This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍ക്ക്മെനിസ്താന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തുര്‍ക്ക്മെനിസ്താന്‍

Turkmenistan

തുര്‍ക്ക്മെനിസ്താന്‍

പശ്ചിമ മധ്യേഷ്യയിലെ ഒരു റിപ്പബ്ളിക്. മുന്‍ യു.എസ്.എസ്.ആറില്‍ തുര്‍ക്ക്മെന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തുര്‍ക്ക്മെനിസ്താന്‍ 1991-ല്‍ യു.എസ്.എസ്.ആറിന്റെ ശിഥിലീകരണത്തെ തുടര്‍ന്ന് സ്വതന്ത്രമായി. അതിരുകള്‍: വ.കസാക്കിസ്താന്‍, വ.-ഉം കി.-ഉം ഉസ്ബെക്കിസ്താന്‍, തെ.കി. അഫ്ഗാനിസ്താന്‍, തെ.പ. ഇറാന്‍, പ.കാസ്പിയന്‍ കടല്‍; വിസ്തീര്‍ണം: 4,88,200 ച.കി.മീ.; തലസ്ഥാനം: ആഷ്ഖാബാദ്; ഔദ്യോഗിക ഭാഷ: തുര്‍ക്ക്മെന്‍; ഔദ്യോഗിക നാണയം: തുര്‍ക്മേനിയന്‍ മനാത്ത്.

ഭൂപ്രകൃതി

മധ്യേഷ്യയില്‍ പ. കാസ്പിയന്‍ കടല്‍ മുതല്‍ കി.ആമു-ദരിയ താഴ്വരയും കടന്ന് ഉസ്ബെക്കിസ്താന്‍ വരെ ഉദ്ദേശം 1050 കി.മീ. നീളത്തില്‍ വ്യാപിച്ചിരിക്കുന്ന തുര്‍ക്മെനിസ്താന്‍ പൊതുവേ ഉയരം കുറഞ്ഞ ഭൂപ്രദേശമാണ്. മധ്യേഷ്യയിലെ ഒരു പ്രധാന മണലാരണ്യമായ 'കാരാകും' ഈ റിപ്പബ്ളിക്കിന്റെ 80 ശതമാനത്തോളം ഭാഗത്ത് വ്യാപിച്ചിരിക്കുന്നു. റിപ്പബ്ളിക്കിന്റെ തെ.-ഉം തെ.പ.-ഉം സു. 2940 മീ. ഉയരമുള്ള കോപ്പറ്റ് ദാഗ് മലനിര സ്ഥിതിചെയ്യുന്നു. പ്രധാന ഉന്നത തടമായ കോപ്പറ്റ് ദാഗ് മലനിരയുടെ അടിവാരത്താണ് ഈ റിപ്പബ്ളിക്കിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ആഷ്ഖാബാദ് സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ

പൊതുവേ ഊഷരമായ വന്‍കരാ കാലാവസ്ഥ അനുഭവപ്പെടുന്ന മരുപ്രദേശമാണ് തുര്‍ക്ക്മെനിസ്താന്‍. ഋതുഭേദങ്ങള്‍ക്കും ദിനരാത്ര വ്യതിയാനങ്ങള്‍ക്കും അനുസൃതമായി ഇവിടുത്തെ താപനിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് സാധാരണമാണ്. വേനല്‍ക്കാലത്ത് ചൂടിന്റെ കാഠിന്യം വളരെ കൂടുകയും അന്തരീക്ഷ ഈര്‍പ്പത്തിന്റെ തോത് പൊതുവേ കുറയുകയും ചെയ്യുന്നു. ശൈത്യകാലത്ത് മിതമായ തണുപ്പ് അനുഭവപ്പെടുന്ന തുര്‍ക്ക്മെനിസ്താനില്‍ സൈബീരിയയില്‍ നിന്നെത്തുന്ന ശീതള വായുപിണ്ഡങ്ങള്‍ താപനിലയില്‍ ഗണ്യമായ കുറവാണ് വരുത്തുന്നത്. വാര്‍ഷിക വര്‍ഷപാത വിതരണം ഭൂപ്രകൃതിക്ക് അനുസൃതമായിരിക്കുന്നു. ആമു-ദരിയ നദീതടത്തിന്റെ താഴത്തെ പകുതിയില്‍ വര്‍ഷത്തില്‍ 80 മി.മീ.-ഉം കാരാകും പ്രദേശങ്ങളില്‍ സു.150 മി.മീ.-ഉം മഴ ലഭിക്കുമ്പോള്‍ മലമ്പ്രദേശത്ത് വര്‍ഷത്തില്‍ 400 മി.മീ. വരെ മഴ ലഭിക്കുക പതിവാണ്.

ജലസമ്പത്ത്

ആമു - ദാരിയ നദീതടത്തിന്റെ ഒരു ദൃശ്യം

തുര്‍ക്ക്മെനിസ്താനിലെ വരണ്ട കാലാവസ്ഥ ഇവിടത്തെ ജലസമ്പത്തിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഉസ്ബെകിസ്താന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ആമു-ദരിയ ആണ് പ്രധാന നദി. ചെറുനദികളായ മുര്‍ഗാബ്, ടെഡ്ഷന്‍ എന്നിവ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നാണ് തുര്‍ക്ക്മെനിസ്താനിലേക്ക് പ്രവേശിക്കുന്നത്. മരുപ്പച്ചയില്‍ ഉദ്ഭവിക്കുന്ന ഇവ പരന്നൊഴുകി മരുഭൂമിയില്‍ തന്നെ നിലക്കുന്നു. കാരാ-ബോഗസ്-ഗോല്‍ എന്ന ആഴം കുറഞ്ഞ ജലാശയത്തെ കാസ്പിയന്‍ കടലില്‍ നിന്ന് വേര്‍തിരിക്കുന്ന ചിറയുടെ നിര്‍മാണം 1980-ല്‍ പൂര്‍ത്തിയാക്കി. ആമു-ദരിയ നദിയെ കാസ്പിയന്‍ കടലുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടി നിര്‍മാണമാരംഭിച്ച കാരാകും കനാല്‍ 1962-ല്‍ ആഷ്ഖാബാദ്വരെയും 1967-ല്‍ ജിയോക്-തോപ് വരെയും ദീര്‍ഘിപ്പിച്ചു. 840 കി.മീ. ദൈര്‍ഘ്യമുള്ള ഈ കനാല്‍ ഇവിടുത്തെ കൃഷിയിടങ്ങളെ ജലസേചിതമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ജനങ്ങളും ജീവിതരീതിയും

ആഷ്ഖാബാദിലെ ഒരു കാര്‍ഷിക കമ്പോളം

ജനങ്ങളില്‍ 70 ശ.മാ.-വും തുര്‍ക്ക്മെന്‍ (തുര്‍ക്കോമന്‍) വംശജരാണ്. ശേഷിക്കുന്നവര്‍ റഷ്യന്‍ (10 ശ.മാ.), ഉസ്ബെക്, കസാഖ്, ടാര്‍ട്ടര്‍, ഉക്രേനിയര്‍, അര്‍മേനിയര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. റഷ്യക്കാരും ഉക്രേനിയരും നഗരവാസികളാണ്. സുന്നി മുസ്ളിം മതവിഭാഗത്തിനാണ് തുര്‍ക്ക്മെനിസ്താനില്‍ പ്രാമുഖ്യം. ഷിയാമുസ്ളിങ്ങള്‍, റഷ്യന്‍ ഓര്‍തഡോക്സ് ക്രിസ്ത്യാനികള്‍ എന്നീ മതവിഭാഗങ്ങളും ഉണ്ട്. കോപറ്റ് ദാഗിന്റെ അടിവാരത്തെ മരുപ്പച്ചയിലും വ. കിഴക്കുള്ള ആമു-ദരിയ താഴ്വരയിലും മറ്റു പ്രധാന നദീതടങ്ങളിലുമാണ് ജനങ്ങളധികവും തിങ്ങിപ്പാര്‍ക്കുന്നത്. ചാര്‍ഡ്ഷൂ (Chardzhou), മാറി (Mary), ആഷ്ഖാബാദ്, തഷസ് (Tashauz), നബിത്ദാഗ് (Nebit dag) തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ നഗരങ്ങള്‍. ജനങ്ങളില്‍ 48 ശ.മാ. പട്ടണങ്ങളിലും 52 ശ.മാ. ഗ്രാമങ്ങളിലും വസിക്കുന്നു. 1990-ല്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ടര്‍ക്ക്മെന്‍ ആണ് പ്രധാന ഭാഷ. തലസ്ഥാനനഗരമായ ആഷ്ഖാബാദില്‍ സ്ഥിതിചെയ്യുന്ന തുര്‍ക്ക്മെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, അക്കാദമി ഒഫ് സയന്‍സ് എന്നിവ രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്.

സമ്പദ്ഘടന

ആഷ്ഖാബാദിലെ ലെനിന്‍ സ്മാരകം

തുര്‍ക്ക്മെനിസ്താന്റെ സമ്പദ്ഘടന മുഖ്യമായും കൃഷിയെ (സു. 50 ശ.മാ.) ആശ്രയിച്ചിരിക്കുന്നു. തുര്‍ക്ക്മേനിയന്‍ ജനതയുടെ പ്രധാന ഉപജീവനമാര്‍ഗവും കൃഷിയാണ്. കൃഷിയില്‍ കന്നുകാലി വളര്‍ത്തല്‍, ഭക്ഷ്യോത്പാദനം എന്നിവ തുല്യ സ്ഥാനം നേടിയിരിക്കുന്നു. മരുപ്രദേശങ്ങളിലും കോപറ്റ്ദാഗിലുമാണ് കന്നുകാലി വളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിട്ടുള്ളത്. പരുത്തിയാണ് മുഖ്യ നാണ്യവിള. പരുത്തി, ചോളം, എന്നിവയുടെ ഉത്പാദനത്തിനു പുറമേ പട്ടുനൂല്‍ സംസ്കരണം, പഴം, പച്ചക്കറി ഉത്പാദനം എന്നിവയും കാര്‍ഷികോദ്പാദന മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നേടിയിട്ടുണ്ട്. പരുത്തി കൃഷിയിടങ്ങളെ കാരാകും കനാല്‍ ജലസേചിതമാക്കുന്നു. മുമ്പ് യു.എസ്.എസ്.ആറിന്റെ പരുത്തി ഉത്പാദനത്തില്‍ 13 ശ.മാ. വും തുര്‍ക്ക്മെനിസ്താനില്‍ നിന്നായിരുന്നു. കാരാക്കുള്‍ എന്ന വിശേഷയിനം ചെമ്മരിയാടുകളെ തുര്‍ക്ക്മെനിസ്താനിലെ പുല്‍മേടുകളില്‍ കാണാം.

ധാതു സമ്പന്നമാണ് തുര്‍ക്ക്മെനിസ്താന്‍. ഖനനം ചെയ്യപ്പെടുന്ന ധാതുക്കളില്‍ പ്രമുഖ സ്ഥാനം പ്രകൃതി വാതകത്തിനാണ്. അറുപതുകളുടെ മധ്യത്തില്‍ ഇവിടെ പ്രകൃതിവാതകം കണ്ടെത്തി. ലോകത്തിലെ പ്രകൃതിവാതക ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള ഒരു രാജ്യമാണ് തുര്‍ക്ക്മെനിസ്താന്‍. ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപം സ്ഥിതിചെയ്യുന്ന സൊവീറ്റാബാദ് (Sovetabad) രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദന കേന്ദ്രങ്ങളിലൊന്നാണ്. കല്‍ക്കരി, ഗന്ധകം, മഗ്നീഷ്യം, ഉപ്പ് എന്നിവയാണ് വാണിജ്യ പ്രാധാന്യമുള്ള മറ്റു ധാതുവിഭവങ്ങള്‍. തെ.കിഴക്കന്‍ പ്രദേശത്തെ ഗോര്‍ദാക്കില്‍ (Gaurdak) നിന്ന് ഗന്ധകവും പഴയ എണ്ണപ്പാടങ്ങളില്‍ നിന്നു അയഡിന്‍, ബ്രോമിന്‍ എന്നിവയും കാറാ-ബോഗസ് ഗോല്‍ ജലാശയത്തില്‍ നിന്ന് ഗ്ളോബേഴ്സ് ലവണം (Glaubers salt) എന്നു വിശേഷിപ്പിക്കപ്പെടുന്ന സോഡിയം സള്‍ഫേറ്റും ലഭിക്കുന്നു. വസ്ത്രനിര്‍മാണം, എണ്ണ ശുദ്ധീകരണം, സിമന്റ് ഉത്പാദനം, രാസവസ്തുനിര്‍മാണം എന്നിവയാണ് മറ്റു വ്യവസായങ്ങള്‍.

ഗതാഗതവും വാര്‍ത്താവിനിമയവും

23,000 കി.മീ.-ല്‍ അധികം റോഡുകളും 2000 കി.മീ.-ല്‍ അധികം റെയില്‍പാതയും തുര്‍ക്ക്മെനിസ്താനിലുണ്ട്. വ്യോമ-ജലഗതാഗതത്തിനും തുര്‍ക്ക്മെനിസ്താനില്‍ മതിയായ സൌകര്യങ്ങളുണ്ട്. കാസ്പിയന്‍ തുറമുഖ നഗരത്തില്‍ നിന്നാരംഭിക്കുന്ന ഒരു റെയില്‍പാത തലസ്ഥാന നഗരത്തേയും മുര്‍ഗാബ് (Murgab) മരുപ്പച്ചയിലെ മാറി നഗരത്തേയും ആമു-ദരിയ താഴ്വരയിലെ ചാര്‍ഡ്ഷൂവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ആമു-ദരിയ നദിയും കാരാകും കനാലും ഗതാഗത യോഗ്യമാണ്.

ഭരണകൂടം

1992-ല്‍ തുര്‍ക്ക്മെനിസ്താന് പുതിയ ഭരണഘടനയുണ്ടായി. പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്നു. അഞ്ച് വര്‍ഷമാണ് കാലാവധി. ഭരണനടത്തിപ്പിനായി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുണ്ട്. പാര്‍ലമെന്റിന്റെ (മജ്ലിസ്) കാലാവധി അഞ്ച് വര്‍ഷമാണ്. പ്രായപൂര്‍ത്തി വോട്ടവകാശം രാജ്യത്ത് നിലനില്‍ക്കുന്നു. 18 വയസ്സ് പൂര്‍ത്തിയായ പൗരന്മാര്‍ക്ക് വോട്ടു ചെയ്യാം. ഡെമോക്രാറ്റിക് പാര്‍ട്ടി ഒഫ് തുര്‍ക്ക്മെനിസ്താന്‍ എന്ന രാഷ്ട്രീയപ്പാര്‍ട്ടി മാത്രമാണ് രാജ്യത്ത് അംഗീകൃതമായിട്ടുള്ളത്. പ്രതിപക്ഷ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ല. ഒളിവില്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ വിഭാഗങ്ങളുണ്ട്. പ്രാദേശിക ഭരണസൗകര്യത്തിനായി റിപ്പബ്ളിക്കിനെ പ്രവിശ്യകളായും കൗണ്ടികളായും വിഭജിച്ചിരിക്കുന്നു. ഗവര്‍ണറാണ് പ്രവിശ്യാ ഭരണാധിപന്‍. ഗവര്‍ണറെ പ്രസിഡന്റ് നിയമിക്കുന്നു. കൗണ്ടി ഭരണാധിപന്മാരെ നിയമിക്കുന്നത് ഗവര്‍ണറാണ്. പ്രവിശ്യാതലത്തിലും കൗണ്ടി തലത്തിലും ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്ന കൗണ്‍സിലുകള്‍ നിലവിലുണ്ട്.

ചരിത്രം

പ്രാചീനകാലത്ത് പേര്‍ഷ്യ, മാസിഡോണിയ എന്നീ രാജ്യങ്ങളുടെ ഭാഗമായിരുന്നു തുര്‍ക്ക്മെനിസ്താന്‍. എ.ഡി. ഏഴാം ശ.-ത്തിലാണ് ഉമയാദ് ഖലീഫമാരുടെ നേതൃത്വത്തിലുള്ള ആദ്യത്തെ മുസ്ളിം അറബികളുടെ മുന്നേറ്റത്തിന് തുര്‍ക്ക്മെനിസ്ഥാന്‍ ഉള്‍പ്പെട്ട മധ്യേഷ്യന്‍ പ്രദേശം സാക്ഷ്യം വഹിച്ചത്. പുതിയ ജനതയുടേയും പുതിയ മതത്തിന്റേയും കടന്നാക്രമണത്തെത്തുടര്‍ന്ന് ഇവിടം ഇസ്ളാം ആധിപത്യമുള്ള പ്രദേശമായി മാറി. 13-ാം ശ.-ത്തില്‍ ചെങ്കിസ്ഖാന്റേയും 14-ാം ശ.-ത്തില്‍ തിമൂറിന്റേയും സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു തുര്‍ക്ക്മെനിസ്താന്‍. തിമൂറിന്റെ ദൂര്‍ബലരായ പിന്‍ഗാമികളുടെ കാലത്താണ് ഉസ്ബക്കുകള്‍ എന്ന തുര്‍ക്കികള്‍ ഇവിടെ മേധാവിത്വം സ്ഥാപിച്ചത്.

19-ാം ശ.-ത്തിലെ തുര്‍ക്ക്മെനിസ്താന്റെ ചരിത്രം റഷ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. റഷ്യന്‍ ചക്രവര്‍ത്തിയുടെ സേന 1881-ല്‍ ശക്തമായ പോരാട്ടത്തിലൂടെ തുര്‍ക്ക്മെനിസ്താന്‍ പ്രദേശത്തെ അധീനപ്പെടുത്തി. 1917 വരെ റഷ്യന്‍ തുര്‍ക്കിസ്താന്റെ ഭാഗമായി നിലനിന്ന ഇവിടം ട്രാന്‍സ്കാസ്പിയ എന്ന പേരിലാണ് അറിയപ്പെട്ടത്. 1917-ലെ കമ്യൂണിസ്റ്റ് വിപ്ളവത്തിനുശേഷം സോവിയറ്റ് യൂണിയന്‍ രൂപീകൃതമായപ്പോള്‍ തുര്‍ക്ക്മെനിസ്താന്‍ സോവിയറ്റ് യൂണിയനിലെ ഒരു ഘടക റിപ്പബ്ളിക്കായി മാറി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം സ്വതന്ത്രരാജ്യമായി നിലവില്‍ വന്ന തുര്‍ക്ക്മെനിസ്താന്‍ ഇന്ന് കോമണ്‍വെല്‍ത്ത് ഒഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സിലെ (CIS) അംഗമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍