This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീര്‍ഥങ്കരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീര്‍ഥങ്കരന്‍

ജൈനമതസ്ഥരായ 24 തീര്‍ഥങ്കരന്മാരുടെ ചിത്രണം

മതപരമോ താത്ത്വികമോ ആയ നൂതന ചിന്താപദ്ധതിയുടെ ഉപജ്ഞാതാവ്. ജൈനമത പ്രവര്‍ത്തകരെയാണ് 'തീര്‍ഥങ്കരന്‍' എന്ന് വ്യവഹരിക്കുന്നത്. ജൈനമതത്തില്‍ 24 തീര്‍ഥങ്കരന്മാരെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മഹാഭാഗവതം കഥയിലൂടെ പ്രസിദ്ധനായിത്തീര്‍ന്ന ഋഷഭദേവനാണ് പ്രഥമ തീര്‍ഥങ്കരന്‍. ജൈനമത സ്ഥാപകനായ വര്‍ധമാന മഹാവീരനാണ് അവസാനത്തേയും ഇരുപ ത്തിനാലാമത്തേയും തീര്‍ഥങ്കരന്‍. ഇവര്‍ക്കിടയില്‍ അജിതനാഥന്‍, പദ്മപ്രഭ, സുപാര്‍ശ്വനാഥന്‍, ചന്ദ്രപ്രഭ, പുഷ്പദന്തന്‍, ശീതളനാഥന്‍, ശ്രേയസ്നാഥന്‍, വസുപൂജയന്‍, വിമലനാഥന്‍, അനന്തനാഥന്‍, ധര്‍മനാഥന്‍, ശാന്തിനാഥന്‍, കുണ്ഠനാഥന്‍, ആരനാഥന്‍, മല്ലീനാഥന്‍, മുനിസുവ്രതന്‍, നേമിനാഥന്‍, പാര്‍ശ്വനാഥന്‍, നാമിനാഥന്‍ എന്നീ തീര്‍ഥങ്കരരും ഉണ്ടായിരുന്നു.

മഹാവീരന്‍ (ബി.സി. 599-527) വൈശാലിയിലെ കുണ്ഠഗ്രാമത്തിലെ (ഇപ്പോള്‍ ബന്ധുകുണ്ഠ) ഛത്രീകുണ്ഠിലാണ് ജനിച്ചത്. വാരാണസിയിലെ 'നിര്‍ഗ്രന്ഥ' എന്ന ജൈനമതവിഭാഗം ഇദ്ദേഹമാണ് സ്ഥാപിച്ചത്. മനുഷ്യാവസ്ഥയില്‍ നിന്ന് പരിപൂര്‍ണമുക്തി നേടിയ തീര്‍ഥങ്കരര്‍ സമ്യക്ജ്ഞാനം, സമ്യക്ദര്‍ശനം, സമ്യക് ചരിതം എന്നീ ത്രിരത്നങ്ങളാല്‍ അലങ്കൃതരും കര്‍മബന്ധം ഇല്ലാത്തവരാകയാല്‍ കൈവല്യസിദ്ധി ലഭിച്ചവരും ആണ്. ഇവര്‍ക്ക് 63 ഗുണങ്ങള്‍ ഉണ്ടെന്നാണ് വിശ്വാസം. പാലിത്താന, മൌണ്ട് അബു, ഗിര്‍നാര്‍, പാര്‍ശ്വനാഥക്കുന്നുകള്‍ തുടങ്ങി 12-ഉം 13-ഉം ശ.-ങ്ങളില്‍ നിര്‍മിച്ച ജൈനക്ഷേത്രങ്ങളിലേറെയും പാര്‍ശ്വനാഥ വിഗ്രഹങ്ങളാണ് ആരാധനയ്ക്കുപയോഗിച്ചിരുന്നത്. വൈഷ്ണവ വിഗ്രഹങ്ങളും ചില സ്ഥലങ്ങളില്‍ കാണപ്പെടുന്നുണ്ട്. പിന്നീട് ജൈനമതം ഹിന്ദുമതവുമായി യോജിക്കുകയും തീര്‍ഥങ്കരന്മാരെ വൈഷ്ണവ ദൈവങ്ങളുടെ അനുയായികളായി സങ്കല്പിച്ചുപോരുകയും ചെയ്തു. ജീവിതത്തിലെ എല്ലാത്തരം പീഡനങ്ങളുടേയും ദുഃഖങ്ങളുടേയും മേല്‍ അന്തിമവിജയം നേടിയ ഈ തീര്‍ഥങ്കരന്മാര്‍ അഹിംസയ്ക്ക് പരമപ്രാധാന്യം കല്പിച്ചിരുന്നു. 23-ാമത്തെ തീര്‍ഥങ്കരനായ പാര്‍ശ്വനാഥന്‍ ഒരു ചരിത്ര പുരുഷനായിരുന്നതായി ജൈനമതചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നു. മഹാവീരന് 250 വര്‍ഷം മുമ്പാണ് പാര്‍ശ്വനാഥന്‍ ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പ്രധാന ഉദ്ബോധനം കര്‍മ നിവൃത്തിയാണ് നിര്‍വാണം എന്നും അതിന് അഹിംസ, സത്യം, അസ്തേയം (അന്യരുടെ മുതല്‍ അപഹരിക്കാതിരിക്കുക), അപരിഗ്രഹം (യാതൊന്നും സ്വീകരിക്കാതിരിക്കുക) എന്നീ നാല് വ്രതങ്ങള്‍ അനുഷ്ഠിക്കണമെന്നും ഉള്ളതായിരുന്നു. മഹാവീരനാകട്ടെ ഇവയുടെ സ്ഥാനത്ത് പഞ്ചമഹാവ്രതങ്ങള്‍ (മേല്പറഞ്ഞ നാലെണ്ണം കൂടാതെ ബ്രഹ്മചര്യം കൂടി) ആണ് ഉപദേശിച്ചത്.

ജൈനമത തത്ത്വങ്ങളെ ക്രോഡീകരിച്ച് ചിട്ടപ്പെടുത്തിയതും അതിനെ പരിഷ്കരിച്ച് നൂതന രീതിയില്‍ ജൈനമതം സ്ഥാപിച്ചതും മഹാവീരനാണ്. മഹാവീരന്റെ കാലത്ത് വൈശാലി, കോസലം, മിഥില, മഗധ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജൈനമതം വളരെയേറെ പ്രചാരം നേടുകയുണ്ടായി. തമിഴ്നാട്ടില്‍ മരുകാള്‍ത്തല, ആനമല, തിരുപ്പരകുന്റം, അരിട്ടപ്പട്ടി, കിളവളവ്, കരുകാലക്കുടി, മുത്തുപ്പട്ടി, സിത്താര്‍മല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ജൈനരുടെ പ്രതിമാശില്പമുദ്രയായ മൂന്ന് കുടകളിന്മേല്‍ പത്തിവിടര്‍ത്തിയ സര്‍പ്പത്തിന്റെ മുദ്രയുള്ള ജൈനതീര്‍ഥങ്കരന്മാരുടെ ഉടഞ്ഞ പ്രതിമകളോടുകൂടിയ ജൈനക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് സ്റ്റഡീസ് ഇന്‍ സൌത്ത് ഇന്‍ഡ്യന്‍ ജൈനിസം എന്ന കൃതിയില്‍ എം.എസ്.രാമസ്വാമി അയ്യങ്കാര്‍ രേഖപ്പെടുത്തിക്കാണുന്നു.

ആലത്തൂര്‍ ലിഖിതം, പൂതാടി ലിഖിതം എന്നിവയിലും ജൈനാധിവാസകേന്ദ്രങ്ങളെക്കുറിച്ചും മഹാവീരന്‍, പാര്‍ശ്വനാഥന്‍ തുടങ്ങിയ തീര്‍ഥങ്കന്മാരെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ലഭ്യമാണ്. ഈ ശിലാലിഖിതം 10-ാം ശ.-ത്തിലേതാണെന്നു കരുതപ്പെടുന്നു.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ നിന്ന് പാര്‍ശ്വനാഥന്റേയും മഹാവീരന്റേയും വിഗ്രഹങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇവ തൃശൂരിലെ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു വടക്കു മാറിയുള്ള കല്ലില്‍ക്ഷേത്രം എന്ന ജൈനക്ഷേത്രത്തില്‍ പാര്‍ശ്വനാഥന്‍, മഹാവീരന്‍, പദ്മാവതീദേവി എന്നീ തീര്‍ഥങ്കരരുടെ വിഗ്രഹവും മറുവശത്തായി മഹാവീരന്റെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍