This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീര്‍ഥക പിതാക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീര്‍ഥക പിതാക്കന്മാര്‍

Pilgrim fathers

ബ്രിട്ടിഷ് ക്രൈസ്തവസഭയില്‍ നിന്ന്(Church of England) വേര്‍ പിരിഞ്ഞ് 1620-ല്‍ അമേരിക്കന്‍ വനാന്തരങ്ങളില്‍ (ഇന്നത്തെ മസാച്യുസെറ്റ്സ്) പ്ലിമത്ത് കോളനി സ്ഥാപിച്ച സാഹസികരായ മതവിഘടനവാദികള്‍. നവോത്ഥാന ദൌത്യം പൂര്‍ത്തീകരിക്കുന്നതില്‍ ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് പരാജയപ്പെട്ടു എന്നു വിശ്വസിച്ച ഇവര്‍ 17-ാം ശ.-ത്തിന്റെ ആരംഭത്തില്‍ സഭയില്‍ നിന്ന് വേര്‍പിരിഞ്ഞ് വില്യം ബ്ര്യൂയ്രൂസ്റ്റര്‍, റവ. റിച്ചാര്‍ഡ് ക്ലിഫ്റ്റണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നോട്ടിങ്ഹാംഷയറിലെ സ്ക്രൂബി ഗ്രാമത്തില്‍ പുതിയ ഒരു സഭ ആരംഭിച്ചു. ഇവരില്‍ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന കര്‍ഷകരായിരുന്നു. തികച്ചും സത്യവേദപുസ്തകത്തിനനുസരണമായി ജീവിക്കുവാന്‍ ശ്രമിച്ച ഇവര്‍ നിരന്തര മതപീഡനത്തിന് പാത്രമായി. തന്മൂലം 1608-ല്‍ ആംസ്റ്റര്‍ഡാമിലേക്കും തൊട്ടടുത്ത വര്‍ഷം ലൈഡനിലേക്കും പോയി. ലൈഡനില്‍ ഇവര്‍ക്ക് മതപരമായി പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചു.

സാമ്പത്തിക പരാധീനതകള്‍, യുവാക്കളില്‍ ദൃശ്യമായ അമിതമായ ഡച്ച് സാംസ്കാരിക വിധേയത്വം, ആഭ്യന്തര സ്വയംഭരണം ഉറപ്പു വരുത്തുന്നതില്‍ ഉണ്ടായ പരാജയം തുടങ്ങിയവ മൂലം ഇവര്‍ 1617-നടുത്ത് അമേരിക്കയിലേക്ക് കുടിയേറുവാന്‍ തീരുമാനിച്ചു. ബ്രിട്ടിഷ് പാര്‍ലമെന്ററി നേതാവായിരുന്ന സര്‍ എഡ്വിന്‍ സാന്‍ഡീസിന്റെ സഹായത്താല്‍ ലണ്ടനിലെ വിര്‍ജിനിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് അവകാശപത്രം സമ്പാദിക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇംഗ്ളീഷ് വ്യാപാരികള്‍ നല്കിയ ധനസഹായത്തോടെ 1620 സെപ്. 6-ന് (പുതിയരീതി പ്രകാരം സെപ്. 16) വില്യം ബ്യ്രൂസ്റ്ററുടെ നേതൃത്വത്തില്‍ 101 പേരടങ്ങുന്ന സംഘം ഇംഗ്ളണ്ടിലെ പ്ളിമത്തില്‍നിന്ന് 'മേ ഫ്ളവര്‍' എന്ന കപ്പലില്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു.

ക്ലേശപൂര്‍ണമായ യാത്രയ്ക്കുശേഷം 'മേ ഫ്ളവര്‍' ന. 11-ന് (21) കേപ്കോഡ് മുനമ്പില്‍ നങ്കൂരമിട്ടു. ഈ പ്രദേശം വിര്‍ജിനിയ കമ്പനിയുടെ അധികാരപരിധിക്കു പുറത്തായതിനാല്‍ തീര്‍ഥക പിതാക്കന്മാര്‍ക്കു ലഭിച്ചിരുന്ന അവകാശ പത്രത്തിന് ഇവിടെ സാധുതയില്ലായിരുന്നു. ക്രമസമാധാനം പാലിക്കുന്നതിനും ആഭ്യന്തരസ്വയംഭരണം ഉറപ്പു വരുത്തുന്നതിനുമായി ഇവര്‍ 'മേ ഫ്ളവര്‍ ഉടമ്പടി' എന്നറിയപ്പെടുന്ന രേഖ തയ്യാറാക്കുകയും ഡീക്കണ്‍ ആയിരുന്ന ജോണ്‍ കാര്‍വറെ ആദ്യത്തെ ഗവര്‍ണര്‍ ആയി തെരഞ്ഞെടുക്കുകയും ചെയ്തു. കേപ്കോഡ് ഉള്‍ക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പ്ളിമത് തുറമുഖം കണ്ടെത്തിയ ഇവര്‍ ആ പ്രദേശം കോളനി സ്ഥാപിക്കുവാനായി തിരഞ്ഞെടുത്തു. ഡി. 11-ന് (21) തീര്‍ഥക പിതാക്കന്മാരിലെ ഒരു ചെറിയ വിഭാഗം പ്ലിമത് തുറമുഖത്ത് ഇറങ്ങി. ചരിത്രപ്രസിദ്ധമായ ഈ സംഭവത്തിനുശേഷം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ സംഘത്തിലെ ശേഷിച്ചവരും അവിടെ എത്തിച്ചേര്‍ന്നു.

ആദ്യത്തെ ഏതാനും മാസങ്ങള്‍ തീര്‍ഥക പിതാക്കന്മാര്‍ക്ക് തികച്ചും ദുരിതപൂര്‍ണമായിരുന്നു. 1621 ഏപ്രിലോടുകൂടി പകുതി യിലേറെപ്പേര്‍ മരണമടഞ്ഞു. കാര്‍വറുടെ മരണത്തിനുശേഷം വില്യം ബ്രാഡ്ഫോഡ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. തങ്ങളോട് അനുഭാവം പുലര്‍ത്തിയ അമേരിന്ത്യരില്‍ നിന്ന് ചോളം കൃഷി ചെയ്യുവാനും മത്സ്യബന്ധനം നടത്തുവാനുമുള്ള പരിശീലനം ഇവര്‍ നേടി. സ്ഥിതി ക്രമേണ മെച്ചപ്പെടുകയും നവംബറില്‍ കോളനിയിലേക്ക് പുതിയ കുടിയേറ്റക്കാരുമായി 'ഫോര്‍ച്ച്യൂണ്‍' എന്ന കപ്പലെത്തുകയും ചെയ്തു. ജനസംഖ്യ ഏറെക്കാലം മുന്നൂറിനു താഴെയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിക്കുന്നതില്‍ തീര്‍ഥക പിതാക്കന്മാര്‍ അസാധാരണമായ മനക്കരുത്ത് പ്രകടിപ്പിച്ചു.

തീര്‍ഥക പിതാക്കന്മാരുടെ വീരസാഹസികതയുടെ പ്രതീകമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ചരിത്ര സ്മാരകമാണ് 'പ്ലിമത് ശില'. ഈ ശിലയിലാണ് തീര്‍ഥക പിതാക്കന്മാര്‍ കരയ്ക്കിറങ്ങിയത് എന്നു കരുതപ്പെടുന്നു. ശിലയില്‍ 1620 എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍