക രംഗത്ത് അവതരിപ്പിച്ച ആദ്യനാടകം. ചക്കീചങ്കരമെഴുതിയ മുന്‍ഷി പി. രാമക്കുറുപ്പിന്റെ മൂലകുടുംബം കൊടുങ്ങല്ലൂരാണ്. ഒ. ചന്തുമേനോന്‍ അച്ഛന്‍ വഴിക്ക് പിണറായിക്കാരനും അമ്മവഴി കൊടുങ്ങല്ലൂര്‍ക്കാരനുമാണ്. അമ്പാടി കുഞ്ഞികൃഷ്ണപ്പൊതുവാളിനെ കുടുംബത്തോടെ വേണം സ്മരിക്കാന്‍. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചവരെങ്കിലും എഴുത്തുകാരെന്ന നിലയ്ക്ക് അവര്‍ തുല്യാവകാശികളാണ്. അമ്പാടി നാരായണപ്പൊതുവാള്‍, ഡോ. രാമപ്പൊതുവാള്‍, ശങ്കരപ്പൊതുവാള്‍, അമ്പാടി രാഘവപ്പൊതുവാള്‍, അര്‍പ്പുതസ്വാമി എന്നറിയപ്പെട്ട അഡ്വ. രാമപ്പൊതുവാള്‍, ശ്രീമതി നാരായണീ പൊതുവാള്‍സ്യാര്‍ എന്നിവരാണ് തൃശൂരിലെ പൊതുവാള്‍ സാഹിത്യകുടുംബക്കാര്‍. ഒരു വിലാപമെഴുതിയ വി.സി. ബാലകൃഷ്ണപ്പണിക്കരുടെ മിന്നല്‍പ്പിണര്‍ പോലുള്ള ജീവിതവും തൃശൂരുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ചിന്താമണി എന്ന പത്രം വി.സി.യുടെ പത്രാധിപത്യത്തിലാണ് നടന്നത്. കര്‍മം കൊണ്ടു തൃശൂര്‍ക്കാരായ അടുത്തകാലത്തെ പ്രമുഖരാണ് എം.പി. പോള്‍, വൈലോപ്പിള്ളി തുടങ്ങിയവര്‍. നാലപ്പാട്ട് നാരായണമേനോന്‍, ബാലാമണിയമ്മ, ജോസഫ് മുണ്ടശ്ശേരി, പുത്തേഴത്തു രാമന്‍മേനോന്‍ എന്നിവര്‍ ജന്മംകൊണ്ടുതന്നെ തൃശൂര്‍ക്കാരാണ്. സാഹിത്യ അക്കാദമി, കേരളത്തിലെ മുഴുവന്‍ എഴുത്തുകാരെയും തൃശൂരിന് പരിചിതരാക്കി.

പാറമേല്‍ ഇട്ടൂപ്പ്, കുന്നംകുളത്ത് വിദ്യാരത്നപ്രഭ അച്ചുകൂടം സ്ഥാപിച്ചത് മലയാളഭാഷയ്ക്ക് അനുഗ്രഹമായി. പ്രഗല്ഭപണ്ഡിതനായ കൈക്കുളങ്ങര രാമവാരിയരെക്കൊണ്ട് നിരവധി പ്രൌഢവ്യാഖ്യാനങ്ങള്‍ തയ്യാറാക്കിച്ച് മാളിയമ്മാവില്‍ കുഞ്ഞുവറീത് പ്രകാശനം ചെയ്തു. മൂവരും ചേര്‍ന്നുള്ള ഒരു അപൂര്‍വ യത്നമായിരുന്നു അത്. വിദ്യാവിനോദിനി മാസികയിലൂടെ സി.പി. അച്യുതമേനോന്‍ തീക്ഷ്ണ വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തി. കേരള കല്‍പദ്രുമം വള്ളത്തോളിന് ബന്ധമുണ്ടായിരുന്ന അച്ചുകൂടമാണ്. ഭാരതവിലാസം, വിദ്യാവിനോദിനി, കേരള ചിന്താമണി, മംഗളോദയം തുടങ്ങിയ അച്ചുകൂടങ്ങളും എടുത്തുപറയത്തക്കവയാണ്. മംഗളോദയം, ലക്ഷ്മീഭായി, രസികരഞ്ജിനി, ലോകമാന്യന്‍ കേരളപത്രം, യോഗക്ഷേമം, ഉണ്ണിനമ്പൂതിരി, ഭജേഭാരതം തുടങ്ങിയവ തൊട്ട് കാഹളം, നവജീവന്‍ (രണ്ടും മുണ്ടശ്ശേരി) ദീനബന്ധു ഗോമതി, എക്സ്പ്രസ്, തൊഴിലാളി (ഫാ. വടക്കന്‍) അരുണോദയം തുടങ്ങിയ നൂറ്റിഇരുപത്തഞ്ചോളം പ്രസിദ്ധീകരണങ്ങള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുമാത്രം പുറത്തു വന്നിട്ടുണ്ട്. രാഷ്ട്ര ദീപിക, ടെലഗ്രാഫ്, സ്വതന്ത്രമണ്ഡലം, മിഡ്ഡേ, ജനറല്‍, ജയകാഹളം, എലൈറ്റ് തുടങ്ങിയ ഒരു ഡസനോളം സായാഹ്ന പത്രങ്ങള്‍ക്കും ഇവിടെ പ്രചാരമുണ്ട്. കവനകൌതുകം അക്ഷരശ്ളോക പരിഷത്തിന്റെ മുഖപത്രമാണ്. ഓരോ കാലഘട്ടത്തിന്റെയും രാഷ്ട്രീയ-സാഹിത്യ സ്വഭാവങ്ങള്‍ അപഗ്രഥിക്കുന്നതിനും പരിഷ്കരിക്കുന്നതിനും ഇവയിലൂടെ യത്നിച്ചുകാണാം. മിനി മാസികകളായ പാഠഭേദം, ജനനീതി, ജ്വാല, പാഥേയം വരെ ഈ പാരമ്പര്യം തെളിഞ്ഞു കാണുന്നു. കുറേക്കാലം വിവേകോദയം പ്രസിദ്ധീകരിച്ചത് ഇരിങ്ങാലക്കുട നിന്നാണ്. ആമിനാ ബുക്ക് സ്റ്റാള്‍, കറന്റ്, കൈരളി, കുന്നംകുളത്തെ പഞ്ചാംഗം ബുക്സ്റ്റാള്‍ എന്നിവയാണ് തൃശൂരിനു സ്വന്തമായ മറ്റു പ്രധാന പുസ്തപ്രസിദ്ധീകരണ സ്ഥാപനങ്ങള്‍.

4. കലാരംഗം. ക്ഷേത്രകലാകാരന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് തൃശൂര്‍. കലാമണ്ഡലം കലാപോഷണത്തിന് നല്ലൊരു പങ്കു വഹിച്ചു. കഥകളിയിലെ പരിഷ്കരണംതന്നെ തൃശൂര്‍ ജില്ലക്കാരനായ കപ്ളിങ്ങാട്ടു നമ്പൂതിരിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചവാദ്യ-തായമ്പക വിശാരദന്മാരുടെ സാന്നിദ്ധ്യകേന്ദ്രമാണ് തൃശൂരിലെ വൈവിധ്യം നിറഞ്ഞ ഉത്സവങ്ങള്‍. തൃപ്പേക്കുളം അച്യുതമാരാര്‍ (ചെണ്ട), കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാള്‍ (കഥകളി മദ്ദളം), മച്ചാട്ട് അപ്പുനായര്‍ (പഞ്ചവാദ്യം കൊമ്പ്), കടവല്ലൂര്‍ അരവിന്ദാക്ഷന്‍ (പഞ്ചവാദ്യം), കുഴൂര്‍ നാരായണമാരാര്‍ (തിമില), ചാലക്കുടി എന്‍.എസ്. നാരായണസ്വാമി (സംഗീതം), വി. ബാലകൃഷ്ണന്‍ നായര്‍ (തോല്‍പ്പാവക്കൂത്ത്), അമ്മന്നൂര്‍ മാധവച്ചാക്യാര്‍ (കൂടിയാട്ടം), പഴയന്നൂര്‍ ചിന്നമ്മുഅമ്മ (കൈകൊട്ടിക്കളി), നീലകണ്ഠന്‍ നമ്പീശന്‍ (കഥകളി സംഗീതം) എന്നിങ്ങനെ നീണ്ടതാണ് കലാരംഗത്തെ മികച്ച പ്രതിഭകളുടെ നിര. അഹിന്ദുവായ ഒരാള്‍ കഥകളി സംഗീതം പഠിക്കുന്നത് കലാമണ്ഡലം ഹൈദരാലിയാണ്. കലാമണ്ഡലം കഥകളി നൃത്തരംഗങ്ങളിലെ പ്രഗല്ഭര്‍ക്ക് തൃശൂര്‍ ആവാസസ്ഥാനമാക്കി. സിനിമാരംഗത്തും വിവിധതലങ്ങളില്‍ പ്രശസ്തരായ തൃശൂര്‍ ജില്ലക്കാരുണ്ട്. ഭൂതരായര്‍ സിനിമയാക്കാന്‍ അപ്പന്‍ തമ്പുരാന്‍ ശ്രമിക്കുകയുണ്ടായി. അത് പൂര്‍ത്തീകരിച്ചില്ല. രാമദാസിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കോളേജുകുട്ടികള്‍ നിര്‍മിച്ച ന്യൂസ് പേപ്പര്‍ ബോയ് ആദ്യത്തെ റിയലിസ്റ്റിക് ചിത്രം, ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്റെ ചിത്രം എന്നിങ്ങനെ പ്രസിദ്ധം. പി. ഭാസ്കരന്‍ (ഗാനരചന, സംവിധാനം) ജെ. സി. തോട്ടാന്‍, രാമുകാര്യാട്ട്, ഭരതന്‍, പി.എന്‍. മേനോന്‍, പി.എ. ബക്കര്‍, കമല്‍, സത്യന്‍ അന്തിക്കാട് (സംവിധാനം), ബഹദൂര്‍, ഷീല, കെ.ആര്‍. വിജയ, ജയഭാരതി (അഭിനയം) തുടങ്ങിയ പ്രഗല്ഭര്‍ ഈ ജില്ലക്കാരാണ്.

പ്രധാന കേരളീയ നാട്യ-നൃത്തരൂപങ്ങളെ കൂടാതെ പുറാട്ട്, ഐവര്‍കളി, ഭൂതംതിറ, തിരുവാതിരക്കളി, കുമ്മാട്ടിക്കളി, പുലികളി തുടങ്ങിയ തനതു കലകള്‍ ജില്ലയിലരങ്ങേറുന്നുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലം കേരളത്തിലെ ഏറ്റവും വലുപ്പമേറിയതാണ്. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിലും ഈ മാതൃകയില്‍ ഒരു കൂത്തമ്പലം നിര്‍മിച്ചിട്ടുണ്ട്. കൂടല്‍ മാണിക്യ ക്ഷേത്രത്തിലും ഒരു കൂത്തമ്പലമുണ്ട്.

5. സാംസ്കാരിക സ്ഥാപനങ്ങള്‍. വിവിധ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങള്‍ തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, അപ്പന്‍ തമ്പുരാന്‍ സ്മാരകം, മുണ്ടശ്ശേരി സ്മാരകം, സ്റ്റേറ്റ് മ്യൂസിയം, ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ശക്തന്‍ തമ്പുരാന്‍ കോവിലകം, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യാ റേഡിയോ, തൃശൂര്‍ കഥകളി ക്ളബ്ബ്, അഖില കേരള അക്ഷരശ്ളോക പരിഷത്ത്, തൃശൂര്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, ചേതന അച്യുതമേനോന്‍ സ്മാരകം, കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലുള്ള സ്ക്കൂള്‍ ഓഫ് ഡ്രാമ എന്നിവ നഗരപരിധിയിലുള്ള സാംസ്കാരിക സ്ഥാപനങ്ങളാണ്. കേരള കലാമണ്ഡലം, ഇരിങ്ങാലക്കുടയിലെ നടനകൈരളി, അമ്മന്നൂര്‍ ഗുരുകുലം എന്നിവയോടൊപ്പം സുകുമാരകലകള്‍ പഠിപ്പിക്കുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ജില്ലയിലുണ്ട്. നഗരത്തില്‍ത്തന്നെയുള്ള ഫൈന്‍ ആര്‍ട്സ് സ്കൂള്‍ നിരവധി ചിത്രകാരന്മാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ശക്തമായ ലൈബ്രറി കൌണ്‍സില്‍ പ്രവര്‍ത്തനവും ഈ ജില്ലയില്‍ നടക്കുന്നു. തൃശൂര്‍ പബ്ളിക് ലൈബ്രറി, സാഹിത്യ അക്കാദമി ലൈബ്രറി, കാരളം ബാലകൃഷ്ണന്റെ ഇച്ചിര അമ്മ മെമ്മോറിയല്‍ ലൈബ്രറി തുടങ്ങിയവ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിജ്ഞാന കുതുകികള്‍ക്കും വിലപ്പെട്ടവയാണ്.

6. ഇതര മേഖലകള്‍. തച്ചുശാസ്ത്രം, മന്ത്രവാദം, ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ മണ്ഡലങ്ങളില്‍ തൃശൂരിന് എടുത്തു പറയാവുന്ന സംഭാവനകളുണ്ട്. പ്രശസ്ത മന്ത്രവാദി കല്ലൂര്‍ നമ്പൂതിരിപ്പാട,് ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട,് വൈദ്യന്‍ വൈദ്യരത്നം തൈക്കാട്ടു മൂസ്സ് എന്നിവരുടെ കുടുംബം തൃശൂര്‍ ജില്ലയിലാണ്. കളരി വിദഗ്ധന്‍ പേരാറ്റുപുറം നമ്പൂതിരി (പണിക്കര്‍), തന്ത്രവിദഗ്ധന്‍ ചേന്നാസ് നമ്പൂതിരിപ്പാട്, പണ്ഡിതനും കൈകൊട്ടിക്കളിപ്പാട്ടിലൂടെ പ്രശസ്തനുമായ മച്ചാട്ടിളയത് എന്നിവരും തൃശൂര്‍ സംബന്ധികള്‍ തന്നെ. സുബ്ബരായന്‍ എമ്പ്രാന്തിരി, പാവറട്ടി ഷണ്മുഖം, കോലഴി ഗോപാലകൃഷ്ണന്‍, പ്രൊഫ. ശിവരാമമേനോന്‍, ബാലകൃഷ്ണ പണിക്കര്‍, ഉണ്ണിരാമ പണിക്കര്‍ എന്നിവരിലൂടെ ജ്യോതിഷവിഷയത്തില്‍ തൃശൂര്‍ ഉയര്‍ന്നു നില്‍ക്കുന്നു. ആയുര്‍വേദവുമായി ബന്ധപ്പെട്ട് മാറ്റാംപുറത്തിനും കുഴൂര്‍ പത്രോസ് വൈദ്യര്‍ക്കും കണ്ടംകുളത്തി വര്‍ഗീസിനും അഷ്ടവൈദ്യന്‍ തൈക്കാട്ടുമൂസ്സിനും കേശവന്‍ വൈദ്യര്‍ക്കും രാഘവന്‍ തിരുമുല്പാടിനും മറ്റുമുള്ള സ്ഥാനം എടുത്തു പറയത്തക്കതാണ്. സീതാറാം ഔഷധി, ഈ.ടി.എം. വൈദ്യശാല, കേരള സമാജം കൊടയ്ക്കാട്ടില്‍ വൈദ്യശാല തുടങ്ങിയ ആയുര്‍വേദ സ്ഥാപനങ്ങളുടെ സേവനങ്ങളെയും വിട്ടുകളയാനാവില്ല.

കലാ സാഹിത്യ സംഘടനകള്‍ക്ക് പിറക്കാനും പുലരാനും പറ്റിയ വളക്കൂറുള്ള മണ്ണാണ് തൃശൂരിലുള്ളത്. അതുകൊണ്ടുതന്നെയാണ് വിവിധോദ്ദേശ്യങ്ങളോടുകൂടിയ നിരവധി കലാസംഘടനകള്‍ ഇവിടെ തഴച്ചു വളരുന്നത്. സഹൃദയവേദി, നാടകവേദി, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, തൃശൂര്‍ ആര്‍ട്സ് സൊസൈറ്റി, വോയ്സ് ഓഫ് ട്രിച്ചൂര്‍, ട്രിച്ചൂര്‍ വേവ്സ്, കലാസദന്‍, രംഗചേതന, ആര്‍ട് റീനാ ക്രിയേറ്റീവ് സെന്റര്‍, ആര്യ, സ്പോര്‍ട്സ് കൌണ്‍സില്‍, കഥകളി ക്ളബ്, അക്വാറ്റിക് കോംപ്ളക്സ്, ജ്യോതിഷപരിഷത്ത്, ബാനര്‍ജി ക്ളബ്ബ്, ഫുള്‍ബോള്‍ ക്ളബ്ബ്, ചിത്രകലാ പരിഷത്ത്, നവരംഗ്, ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി തുടങ്ങി അനേകം സംഘടനകള്‍ ഈ സാംസ്കാരിക നഗരിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും അവയുടെ സ്ത്രീ-യുവ സംഘടനകള്‍ക്കും തൊഴില്‍ സംഘടനകള്‍ക്കും മറ്റു പോഷക സംഘടനകള്‍ക്കും പുറമേ വൈലോപ്പിള്ളി സ്മാരക സമിതി, മുണ്ടശ്ശേരി സ്മാരകസമിതി, ജോണ്‍ മത്തായി ഫൌണ്ടേഷന്‍, അച്ചുതമേനോന്‍ ഫൌണ്ടേഷന്‍, ശങ്കരന്‍ നമ്പ്യാര്‍ ഫൌണ്ടേഷന്‍, ഡോ. ചുമ്മാര്‍ ചൂണ്ടല്‍ ഫൌണ്ടേഷന്‍, യുക്തിവാദി സംഘടന, അങ്കണം സാംസ്കാരികവേദി, ടി.ആര്‍. രാഘവന്‍ ട്രസ്റ്റ്, ഗുരുദേവ് എജ്യൂക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷന്‍, ഡോ. പൌലോസ് മാര്‍ പൌലോസ് ഫൌണ്ടേഷന്‍ തുടങ്ങിയ സംഘടനകളും ഇടതടവില്ലാതെ പ്രവര്‍ത്തിച്ചുവരുന്നു. കായികരംഗത്തും തൃശൂര്‍ അതിന്റേതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഫുട്ബോള്‍, വോളി ബോള്‍, കളരിപ്പയറ്റ് തുടങ്ങിയവയില്‍ തൃശൂരിന് അഭിമാനാവഹമായ പാരമ്പര്യമുണ്ട്. വോളിബോള്‍ താരങ്ങളായ ഹൈദ്രോസ്, സിറില്‍ സി.വള്ളൂര്‍, ബാസ്ക്കറ്റ് ബോള്‍ താരമായ ജയശങ്കര്‍ മേനോന്‍, ഫുട്ബോള്‍ കളിക്കാരായ വിക്ടര്‍ മഞ്ഞില, ജോ പോള്‍ അഞ്ചേരി, സി.വി. പാപ്പച്ചന്‍, അര്‍ജുന അവാര്‍ഡ് ജേതാവ് ഐ.എം.വിജയന്‍ തുടങ്ങിയവര്‍ തൃശൂരിന്റെ പ്രശസ്തി കേരളത്തിനും ഭാരതത്തിനും പുറത്ത് എത്തിച്ചിട്ടുണ്ട്.

(കല്പറ്റ ബാലകൃഷ്ണന്‍, ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%83%E0%B4%B6%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍