This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുവര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുവര

Pigeon pea,Red gram

തുവര:ഇലയും കായും

പയറുവര്‍ഗ വിള. ഫാബേസീ (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ: കജാനസ് കജാന്‍ (Cajanus cajan). കട്ജാങ് എന്ന മലയന്‍ വാക്കില്‍ നിന്നാണ് കജാനസ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, പാകിസ്താന്‍, ബ്രസീല്‍, ബ്രിട്ടന്‍, ഗിനിയ, ഹവായ്, മലയ എന്നീ രാജ്യങ്ങളില്‍ തുവര വന്‍തോതില്‍ കൃഷി ചെയ്തുവരുന്നു. ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് തുവര പ്രധാനമായും കൃഷി ചെയ്യുന്നത്.

ഉഷ്ണമേഖലാ വിളയായ തുവര ഏകവര്‍ഷിയായോ ചിരസ്ഥായിയായോ വളരുന്നു. രണ്ടര മീറ്ററോളം ഉയരത്തില്‍ വളരുന്ന തുവരയ്ക്ക് ധാരാളം ശാഖോപശാഖകളും ആഴത്തില്‍ വളരുന്ന വേരുപടലവുമുണ്ട്. വേരുകളില്‍ മൂലാര്‍ബുദങ്ങളും (root nodules) കാണാം. മൂലാര്‍ബുദങ്ങളില്‍ വളരുന്ന റൈസോബിയം ബാക്ടീരിയങ്ങള്‍ക്ക് അന്തരീക്ഷ നൈട്രജനെ യൗഗികീകരിച്ച് സംഭരിക്കാനുള്ള കഴിവുണ്ട്. ഇലകള്‍ ത്രിപത്രകങ്ങളാണ്. പത്രഫലകത്തിന് ആയതരൂപമായിരിക്കും. പുഷ്പങ്ങള്‍ക്ക് മഞ്ഞ നിറമാണ്. ചിലയിനം തുവരയില്‍ മഞ്ഞനിറമുള്ള ദളങ്ങളില്‍ ചുവപ്പു രേഖകള്‍ കാണാം. അഞ്ച് ബാഹ്യദളങ്ങളും, പതാകദളവും രണ്ട് പക്ഷദളങ്ങളും രണ്ട് കീല്‍ ദളങ്ങളും ഉള്‍പ്പെടെ അഞ്ച് ദളങ്ങളുമുണ്ട്. 10 കേസരങ്ങളുണ്ട്. ഒമ്പത് കേസരങ്ങളുടെ തന്തുക്കള്‍ സംയോജിച്ചിരിക്കുന്ന കേസരനാളം ജനിയെ ആവരണം ചെയ്തിരിക്കും. ഒരു കേസരം സ്വതന്ത്രമാണ്. വര്‍ത്തിക നീളം കൂടിയതും വര്‍ത്തികാഗ്രം തടിച്ചുരുണ്ടതുമാണ്. പുഷ്പങ്ങളില്‍ സാധാരണയായി പരപരാഗണമാണ് നടക്കുന്നത്.

ഏകദേശം 86 തുവരയിനങ്ങള്‍ ഇന്ത്യയില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഹ്രസ്വകാല മൂപ്പുള്ളവയും മധ്യകാല മൂപ്പുള്ളവയും ദീര്‍ഘകാല മൂപ്പുള്ളവയും ഉള്‍പ്പെടുന്നു. തുവരയിനങ്ങളില്‍ ദീര്‍ഘകാല ഇനങ്ങളുടെ ശാഖാഗ്രങ്ങളില്‍ കുലകളായാണ് തുവരപ്പയര്‍ ഉണ്ടാകുന്നത്. ഉയരം കുറഞ്ഞ് പടര്‍ന്നു വളരുന്ന ഹ്രസ്വകാലയിനങ്ങളില്‍ തണ്ടിലും ശാഖകളിലും തുവരപ്പയര്‍ ഒറ്റയായി കാണപ്പെടുന്നു. മൂപ്പെത്താത്ത തുവരപ്പയറിന് ഇളം പച്ചയോ വയലറ്റോ നിറമായിരിക്കും; മൂപ്പെത്തിയവയ്ക്ക് ഇളം മഞ്ഞയോ കടും ലോഹിതമോ നിറവും. ഒരു തുവരപ്പയറില്‍ മൂന്നോ നാലോ വിത്തുകള്‍ ഉണ്ടായിരിക്കും. തുവരപ്പയറിന്റേയും വിത്തിന്റേയും ആകൃതിയിലും വലുപ്പത്തിലും വൈവിധ്യം ദൃശ്യമാണ്.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തുവരക്കൃഷിക്ക് അനുയോജ്യം. തനിവിളയായും മിശ്രവിളയായും കൃഷി ചെയ്യുന്നു. വിത്തു ശേഖരിക്കുന്നതിനു മാത്രമായി കൃഷി ചെയ്യുന്നത് തനി വിളയായിട്ടാണ്. മിശ്ര കൃഷിയില്‍ ചോളം, എള്ള്, ബജ്റ, റാഗി, വരക്, മക്കച്ചോളം, ചെറുപയര്‍, വന്‍പയര്‍, നിലക്കടല, പരുത്തി എന്നിവയോടൊപ്പം കൃഷി ചെയ്യുന്നു. കാലി വളമാണ് ഏറെ അനുയോജ്യം. വരള്‍ച്ചയെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ ഇതിനു കഴിവുണ്ടെങ്കിലും മിതമായ തോതിലുള്ള ജലസേചനം ആവശ്യമാണ്. അമിതമായ ജലസേചനം സസ്യം തഴച്ചുവളരാന്‍ കാരണമാകുകയും ഇത് വിത്ത് ഉത്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തുകയും ചെയ്യുന്നു. ഏകദേശം 75 ശ.മാ. തുവരപ്പയറും മൂപ്പെത്തിയ ശേഷം തുവരച്ചെടികള്‍ മുറിച്ചെടുത്ത് വെയിലില്‍ ഉണക്കി ഇലകള്‍ കൊഴിഞ്ഞ ശേഷം മെതിച്ച് വിത്തുകള്‍ ശേഖരിക്കുന്നു. ഉണങ്ങിയ തുവരവിത്ത് രണ്ടു രീതികളിലാണ് തുവരപ്പരിപ്പ് ആക്കി മാറ്റുന്നത്: ശുഷ്ക്കരീതി (Dry method)യിലും ഈര്‍പ്പ രീതി (Wet method)യിലും.

ശുഷ്ക്ക രീതി. തുവരവിത്ത് മൂന്നോ നാലോ ദിവസം വെയിലില്‍ ഉണക്കിയ ശേഷം ഏതെങ്കിലും സസ്യഎണ്ണ തളിച്ച് യന്ത്രമില്ലില്‍ പിളര്‍ക്കുന്നു. വിത്തിന്റെ പുറന്തോട് മിനുസപ്പെടാനും വേഗത്തില്‍ പിളര്‍ക്കാനും വേണ്ടിയാണ് സസ്യഎണ്ണ തളിക്കുന്നത്. തോട് പിളര്‍ക്കാത്ത വിത്തുകള്‍ വേര്‍തിരിച്ചെടുത്ത് വീണ്ടും എണ്ണ പുരട്ടി മില്ലുകളിലിട്ട് പിളര്‍ക്കുന്നു. ഈ രീതി വളരെ ചെലവു കൂടിയതാണ്. ഇത്തരത്തില്‍ ലഭിക്കുന്ന പരിപ്പ് അര്‍ധഗോളാകൃതിയിലുള്ളതും നല്ല മണമുള്ളതും ആയതിനാല്‍ ഇതിന് കൂടുതല്‍ വില ലഭിക്കുന്നു.

ഈര്‍പ്പരീതി. വിത്ത് 6-10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുന്നു. 100 കി.ഗ്രാം വിത്തിന് 5 കി.ഗ്രാം അരിച്ചെടുത്ത ചെമ്മണ്ണ് എന്ന കണക്കില്‍ കലര്‍ത്തി 12-15 മണിക്കൂര്‍ കൂന കൂട്ടിയിടുന്നു. അതിനുശേഷം വെയിലത്ത് നിരത്തിയിട്ട് ഉണക്കുന്നു. അരിപ്പയില്‍ അരിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും വീണ്ടും ഉണങ്ങുന്നതോടെ പുറന്തൊലി ചുക്കിച്ചുളിഞ്ഞതാവുകയും ചെയ്യും. തുടര്‍ന്ന് വിത്തിനെ ചക്കുകളിലിട്ട് പുറന്തൊലി കളഞ്ഞ് പിളര്‍ക്കുന്നു. ഈ രീതിയില്‍ 80 ശതമാനം നല്ല പരിപ്പ് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പരിപ്പ് പരന്നിരിക്കും. ഇത് 'ഇലപ്പരിപ്പ്' എന്നറിയപ്പെടുന്നു. ചിലയവസരങ്ങളില്‍ വിത്തും മണ്ണും വെള്ളവും കൂടി കുഴമ്പാക്കി വിത്ത് അതിലിട്ട് ഉണക്കി വയ്ക്കുന്നു. ആവശ്യാനുസരണം തൊലി കളഞ്ഞെടുത്തുപയോഗിക്കുന്നു. താരതമ്യേന കട്ടി കൂടിയ ഇത്തരം പരിപ്പ് 'കട്ടിപ്പരിപ്പ്'എന്നറിയപ്പെടുന്നു. വിത്തു ചൂടാക്കിയശേഷം എണ്ണ പുരട്ടി അരകല്ലില്‍ വച്ച് പുറം തൊലി കളഞ്ഞെടുക്കുന്ന മറ്റൊരു രീതിയുമുണ്ട്. പിളര്‍ന്നെടുത്ത പരിപ്പ് പാറ്റി അരിച്ചു വൃത്തിയാക്കി 100 കി.ഗ്രാം പരിപ്പില്‍ 2 കി.ഗ്രാം എണ്ണ പുരട്ടുന്നു. പരിപ്പിന്റെ ഗുണനിലവാരം നിലനിര്‍ത്താനും ആകര്‍ഷകമായ നിറം ലഭിക്കാനും കീടബാധയുണ്ടാകാതെയിരിക്കാനും ഇതു സഹായിക്കുന്നു.

തുവരവാട്ടം, ഇലപ്പുള്ളിരോഗം, ചൂര്‍ണപൂപ്പ് തുടങ്ങിയ കുമിള്‍ രോഗങ്ങള്‍ തുവരയെ ബാധിക്കാറുണ്ട്. ബാക്ടീരിയ മൂലമുണ്ടാകുന്ന ഇലപ്പുള്ളിരോഗവും തണ്ടിലെ ക്രാങ്കറും തുവരച്ചെടിയില്‍ സാധാരണമാണ്. തുവര മൊസേക്, കൊച്ചില (little leaf) എന്നീ വൈറസ് രോഗങ്ങളും തുവരയെ ബാധിക്കാറുണ്ട്. കടലപ്പുഴു, തൂവല്‍ ശലഭം, കടലയീച്ച, ഇലതീനിപ്പുഴുക്കള്‍, തുവരച്ചെല്ലി, നീലദിവാശലഭം എന്നിവ തുവരച്ചെടിയെ ആക്രമിക്കുന്ന കീടങ്ങളാണ്.

ഇളം കായ്കള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇന്ത്യയില്‍ പ്രധാന ഭക്ഷണമായാണ് പരിപ്പ് ഉപയോഗിച്ചു വരുന്നത്. പരിപ്പ് ഉണ്ടാക്കുമ്പോള്‍ അവശേഷിക്കുന്ന പൊടിഞ്ഞ പരിപ്പും പുറന്തൊലിയും കാലിത്തീറ്റയായി ഉപയോഗിക്കുന്നു. കായ്കളുടെ തോടും കന്നുകാലികള്‍ക്ക് തീറ്റയായി കൊടുക്കാറുണ്ട്. കോലരക്കുകീടങ്ങളെ വളര്‍ത്താനും തുവരച്ചെടികളുപയോഗിക്കാറുണ്ട്. മഡഗാസ്ക്കറില്‍ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്താന്‍ തുവരച്ചെടികള്‍ ഉപയോഗിച്ചുവരുന്നു. വാങ്കോഴികള്‍, തിത്തിരിപ്പക്ഷികള്‍, പ്രാവുകള്‍ തുടങ്ങിയ പക്ഷികളുടെ മുഖ്യ ആഹാരമാണ് തുവരപ്പരിപ്പ്.

തുവരപ്പരിപ്പില്‍ 22.3 ശ.മാ. മാംസ്യം, 1.7 ശ.മാ. കൊഴുപ്പ്, 57 ശ.മാ. കാര്‍ബോഹൈഡ്രേറ്റ്, 9.14 ശ.മാ. കാത്സ്യം, 0.26 ശ.മാ. ഫോസ്ഫറസ്, 8.8 ശ.മാ. ഇരുമ്പ്, ജീവകങ്ങള്‍ എ-യും ബി-യും അമിനോ അമ്ളങ്ങള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. തുവരച്ചെടിയുടെ ഇലയില്‍ ജീവകം സി ധാരാളമായുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B5%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍