This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തൃക്കേട്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തൃക്കേട്ട
Antares
ജ്യോതിഷവിധിയനുസരിച്ചുള്ള 27 നക്ഷത്രങ്ങളില്‍ 18-ാമത്തെ നക്ഷത്രം. വൃശ്ചികരാശിയിലെ (Scorpius) ഏറ്റവും ദീപ്തിയേറിയ നക്ഷത്രമാകയാല്‍ ജ്യോതിശ്ശാസ്ത്രപ്രകാരം α- സ്കോര്‍പ്പി എന്ന് അറിയപ്പെടുന്നു. തൃക്കേട്ടയെ കൂടാതെ വിശാഖത്തിന്റെ അവസാനത്തെ പാദം, അനിഴം എന്നീ നക്ഷത്രങ്ങളേയും ഈ രാശി ഉള്‍ക്കൊള്ളുന്നു. രാശിചക്രത്തില്‍ 226º40' മുതല്‍ 240º വരെയുള്ള മേഖലയില്‍ സ്ഥിതിചെയ്യുന്ന തൃക്കേട്ടനക്ഷത്രത്തിന് കാലില്ലാത്ത കുടയുടെ ആകൃതിയാണുള്ളത്.
'അന്റെറീസ്' (Antares) എന്നാണ് തൃക്കേട്ടയുടെ പാശ്ചാത്യനാമം. 'ചൊവ്വാ ഗ്രഹത്തോടു സമാനമോ കിടപിടിക്കുന്നതോ' എന്നര്‍ത്ഥം വരുന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് അന്റെറീസ് എന്ന പദത്തിന്റെ നിഷ്പത്തി. ചുവന്ന നിറവും ദീപ്തിയും തൃക്കേട്ട നക്ഷത്രത്തിനുള്ളതാണ് ഈ പേരിനാധാരം. സൂര്യന്റെ ഏകദേശം 400 മടങ്ങ് വ്യാസവും പതിനായിരത്തോളം മടങ്ങ് ദീപ്തിയുമുള്ള ഈ നക്ഷത്രം ഭൂമിയില്‍നിന്ന് ഏകദേശം 604 പ്രകാശവര്‍ഷം അകലെയായി സ്ഥിതിചെയ്യുന്നു. ജൂണ്‍ അവസാനം മുതല്‍ ജൂലായ് അവസാനം വരെയുള്ള കാലയളവില്‍ നഗ്നനേത്രങ്ങളാല്‍ വളരെ വ്യക്തമായി ഈ നക്ഷത്രത്തെ കാണാന്‍ കഴിയും. രേഖാംശ നിര്‍ണയനത്തിനായി നാവികര്‍ തൃക്കേട്ടയെ ആശ്രയിക്കാറുണ്ട്. പല പ്രാചീനമതങ്ങളും ഈ നക്ഷത്രത്തിന് സുപ്രധാനമായൊരു സ്ഥാനം നല്കിയിരുന്നു.
തൃക്കേട്ടയുടെ ദേവത ഇന്ദ്രനാണ്. അതിനാല്‍ ദേവേന്ദ്രപര്യായങ്ങളെല്ലാം ഈ നക്ഷത്രത്തെ കുറിക്കുന്നു. ജ്യേഷ്ഠ, കേട്ട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. തൃക്കേട്ടയുടെ അധിപന്‍ ബുധനും പക്ഷി കോഴിയും മൃഗം കേഴമാനും വൃക്ഷം വെട്ടിയുമാണ്. അസുരഗണത്തിലുള്‍പ്പെടുന്ന തൃക്കേട്ടയെ സംഹാരനക്ഷത്രമായി കണക്കാക്കുന്നു. അശ്വതിനക്ഷത്രവുമായി ഇതിന് വേധമുണ്ട്.
തൃക്കേട്ട നക്ഷത്രമേഖലയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ജനിക്കുന്ന ആളിന്റെ ജന്മനക്ഷത്രം തൃക്കേട്ടയാണ്. വൃശ്ചികരാശ്യാധിപനായ കുജന്റേയും ബുധന്റേയും സവിശേഷതകള്‍ ഈ നാളുകാരില്‍ കാണാന്‍ കഴിയും. അധ്വാനശീലം, പ്രായോഗിക ബുദ്ധി, സാമര്‍ഥ്യം, ശ്രദ്ധ, തുറന്ന പെരുമാറ്റം, ബുദ്ധികൌശലം, തര്‍ക്കശീലം, മുന്‍കോപം, സോദരനാശം തുടങ്ങിയ ഫലങ്ങള്‍ ഇവര്‍ക്ക് പറയപ്പെടുന്നു. താരകാനിമ്നദോഷമുള്ള നാളാണ് തൃക്കേട്ട. ചോറൂണ്, പേരിടല്‍ തുടങ്ങിയ മംഗളകര്‍മങ്ങള്‍ക്ക് തൃക്കേട്ടദിവസം നന്നല്ല എന്ന് ജ്യോതിഷത്തില്‍ പറയുന്നു.