This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍ക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തുര്‍ക്കി

Turkey

തുര്‍ക്കി

മധ്യ-പൂര്‍വ ദേശത്തെ ഒരു സ്വതന്ത്രപരമാധികാരരാഷ്ട്രം. ഔദ്യോഗികനാമം: റിപ്പബ്ളിക് ഒഫ് തുര്‍ക്കി. കിഴക്കന്‍ യൂറോപ്പിലും പശ്ചിമ ഏഷ്യയിലും ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുര്‍ക്കിരാജ്യത്തിന്റെ യൂറോപ്യന്‍ ഭാഗങ്ങള്‍ ത്രേസ് എന്നും ഏഷ്യന്‍ ഭാഗങ്ങള്‍ അനതോലിയ എന്നും അറിയപ്പെടുന്നു. ഈ വിഭാഗങ്ങളെ മാര്‍മറ കടല്‍, ബോസ്ഫറസ് കടലിടുക്ക്, ഡാര്‍ഡനെല്‍സ് കടലിടുക്ക് എന്നിവ ചേര്‍ന്ന് വേര്‍തിരിക്കുന്നു. തുര്‍ക്കിയുടെ അതിരുകള്‍ വ.കരിങ്കടല്‍; കി.ജോര്‍ജിയ, അര്‍മീനിയ, ഇറാന്‍; തെ.ഇറാക്ക്, സിറിയ, മെഡിറ്ററേനിയന്‍ കടല്‍; പ. ഈ(ഏ)ജിയന്‍ കടല്‍, ഗ്രീസ്, ബള്‍ഗേറിയ എന്നിങ്ങനെയാണ്. വിസ്തീര്‍ണം: സു. 7,80,580 ച.കി.മീ.; ഔദ്യോഗിക ഭാഷ: ടര്‍ക്കിഷ്; മറ്റു പ്രധാന ഭാഷകള്‍: കുര്‍ദിഷ്, അറബിക്; ഏറ്റവും വലിയ നഗരം: ഇസ്താന്‍ബുള്‍; നാണയം: ടര്‍ക്കിഷ് ലിറ (Turkish Lira).

600-ല്‍പ്പരം വര്‍ഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായി രുന്നു തുര്‍ക്കി. മധ്യയൂറോപ്പ് മുതല്‍ അറേബ്യന്‍ ഉപദ്വീപുവരെ വ്യാപിച്ചിരുന്ന ഒട്ടോമന്‍ സാമ്രാജ്യത്തില്‍ ഉത്തരാഫ്രിക്കയുടെ വലിയൊരു ഭാഗവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 1923-ല്‍ സ്ഥാപിത മായ ആധുനിക തുര്‍ക്കി പഴയ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഒരു മതാധിഷ്ഠിത രാഷ്ട്രമല്ലെങ്കിലും ഇസ്ളാം മതത്തിനാണ് തുര്‍ക്കിയില്‍ കൂടുതല്‍ പ്രചാരം. ജനസംഖ്യയുടെ 8 ശ.മാ.-ത്തോളം വരുന്ന കുര്‍ദുകള്‍ (Kurds) പ്രധാന ന്യൂനപക്ഷമാണ്.

ഭൂപ്രകൃതി

അസമചതുരാകൃതിയാണ് തുര്‍ക്കിയുടേത്. ഭൂവിസ്തൃതിയുടെ പകുതിയോളം ഭാഗത്ത് കുന്നുകള്‍ കാണാം. ടര്‍ക്കിഷ് ഭാഷയില്‍ അനാഡോലു(Anadolu)അഥവാ ഏഷ്യാ മൈനര്‍ (Asia minor) എന്നറിയപ്പെടുന്ന ഏഷ്യന്‍ തുര്‍ക്കി പ്രദേശത്ത് നിരവധി പര്‍വതങ്ങളും ഉന്നതതടങ്ങളും സ്ഥിതിചെയ്യുന്നു. പോണ്‍ടിക് മലനിരയും ടാറസും അതിന്റെ തുടര്‍ച്ചയായ ആന്റി-ടാറസ് മലനിരകളും തുര്‍ക്കിയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന അര്‍മീനിയന്‍ ഉന്നതതടങ്ങളിലെ അറാറത്ത് കുന്നിലാണ് സന്ധിക്കുന്നത്. അര്‍മീനിയന്‍ ഉന്നതതടത്തിന് തെക്കുള്ള പൊക്കം കുറഞ്ഞ കുന്നുകളും സമതലങ്ങളും സിറിയയിലേയും ഇറാക്കിലേയും സമതലങ്ങളോളം നീളുന്നു. തുര്‍ക്കി ഒരു ഭൂകമ്പബാധിത പ്രദേശമാണ്. കരിങ്കടല്‍ തീരത്തും കി. അനതോലിയായിലും ഭൂചലനങ്ങള്‍ ഇടയ്ക്കിടെ വിനാശം വിതയ്ക്കാറുണ്ട്.

ഭൂപ്രകൃതിയനുസരിച്ച് തുര്‍ക്കിയെ അഞ്ച് പ്രധാന ഭാഗങ്ങളായി തിരിക്കാം. (1) കരിങ്കടല്‍ തീരം, (2) കടലിടുക്കുകളുടെ ഇരുപുറവുമുള്ള മേഖല, (3) മെഡിറ്ററേനിയന്‍ തീരം, (4) മധ്യഅനതോലിയ, (5) പൂര്‍വ അനതോലിയ. കരിങ്കടലിന് സമാന്തരമായുള്ള തീരമേഖല മലനിരകള്‍ നിറഞ്ഞതാണ്. നന്നേ വീതികുറഞ്ഞ കടലോരമാണുള്ളത്. ഇവിടെ തുറമുഖങ്ങളുടെ എണ്ണം തുലോം പരിമിതമാണ്. ഇറഗ്ലി (Eregli), സോങ്ഗുല്‍ദാക് (Zonguldak), സംസം (Samsum), ട്രാബ്സണ്‍ (Trabzan) എന്നിവിടങ്ങളില്‍ തരംഗരോധികള്‍ നിര്‍മിച്ച് വന്‍കിട കപ്പലുകള്‍ പോലും അടുപ്പിക്കുവാനുള്ള സൗകര്യമുണ്ടാക്കിയിരിക്കുന്നു. ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശമാണെങ്കിലും ഇവിടെ ജനസാന്ദ്രത കൂടുതലാണ്. 1849-ല്‍ സ്ഥാപിച്ച സോങ്ഗുല്‍ദാക് ഉള്‍പ്പെടെ നിരവധി പുരാതന പട്ടണങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു.

തുര്‍ക്കിയുടെ വ.കി. സ്ഥിതിചെയ്യുന്ന ബോസ്ഫറസ്, തെ.പടിഞ്ഞാറുള്ള ഡാര്‍ഡനെല്‍സ് എന്നീ കടലിടുക്കുകള്‍ക്ക് ചുറ്റുമുള്ള പ്രദേശമാണ് രണ്ടാമത്തെ വിഭാഗമായ കടലിടുക്കു പ്രദേശം. ഈ കടലിടുക്കുകള്‍ മാര്‍മറ കടലുമായി ചേര്‍ന്ന് കരിങ്കടല്‍, മെഡിറ്ററേനിയന്‍ കടല്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. ഒരു നിമജ്ജിത താഴ്വരയായ ബോസ്ഫറസ് കടലിടുക്കിന്റെ തെക്കേ അറ്റത്താണ് തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താന്‍ബുള്‍ സ്ഥിതിചെയ്യുന്നത്. 53 കി.മീ. ആണ് ഡാര്‍ഡനെല്‍സിന്റെ നീളം. വിപരീത ദിശകളില്‍ ഒഴുകുന്ന രണ്ട് ജലപ്രവാഹങ്ങള്‍ ഈ കടലിടുക്കുകളുടെ പ്രത്യേകതയാണ്. ഇവയില്‍ ഒന്ന് മുകള്‍പ്പരപ്പിലൂടെ മെഡിറ്ററേനിയന്‍ ഭാഗത്തേക്ക് നീങ്ങുമ്പോള്‍ മറ്റേത് വിപരീത ദിശയിലൊഴുകുന്നു.

കടലിടുക്കു പ്രദേശത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഉന്നതതടങ്ങളില്‍ ഏറ്റവും ഉയരം കൂടിയ ഭാഗം ഊലുദാഗ് (2543 മീ.) ആണ്. കടലിടുക്കു പ്രദേശത്തിന് തെ.കിഴക്കായി സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന നഗരങ്ങളാണ് ബര്‍സായും ഇസ്മിത്തും. 1326-62 വരെ ഒട്ടോമന്‍ സാമ്രാജ്യ തലസ്ഥാനമായിരുന്നു ബര്‍സ. കൃത്രിമ നാരുകളുടെ ഉത്പാദനത്തിനും കമ്പിളി വ്യവസായത്തിനും പ്രശസ്തിയാര്‍ജിച്ചിട്ടുള്ള ഈ നഗരം തുര്‍ക്കിയിലെ പ്രധാന പട്ട് വസ്ത്രവ്യാപാര കേന്ദ്രം കൂടിയാണ്. റോമന്‍ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന തുറമുഖ നഗരമാണ് ഇസ്മിത്. ഇപ്പോള്‍ മാര്‍മറ വികസനപദ്ധതിപ്രദേശത്തെ രണ്ടാമത്തെ വലിയ തുറമുഖവുമാണ്.

തുര്‍ക്കിയുടെ തെ.തീരവും പ.ഈ(ഏ)ജിയന്‍ തീരവും ഉള്‍പ്പെട്ടതാണ് മെഡിറ്ററേനിയന്‍ പ്രദേശം. മെഡിറ്ററേനിയന്‍ തീരത്തിന്റെ ഒരു ഭാഗമായ ഈ(ഏ)ജിയന്‍ തീരത്തിന് ചിരവനാക്കിന്റേതിനു സമാനമായ ആകൃതിയാണുള്ളത്. പൊതുവേ ക്രമരഹിതമായ ഈ പ്രദേശത്തിനോടു ചേര്‍ന്ന് അനേകം ദ്വീപുകള്‍ സ്ഥിതിചെയ്യുന്നു. ഉള്‍നാടന്‍ കുന്നുകളിലെ വര്‍ധിച്ച മണ്ണൊലിപ്പും താഴ്വരയുടെ ചരിവും മൂലം ഈ പ്രദേശത്ത് വന്‍ തോതില്‍ മണ്ണ് അടിയുന്നു.

മെഡിറ്ററേനിയന്‍ പ്രദേശത്തിന്റെ തെ.തീരത്ത് പൊക്കം കൂടിയ തൂക്കായുള്ള നിരവധി പാറക്കെട്ടുകളും ജലപാതങ്ങളും കാണാം. അന്തല്യയ്ക്കു വടക്കുള്ള സമതല ഭാഗങ്ങളില്‍ ഭൂരിഭാഗവും പുല്‍മേടുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ മെഡിറ്ററേനിയന്‍ വിളകളും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സാഹന്‍, കാഹന്‍ എന്നീ നദികളാല്‍ ജലസേചിതമായിരിക്കുന്ന കി.തീരപ്രദേശം ഒരു എക്കല്‍ സമതലമാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആഡെനെ നഗരമാണ് ഇവിടത്തെ ഭരണ-വാണിജ്യകേന്ദ്രം. മറ്റ് പ്രദേശങ്ങളുമായി ഈ നഗരം സാഹന്‍ നദി മുഖേന ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ തീരദേശനഗരമായ മെര്‍സീനു(Mersin)മായി ബന്ധിപ്പിക്കുന്ന റയില്‍പാതയെയാണ് ആഡെനെ നഗരം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.

അറാറത്ത് കുന്ന്
മെഡിറ്ററേനിയന്‍ തീരപ്രദേശം

മധ്യഅനതോലിയയുടെ വ.ഭാഗത്തുള്ള കുന്നുകളില്‍ അവിടവിടെയായി മാത്രം മരങ്ങള്‍ വളരുന്നു. തെ.ഭാഗത്ത് മൊട്ടക്കുന്നുകളും താഴ്വരകളും കാണാം. മധ്യഭാഗം പ്രധാനമായും ഒരു പീഠഭൂമിയാണ് (1220 മീ.). രാജ്യതലസ്ഥാനമായ അങ്കാറാ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. രണ്ട് കുന്നുകളിലായി വ്യാപിച്ചിരിക്കുന്ന ഈ നഗരം സമതല പ്രദേശങ്ങളില്‍ നിന്ന് വേര്‍പെട്ട നിലയില്‍ കാണപ്പെടുന്നു. റോമന്‍ കാലഘട്ടം മുതല്‍ ഭരണ - വാണിജ്യ കേന്ദ്രമായി പ്രശോഭിച്ചിരുന്ന കാണ്യാ (Konya) ആണ് മധ്യ അനതോലിയയിലെ രണ്ടാമത്തെ വന്‍ നഗരം. കാണ്യായ്ക്കു തെ. ഉദ്ദേശം 300 കി.മീ. നീളത്തില്‍ കി.-വ.കി. ദിശയില്‍ നിര്‍ജീവ അഗ്നിപര്‍വതങ്ങളുടെ ഒരു നിരയുണ്ട്. ഇവയില്‍പ്പെട്ട എര്‍ജിയാസ്ദായി (3916 മീ.) ഏഷ്യാമൈനറിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണ്. ഇതിന്റെ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന കേസരീ (Keyseri) നഗരം അസ്സീറിയന്‍ കാലഘട്ടത്തിലെ വാണിജ്യകേന്ദ്രമായിരുന്നു. വ.തെ.; കി.പ. ദിശകളില്‍ നീളുന്ന രാജപാതകളുടെ സംഗമ സ്ഥാനമാണ് ഈ നഗരം. കിഴക്കന്‍ അനതോലിയായ്ക്ക് ദുര്‍ഘടമായ ഭൂപ്രകൃതിയാണ്. അനേകം സജീവ അഗ്നിപര്‍വതങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള ഈ പ്രദേശം മിക്കപ്പോഴും വിനാശകരമായ ഭൂചലനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ജനസാന്ദ്രത നന്നേ കുറവായ ഇവിടെ നദീതടങ്ങളിലാണ് പ്രധാന ജനവാസകേന്ദ്രങ്ങള്‍ രൂപംകൊണ്ടിരിക്കുന്നത്.

കാലാവസ്ഥ

തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ തികച്ചും വിഭിന്നങ്ങളായ കാലാവസ്ഥാ പ്രകാരങ്ങള്‍ അനുഭവപ്പെടുന്നു. വന്‍കരാ കാലാവസ്ഥയനുഭവപ്പെടുന്ന ഉള്‍പ്രദേശങ്ങളില്‍ മഞ്ഞുകാലത്ത് താഴ്ന്ന താപനിലയും ചിലയിടങ്ങളില്‍, പ്രത്യേകിച്ച് കി. പ്രദേശങ്ങളില്‍, ഹിമവര്‍ഷവും അനുഭവപ്പെടുന്നത് സാധാരണമാണ്. തെക്കും കിഴക്കുമുള്ള തീരപ്രദേശങ്ങളില്‍ മെഡിറ്ററേനിയന്‍ കാലാവസ്ഥയും കരിങ്കടല്‍ തീരത്ത് ആര്‍ദ്ര-സമശീതോഷ്ണ കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്.

കരിങ്കടല്‍ പ്രദേശത്തെ പര്‍വതങ്ങളുടെ വ.ചരിവുകളില്‍ ധാരാളമായി മഴ ലഭിക്കുന്നു. പ. ഭാഗങ്ങളില്‍ പ്രധാനമായും മഞ്ഞുകാലത്താണ് മഴ ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തുന്ന (2,286 മി.മീ.) റൈസില്‍ (Rize) ദിവസേന കുറഞ്ഞത് രണ്ടുതവണയെങ്കിലും മഴ പെയ്യാറുണ്ട്. കടലിടുക്കു മേഖലയിലെ ത്രേസ് പ്രദേശത്ത് മിതമായി ഈര്‍പ്പമുള്ള മഞ്ഞുകാലം സാധാരണമാണ്. ഇടയ്ക്കിടെ മൂടല്‍മഞ്ഞ് ഉണ്ടാകാറുണ്ട്. വ.നിന്നു വീശുന്ന ഉഷ്ണക്കാറ്റുകള്‍ (Summer winds) കരിങ്കടല്‍ പ്രദേശത്ത് അനുഭവപ്പെടുന്നവയേക്കാള്‍ വരണ്ടവയാണ്. 23ºC ആണ് ഇവിടത്തെ ശ.ശ. വേനല്‍ക്കാല താപനില. 1,067 മി. മീ.ഓളം ശ.ശ. വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്ന മെഡിറ്ററേനിയന്‍ പ്രദേശത്ത് വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ച അനുഭവപ്പെടാറുണ്ട്. ഈ(ഏ)ജിയന്‍ തീരത്ത് തെക്കന്‍ പ്രദേശത്തെ അപേക്ഷിച്ച് വരള്‍ച്ചയുടെ കാഠിന്യം കുറവാണ്. ഇവിടത്തെ ശ.ശ. താപനില മഞ്ഞുകാലത്ത് 10ºC, വേനല്‍ക്കാലത്ത് 27ºC എന്ന തോതിലാണ്. മധ്യഅനതോലിയ പ്രദേശത്ത് ഈ(ഏ)ജിയന്‍ തീരത്തെ അപേക്ഷിച്ച് മഴയുടെ തോത് വളരെ കുറവാണ്. ഇവിടെ ഏ.-മേ. കാലയളവിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ആഗ.-ല്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു. ഇവിടെ ജനു.ല്‍ 28ºC-ഉം ആഗ.ല്‍ 40ºC-ഉം ശ.ശ. താപനില രേഖപ്പെടുത്തുന്നു. 12ºC-നും 17ºC-നും മധ്യേയാണ് കിഴക്കന്‍ അനതോലിയയിലെ ശ.ശ. താപനില. വ.ഭാഗങ്ങളില്‍ ശൈത്യകാലത്ത് 4-7 മാസങ്ങളോളം മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു.

ജലസമ്പത്ത്

തുര്‍ക്കിയില്‍ ധാരാളം നദികളുണ്ടെങ്കിലും ജലഗതാഗതത്തിനനുയോജ്യമായവ വിരളമാണ്. 500-ല്‍ അധികം തടാകങ്ങളുള്ളതില്‍ സു. 50 എണ്ണത്തിനു മാത്രമേ 10 ച.കി.മീ.-ല്‍ അധികം വിസ്തൃതിയുള്ളൂ. 127 കൃത്രിമ തടാകങ്ങളും തുര്‍ക്കിയിലുണ്ട്. വാന്‍, സാള്‍ട്ട് എന്നിവയാണ് മുഖ്യ തടാകങ്ങള്‍.

കരിങ്കടല്‍ പ്രദേശത്തെ മലഞ്ചരിവുകളില്‍നിന്ന് 150-ഓളം ചെറുനദികള്‍ ഉദ്ഭവിക്കുന്നു. സകാര്യ (Sakarya), കിസില്‍ഇര്‍മാക് (ശോണനദി), യെഷീല്‍ ഇര്‍മാക് (ഹരിതനദി) എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. മലനിരകളുടെ തെ. ഭാഗത്തു നിന്നുദ്ഭവിക്കുന്ന ഈ നദികള്‍ ചുരങ്ങളിലൂടെ ഒഴുകി കരിങ്കടലില്‍ പതിക്കുന്നു.

തുര്‍ക്കിക്കും ഗ്രീസിനുമിടയിലെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന മെറീക് നദി പോഷകനദിയായ എര്‍ജില്‍ ലയിക്കുന്നതിനെ തുടര്‍ന്ന് ത്രേസ് മേഖലയില്‍ വിസ്തൃതമായ ചതുപ്പ് രൂപം കൊള്ളുന്നു. ഇത് തുടര്‍ന്നൊഴുകി ഈ(ഏ)ജിയന്‍ കടലില്‍ പതിക്കുന്നു. മെറീക് നദീമാര്‍ഗത്തില്‍ ഏദിര്‍നേ നഗരം വരെയുള്ള ഭാഗം ഗതാഗതയോഗ്യമാണ്. മെഡിറ്ററേനിയന്‍ പ്രദേശത്തെ അനേകം നദികളില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഗെഡീസ് (സാരിബാത്) ആണ്. ഈ മേഖലയിലെ പ്രധാന പട്ടണങ്ങള്‍ നദീതടങ്ങളിലാണ് രൂപംകൊണ്ടിട്ടുള്ളത്.

ഈജിയന്‍ തീരത്തിന്റെ ഒരു ദൃശ്യം
മധ്യഅനതോലിയയിലെ ഒരു സമതല പ്രദേശം

മധ്യഅനതോലിയയിലെ പ്രധാന നദിയായ സകാര്യയില്‍ അങ്കാറായ്ക്ക് 130 കി.മീ. പ. മാറി സറിയാന്‍ പ്രദേശത്ത് വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, വൈദ്യുതിയുത്പാദനം എന്നിവയ്ക്കായി ഒരു ജലസംഭരണി നിര്‍മിച്ചിട്ടുണ്ട്. അങ്കാറായ്ക്ക് തെ.കിഴക്കായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള 321 ച.കി.മീ. വിസ്തീര്‍ണമുള്ള ജലാശയം വ.അനതോലിയായിലേക്ക് ആവശ്യമുള്ള വൈദ്യുതോര്‍ജത്തിന്റെ സ്രോതസ്സായി വര്‍ത്തിക്കുന്നു. ഇതിന് തെക്കായി സാള്‍ട്ട്ലേക്ക് (Salt lake) എന്ന കൃത്രിമതടാകവും ഉണ്ട്. കി. അനതോലിയയുടെ വടക്കരികിലൂടെ ഒഴുകുന്ന എറാസ്, തുര്‍ക്കിയുടെ അതിര്‍ത്തിയിലൂടെ ഒഴുകി കാസ്പിയന്‍ കടലില്‍ പതിക്കുന്ന ഏര്‍പാ എന്നിവയാണ് മറ്റ് പ്രധാന നദികള്‍. എലസിഗ് നഗരത്തിന് 4 കി.മീ. പടിഞ്ഞാറ് ഫീറാത്ത്, മുറാത്ത് എന്നീ നദികളുടെ സംഗമസ്ഥാനത്തുള്ള കാബാന്‍ ഡാം ആണ് തുര്‍ക്കിയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം. സമീപ മേഖലയിലെ രാസ-വൈദ്യുത വ്യവസായങ്ങള്‍ക്കാവശ്യമായ ഊര്‍ജത്തിന്റെ ഒരു മുഖ്യ സ്രോതസ് കൂടിയാണ് 675 ച.കി.മീ.-ല്‍ അധികം വിസ്തൃതിയുള്ള ഈ തടാകം. 3714 ച.കി.മീ.-ല്‍ അധികം വിസ്തൃതിയുള്ളതും 12-ല്‍ അധികം ചെറുനദികള്‍ ഒഴുകിച്ചേരുന്നതുമായ വാന്‍ തടാകത്തിലെ ജലം നിര്‍ഗമന മാര്‍ഗങ്ങളുടെ അഭാവം മൂലം ഉപ്പുരസമുള്ളതായിത്തീര്‍ന്നിരിക്കുന്നു.

ജൈവസമ്പത്ത്

തുര്‍ക്കിയുടെ തീരമേഖലയിലും മലമ്പ്രദേശത്തും ഗുണമേന്മ കുറഞ്ഞ വൃക്ഷങ്ങള്‍ വളരുന്ന വനങ്ങളുണ്ട്. ഉള്‍നാടന്‍ സമതലങ്ങളിലും താഴ്വരകളിലും വിശാലമായ സ്റ്റെപ്പ് പുല്‍മേടുകള്‍ കാണാം. കരിങ്കടല്‍ തീരം സസ്യസമ്പന്നമാണ്. ഈ പ്രദേശത്തെ മലനിരകളുടെ വ.ചരിവുകള്‍ ബിര്‍ച്ച്, ഓക്ക്, എം തുടങ്ങിയ വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന വനങ്ങളാണ്. സാമാന്യമായി ഉയരം കൂടിയ ഭാഗങ്ങളില്‍ സ്തൂപികാഗ്രിത വനങ്ങളും നന്നെ ഉയര്‍ന്ന ഭാഗങ്ങളില്‍ പുല്‍മേടുകളും കാണപ്പെടുന്നു. മലനിരകളുടെ തെ. ചരിവുകളിലെ വനങ്ങള്‍ അത്ര ഇടതൂര്‍ന്നവയല്ല. ഓക്ക്, ജൂനിപര്‍, പൈന്‍ തുടങ്ങിയ വൃക്ഷങ്ങള്‍ക്കാണ് ഇവിടെ പ്രാമുഖ്യം. മധ്യ അനതോലിയ പ്രദേശത്തിന്റെ വ.ഭാഗത്തെ കുന്നുകളില്‍ നിബിഡത കുറഞ്ഞ വനങ്ങള്‍ കാണാം. വരണ്ടകാലാവസ്ഥ അനുഭവപ്പെടുന്ന തുര്‍ക്കി പീഠഭൂമിയുടെ ഭൂരിഭാഗവും സ്റ്റെപ്പ് പുല്‍മേടുകളാല്‍ ആവൃതമാണ്. പര്‍വതപ്രദേശങ്ങളില്‍, പ്രത്യേകിച്ച് പോണ്‍ടിക് മലകളില്‍ ഓക്, പൈന്‍ തുടങ്ങിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. മെഡിറ്ററേനിയന്‍, ഈ(ഏ)ജിയന്‍ കടല്‍തീരങ്ങളില്‍ അവിടവിടെ വനങ്ങളുണ്ടെങ്കിലും മൊത്തത്തില്‍ കുറ്റിച്ചെടികള്‍ നിറഞ്ഞു കാണപ്പെടുന്നു. തുര്‍ക്കിയുടെ മൊത്തം ഭൂവിസ്തൃതിയുടെ 26 ശ.മാ. വരുന്ന വനങ്ങള്‍ പൊതുവേ സമ്പദ് പ്രധാനങ്ങളല്ല. തടിയുത്പാദനത്തില്‍ ഇവയുടെ പ്രാധാന്യം വളരെ കുറവാണ്. കാട്ടുപന്നിയാണ് ഏറ്റവുമധികം കാണപ്പെടുന്ന വന്യമൃഗം. ഉള്‍ക്കാടുകളില്‍ ചെന്നായ, കുറുക്കന്‍, കാട്ടുപൂച്ച, കുറുനരി, മാന്‍, കരടി, കാട്ടാട്, കഴുതപ്പുലി തുടങ്ങിയ മൃഗങ്ങളെയും കാണാം. ഒട്ടകം, ജലമഹിഷം (Water Buffalo), അങ്കോറാ ആട് എന്നിവ ഇവിടത്തെ പ്രധാന വളര്‍ത്തുമൃഗങ്ങളാണ്.

പക്ഷി വര്‍ഗങ്ങളില്‍ സ്ഥിരമായി പാര്‍ക്കുന്ന വാത്ത, തിത്തിരി, കാട എന്നിവയ്ക്ക് പുറമേ ദേശാടന പക്ഷികളായ പുള്ളിപ്പരുന്ത്, പ്രാപ്പിടിയന്‍, കഴുകന്‍, വെള്ളപ്പരുന്ത് തുടങ്ങിയവയും ഉള്‍പ്പെടുന്നു. മലമ്പ്രദേശങ്ങളില്‍ നിന്ന് ഉദ്ഭവിക്കുന്ന ചെറുനദികളില്‍ ട്രൌട് മത്സ്യം ധാരാളമായി കാണപ്പെടുന്നു. ജലസന്ധികളില്‍ ബൊണീറ്റോ, അയല, ബ്ളൂഫിഷ് തുടങ്ങിയ മത്സ്യങ്ങള്‍ക്കാണ് പ്രാമുഖ്യം. മത്സ്യ ലഭ്യതയില്‍ മുന്നിട്ടു നില്‍ക്കുന്ന മെഡിറ്ററേനിയന്‍, കരിങ്കടല്‍ മേഖലകളില്‍ നിന്ന് ആഞ്ചോവീ ഇനത്തില്‍പ്പെട്ട മത്സ്യമാണ് ധാരാളമായി ലഭിക്കുന്നത്.

ജനങ്ങളും ജീവിതരീതിയും

തുര്‍ക്കിയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇസ്ളാം മത വിശ്വാസികളാണ്; ഇവരില്‍ത്തന്നെ ഏറിയ പേരും സുന്നി വിഭാഗക്കാരാണ്. ജനസംഖ്യയുടെ 8 ശ.മാ.ത്തോളം വരുന്ന കുര്‍ദുകളാണ് പ്രധാന ന്യുനപക്ഷം. രാജ്യത്തിന്റെ കിഴക്കും തെ.കിഴക്കും പ്രദേശങ്ങളിലാണ് ഇവര്‍ പ്രധാനമായും അധിവസിക്കുന്നത്. ഇസ്ളാം ദേശീയ മതമായി അംഗീകരിച്ചിരുന്ന തുര്‍ക്കി 1928-ല്‍ ഒരു മതനിരപേക്ഷ രാജ്യമായി സ്വയം പ്രഖ്യാപിക്കുകയുണ്ടായി. മൊത്തം ജനങ്ങളുടെ 60 ശ.മാ.ഗ്രാമങ്ങളിലും 40 ശ.മാ. നഗരങ്ങളിലും വസിക്കുന്നു. ജനസാന്ദ്രതയില്‍ മുന്നിട്ടു നില്‍ക്കുന്നത് തീരദേശഗ്രാമങ്ങളാണ്.

കുര്‍ദ്ദുകള്‍
അഡാനയിലെ ഒരു വസ്ത്ര നിര്‍മ്മാണശാല

1994-ലെ കണക്കനുസരിച്ച് ജനങ്ങളില്‍ 82.5 ശ.മാ.വും സാക്ഷരരാണ്. തുര്‍ക്കി ഭരണഘടന 6 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസം സൗജന്യമാണ്. തുര്‍ക്കിയില്‍ നിരവധി സര്‍വകലാശാലകളുണ്ട്. ഇവയില്‍ മിക്കവയും 1977-നുശേഷം സ്ഥാപിതമായവയാണ്. 1994-ല്‍ ഗലെതെസരായി (ഇസ്താന്‍ബുള്‍)യില്‍ ഫ്രഞ്ച് ഭാഷ ബോധന മാധ്യമമായുള്ള ഒരു സര്‍വകലാശാല പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇസ്താന്‍ബുള്‍, അങ്കാറാ, ഇസ്മീര്‍ എന്നിവയാണ് രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍.

കലയും സാഹിത്യവും. തുര്‍ക്കിയുടെ ഒട്ടോമന്‍ മാതൃക പിന്തുടരുന്ന വാസ്തുശില്പകല ശ്രദ്ധേയമാണ്. ലോകപ്രശസ്ത വാസ്തുശില്പി സിനാന്‍ (Sinan) തുര്‍ക്കിക്കാരനാണ്. 1520 മുതല്‍ 66 വരെ തുര്‍ക്കിയില്‍ ഭരണം നടത്തിയ സുല്‍ത്താന്‍ സുലൈമാനുവേണ്ടി സിനാന്‍ സാമ്രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒട്ടനവധി മനോജ്ഞസൌധങ്ങള്‍ പണിതുയര്‍ത്തി. ഇക്കൂട്ടത്തില്‍ സിനാന്റെ ശില്പചാതുര്യം നിദര്‍ശിപ്പിക്കുന്ന 80-ലധികം പള്ളികളും 100-ലധികം മറ്റു വാസ്തു ശില്പങ്ങളും ഉള്‍പ്പെടുന്നു.

കളിമണ്‍പാത്ര നിര്‍മാണ കലയിലും തുര്‍ക്കി മൗലികമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അനതോലിയയിലെ കൂതോയ ആണ് പ്രധാന കളിമണ്‍ വ്യവസായ കേന്ദ്രം. നെയ്ത്താണ് മറ്റൊരു പ്രധാന പരമ്പരാഗത വ്യവസായം. പുതപ്പുകള്‍, ഷാളുകള്‍, ടവലുകള്‍ തുടങ്ങിയവ പ്രമുഖ ഉത്പന്നങ്ങളാണ്.

മുമ്പ് ഇസ്ളാമിക സ്വാധീനത വ്യക്തമായിരുന്ന തുര്‍ക്കിയുടെ കലാരംഗത്ത് ഇപ്പോള്‍ പാശ്ചാത്യ ശൈലിക്ക് പ്രചാരം ഏറിയിട്ടുണ്ട്. കാലി ഇബ്രാഹിം, ഫേമാന്‍ദുറാന്‍, ബേദ്രി രാഹ്മി, ഫഹ്റുന്നിസ സെയ്ദ് തുടങ്ങിയവര്‍ ആധുനിക ചിത്രകലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ തുര്‍ക്കി ചിത്രകാരന്മാരാണ്; അലിഹാദിബാറ (Ali Hadi Bara), നസ്റെത്ത് സുമന്‍ (Nusret Suman) എന്നിവര്‍ പ്രശസ്ത ശില്പികളും. നാടോടി സാഹിത്യത്തിനാണ് തുര്‍ക്കിയുടെ സാഹിത്യ മണ്ഡലത്തില്‍ ഏറെ പ്രാമുഖ്യം നേടാന്‍ കഴിഞ്ഞിട്ടുള്ളത്. തുര്‍ക്കിക്കാരായ കമാല്‍ താഹിര്‍, യാഷര്‍ കമാല്‍ എന്നീ ആധുനിക തുര്‍ക്കി നോവലിസ്റ്റുകള്‍ വിശ്വപ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. ഇസ്താന്‍ബുളില്‍ പ്രവര്‍ത്തിക്കുന്ന ലളിതകലാ അക്കാദമി തുര്‍ക്കിയുടെ കലാരംഗത്തെ പരിപോഷിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. എ.എ.സാഗന്‍ (A.A.Saygun), ഐദെല്‍ബിരേത് (Idil Biret), സുനാകാന്‍ (Sunakkan), അയ്ല എര്‍ദറാന്‍ (Ayla Erdur-an) തുടങ്ങിയ നിരവധി ലോകപ്രശസ്ത സംഗീതജ്ഞരേയും തുര്‍ക്കി സംഭാവന ചെയ്തിട്ടുണ്ട്.

സമ്പദ്ഘടന

1. കൃഷി. തുര്‍ക്കിയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ (GNP) 1/3 ഭാഗം കൃഷിയും 1/4 ഭാഗം ഖനന-വ്യവസായ മേഖലകയും പ്രദാനം ചെയ്യുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രധാനമായും കാര്‍ഷിക വൃത്തിയെയാണ് മുഖ്യ ഉപജീവനമാര്‍ഗമായി ആശ്രയിക്കുന്നത്. രാജ്യത്ത് പണിയെടുക്കുന്നവരിലെ 2/3 ഭാഗത്തോളം കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. കയറ്റുമതിയുടെ മുക്കാല്‍ പങ്കും കാര്‍ഷികോത്പന്നങ്ങളാണ്. ഭൂവിസ്തൃതിയുടെ 30 ശ.മാ.ത്തോളം കൃഷിക്കനുയോജ്യമാണ്. രാജ്യത്തിന്റെ കി.ഭാഗത്തെ മലനിരകളുടെ വടക്കന്‍ ചരിവുകളില്‍ നാരക ഇനങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നു. തീരപ്രദേശങ്ങളില്‍ ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍ക്കാണ് പ്രാമുഖ്യം. പുകയില, ചോളം, ഗോതമ്പ്, പച്ചക്കറികള്‍, ചണം എന്നിവയാണ് മറ്റു പ്രധാന വിളകള്‍. സിമാവു നദി ജലസേചിതമാക്കുന്ന കടലിടുക്കു പ്രദേശത്തെ സമതലങ്ങളില്‍ വിവിധയിനം ധാന്യവിളകളും പുകയില, മുന്തിരി, ഒലിവ് എന്നിവയും ബര്‍സയ്ക്കടുത്ത് മള്‍ബറിയും കൃഷി ചെയ്യപ്പെടുന്നു. പരുത്തി, പുകയില, ഒലിവ്, മുന്തിരി, അത്തിപ്പഴം എന്നിവയാണ് മെഡിറ്ററേനിയന്‍ പ്രദേശത്തെ പ്രധാന വിളകള്‍. എന്നാല്‍ മെഡിറ്ററേനിയന്‍ തീരത്തിന്റെ തെ.ഭാഗങ്ങളില്‍ പരുത്തി, നാരക ഇനങ്ങള്‍, ഒലിവ് എന്നിവ ഉള്‍പ്പെടെ പലവിധ മെഡിറ്ററേനിയന്‍ വിളകളും കൃഷി ചെയ്യുന്നുണ്ട്. മധ്യ അനതോലിയന്‍ പ്രദേശത്തിന്റെ വ.മേഖലയില്‍ ഗോതമ്പും കരിമ്പും കി. പ്രദേശത്ത് ഗോതമ്പും ബാര്‍ലിയും കൃഷി ചെയ്യുന്നു.

2. ഖനനവും വ്യവസായവും.

അനതോലിയ പ്രദേശത്തെ ഗോതമ്പ് പാടങ്ങള്‍

ധാതു സമ്പന്നമായ തുര്‍ക്കിയിലെ ഏതാനും ധാതുക്കള്‍ മാത്രമാണ് വന്‍തോതില്‍ ഖനനം ചെയ്യപ്പെടുന്നത്. കരിങ്കടല്‍ പ്രദേശത്തെ സോങ്ഗുല്‍ദാക് മധ്യ-പൂര്‍വ ദേശത്തിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടമാണ്. ഇതിന്റെ തൊട്ടു തെ. റൈസിന്റെ സമീപത്തുനിന്നും മാംഗനീസ്, ചെമ്പ്, ഈയം എന്നീ ധാതുക്കള്‍ ഖനനം ചെയ്യപ്പെടുന്നു. ഇസ്താന്‍ബുള്‍, മാര്‍മറാതീരം, ഇസ്മീര്‍, അങ്കാറാ, അദെനെ സമതലം, സോങ്ഗുല്‍ദാക് പ്രവിശ്യ, കടലിടുക്കു പ്രദേശം തുടങ്ങിയവയാണ് തുര്‍ക്കിയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങള്‍. വാഹനങ്ങള്‍, സ്ഫടികം, പ്ളാസ്റ്റിക്, ടയറുകള്‍, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിവ ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നു. കി. അനതോലിയന്‍ പ്രദേശത്തെ ദിയോര്‍ബേക്കറിന് 96 കി.മീ. കി. മാറിയുള്ള റമണ്‍ദാഗ് എണ്ണപ്പാടത്തെ 480 കി.മീ. നീളമുള്ള പൈപ്പ് ലൈന്‍ വഴി ഇസ്കെന്‍ദെറോണ്‍ ഉള്‍ക്കടല്‍ തീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബട്മാനില്‍ ഒരു എണ്ണ ശുദ്ധീകരണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനടുത്തുള്ള ഡേവ്റിഗിയില്‍ നിന്ന് ഇരുമ്പും ഗ്യുലെമന്‍, മാഡെന്‍ (Maden) എന്നിവിടങ്ങളില്‍ നിന്ന് ചെമ്പ്, ക്രോമിയം എന്നിവയും ഖനനം ചെയ്യപ്പെടുന്നു.

ഗതാഗതവും വാര്‍ത്താവിനിമയവും

തുര്‍ക്കിയുടെ ഗതാഗതമേഖല തികച്ചും അവികസിതമാണ്. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളുടെ അഭാവം രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന പട്ടണങ്ങളെയും റോഡുമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും റോഡുകളുടെ മൊത്തം ദൈര്‍ഘ്യം താരതമ്യേന കുറവാണ്. 1998-ലെ കണക്കനുസരിച്ച് 3,82,059 കി.മീ. റോഡുകളാണുണ്ടായിരുന്നത്. തുര്‍ക്കിയില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും ഗവണ്‍മെന്റധീനതയിലാണ്. പ്രധാന നഗരങ്ങള്‍ക്കിടയില്‍ റെയില്‍ബന്ധം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. 1998-ല്‍ 8607 കി.മീ. റയില്‍പാത ഉണ്ടായിരുന്നു. വ്യോമഗതാഗത മേഖലയും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തെ വ്യോമഗതാഗത ശൃംഖല പ്രധാന നഗരങ്ങളെ തമ്മിലും പ്രമുഖ നഗരങ്ങളെ യൂറോപ്പ്, മധ്യ-പൂര്‍വദേശങ്ങള്‍ തുടങ്ങിയവയുമായും ബന്ധിപ്പിക്കുന്നു. ഇസ്താന്‍ബുള്‍ (അറ്റാതുര്‍ക്ക്), ദലാമാന്‍ (മുഗ്ള), അങ്കാര (എസെര്‍ബോഗ), ഇസ്മിര്‍ (അഡ്നാല്‍ മെന്‍ഡേറസ്), അദെനെ, അന്ത്യാല്യ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തുര്‍ക്കിക്ക് ദൈര്‍ഘ്യമേറിയ തീരദേശമുണ്ടെങ്കിലും രാജ്യത്തെ നാവികജലഗതാഗത മേഖലകള്‍ താരതമ്യേന അവികസിതമാണ്. ഇസ്താന്‍ബുള്‍, ഇസ്മിര്‍, സംസന്‍ (Sumsan), മെര്‍സിന്‍ (Mersin), ഇസ്കെന്‍ദെറോണ്‍ (Iskenderun), ത്രാബ്സണ്‍ എന്നിവയാണ് രാജ്യത്തെ മുഖ്യ തുറമുഖങ്ങള്‍.

1996-ലെ കണക്കനുസരിച്ച് ഏകദേശം 57 ദിനപത്രങ്ങള്‍ തുര്‍ക്കിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഇവയില്‍ ഹൂറിയത്, സാബാ എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത്. തുര്‍ക്കിയിലെ തപാല്‍, ടെലിഫോണ്‍, ടെലിഗ്രാഫ് മേഖലകള്‍ പൂര്‍ണമായും ദേശസാത്ക്കരിച്ചിരിക്കുന്നു. എന്നാല്‍ പ്രക്ഷേപണരംഗത്ത് ഗവണ്‍മെന്റിനുണ്ടായിരുന്ന കുത്തക 1994-ല്‍ നിറുത്തലാക്കി.

ഭരണകൂടം

ബോസ്പോറസ് പാലം

1982 ന.-ല്‍ തുര്‍ക്കിയില്‍ പുതിയ ഭരണഘടന അംഗീകൃതമായി. രാജ്യം മതേതര ജനാധിപത്യ റിപ്പബ്ളിക് ആണ്. പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. പ്രസിഡന്റിന്റെ ഔദ്യോഗികകാലാവധി ഏഴുവര്‍ഷമാണ്. ഭരണനടത്തിപ്പിനായി പ്രധാനമന്ത്രിയെ പ്രസിഡന്റ് നിയമിക്കുന്നു. പാര്‍ലമെന്റാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. തുര്‍ക്കിയുടെ പാര്‍ലമെന്റ് ഗ്രാന്‍ഡ് നാഷണല്‍ അസംബ്ളി എന്ന പേരില്‍ അറിയപ്പെടുന്നു. അഞ്ചുവര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാസാധുത പരിശോധിക്കാന്‍ സ്വതന്ത്രരായ ജഡ്ജിമാരടങ്ങിയ ഒരു ഭരണഘടനാ കോടതിയും മറ്റു കോടതികളും തുര്‍ക്കിയുടെ നീതിന്യായ വ്യവസ്ഥിതിയിലുണ്ട്.

നിരവധി രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുര്‍ക്കിയില്‍ നിലവിലുണ്ട്. ട്രൂ പാത്ത് പാര്‍ട്ടി, മദര്‍ലാന്‍ഡ് പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പോപ്പുലിസ്റ്റ് പാര്‍ട്ടി, പ്രോസ്പരിറ്റി പാര്‍ട്ടി തുടങ്ങിയവ പ്രധാന പാര്‍ട്ടികളാണ്.

ഭരണസൗകര്യാര്‍ഥം രാജ്യത്തിനെ എഴുപതില്‍പ്പരം പ്രവശ്യകളായി തരം തിരിച്ചിരിക്കുന്നു. കേന്ദ്രഗവണ്‍മെന്റ് നിയമിക്കുന്ന ഗവര്‍ണറാണ് പ്രവിശ്യാഭരണത്തലവന്‍. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സമിതിയും പ്രവിശ്യയിലുണ്ട്. പ്രവശ്യകളെ ജില്ലകളായും കൗണ്ടികളായും മുനിസിപ്പാലിറ്റികളായും വില്ലേജുകളായും വിഭജിച്ചിരിക്കുന്നു. തദ്ദേശ ഭരണ നടത്തിപ്പിനായി പട്ടണങ്ങളില്‍ മുനിസിപ്പാലിറ്റികളും ഗ്രാമങ്ങളില്‍ കൗണ്‍സിലുകളുമുണ്ട്.

ചരിത്രം

ഏഷ്യ, യൂറോപ്പ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന തുര്‍ക്കി നിരവധി ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന പ്രദേശമാണ്. രണ്ട് ഭൂഖണ്ഡങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഭൂപ്രകൃതി തുര്‍ക്കിയുടെ ചരിത്രപരവും സാംസ്കാരികപരവുമായ പരിണാമത്തെ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രത്തിലുടനീളം പാശ്ചാത്യവും പൗരസ്ത്യവുമായ നിരവധി സംസ്കാരങ്ങളുടെ സമ്മേളന വേദിയായിരുന്നു തുര്‍ക്കി. ഒട്ടോമന്‍ സാമ്രാജ്യം എന്ന പേരിലാണ് തുര്‍ക്കി മുമ്പ് അറിയപ്പെട്ടത്.

ഇസ്താന്‍ബുള്‍ നഗരം

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് തുര്‍ക്കിയുടെ ചരിത്രം കടന്നുപോന്നത്. 15-ാം ശ.-ത്തിനു മുമ്പുള്ള ചരിത്രം ഏഷ്യാ മൈനറിന്റേതും; അതിനുശേഷമുള്ളത് ഒട്ടോമന്‍ സാമ്രാജ്യത്തിന്റേതും ആധുനിക തുര്‍ക്കി റിപബ്ളിക്കിന്റേതുമാണ്.

പുരാതന നാഗരികതകളില്‍ ഒന്നാണ് തുര്‍ക്കി. 11-ാം ശ.-ത്തില്‍ തുര്‍ക്കികള്‍ ഏഷ്യാമൈനറില്‍ (അനാതോലിയ) എത്തുന്നതിനു മുമ്പ് ഇവിടം ഹിറ്റൈറ്റ്, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ വിഭജനത്തിനുശേഷം ഏഷ്യാമൈനര്‍ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ കീഴിലായി.

സെല്‍ജൂക് തുര്‍ക്കികളായിരുന്നു ഏഷ്യാമൈനറില്‍ എത്തിയ ആദ്യത്തെ തുര്‍ക്കി വംശജര്‍ (11-ാം ശ.). പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുക എന്നതിനു പുറമേ അവിശ്വാസികളെ ഇസ്ളാമിന്റെ നാമത്തില്‍ കീഴടക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1071 -ല്‍ മാന്‍സികേര്‍ട്ട് യുദ്ധത്തില്‍ ഇവര്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തിയത് ഏഷ്യാമൈനറിലെ അധികാര സമവാക്യങ്ങളില്‍ വന്‍ മാറ്റങ്ങളുണ്ടാക്കി. ഇതോടെ ഇവിടം ക്രമേണ തുര്‍ക്കികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമായി മാറി. സെല്‍ജൂക്ക് തുര്‍ക്കികള്‍ ഏഷ്യാമൈനറില്‍ സ്ഥാപിച്ച സാമ്രാജ്യം സല്‍ത്തനത്ത് ഓഫ് റെം (Rum) എന്ന പേരില്‍ അറിയപ്പെട്ടു.

13-ാം ശ.-ത്തില്‍ മംഗോളിയരുടെ ആക്രമണ പരമ്പരകള്‍ക്കൊടുവില്‍ കോസ്ദാഗില്‍ വച്ച് മംഗോളിയര്‍ സെല്‍ജൂക്കുകളെ പരാജയപ്പെടുത്തിയതോടെ മംഗോളിയരുടെ മേല്‍ക്കോയ്മ സ്വീകരിക്കുവാന്‍ സെല്‍ജൂക്കുകള്‍ നിര്‍ബന്ധിതരായി. സെല്‍ജൂക്ക് ആധിപത്യം ദുര്‍ബലമായപ്പോള്‍ നിരവധി തുര്‍ക്കി നാട്ടുരാജ്യങ്ങള്‍ 13-ാം ശ.-ത്തിന്റെ പകുതിയോടെ ഏഷ്യാമൈനറില്‍ നിലവില്‍ വന്നു. വടക്കു പടിഞ്ഞാറന്‍ ഏഷ്യാമൈനറിലെ സോഗത് എമിറേറ്റായിരുന്നു ഇവയില്‍ വച്ച് ഏറ്റവും ശക്തം. ഒസ്മാന്‍ I ആയിരുന്നു ഈ നാട്ടുരാജ്യത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഒസ്മാനികള്‍ അഥവാ ഒട്ടോമനുകള്‍ എന്നറിയപ്പെട്ടു. 1453-ല്‍ ഒട്ടോമന്‍ സുല്‍ത്താന്‍ മുഹമ്മദ് II കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തത് തുര്‍ക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. യൂറോപ്യന്‍ പ്രതാപത്തിന്റെ പ്രതീകമായിരുന്ന ബൈസാന്തിയന്‍ ക്രിസ്ത്യന്‍ സാമ്രാജ്യത്തിന്റെ മേലുള്ള തുര്‍ക്കിയുടെ ജയം ഇസ്ളാമിന്റെ വിജയമായി കണക്കാക്കപ്പെട്ടു. ഏഷ്യാമൈനറിലെ ഒരു ചെറിയ എമിറേറ്റില്‍ തുടങ്ങി ലോകത്തിലെ വന്‍കിട ശക്തിയായി മാറിയ ഒട്ടോമന്‍ സാമ്രാജ്യം 20-ാം ശ. വരെ നിലനിന്നു.

ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. പരാജയപ്പെട്ട അച്ചുതണ്ട് ശക്തികള്‍ക്കൊപ്പം തുര്‍ക്കിയും ഉള്‍പ്പെട്ടിരുന്നതുകൊണ്ട് 1920-ല്‍ സഖ്യകക്ഷികളുമായുള്ള ഒരു സമാധാന കരാറില്‍ തുര്‍ക്കിക്കും ഒപ്പിടേണ്ടതായി വന്നു (സെവ്റസ് - Sevres - കരാര്‍). ഇതുപ്രകാരം ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം തുര്‍ക്കിക്കു നഷ്ടമായി. ഈ കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച മുസ്തഫാകെമാല്‍ പാഷ അങ്കാറയില്‍ ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിച്ചു. വിദേശ അധിനിവേശ സേനയില്‍നിന്ന് തുര്‍ക്കിയെ മോചിപ്പിച്ച കെമാല്‍ പാഷ സുല്‍ത്താന്‍ ഭരണം അവസാനിപ്പിച്ച് ഒട്ടോമന്‍ ഭരണത്തിന് അറുതി വരുത്തി.

തുര്‍ക്കി റിപ്പബ്ളിക്. ഒട്ടോമന്‍ ഭരണത്തിന് സമാപ്തി കുറിച്ച കെമാല്‍ പാഷയുടെ (കെമാല്‍ അട്ടാടര്‍ക്ക്) നേതൃത്വത്തില്‍ 1923-ല്‍ തുര്‍ക്കി ഒരു റിപ്പബ്ളിക്കായി മാറി. കെമാല്‍ പാഷയായിരുന്നു റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പിന്‍ഗാമിയായ നവതുര്‍ക്കി റിപ്പബ്ളിക്കിനെ പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയില്‍ ആധുനികവത്ക്കരിക്കുക എന്നതായിരുന്നു പാഷയുടെ പ്രധാന ലക്ഷ്യം. തുര്‍ക്കിയുടെ ഇസ്ളാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവല്‍ക്കരണം, ദേശീയത, ജനപ്രിയ നയം, പരിവര്‍ത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ളിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അട്ടാടര്‍ക്കിസം (കെമാലിസം) എന്ന പേരില്‍ അറിയപ്പെട്ടു. രാഷ്ട്രത്തിന്റെ ഈ അടിസ്ഥാന തത്ത്വങ്ങള്‍ തുര്‍ക്കി ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

മതനിരപേക്ഷതയായിരുന്നു അട്ടാടര്‍ക്കിസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിവാദപരവുമായ ഘടകം. ഒരു മതേതര രാജ്യത്തെ വാര്‍ത്തെടുക്കുവാനുള്ള കെമാലിന്റെ ശ്രമങ്ങള്‍ തുര്‍ക്കിയില്‍ എതിര്‍പ്പുളവാക്കിയെങ്കിലും അവയെ ശക്തമായി അടിച്ചമര്‍ത്തിക്കൊണ്ട് ഇദ്ദേഹം തന്റെ കര്‍മപരിപാടിയുമായി മുന്നോട്ടുപോയി.

അങ്കാറാ നഗരം

ഒട്ടോമന്‍ സാമൂഹിക വ്യവസ്ഥിതി പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി 1924 മാ. 3-ന് ഖിലാഫത്ത് നിര്‍ത്തലാക്കിയതോടെ മതവും രാഷ്ട്രീയവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടു. ശരീഅത്തിനു പകരം യുറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയിലുള്ള സിവില്‍ നിയമം പ്രാബല്യത്തില്‍ വരുത്തിയതും മദ്രസാ വിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസത്തില്‍ ലയിപ്പിച്ചതും ആധുനികതയിലേക്കുള്ള തുര്‍ക്കിയുടെ പുരോഗതിയെ ത്വരിതപ്പെടുത്തി. ഇസ്ളാം ദേശീയ മതമാണ് എന്ന നിയമ വ്യവസ്ഥിതി 1928-ല്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഒട്ടോമന്‍ ഭരണത്തിന്‍കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്ത്രീ ജനങ്ങള്‍ക്ക് വോട്ടവകാശവും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനവും അനുവദിച്ചത് ശ്ളാഘനീയമായ നടപടിയായിരുന്നു.

രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്നതായിരുന്നു കെമാലിന്റെ വിദേശനയം. വെറുപ്പിന്റെ രാഷ്ട്രീയത്തോടു വിട പറഞ്ഞുകൊണ്ട് ഗ്രീസ്, യുഗോസ്ളാവിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി ധാരണയിലെത്തിയ ഇദ്ദേഹം സോവിയറ്റ് യൂണിയന്‍, ജര്‍മനി എന്നീ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിച്ചു. കെമാല്‍ പാഷയുടെ മരണശേഷം ഇനോനുവായിരുന്നു അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് (1938).

കെമാല്‍ പാഷ

ഹിറ്റ്ലറുടെ വളര്‍ച്ചയെ പരിഭ്രാന്തിയോടെ വീക്ഷിച്ച തുര്‍ക്കി രണ്ടാം ലോകയുദ്ധമാരംഭിച്ചതോടെ നിഷ്പക്ഷത പ്രഖ്യാപിച്ചു. യുദ്ധമാരംഭിച്ചപ്പോള്‍ കൈക്കൊണ്ട നിഷ്പക്ഷതാ നയമായിരുന്നു തുര്‍ക്കിയെ യുദ്ധ വിപത്തില്‍ നിന്ന് പരിരക്ഷിച്ചത്. നാസി- സോവിയറ്റ് കരാര്‍ നിലവില്‍വന്നതിനെത്തുടര്‍ന്ന് ബ്രിട്ടനും ഫ്രാന്‍സുമായി ഒരു പരസ്പര സഹായ ഉടമ്പടിയില്‍ തുര്‍ക്കി ഒപ്പുവച്ചെങ്കിലും (1939) നിഷ്പക്ഷതാ നയത്തില്‍ നിന്നും തുര്‍ക്കി വ്യതിചലിച്ചില്ല. 1941-ല്‍ സോവിയറ്റ് യൂണിയനെ ജര്‍മനി ആക്രമിച്ചതോടെ സഖ്യകക്ഷികള്‍ക്കൊപ്പം ചേരാന്‍ സമ്മര്‍ദമുണ്ടായെങ്കിലും 1944 വരെ നിഷ്പക്ഷതാ നയത്തില്‍ത്തന്നെ തുര്‍ക്കി ഉറച്ചു നിന്നു. 1944-ല്‍ തുര്‍ക്കി നാസി ജര്‍മനിയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയും 1945-ല്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അച്ചുതണ്ട് ശക്തികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കു മാത്രമേ യു. എന്‍. സമ്മേളനത്തില്‍ പങ്കെടുക്കാനാവൂ എന്ന സഖ്യകക്ഷികളുടെ ഉപാധിയാണ് ജര്‍മനിക്കെതിരെ യുദ്ധം ചെയ്യാന്‍ തുര്‍ക്കിയെ പ്രേരിപ്പിച്ചത്. 1945-ല്‍ തുര്‍ക്കി യു. എന്‍. അംഗമായി.

യുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്‍ കിഴക്കന്‍ തുര്‍ക്കിയിലെ രണ്ട് പ്രവശ്യകളുടെ മേല്‍ ഉന്നയിച്ച അവകാശവാദത്തെ തുര്‍ക്കി തള്ളിക്കളഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ശീതയുദ്ധകാലത്ത് യു.എസ്സുമായി കൂടുതല്‍ അടുത്ത തുര്‍ക്കിക്ക് യു.എസ്. സാമ്പത്തിക സഹായം നല്‍കി. അമേരിക്കന്‍ സ്വാധീനത്തിന്റെ ഫലമായി ഭരണം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുവാനും പ്രതിപക്ഷ പാര്‍ട്ടിക്കുമേലുള്ള നിരോധനം നീക്കുവാനും ഇനോനു തയ്യാറായി. 1946-ല്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടി. എന്നാല്‍ 1950-ലെ തെരഞ്ഞെടുപ്പില്‍ ബേയര്‍, മെന്‍ഡറസ് എന്നിവര്‍ നയിച്ച ഡെമോക്രാറ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടിയതോടെ ഇനോനു പ്രസിഡന്റ്സ്ഥാനം രാജിവച്ചു.

ബേയര്‍ പ്രസിഡന്റും മെന്‍ഡറസ് പ്രധാനമന്ത്രിയുമായുള്ള ഡെമോക്രാറ്റിക് ഭരണകൂടം സമ്പദ്ഘടനയ്ക്കുമേലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 10 വര്‍ഷം അധികാരത്തിലിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വികസനമാണ് ഇവിടെ നടപ്പിലാക്കിയത്. എന്നാല്‍ ഇസ്ളാമിക യാഥാസ്ഥിതികരെ പ്രീണിപ്പിക്കുവാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങള്‍ പട്ടാളത്തില്‍ അതൃപ്തിയുണ്ടാക്കി. കെമാലിന്റെ നയപരിപാടിയില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് ഇവര്‍ പള്ളികള്‍ക്കുള്ള ഗ്രാന്റ് പുനരാരംഭിച്ചതും സ്കൂളുകളില്‍ മത വിദ്യാഭ്യാസം പുനഃസ്ഥാപിച്ചതും വിവാദമായി. തെറ്റായ കീഴ്വഴക്കങ്ങളാണ് ഇവര്‍ സൃഷ്ടിക്കുന്നത് എന്നാരോപിച്ച പട്ടാളം 1960 മേയ് 27-ന് രക്തരഹിതമായ അട്ടിമറിയിലൂടെ ഡെമോക്രാറ്റിക് സര്‍ക്കാറിനെ പുറത്താക്കുകയും ബേയര്‍, മെന്‍ഡറസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭരണഘടനയെ ലംഘിച്ച കുറ്റത്തിന് 1961-ല്‍ മെന്‍ഡറസിന് വധശിക്ഷയും ബേയറിന് ജീവപര്യന്തം തടവും ഇവര്‍ വിധിച്ചു.

അധികാരം പിടിച്ചെടുത്ത സൈനികസംഘം (junta) നാഷണല്‍ യൂണിറ്റി കമ്മിറ്റി എന്ന പേരിലാണ് അറിയപ്പെട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയെ നിരോധിച്ച കമ്മിറ്റി തുടര്‍ന്ന് തുര്‍ക്കിക്ക് ഒരു പുതിയ ഭരണഘടനയും നല്‍കി. എന്നാല്‍ കമ്മിറ്റി ഭരണം താത്ക്കാലികമായിരിക്കുമെന്നും എത്രയും വേഗം തെരഞ്ഞെടുപ്പിലൂടെ അധികാരം ജനകീയ ഗവണ്‍മെന്റിന് കൈമാറുമെന്നും പട്ടാളം വ്യക്തമാക്കിയിരുന്നു. 1961-ല്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഇനോനുവിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭകളാണ് 1965 വരെ തുര്‍ക്കിയില്‍ മാറിമാറി അധികാരത്തിലിരുന്നത്. 1965-ലെ തെരഞ്ഞെടുപ്പില്‍ ദെമിറലിന്റെ ജസ്റ്റിസ് പാര്‍ട്ടി ഭൂരിപക്ഷം നേടിക്കൊണ്ട് അധികാരത്തിലേറി.

1960-കളുടെ അന്ത്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ സൃഷ്ടിച്ച അരാജകത്വം നേരിടുന്നതില്‍ ദെമിറല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പട്ടാളം ഇടപെട്ട് ഇദ്ദേഹത്തെ രാജിവയ്പ്പിച്ചു (1971 മാര്‍ച്ച്). നേരിട്ട് ഭരണം ഏറ്റെടുത്തില്ലെങ്കിലും പട്ടാളത്തിന്റെ പിന്തുണയുള്ള ജനകീയ ഭരണകൂടങ്ങളാണ് 1973-ലെ തെരഞ്ഞെടുപ്പു വരെ തുര്‍ക്കിയില്‍ അധികാരത്തിലിരുന്നത്.

1973-ലെ പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ഇസിവിറ്റ് (Ecevit) എം.എസ്.പി. എന്ന വര്‍ഗീയ പാര്‍ട്ടിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കിയെങ്കിലും 1974-ല്‍ ഈ മന്ത്രിസഭ നിലംപതിച്ചു. 1975-നും 1980-നുമിടയ്ക്ക് ദെമിറല്‍, ഇസിവിറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭകളാണ് മാറിമാറി തുര്‍ക്കിയില്‍ അധികാരത്തിലിരുന്നത്.

1970-കളുടെ അവസാനം തുര്‍ക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. ആഗോളതലത്തില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവും യൂറോപ്യന്‍ സമ്പദ്ഘടനയിലെ മാന്ദ്യവും തുര്‍ക്കിയില്‍ തൊഴിലില്ലായ്മയും പണപ്പെരുപ്പവും സൃഷ്ടിച്ചു. ഇക്കാലത്ത് ശക്തമായിത്തീര്‍ന്ന ഇസ്ളാമിക മതമൗലികവാദവും രാഷ്ട്രീയ അരാജകത്വവും സൈന്യത്തിന്റെ മൂന്നാമതൊരു ഇടപെടല്‍ അനിവാര്യമാക്കിത്തീര്‍ത്തു (1980 സെപ്.12).

20 വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ഈ സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയത് ജനറല്‍ കെനാന്‍ എവ്റെനായിരുന്നു. അട്ടിമറിയില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെട്ട ഒരു നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഭരണം ഏറ്റെടുക്കുകയും രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഭരണഘടനയുടെ രൂപികരണത്തിനായി ഒരു കൂടിയാലോചനാസഭയും നിയമിക്കപ്പെട്ടു. രാജ്യത്ത് നിലനിന്ന അക്രമരാഷ്ട്രീയത്തിന് വിരാമിട്ടുകൊണ്ട് നിമയവാഴ്ച പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഈ കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യം. ഇതില്‍ വിജയിച്ചെങ്കിലും പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയപ്പാര്‍ട്ടികളെ നിരോധിച്ചതുമായ കൗണ്‍സിലിന്റെ നടപടികള്‍ പാശ്ചാത്യ സര്‍ക്കാരുകളുടെ വിമര്‍ശനത്തിനിടയാക്കി. ജനാധിപത്യ വ്യവസ്ഥിതിയിലേക്കു മടങ്ങുവാനുള്ള അന്താരാഷ്ട്ര സമ്മര്‍ദം ഏറിയ പശ്ചാത്തലത്തില്‍ 1983-ല്‍ രാഷ്ടീയപ്പാര്‍ട്ടികളുടെമേലുള്ള നിരോധനം നീക്കുവാനും തെരഞ്ഞെടുപ്പ് നടത്തുവാനും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു.

1983-ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒസലിന്റെ (Osal) മദര്‍ ലന്‍ഡ് പാര്‍ട്ടിയാണ് 1991 വരെ തുര്‍ക്കിയില്‍ അധികാരത്തിലിരുന്നത്. 1991-ല്‍ ട്രൂ പാത്ത് പാര്‍ട്ടിയുടെ നേതാവായ ദെമിറല്‍ പ്രധാനമന്ത്രിയായി. എന്നാല്‍ 1993-ല്‍ പാര്‍ലമെന്റ് ദെമിറലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെത്തുടര്‍ന്ന് ട്രൂ പാത്ത് പാര്‍ട്ടി അണികള്‍ താന്‍സു സില്ലറിനെ പ്രധാനമന്ത്രിയാക്കി. തുര്‍ക്കിയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ഇവര്‍. 1993-നുശേഷം അസ്ഥിരമായ കൂട്ടുകക്ഷി മന്ത്രിസഭയാണ് തുര്‍ക്കിയില്‍ നിലവില്‍ വന്നത്. 1995-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഇസ്ളാമിസ്റ്റ് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന വര്‍ഗീയപ്പാര്‍ട്ടി ട്രൂ പാത്ത് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ ഇര്‍ബാക്കനായിരുന്നു പ്രധാനമന്ത്രി. ആധുനിക തുര്‍ക്കിയുടെ ആദ്യത്തെ യാഥാസ്ഥിതിക ഇസ്ളാമിക പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം.

മതേതര തുര്‍ക്കി എന്ന തത്ത്വത്തില്‍ വിശ്വസിച്ച പട്ടാളം ഇര്‍ബാക്കന്റെ തെരഞ്ഞെടുപ്പിനെ ഭരണഘടനയോടുള്ള അവഹേളനമായിട്ടാണ് കണ്ടത്. ഇസ്ളാമിസ്റ്റ് വെല്‍ഫയര്‍ കക്ഷിയുടെ കീഴില്‍ മതമൗലികവാദം ശക്തി പ്രാപിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച പട്ടാളം വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടുകയും ഇര്‍ബാക്കനെ രാജിവയ്പ്പിക്കുകയും ചെയ്തു (1997 ജൂണ്‍). തുടര്‍ന്ന് മദര്‍ലന്‍ഡ് പാര്‍ട്ടിയിലെ യില്‍മാസ് പുതിയ പ്രധാനമന്ത്രിയായി. എന്നാല്‍ 1998-ല്‍ ഇദ്ദേഹത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം വിജയിച്ചതിനെത്തുടര്‍ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഇസിവിറ്റിനെ സര്‍ക്കാര്‍ രൂപികരിക്കുവാന്‍ പ്രസിഡന്റ് ക്ഷണിച്ചു. 1999-ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, മദര്‍ലന്‍ഡ് പാര്‍ട്ടി, നാഷണലിസ്റ്റ് പാര്‍ട്ടി എന്നീ കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടുകക്ഷി സര്‍ക്കാരാണ് തുര്‍ക്കിയില്‍ അധികാരത്തില്‍ വന്നത്. 2002-ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്മെന്റ് പാര്‍ട്ടി തുര്‍ക്കിയില്‍ അധികാരത്തില്‍ വന്നു. യു.എന്‍, നാറ്റോ എന്നിവയില്‍ അംഗമാണ് തുര്‍ക്കി. സൈപ്രസിനെച്ചൊല്ലി ഗ്രീസുമായുള്ള തര്‍ക്കവും കുര്‍ദുകളുടെ ആഭ്യന്തര കലാപവുമാണ് ആധുനിക തുര്‍ക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. തെ. കിഴക്കന്‍ തുര്‍ക്കിയില്‍ സ്വതന്ത്രരാജ്യത്തിനുവേണ്ടി പോരാടിയ കുര്‍ദിഷ് വര്‍ക്കേര്‍സ് പാര്‍ട്ടി (ജഗഗ) ഫെബ്രുവരി 2000-ല്‍ തുര്‍ക്കിക്കെതിരെയുള്ള കലാപം അവസാനിച്ചതായി പ്രഖ്യാപിച്ചു. തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച്, അനുരഞ്ജനത്തിലൂടെ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലാണ് തുടര്‍ന്ന് കുദുര്‍കള്‍ ശ്രദ്ധേകേന്ദ്രീകരിച്ചത്. തുര്‍ക്കി ഗവണ്‍മെന്റിനെതിരെയുള്ള കുര്‍ദിഷ് ഗറില്ലകളുടെ വിപ്ളവത്തില്‍ അനേകം പേര്‍ക്ക്, പ്രത്യേകിച്ച് കുര്‍ദുകള്‍ക്ക്, ജീവഹാനി സംഭവിച്ചിട്ടുണ്ട്. 1990-കളില്‍ കുര്‍ദിഷ് ജനതയുടെമേല്‍ അടിച്ചേല്‍പ്പിച്ച ക്രൂരതകളുടെ പേരില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളെ യൂറോപ്യന്‍ രാജ്യങ്ങള്‍ തടയുകയുണ്ടായി. 2004-മേയില്‍ തുര്‍ക്കിയുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി കുര്‍ദിസ്ഥാന്‍ വര്‍ക്കേര്‍സ് പാര്‍ട്ടി പ്രഖ്യാപിച്ചതോടെ തുര്‍ക്കി വീണ്ടും അക്രമത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും നീങ്ങുകയാണ്. നോ: ഏഷ്യാമൈനര്‍, ഒട്ടോമന്‍ സാമ്രാജ്യം, കെമാല്‍ മുസ്തഫാ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍