This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുന്ദ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുന്ദ്ര

ആര്‍ട്ടിക് വൃത്ത(66 1/2º വ.)ത്തിനുള്ളില്‍ വൃക്ഷരേഖ (Tree line)യ്ക്കു വടക്കും സ്ഥിരതുഷാര (Perma frost) മേഖലയ്ക്കു തെക്കുമായി കിടക്കുന്ന കരപ്രദേശത്തിന് പൊതുവായുള്ള സംജ്ഞ. കോപ്പന്റെ (Wladimir Koppan, 1918) ആഗോള കാലാവസ്ഥാ വര്‍ഗീകരണ വ്യവസ്ഥയിലെ അഞ്ച് പ്രധാന വിഭാഗങ്ങളിലൊന്നായ E-യുടെ പ്രധാന ഉപവിഭാഗമായി (ET) ആണ് തുന്ദ്രാമാതൃക സ്ഥാനം പിടിച്ചിട്ടുള്ളത്. ഊഷര പ്രദേശം എന്ന് അര്‍ഥം കല്പിക്കാവുന്ന ഫിന്നിഷ് ഭാഷയിലെ തുന്തുറി(tunturi), ലാപ്പിഷിലെ തുന്ദുര്‍ (tundur) എന്നീ പദങ്ങളെ ആധാരമാക്കി റഷ്യന്‍ ഭാഷയില്‍ നിഷ്പന്നമായ സംജ്ഞയാണ് തുന്ദ്ര.

ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജൂലായ് മാസത്തിലെ ശ.ശ. താപനില 10ºCനും താഴെയാകുന്നത് സസ്യങ്ങള്‍ ഉയര്‍ന്നു വളരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇക്കാരണത്താല്‍ ജൂലായിലെ 10ºC സമോഷ്ണരേഖ (isotherm) യെ വൃക്ഷരേഖ എന്നു വിശേഷിപ്പിക്കുന്നു. ഇതിനു വടക്കുള്ള മേഖലകളില്‍ ഗ്രീഷ്മകാലം പ്രായേണ ഹ്രസ്വമായിരിക്കും. എട്ടുമാസമെങ്കിലും നീണ്ടുനില്ക്കുന്ന ശൈത്യകാലത്ത് അതികഠിനമായ തണുപ്പും ശൈത്യാരംഭത്തില്‍ മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നു. ശൈത്യകാല താപനില - 18ºC വരെ താഴാറുണ്ട്. ഗ്രീഷ്മകാലത്ത് ശ.ശ. താപനില 10ºC-ല്‍ താഴെയായതിനാല്‍ പൊതുവേ തണുപ്പുള്ള അവസ്ഥയായിരിക്കും. ജൂലായ് മാസത്തിലെ ശ.ശ. താപനില 3ºC ആയുള്ള പ്രദേശങ്ങള്‍ ഈ മേഖലയിലെമ്പാടുമുണ്ട്.എന്നാല്‍ ജൂലായിലെ താപനില 0ºC ആകുന്നതോടെ തുന്ദ്രാമേഖല സ്ഥിര തുഷാര പ്രദേശമായി പരിണമിക്കും. ജൂലായിലെ 0ºC സമോഷ്ണരേഖയാണ് തുന്ദ്രായുടെ വടക്കേ അതിരു നിര്‍ണയിക്കുന്നത്.

ഉത്തരാര്‍ധഗോളത്തിലെ തുന്ദ്രാമേഖലകളെ പൊതുവേ രണ്ടായി തിരിക്കാം: (i) യൂറോപ്യന്‍ റഷ്യയുടേയും സൈബീരിയയുടേയും വടക്കരികിലുള്ള താഴ്വാര പ്രദേശം; (ii) വ.അമേരിക്കയില്‍ കാനഡയുടേയും അലാസ്കയുടേയും ഉത്തരപ്രാന്തങ്ങളും തീരത്തോടടുത്തു കിടക്കുന്ന ആര്‍ട്ടിക് ദ്വീപുകളും. യൂറേഷ്യയിലെ മേഖലയെയാണ് തുന്ദ്ര എന്നു വിളിക്കുന്നത്. വ.അമേരിക്കയില്‍ മസ്കെഗ് എന്ന പേരില്‍ അറിയപ്പെടുന്ന ഈയിനം മേഖലകളുടെ കാലാവസ്ഥ, ജീവജാലം തുടങ്ങിയവ പരാമര്‍ശിക്കപ്പെടുമ്പോള്‍ പൊതുവേ തുന്ദ്ര എന്ന സംജ്ഞയാണ് സ്വീകരിക്കപ്പെടുന്നത്. ദക്ഷിണാര്‍ധഗോളത്തില്‍ തുന്ദ്രാമാതൃക പ്രദേശങ്ങളില്ല; ദ. അക്ഷാംശം 66 1/2ºക്കു തെക്കുള്ള ഏക വന്‍കരാഭാഗമായ അന്റാര്‍ട്ടിക്ക ഏതാണ്ട് മൊത്തമായിത്തന്നെ സ്ഥിരതുഷാര മേഖലയാണ്.

പര്‍വതങ്ങളുടെ ഉച്ചിയിലേക്കു നീങ്ങുമ്പോള്‍ ഉയരത്തിന് ആനുപാതികമായി കാലാവസ്ഥാപരമായ വ്യതിയാനം അനുഭവപ്പെടുന്നു. മധ്യരേഖയില്‍നിന്ന് ധ്രുവങ്ങളിലേക്കുള്ള വ്യത്യസ്ത കാലാവസ്ഥാ പ്രകാരങ്ങള്‍ക്കു സദൃശമാണ് ഈ മാറ്റം. ഇക്കാരണത്താല്‍ ആല്‍പ്സ്, ആന്‍ഡീസ് തുടങ്ങിയ പര്‍വതങ്ങളുടെ ഉന്നത തടങ്ങളില്‍ തുന്ദ്രാമാതൃക കാലാവസ്ഥ അനുഭവപ്പെട്ടു കാണുന്നു. ഇത്തരം പ്രദേശങ്ങളെ ആല്‍പൈന്‍ തുന്ദ്ര എന്നു വിശേഷിപ്പിക്കുന്നു.

തുന്ദ്രാ പ്രദേശങ്ങളില്‍ ശ.ശ. താപനില 10ºC-ലേറെയാകാത്തതുമൂലം വേനല്‍ക്കാലം സാമാന്യേന ചൂടു കുറഞ്ഞതായിരിക്കും. എന്നാല്‍ ഈ കാലത്ത് പകലിന്റെ ദൈര്‍ഘ്യം നന്നേ കൂടുതലായും രാത്രിയുടേത് തീരെ കുറവായും അനുഭവപ്പെടുന്നു. മേയ് നാലാം പാദം മുതല്‍ ആഗസ്റ്റ് വരെ പകല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലായ്പോഴും സൂര്യപ്രകാശം ലഭിച്ചുകൊണ്ടിരിക്കും. തുന്ദ്രാമേഖലയിലെ വര്‍ഷ (percipitation) കാലം ഗ്രീഷ്മത്തിന്റെ അന്ത്യത്തിലും ശൈത്യകാലാരംഭത്തിലുമാണ്; വാര്‍ഷിക ശ.ശ. 250 മി.മീ.. അല്പമായ തോതില്‍ ലഭിക്കുന്ന മഴയുടെ സ്ഥാനത്ത് ശൈത്യകാലാരംഭത്തോടെ മഞ്ഞു പെയ്യാന്‍ തുടങ്ങുന്നു. അതിശൈത്യം കാരണം പെയ്തുവീഴുന്ന മഞ്ഞ് അതേപടി അടിയുന്നു. ദ്രവീകരണം നന്നേ കുറവായതിനാല്‍ മഞ്ഞുവീഴ്ചയുടെ ആവര്‍ത്തനം ഹിമപാളികള്‍ക്കു വഴിയൊരുക്കുന്നു. എന്നാല്‍ തുന്ദ്രാപ്രതലത്തിലെ എല്ലായിടത്തും മഞ്ഞുപാളികള്‍ അട്ടിയിടുന്നില്ല. ശക്തമായ കാറ്റുമൂലം ഹിമസഞ്ചയങ്ങള്‍ അടിച്ചുമാറ്റപ്പെട്ട്, അനുകൂല സ്ഥാനങ്ങളില്‍ കൂനകളായി നിക്ഷിപ്തമാകുന്നു. ഹിമപാളികള്‍ തിങ്ങിഞെരുങ്ങി സ്വയം വിണ്ടുകീറുന്നത് ബഹുഭുജാകൃതിയിലുള്ള പരസഹസ്രം ഹിമഖണ്ഡങ്ങള്‍ക്കു രൂപം നല്‍കുന്നു. ഗ്രീഷ്മകാലാരംഭത്തോടെ ഇവയ്ക്കിടയിലെ വിള്ളലുകള്‍ സാമാന്യം വീതിയുള്ള ചാലുകളായി മാറും. കനം കുറഞ്ഞ് അടിഞ്ഞിട്ടുള്ള മഞ്ഞുരുകി ഉണ്ടാകുന്ന ജലം നിര്‍ഗമന സൗകര്യത്തിന്റെ അഭാവത്തില്‍ ആഴം കുറഞ്ഞ വെള്ളക്കെട്ടുകളും ചതുപ്പുകളുമായിത്തീരും. ഇവയെ കേന്ദ്രീകരിച്ചാണ് വേനല്‍ക്കാലത്ത് സസ്യങ്ങള്‍ കിളിര്‍ത്തു വളരുന്നത്. തുന്ദ്രാ സസ്യങ്ങള്‍ പൊതുവേ അല്പായുസ്സുകളാണ്. വളര്‍ച്ച മുരടിക്കുന്നതോടൊപ്പം കുറഞ്ഞ കാലത്തിനുള്ളില്‍ അതിശൈത്യം ബാധിക്കുകയും ചെയ്യുന്നു. പെട്ടെന്നുള്ള പ്രജനനത്തിനു സഹായകമെന്നോണം ഇവയുടെ പുഷ്പങ്ങള്‍ വലുപ്പം കൂടിയവയും വര്‍ണശബളങ്ങളുമായിരിക്കുന്നു.

അല്പമാത്രമായ ചായ്മാനത്തോടെ പൊതുവേ സമതലമായി കരുതാവുന്ന ഭൂപ്രകൃതിയാണ് തുന്ദ്രായിലുളളത്. അപൂര്‍വമായി പ്രതലം പൊട്ടിപ്പിളര്‍ന്ന് ഉദ്ഗമിക്കുന്ന നീരുറവകള്‍ കാണാം. ശൈത്യകാലത്ത് ഇവ തണുത്തുറഞ്ഞ്, താഴികരൂപത്തിലുള്ള ഹിമക്കൂമ്പാരങ്ങള്‍ കാഴ്ചവയ്ക്കുന്നു. ഇത്തരം ഭൂദൃശ്യങ്ങളെ പിന്‍ഗോ (Pingo) എന്നു വിശേഷിപ്പിക്കുന്നു. ഇവയുടെ സ്ഥാവരത അന്തര്‍ഭാഗത്ത് സ്ഥിരതുഷാരം രൂപംകൊള്ളുന്നതിനെ ആശ്രയിച്ചിരിക്കും.

മാതൃശിലകള്‍ക്കു ഭൗതികാപക്ഷയവും വിഖണ്ഡനവും നേരിട്ട്, ശിഥിലീകരണം സംഭവിച്ചുണ്ടായ മണ്ണാണ് തുന്ദ്രാമേഖലയില്‍ കാണപ്പെടുന്നത്. ഊത-ചാര നിറങ്ങളുള്ള ഇവയുടെ സവിശേഷത ഏതുവിധത്തിലുള്ള രാസവ്യതിയാനത്തിനും വിധേയമായിട്ടില്ലാ എന്നതാണ്. പാഴ്സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ കൂടിക്കലര്‍ന്ന പശിമരാശി മണ്ണാണ് ഇത്. പായല്‍, കല്‍പായല്‍ (liches), കോരപ്പുല്ല് തുടങ്ങിയ പാഴ് സസ്യങ്ങളാണ് പരക്കെയുള്ളത്. എന്നാല്‍ നീര്‍ച്ചാലുകള്‍ക്കരികില്‍ തറപറ്റി വളരുന്ന പൂച്ചെടിയിനങ്ങള്‍ ഇടതൂര്‍ന്നു വളരുന്നു. കമ്പളം വിരിച്ചതുപോലെ ദൃശ്യഭംഗി പ്രദര്‍ശിപ്പിക്കുന്ന ഇവ ബ്ലൂം മാറ്റ്സ് (Bloom mats) എന്ന പൊതുപേരിലാണ് അറിയപ്പെടുന്നത്. നന്നേ വിരളമായി എലന്ത വര്‍ഗത്തില്‍പ്പെടുന്ന കുറ്റിച്ചെടികളും വളര്‍ച്ച മുരടിച്ച ബെര്‍ച്ച് മരങ്ങളും ഉണ്ടാകാം.

പാഴ്സസ്യങ്ങള്‍ തിങ്ങിനിറഞ്ഞ ചതുപ്പുകളില്‍ വേനല്‍ക്കാലത്ത് ഹിമപാളികളുടെ ദ്രവീകരണം ആഴങ്ങളോളം എത്തുന്നത് കനത്ത ചെളിക്കെട്ടുകള്‍ക്കു രൂപംനല്‍കുന്നു. ഹിമപ്പരപ്പിനടിയിലൂടെ മടയിട്ടു നീങ്ങുന്ന ഇവ ചരിവുതലങ്ങളിലെത്തുമ്പോള്‍ പ്രതലത്തിലെ മഞ്ഞുപാളികളെ ഭേദിച്ച് താഴേക്കു പ്രവഹിക്കുന്നു. ഈ പ്രക്രിയയെ മൃദാസര്‍പ്പണം (Solifluction) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവയുടെ ഗതിവേഗം മണിക്കൂറില്‍ ഏതാനും മീറ്ററുകള്‍ മാത്രമാണെങ്കിലും ഒഴുക്കിനീക്കുന്ന ശിലാദ്രവത്തിന്റെ അളവ് ഗണ്യമായ തോതിലായിരിക്കും. മധ്യാഹ്നവേളയില്‍ ഇവയുടെ ഗതിവേഗത്തില്‍ നേരിയ വര്‍ധനവുണ്ടാകുന്നതായി വിദഗ്ധ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഗ്രീഷ്മാരംഭത്തില്‍ പാഴ്സസ്യങ്ങളെപ്പോലെ ക്ഷുദ്രജീവികളും വന്‍തോതില്‍ ഉണ്ടാകുന്നു. ഇവയെ ആഹരിക്കുന്നതിന്, ശൈത്യാരംഭത്തില്‍ തെക്കന്‍ അക്ഷാംശങ്ങളിലേക്കു പ്രവസിച്ച വാത്ത, ബണ്ടിങ് (Bunding), ലോങ് സ്പര്‍ (Long spur) തുടങ്ങിയയിനം പക്ഷിജാലങ്ങള്‍ മടങ്ങിയെത്തുന്നു. അതുപോലെ സസ്യാഹാരികളായ റെയിന്‍ഡിയര്‍, കസ്തൂരി കാള (must ox) തുടങ്ങിയ മൃഗങ്ങളും പറ്റംപറ്റമായി ചേക്കേറുന്നു. സാധാരണമായി കാണാനാകുന്ന മറ്റൊരു ജീവി മൂഷിക വര്‍ഗത്തില്‍പെട്ട ലെമിന്‍ ആണ്. തുന്ദ്രാമേഖലയിലെ സ്ഥിരവാസികളായ ആര്‍ട്ടിക് കരടി, കരിബു തുടങ്ങിയ മൃഗങ്ങള്‍ക്ക് ശൈത്യബാധയില്‍ നിന്നു രക്ഷ നേടുവാന്‍ സഹായിക്കുന്ന രോമകഞ്ചുകങ്ങളുണ്ട്. ഇവ പൊതുവേ 'ധവള' വര്‍ണമുള്ളവയാണ്. ഈ മൃഗങ്ങളുടെ രോമാവൃതമായ തുകലിന് അന്താരാഷ്ട്ര വിപണിയില്‍ മികച്ച വില കിട്ടുന്നു. പക്ഷിവര്‍ഗത്തില്‍പ്പെട്ട ഹിമ മൂങ്ങ (Snowy owl), ടാര്‍മിഗന്‍ (Ptarmigan) തുടങ്ങിയവയ്ക്ക് വിശേഷപ്പെട്ട തൂവല്‍സഞ്ചയം കാണാം. തുന്ദ്രായിലെ ജന്തുജാലങ്ങളുടെ പ്രവര്‍ധനത്തോത് നന്നേ ഉയര്‍ന്നതായിട്ടും അമിതവും അശാസ്ത്രീയവുമായ വേട്ടയാടലിന്റെ ഫലമായി പലയിനങ്ങളും വംശനാശം നേരിടുന്ന അവസ്ഥയാണുള്ളത്.

കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തം ജനവാസം നന്നേ കുറവാണ്. വ.അമേരിക്കയിലെ തുന്ദ്രാമേഖല എസ്കിമോകളുടെ ആവാസകേന്ദ്രമാണ്. യൂറേഷ്യന്‍ തുന്ദ്രയില്‍ ലാപ്വര്‍ഗക്കാരും മംഗോളിയന്‍ വംശജരും അധിവസിക്കുന്നു. തദ്ദേശീയരുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍ വേട്ടയാടലും മത്സ്യബന്ധനവുമാണ്. തുന്ദ്രാ മേഖലയില്‍ - വിശിഷ്യ സൈബീരിയ പ്രദേശത്ത് കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം, ഇരുമ്പ്, നാകം തുടങ്ങിയവയുടെ അതിസമ്പന്നമായ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ഖനനവും അതോടനുബന്ധിച്ച് നേരിയ തോതിലുള്ള വികസനവും ആരംഭിച്ചിട്ടുണ്ട്. പൊതുവേ നോക്കുമ്പോള്‍ തുന്ദ്രാപ്രദേശങ്ങള്‍ നന്നേ പിന്നാക്കാവസ്ഥയിലാണ്. നോ: എസ്കിമോ

(എന്‍.ജെ.കെ. നായര്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍