This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃണമൂല്‍ കോണ്‍ഗ്രസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃണമൂല്‍ കോണ്‍ഗ്രസ്

മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ 1997-ല്‍ നിലവില്‍വന്ന രാഷ്ട്രീയപ്പാര്‍ട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ഘടകത്തില്‍ പിളര്‍പ്പുണ്ടായി രൂപംകൊണ്ടതാണ് ഇത്. കോണ്‍ഗ്രസ്സിലെ സംസ്ഥാനതല നേതാവായിരുന്ന മമതാ ബാനര്‍ജി എന്ന വനിതയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപവത്ക്കരിക്കുന്നതിനു നേതൃത്വം നല്‍കിയത്. 'ഏറ്റവും താഴ്ന്ന തലത്തിലുള്ള സാധാരണക്കാരുടെ' എന്നാണ് തൃണമൂല്‍ എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നായിരുന്നു പാര്‍ട്ടിക്കു നല്‍കിയിരുന്ന ആദ്യ പേര്. പിന്നീട് ആള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് പേരുമാറ്റി.

1970-കളുടെ അവസാനകാലംതൊട്ട് പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിരുദ്ധ ഇടതുപക്ഷ സര്‍ക്കാരുകളാണ് അധികാരത്തിലേറിക്കൊണ്ടിരുന്നത്. 1996-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് ദേശീയതലത്തില്‍ ദുര്‍ബലമായി. ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി.) ശക്തി പ്രാപിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി. വിരുദ്ധ താത്പര്യത്താല്‍ ഇടതുപക്ഷത്തോട് മൃദുസമീപനം സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറായി. കോണ്‍ഗ്രസ്സിന്റെ ഈ സമീപനംമൂലം പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്സുകാരില്‍ വിഭാഗീയതയുണ്ടായി. അവിടെ രണ്ട് വിഭാഗം ഉടലെടുത്തു. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ രാഷ്ട്രീയ നിലപാടിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു വിഭാഗവും സംസ്ഥാനത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത മാത്രം കണക്കിലെടുത്ത് ഇടതുപക്ഷ വൈരം നിലനിര്‍ത്തുന്ന മറ്റൊരു വിഭാഗവുമായിരുന്നു അവ. രണ്ടാമത്തെ വിഭാഗം ബി.ജെ.പി.യോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പശ്ചിമ ബംഗാളിലെ ഒരു പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ളതായിരുന്നു രണ്ടാമത്തെ വിഭാഗം. ഈ വിഭാഗീയത സംസ്ഥാന കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിലേക്കു നീങ്ങുകയും 1997-ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപവത്കൃതമാവുകയും ചെയ്തു. ന്യൂനപക്ഷങ്ങളേയും സാധാരണക്കാരേയും പ്രതിനിധാനം ചെയ്യുന്നതാണ് ഈ പാര്‍ട്ടി എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇതിന്റെ രൂപവത്ക്കരണം.

1998-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കിയിരുന്നു. 1999-ല്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പശ്ചിമ ബംഗാളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി ഇത് വളര്‍ന്നു. 2001-ലെ സംസ്ഥാന തെരഞ്ഞെടുപ്പു രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം പ്രകടിപ്പിക്കുവാന്‍ ഈ പാര്‍ട്ടിക്കു കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. 2003-നു ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തിരിച്ചുവന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിനു പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഏറെ പ്രചാരം ലഭിച്ചില്ല.

2004-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി.)യില്‍ നിന്ന് പി.എ. സാങ്മയുടെ നേതൃത്വത്തില്‍ പിളര്‍ന്നുമാറിയ വിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസ്സും ചേര്‍ന്ന് നാഷണലിസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍