This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുലാഭാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുലാഭാരം

1. ഹൈന്ദവക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരനുഷ്ഠാനം. ഒരാളുടെ തൂക്കത്തിനു തുല്യമായ നേര്‍ച്ചദ്രവ്യം ദേവനു സമര്‍പ്പിക്കുന്നതാണ് ഇതിലെ മുഖ്യചടങ്ങ്. ഇതിനായി കൊടിമരത്തിനരികില്‍ ഒരു വലിയ ത്രാസ്സ് തൂക്കും. വഴിപാടുകാരന്‍ ശ്രീകോവിലിനഭിമുഖമായി ഒരു തട്ടില്‍ കയറി തൊഴുകൈയോടെയിരിക്കും. മറ്റേത്തട്ടില്‍ നിശ്ചയിച്ച പ്രകാരമുള്ള നേര്‍ച്ചദ്രവ്യം തൂക്കമൊക്കും വരെ വയ്ക്കും. തുടര്‍ന്ന് നേര്‍ച്ചക്കാരന്‍ തൊഴുത് എഴുന്നേല്ക്കും. നേര്‍ച്ചദ്രവ്യം ദേവസ്വം സ്വീകരിക്കും. പ്രായഭേദമെന്യേ നടത്തുന്ന ഒരനുഷ്ഠാനമാണിത്. പഴം, ശര്‍ക്കര, നെയ്യ്, വെണ്ണ, ഇല (തുളസി, കൂവളം), ചന്ദനമുട്ടി, മലര്, അവില്‍, നാളികേരം തുടങ്ങിയവയാണ് സാധാരണയായി നേര്‍ച്ചദ്രവ്യങ്ങളാക്കുക. ഗുരുവായൂരില്‍ പഞ്ചസാര കൊണ്ടുള്ള തുലാഭാരം പ്രസിദ്ധമാണ്. (നോ: തുലാപുരുഷദാനം)

പ്രേംനസീറും ശാരദയും തുലാഭാരം എന്ന ചിത്രത്തില്‍

പുരാതനകാലത്ത് രാജാക്കന്മാര്‍ സ്വര്‍ണം കൊണ്ട് തുലാഭാരം നടത്തിയിരുന്നതായി ഐതിഹ്യങ്ങളുണ്ട്.

2. മലയാള ചലച്ചിത്രം. കെ.പി.എ.സി. യുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് തോപ്പില്‍ ഭാസി രചിച്ച് എ.വിന്‍സെന്റ് സംവിധാനം ചെയ്ത ഈ ചിത്രം.

വിജയ, വത്സല എന്നീ രണ്ട് കൂട്ടുകാരികളുടെ കഥയാണിത്. വത്സലയുടെ പിതാവായ പ്രശസ്ത അഭിഭാഷകന്‍ വിജയയുടെ അച്ഛനായ ബിസിനസ്സുകാരനെ ഒരു കേസില്‍ തോല്പിക്കുകയും അത് അദ്ദേഹത്തിന്റെ മരണത്തിനിടയാക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ മൂലം വിജയ ഒരു ട്രേഡ് യൂണിയന്‍ നേതാവായ രാമുവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാവുകയും രാമു സമരമുഖത്തുവച്ച് മരണമടയുകയും ചെയ്യുന്നു. പട്ടിണികിടന്ന കുട്ടികളെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിജയ അറസ്റ്റു ചെയ്യപ്പെടുകയും അപ്പോഴേക്കും ഒരു പ്രശസ്ത അഭിഭാഷകയായി മാറിയ വത്സല അവരെ തൂക്കുമരത്തിലേക്കയയ്ക്കുന്നതുമാണ് ഇതിവൃത്തം. വിന്‍സെന്റ്- തോപ്പില്‍ഭാസി കൂട്ടുകെട്ടിന്റെ ഒരു ഉത്തമസൃഷ്ടിയാണ് ഈ ചിത്രം.

സുപ്രിയ ഫിലിംസിനു വേണ്ടി ഹരിപോത്തന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. തിരക്കഥയും സംഭാഷണവും തോപ്പില്‍ഭാസിയുടേതാണ്. ഗാനരചന വയലാര്‍ രാമവര്‍മയും സംഗീതം ദേവരാജനും ക്യാമറ ഭാസ്ക്കര്‍റാവുവും നിര്‍വഹിച്ചു. പ്രേംനസീര്‍, മധു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ഭാസി, നെല്ലിക്കോട് ഭാസ്ക്കരന്‍, പരവൂര്‍ ഭരതന്‍, തോപ്പില്‍ഭാസി, ശാരദ, ഷീല, അടൂര്‍ ഭവാനി തുടങ്ങിയവരാണ് അഭിനയിച്ചത്. നടി ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു തുലാഭാരം. 1969-ല്‍ മധുസൂദനറാവു തെലുഗു ഭാഷയിലും (മനസ്സിലുമരാളി) 1970-ല്‍ ഹിന്ദിയിലും (സമാജ് കോ ബദല്‍ ഡാലോ) ഈ ചിത്രം പുനഃസൃഷ്ടിക്കപ്പെട്ടു. ഈ മൂന്ന് ചിത്രങ്ങളിലും ശാരദയാണ് വിജയയുടെ വേഷത്തില്‍ അഭിനയിച്ചത്.

മലയാളം, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച തുലാഭാരത്തിന് എല്ലാ ഭാഷയിലും വമ്പിച്ച പ്രദര്‍ശനവിജയം നേടാന്‍ കഴിഞ്ഞുവെങ്കിലും മലയാളത്തില്‍ കിട്ടിയ അംഗീകാരം മറ്റു ഭാഷാചിത്രങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞില്ല. 1968-ലെ ദേശീയ പുരസ്കാരം തുലാഭാരത്തിന് ലഭിച്ചു. കൂടാതെ സംസ്ഥാന പുരസ്ക്കാരം, മികച്ച സംവിധായകന്‍ (എ. വിന്‍സെന്റ്), മികച്ച കഥാകൃത്ത് (തോപ്പില്‍ഭാസി) എന്നീ ബഹുമതികളും ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി.

(വക്കം മോഹന്‍ദാസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍