This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൂളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൂളി

Tooli

മലബാറിലെ നദികളിലും പുഴകളിലും സാധാരണ കണ്ടുവരുന്ന മത്സ്യം. ശാ.നാ. രോഹിത ഡുസ്സുമിയേരി (Rohita Dussumieri). സിര്‍ഹിനസ് ഡുസ്സുമിയേരി (Cirrhinus Dussumieri), ലേബിയോ ഡുസ്സുമിയേരി (Labeo Dussumieri) എന്നീ ശാസ്ത്രനാമങ്ങളിലും ഇത് അറിയപ്പെടുന്നു. ഫൈസോസ്റ്റോമി (Physostomi) മത്സ്യഗോത്രത്തിലെ സൈപ്രിനിഡേ (Cyprinidae) കുടുംബത്തില്‍പ്പെടുന്ന ഈ മത്സ്യം ആഫ്രിക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും പശ്ചിമേഷ്യന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കണ്ടുവരുന്നു.

കൊച്ചിയ്ക്കടുത്ത് കുറിവന്നൂര്‍ പുഴയിലാണ് തൂളി മത്സ്യങ്ങള്‍ ധാരാളമായുള്ളത്. വലകള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുമ്പോള്‍ ഇവ അതിശയകരമാംവിധം കുതിച്ചു ചാടുന്നതിനാലാകാം ഇവയെ 'തുള്ളി' എന്നും വിശേഷിപ്പിക്കുന്നത്.

30-35 സെ.മീ. വരെ നീളവും നീളത്തിന്റെ 2/3 വണ്ണവും ഉള്ള തൂളി മത്സ്യത്തിന്റെ ഉപരിഭാഗത്തിന് കടും ചാരനിറവും അടിഭാഗത്തിന് തിളങ്ങുന്ന വെള്ളനിറവുമാണ്. ചെതുമ്പലുകളുടെ അരികുകള്‍ക്ക് കടും ചാരനിറമായിരിക്കും. പാര്‍ശ്വരേഖ(lateral line)യ്ക്കു മുകളിലായുള്ള ചെതുമ്പലുകളുടെ മധ്യഭാഗത്ത് സ്വര്‍ണ നിറത്തിലുള്ള അടയാള(spot)ങ്ങളും കാണാം. മത്സ്യത്തിന്റെ മേല്‍ത്താടിയുടെ മുന്നറ്റം വായയുടെ മുകളിലേക്കു തള്ളി നില്‍ക്കുന്നു. ചുണ്ടുകള്‍ തടിച്ചതും മാംസളവും നിരവധി സുഷിരങ്ങളോടു കൂടിയതുമാണ്. മേല്‍ത്താടിയുടെ ഇരുവശങ്ങളിലും മാംസളമായ ഓരോ ജോഡി ചെറിയ തൊങ്ങലുകള്‍ (cirri) കാണാം. നിരവധി ഞൊറികളോടു കൂടിയതാണ് കീഴ്ച്ചുണ്ട്. വലുപ്പം കൂടിയ ചെകിളമൂടിയുടെ പിന്‍ഭാഗം ഉരുണ്ടതും കനം കുറഞ്ഞതുമാണ്. ഇതിന്റെ അഗ്രം മാംസളമായിരിക്കും.

തൂളി മത്സ്യത്തിന്റെ ചിറകുകള്‍ക്ക് ഇരുണ്ട നിറമാണ്. രണ്ട് വിസ്തൃത പത്രകങ്ങളായി (lobes) വിഭജിക്കപ്പെട്ടിരിക്കുന്ന വാല്‍ച്ചിറകിലെ കറുത്ത അടയാളം തൂളി മത്സ്യത്തിന്റെ പ്രത്യേകതയാണ്. ചെകിളമൂടിയുടെ പിന്നറ്റത്തുനിന്നാരംഭിക്കുന്ന ഭുജച്ചിറകിന് (pectoral) ശരീരത്തിന്റെ പകുതിവരെ നീളമുണ്ട്. ഭുജച്ചിറകിനടിവശത്ത്, മുതുച്ചിറകിന്റെ മൂന്നാമത്തെ മുള്ളിന്റെ (ray) എതിര്‍വശത്തായിട്ടാണ് പങ്കയുടെ ആകൃതിയിലുള്ള അധരച്ചിറക് (ventral fin) കാണപ്പെടുന്നത്. വാല്‍ച്ചിറകിന്റേയും മുതുച്ചിറകിന്റേയും മുള്ളുകള്‍ ഇവയുടെ ചുവടുഭാഗത്തുവച്ച് രണ്ടായി വിഭജിക്കുന്നു. വാല്‍ച്ചിറകിനു വളരെ അടുത്തായിട്ടാണ് മലദ്വാരം കാണുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%82%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍