This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുല്യയോഗിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുല്യയോഗിത

അര്‍ഥാലങ്കാരം. ഒന്നിലധികം പ്രസ്തുതങ്ങളേയോ ഒന്നിലധികം അപ്രസ്തുതങ്ങളേയോ ഒരേ ധര്‍മത്തിന്റെ സാംഗത്യത്താല്‍ അന്വയിപ്പിക്കുന്നതാണ് ഈ അലങ്കാരം.

'ധര്‍മൈക്യം വര്‍ണ്യവസ്തുക്കള്‍

ക്കവര്‍ണ്യങ്ങള്‍ക്കു മാത്രമോ

ചൊന്നാലുണ്ടാമലങ്കാരം

തുല്യയോഗിതയായിടും'

എന്നാണ് കുവലയാനന്ദം എന്ന സംസ്കൃത അലങ്കാര ഗ്രന്ഥത്തില്‍ ലക്ഷണം നല്‍കിയിട്ടുള്ളത് (വിവര്‍ത്തനം). ഒന്നിലധികം വസ്തുക്കളെ ഒരേ ധര്‍മത്തിന്റെ സാംഗത്യത്താല്‍ അന്വയിപ്പിക്കുന്നതിനെ ദീപകം എന്ന അലങ്കാരമായി എ.ആര്‍. രാജരാജവര്‍മ ഭാഷാഭൂഷണത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ വര്‍ണ്യവസ്തുവും അവര്‍ണ്യ വസ്തുവുമായി ധര്‍മൈക്യം ദീപകവും വര്‍ണ്യങ്ങള്‍ തമ്മിലോ അവര്‍ണ്യങ്ങള്‍ തമ്മിലോ ഉള്ളത് തുല്യയോഗിതയും എന്ന് രണ്ട് അലങ്കാരമായാണ് സംസ്കൃത അലങ്കാര ഗ്രന്ഥങ്ങളില്‍ മിക്കതിലും വിവരിക്കുന്നത്. തുല്യയോഗിതയെ ദീപകത്തിന്റെ ഭേദമായി മാത്രമാണ് ഭാഷാഭൂഷണത്തില്‍ പ്രതിപാദിക്കുന്നത്. പ്രത്യേകം ഒരു അലങ്കാരമായി പരിഗണിച്ചിട്ടില്ല.

ഒന്നിലധികം പ്രസ്തുതങ്ങള്‍ക്ക് ഏകധര്‍മാന്വയം വരുന്നതിനുദാഹരണം ഏ.ആര്‍. നല്‍കിയിരിക്കുന്നതാണ് ചുവടെ ചേര്‍ക്കുന്ന പദ്യം -

'കുമുദകുലമുലൂകവും മയങ്ങീ

കമലവനം കവിചിത്തവും തെളിഞ്ഞൂ

പ്രമദകള്‍ മുഖമിന്ദുവും വിളര്‍ത്തൂ

തിമിരഭരാവൃതി മഞ്ഞുമങ്ങു മാഞ്ഞൂ.'

ധര്‍മൈക്യത്തിന് നാല് പാദത്തിലും ഉദാഹരണം കാണാം. പ്രഭാത വര്‍ണനം പ്രകൃതമായതിനാല്‍ ഈ പദ്യത്തിലെ വര്‍ണനമെല്ലാം പ്രസ്തുതമാണ്.

ഒന്നിലധികം അപ്രസ്തുതങ്ങള്‍ക്ക് ഏകധര്‍മാന്വയം കല്പിക്കുന്നതിനുദാഹരണമാണ്-

'തുമ്പിക്കരത്തിനിഹതോലിനുകട്ടികൊണ്ടും

രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലും

ആകാരമൊത്തളവിലും ലഭിയാതെപോയീ

തന്വംഗിതന്റെ തുടകള്‍ക്കുപമാനഭാവം.'

എന്ന കുമാരസംഭവത്തിലെ പദ്യം (വിവര്‍ത്തനം).

നായികാവര്‍ണനമാണ് പ്രകൃതം. തുമ്പിക്കരത്തിന്റേയും രംഭാദ്രുമത്തിന്റേയും (വാഴ) വിവരണം അപ്രസ്തുതവും. സാമ്യം ഇല്ലായ്മ (ഉപമാനഭാവം ലഭിക്കാഞ്ഞത്)യാണ് രണ്ട് അപ്രസ്തുതത്തിലും അന്വയിക്കുന്ന ധര്‍മം. (നോ: ദീപകം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍