This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുളു നിഘണ്ടു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുളു നിഘണ്ടു

തുളു ഭാഷയിലെ നിഘണ്ടു. മറ്റു ഭാഷകളിലെന്നതുപോലെ തുളുവിലും ക്രൈസ്തവ മിഷനറിമാരാണ് ആദ്യകാലത്ത് നിഘണ്ടുക്കള്‍ തയ്യാറാക്കിയിട്ടുള്ളത്. റവ. ജി. കെമ്മറര്‍ ആണ് തുളു നിഘണ്ടു(1856-85) വിന്റെ പിതാവ്. അദ്ദേഹം ഏകദേശം 2000-ത്തില്‍പരം തുളുവാക്കുകള്‍ ശേഖരിച്ചു. തുടര്‍ന്ന് റവ. മാനര്‍ ആ ജോലി ഏറ്റെടുക്കുകയും നാട്ടുവിദ്വാന്മാരുടെ സഹായത്തോടെ 18,000ത്തില്‍പരം വാക്കുകളടങ്ങിയ തുളു-ഇംഗ്ളീഷ് നിഘണ്ടു രചിക്കുകയും ചെയ്തു. മദ്രാസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇത് പ്രസിദ്ധീകരിച്ചത് (1886). മാത്രമല്ല 1888-ല്‍ ഇംഗ്ളീഷ്-തുളു നിഘണ്ടുവും തയ്യാറാക്കി. ഈ നിഘണ്ടുവില്‍ കന്നഡ ലിപിയിലും റോമന്‍ ലിപിയിലും തുളുപദങ്ങള്‍ എഴുതിയിട്ടുണ്ട്. അവയുടെ ശരിയായ ഉച്ചാരണം കിട്ടുന്നതിനായി കന്നഡ ലിപിയില്‍ ചില വിശേഷ ചിഹ്നങ്ങള്‍ ഉപയോഗിച്ച് അവയുടെ വിവിധ അര്‍ഥങ്ങളും പ്രയോഗങ്ങളും ചേര്‍ത്തിട്ടുമുണ്ട്.

മാനര്‍ രചിച്ച നിഘണ്ടു സംഗ്രഹിച്ചു പരിഷ്കരിച്ച് ഏകദേശം 8000 വാക്കുകളടങ്ങിയ സരളമായ ഒരു നിഘണ്ടു പ്രൊ. മരിയപ്പ ഭട്ടും ഡോ. ശങ്കരകെദില്ലായയും ചേര്‍ന്ന് തയ്യാറാക്കിയത് മദ്രാസ് സര്‍വകലാശാലയാണ് പ്രസിദ്ധീകരിച്ചത്.

ഉഡുപ്പി എം.ജി.എം.കോളജിലെ ഗവേഷണ വിഭാഗമായ രാഷ്ട്ര കവി ഗോവിന്ദപൈ ഗവേഷണ കേന്ദ്രമാണ് ആധുനിക രീതിയില്‍ തുളു നിഘണ്ടു തയ്യാറാക്കിയത്. യു.പി. ഉപാധ്യായയാണ് 6 വാല്യങ്ങളുള്ള ഈ നിഘണ്ടുവിന്റെ പ്രധാന എഡിറ്റര്‍. 1979-ല്‍ പ്രവര്‍ത്തനമാരംഭിച്ച തുളു നിഘണ്ടുവിന്റെ ഒന്നാം വാല്യം 1988ലും മറ്റ് അഞ്ച് വാല്യങ്ങള്‍ 1997 നു മുമ്പും പ്രസിദ്ധീകരിച്ചു. നിഘണ്ടുക്കളില്‍ പൊതുവായി നാമപദങ്ങളാണ് കൊടുക്കാറുള്ളത്. എന്നാല്‍ തുളു നിഘണ്ടുവില്‍ പ്രത്യയങ്ങളും ഉപഭാഷാ പ്രത്യയ രൂപഭേദങ്ങളും കൊടുത്തിട്ടുണ്ട്. അര്‍ഥം കന്നഡയിലും ഇംഗ്ളീഷിലും നല്‍കിയിട്ടുള്ളതിനു പുറമേ അവയുടെ ചില പ്രയോഗങ്ങളും കൊടുത്തിട്ടുണ്ട്. ഇതില്‍ പ്രധാന ഉല്ലേഖത്തിനോടൊപ്പം ഉപഉല്ലേഖങ്ങളും കാണാം. സാധിത പദങ്ങള്‍, സാഹിത്യം, നാടന്‍ പാട്ടുകള്‍ മുതലായവയില്‍ നിന്നെടുത്ത പ്രയോഗങ്ങള്‍, പഴമൊഴി, പഴഞ്ചൊല്ല് എന്നിവയും കന്നഡ ലിപിയിലും റോമന്‍ ലിപിയിലും ചേര്‍ത്തിട്ടുണ്ട്. അര്‍ഥം നല്‍കുന്ന അവസരത്തില്‍ കന്നഡയിലും ഇംഗ്ളീഷിലും വാക്കുകളുടെ പൊതുവായ അര്‍ഥം, വിശേഷാര്‍ഥം, ആലങ്കാരികാര്‍ഥം, നീചാര്‍ഥം, ഗൂഢാര്‍ഥം മുതലായവയും നല്‍കിയിട്ടുണ്ട്. തുളുപദപ്രഭേദങ്ങള്‍ (കന്നഡയില്‍), വ്യാകരണ വിശേഷം (ഇംഗ്ളീഷില്‍), അര്‍ഥം കന്നഡയിലും ഇംഗ്ളീഷിലും, പ്രയോഗം കന്നഡയില്‍, പ്രയോഗാര്‍ഥം ഇംഗ്ളീഷില്‍, മറ്റു ദ്രാവിഡ ഭാഷകളില്‍ തുളുപദങ്ങളുടെ ജ്ഞാതിപദങ്ങള്‍ എന്നീ ക്രമത്തിലാണ് വിന്യസിച്ചിരിക്കുന്നത്.

ഡി.എന്‍.എസ്സ്. ഭട്ട് രചിച്ച ഡിസ്ക്രിപ്റ്റീവ് അനാലിസിസ്സ് ഒഫ് തുളു: ബ്രാഹ്മിന്‍ ഡയലക്റ്റ്, എം. രാമ രചിച്ച ഡിസ്ക്രിപ്ഷന്‍ ഒഫ് തുളു: കുംഭാര ഡയലക്റ്റ്, സൂഡാലക്ഷ്മി നാരായണ ഭട്ട് രചിച്ച തുളു ലാംഗ്വേജ് അനാലിസിസ്സ് (Brahmin dialect) എന്നീ പിഎച്ച്.ഡി. പ്രബന്ധങ്ങളുടെ അവസാന ഭാഗത്ത് നല്കിയിട്ടുള്ള സുദീര്‍ഘ സൂചികകളും തുളു പദങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമാണ്.

(ഡോ. എം. രാമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍