This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃത്താല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃത്താല

പാലക്കാട് ജില്ലയില്‍ പട്ടാമ്പിയില്‍നിന്ന് ഉദ്ദേശം ആറ് കിലോമീറ്റര്‍ അകലെ പുഴയോരത്തായി സ്ഥിതിചെയ്യുന്ന പ്രദേശം. പ്രാചീന സംസ്കാരകേന്ദ്രമായിരുന്നു ഇവിടം. അഗ്നിഹോത്രിയും പാക്കനാരും ഉള്‍പ്പെടുന്ന പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യപ്പെരുമ ദേശത്തിന്റെ അന്തരീക്ഷത്തെ ചൂഴ്ന്നു വര്‍ത്തിക്കുന്നുണ്ട്. പുതിയങ്ങാടി വഴിയരികില്‍ ഒരു സ്മാരകം കാണാം. അത് പാക്കനാരുടെ അന്ത്യവിശ്രമസ്ഥാനമാണെന്നു പറയപ്പെടുന്നു. തൃത്താലയ്ക്കടുത്തുള്ളതും വാമഞ്ചേരി നമ്പൂതിരി സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നതുമായ പഴയ ക്ഷേത്രത്തില്‍ വച്ചാണത്രെ തൊണ്ണൂറ്റൊമ്പത് അശ്വമേധയാഗങ്ങള്‍ നടന്നത്. അഗ്നിഹോത്രിയുടെ വിഹാരരംഗമായ മേഴത്തോള്‍ ഗ്രാമം തൃത്താലയ്ക്കടുത്താണ്. കൗതുകമുണര്‍ത്തുന്ന വെള്ളിയാന്‍കല്ലും അകലെയല്ല.

കേരളാചാര ദീപികയില്‍ തൃത്താലയെക്കുറിച്ചുള്ള പരാമര്‍ശം കാണാം. ഫ്രാന്‍സിസ് ബുക്കാനനും ബി.എസ്. വാര്‍ഡും തൃത്താ ലയെക്കുറിച്ചു പറയുന്നുണ്ട്. അമ്പതോളം വീടുകളുള്ള ഒരു ചെറിയ ജനപദമായിരുന്നു തൃത്താല. തമിഴ്നാട്ടില്‍നിന്ന് ടിപ്പു കൊണ്ടുവന്ന ഹിന്ദുക്കള്‍ വഴിയാത്രക്കാരുടെ ആവശ്യത്തിനായി കടകമ്പോളങ്ങള്‍ സ്ഥാപിച്ച് വ്യാപാരം നടത്തിപ്പോന്നു. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും പൊന്നാനിക്കും തൃത്താലനിന്നു നിരത്തുകളുണ്ടായിരുന്നു. ജനത്തിരക്കുള്ള കവലയായിരുന്നു തൃത്താല. പക്ഷേ റോഡുകളുടെ സ്ഥിതി തുലോം മോശമായിരുന്നു. ചെറുകുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയായിരുന്നു. കൃഷിരീതിയെക്കുറിച്ചു പഠനം നടത്താനാണ് ബുക്കാനന്‍ തൃത്താല സന്ദര്‍ശിച്ചതെന്നു ഡയറിക്കുറിപ്പില്‍ കാണുന്നു. പക്ഷേ കര്‍ഷകരുടെ നിസ്സഹകരണംമൂലം വിശദ പഠനം നടത്താനദ്ദേഹത്തിനു കഴിഞ്ഞില്ലത്രെ. നികുതി വര്‍ധിപ്പിക്കാന്‍ വന്ന സര്‍ക്കാരുദ്യോഗസ്ഥനാണെന്ന് തൃത്താല നിവാസികള്‍ തെറ്റിദ്ധരിച്ചുപോലും. 19-ാം ശ.-ത്തിലെ തൃത്താലയെപ്പറ്റി ബി.എസ്.വാര്‍ഡിന്റെ ഡയറിക്കുറിപ്പില്‍ വിവരണമുണ്ട്. എ.ഡി.1820 ഫെ. 20-നാണ് വാര്‍ഡ് തൃത്താല സന്ദര്‍ശിച്ചത്. കൂറ്റന്‍ ചുറ്റുമതിലോടു കൂടിയ ഒരു വലിയ ക്ഷേത്രം അദ്ദേഹം തൃത്താലയില്‍ കണ്ടത്രെ. വഴിയാത്രക്കാര്‍ക്കുവേണ്ടി നിരവധി കടകളും തൃത്താലയിലുണ്ടായിരുന്നു. തൃത്താലയിലെ പഴയ സത്രം അഗ്നിബാധമൂലം വെന്തെരിഞ്ഞു കിടക്കുകയായിരുന്നു അന്ന്. പൊന്നാനിക്കുള്ള നിരത്ത് തൃത്താല വഴി കടന്നുപോയിരുന്നു. തൃത്താല ഒരു സുപ്രധാന കേന്ദ്രമായിരുന്നെന്നും ബി.എസ്. വാര്‍ഡിന്റെ ഡയറിക്കുറിപ്പില്‍ കാണുന്നു.

തൃത്താലപ്പന്റെ ക്ഷേത്രം ചിരപുരാതനമാണ്. ആദിയില്‍ ഇതൊരു ജൈനക്ഷേത്രമായിരുന്നിരിക്കാമെന്നു ചിലര്‍ ഊഹിക്കുന്നു. സ്ഥലനാമം തൃത്താലപ്പനുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും പറയുന്നവരുണ്ട്. അഗ്നിഹോത്രിയുടെ അന്തര്‍ജനം പുഴയില്‍ കുളിക്കാന്‍ പോയെന്നും കൂടെക്കൊണ്ടുവന്ന കിണ്ണം തേച്ചുകഴുകി ഒഴുകിപ്പോകാതിരിക്കാന്‍ മണല്‍ നിറച്ചുവച്ചെന്നും എടുക്കാന്‍ നോക്കിയപ്പോള്‍ താലം ഉറച്ചുപോയെന്നും അങ്ങനെ തൃത്താലപ്പന്റെ പ്രതിഷ്ഠയുണ്ടായെന്നുമാണ് ഐതിഹ്യം. തൃത്താലപ്പന്റെ വിഗ്രഹം മണല്‍ കൂടിയതുപോലാണത്രെ. താലത്തിലപ്പന്റെ സാന്നിധ്യംകൊണ്ട് തൃത്താല സ്ഥലനാമം നിഷ്പന്നമായത്രെ. പുഴ ക്ഷേത്രത്തിനു സമീപം എത്തുമ്പോള്‍ ലേശം വളഞ്ഞാണൊഴുകുന്നത്.

ഒന്നാംതരം നിരത്തുകളും കടകമ്പോളങ്ങളും ഒക്കെച്ചേര്‍ന്ന ജനത്തിരക്കേറിയ ചെറുനഗരമാണ് ഇന്നത്തെ തൃത്താല.

(പ്രൊഫ. പി.എ.രാമചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍