This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃച്ചംബരം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃച്ചംബരം ക്ഷേത്രം

തൃച്ചംബരം ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രം. കംസവധാനന്തരമുള്ള ശ്രീകൃഷ്ണരൂപമാണ് ഇവിടത്തെ പ്രതിഷ്ഠ. അതിനാല്‍ തൃച്ചംബരത്ത് ആനയ്ക്ക് വിലക്കുണ്ട്. ശംബര മഹര്‍ഷിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് സ്ഥിതിചെയ്യുന്ന ഗോശാലയും കുളത്തിനു നടുവിലായി സ്ഥിതിചെയ്യുന്ന ദുര്‍ഗാലയവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ക്ഷേത്ര ചുവരുകളില്‍ ഭാഗവത കഥയിലെ രംഗങ്ങള്‍ മനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

കുംഭം-മീനം മാസങ്ങളിലാണ് ഇവിടെ ഉത്സവം. മഴൂര്‍ ക്ഷേത്രത്തില്‍ നിന്നെഴുന്നള്ളിച്ച ബലരാമന്‍ ഉത്സവാരംഭത്തില്‍ തൃച്ചംബരത്തെത്തുന്നു. ഉത്സവത്തിനു ശേഷം ബലരാമന്‍ യാത്ര പറയുമ്പോള്‍ ജ്യേഷ്ഠന്റെ പുറകേ പോകുന്ന ശ്രീകൃഷ്ണനെ പാല് കാണിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങ് ഇവിടത്തെ പ്രത്യേകതയാണ്. ഈ അവസരത്തില്‍ മുഴക്കുന്ന വാദ്യം വിഷാദം ഉണര്‍ത്തുന്ന രീതിയിലുള്ളതായിരിക്കും. ഇവിടത്തെ പ്രധാന വഴിപാട് 'മോതിരം വച്ച് തൊഴല്‍'ആണ്. ക്ഷേത്രത്തിന്റെ മുന്‍പിലുള്ള ഇലഞ്ഞി മരത്തിന്റെ ഇലയിലാണ് മോതിരം വച്ചു തൊഴുന്നത്. സര്‍വാഭീഷ്ട സിദ്ധിക്കായും ത്വക്ക് രോഗ ശമനത്തിനായുമാണ് ഈ വഴിപാട് പ്രധാനമായും നടത്തുന്നത്. സന്താനലബ്ധിക്കായി 'ഉരുളിയില്‍ പായസം', 'ആയിരം അപ്പം' തുടങ്ങിയ വഴിപാടുകളും ഇവിടെ പ്രധാനമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍