This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കപാലേശ്വരം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃക്കപാലേശ്വരം ക്ഷേത്രം

1.പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തില്‍ തിരുവല്ലയില്‍നിന്ന് മാവേലിക്കരയിലേക്കുള്ള മാര്‍ഗമധ്യേ സ്ഥിതിചെയ്യുന്ന ക്ഷേത്രം. ഇവിടത്തെ പ്രധാന മൂര്‍ത്തി ശിവനാണ്. കിഴക്കോട്ട് ദര്‍ശനമായിട്ടാണ് പ്രതിഷ്ഠ. ശ്രീകൃഷ്ണന്‍, ഗണപതി, ശാസ്താവ്, വൃഷഭന്‍, സപ്തമാതൃക്കള്‍ എന്നിവര്‍ ഉപദേവതകള്‍. കേരളത്തിലെ ഏറ്റവും മനോഹരമായ സപ്തമാതൃവിഗ്രഹങ്ങള്‍ ഇവിടെയുള്ളവയാണെന്ന് പ്രബലമായ ഒരഭിപ്രായമുണ്ട്. ഇവിടത്തെ വൃഷഭവിഗ്രഹം ആകര്‍ഷകമായ കലാശില്പമാണ്. ഈ വിഗ്രഹം കൂടിനകത്താണ് സ്ഥിതിചെയ്യുന്നത്. ശത്രുസംഹാരത്തിനും പശുക്കള്‍ക്ക് അസുഖം വന്നാലും ഇവിടെ എണ്ണ നേരാറുണ്ട്.

കപാലേശ്വര സങ്കല്പത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ. നിരണം കപാലേശ്വരം എന്ന പേരിലാണ് ഇത് പ്രസിദ്ധമായിരുന്നത്. ക്ഷേത്രത്തിന് തൊട്ടു പടിഞ്ഞാറുവശത്താണ് കണ്ണശ്ശന്‍ പറമ്പ്. മലയാളത്തിലെ ആദ്യകാല കവികളില്‍ പ്രമുഖരായ മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നിവരുടെ ജന്മസ്ഥലം ഇതാണെന്ന് ഒരു വിശ്വാസം നിലവിലുണ്ട്. അവര്‍ മൂന്നു പേരുമാണ് നിരണം കവികള്‍ എന്ന പേരില്‍ പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ളത്.

ഈ ക്ഷേത്രവും പരിസരവും മഹോദയപട്ടണം എന്നപേരില്‍ അറിയപ്പെട്ടിരുന്നു. ചേര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരുമായി ഈ ക്ഷേത്രത്തിന് ഏതോ തരത്തില്‍ ബന്ധമുണ്ടായിരുന്നു.

ഇത് പത്തില്ലക്കാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോള്‍ ക്ഷേത്രസംരക്ഷണ സമിതിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വിദേശത്തു നിന്ന് വന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവിടത്തെ ഇല്ലക്കാരെയും മറ്റും മതപരിവര്‍ത്തനം ചെയ്യിച്ചതിനാല്‍ ക്ഷേത്രത്തിലെ ഉടമകളായ നമ്പൂതിരി ഇല്ലക്കാര്‍ നാടുവിട്ടുപോയെന്നും അതിനെത്തുടര്‍ന്നാണ് ഇടക്കാലത്ത് ക്ഷേത്രത്തിലെ അടിച്ചുതളിക്കാരിയുടെ പുത്രനായ കൈമള്‍ പ്രമാണങ്ങളും മറ്റും അടങ്ങിയ പെട്ടി കരസ്ഥമാക്കി ഭരണം ഏറ്റെടുത്തതെന്നും ഒരു ഐതിഹ്യമുണ്ട്. തൃക്കപാലേശ്വരം ക്ഷേത്രത്തില്‍ രണ്ട് നേരം പൂജ നടത്തിവരുന്നു. ശിവരാത്രി മഹോത്സവം ഇവിടെ ആഘോഷിക്കപ്പെടുന്നു. കേരളത്തിലെ 108 ശിവാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

2. കോഴിക്കോട് ജില്ലയിലെ തൃത്തേരി പഞ്ചായത്തിലുള്ള ഒരുക്ഷേത്രം. നാദാപുരത്തുനിന്ന് ഒരു കിലോമീറ്റര്‍ വടക്കുഭാഗത്ത് പിടാരന്മാരുടെ 'തൃക്കപാലേശ്വരം' ഇല്ലത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. ഇവിടത്തെ പ്രധാനപ്പെട്ട പ്രതിഷ്ഠ ശിവനാണ്. ഇവിടത്തെ ശിവലിംഗപ്രതിഷ്ഠ 'മരതകപ്പച്ച' എന്ന പേരിലാണ് പഴയകാലത്ത് അറിയപ്പെട്ടിരുന്നത്. പടിഞ്ഞാട്ട് ദര്‍ശനമായിട്ടാണ് ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇവിടെ ഒരു നേരത്തെ നേദ്യം മാത്രമേ പതിവുള്ളു. പണ്ട് ശിവരാത്രി ആഘോഷം നടത്തിവന്നിരുന്നു. പിടാരന്മാര്‍ ആണ് ക്ഷേത്രത്തില്‍ കര്‍മങ്ങള്‍ നടത്തുന്നത്. പിടാരന്മാരുടെ ഇല്ലം ക്ഷേത്രത്തിനടുത്ത് കാണപ്പെടുന്നത് ഇക്കാരണത്താലാണ്. പിടാരന്മാര്‍ കാശ്മീരില്‍ നിന്നു വന്ന ബ്രാഹ്മണരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചിട്ടകള്‍ ആഗമ ശാസ്ത്രമനുസരിച്ചാണ്.

ക്ഷേത്രത്തിനു മുമ്പില്‍ ഒരു ചിറയുണ്ട്. നാദാപുരത്തങ്ങാടി ഈ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ തെക്കുമാറി സ്ഥിതിചെയ്യുന്നു.

3. കൊട്ടാരക്കരയ്ക്കടുത്ത് മണ്ണടി ഉപഗ്രൂപ്പില്‍പ്പെട്ട ഒരു ക്ഷേത്രം. പ്രതിഷ്ഠ തൃക്കപാലേശ്വരന്‍ ശിവന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലുള്ള ക്ഷേത്രമാണിത്.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍