This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീബ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീബ്സ്

Thebes

1. പുരാതന ഈജിപ്തിന്റെ തലസ്ഥാനം. ബൈബിളില്‍ 'നോ' എന്ന് പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഈ ദക്ഷിണ ഈജിപ്ഷ്യന്‍ പട്ടണത്തെ ഗ്രീക്കുകാരാണ് 'തീബ' എന്നു വിളിച്ചത്. ഗ്രീക്കു പട്ടണമായ തീബ്സിനെ അനുസ്മരിപ്പിച്ച ഇവിടത്തെ കവാടങ്ങളായിരുന്നു ഈ നാമകരണത്തിന് ആധാരമായത്. ദക്ഷിണ ഈജിപ്തില്‍ നൈല്‍ നദിയുടെ ഇരു പാര്‍ശ്വങ്ങളിലുമായാണ് പട്ടണം വ്യാപിച്ചിരിക്കുന്നത്. നദിയുടെ കിഴക്കന്‍ തീരത്തില്‍ വാസകേന്ദ്രങ്ങളുള്‍ക്കൊള്ളുന്ന പട്ടണ ഭാഗങ്ങളും പടിഞ്ഞാറന്‍ തീരത്തില്‍ രാജാക്കന്മാരുടെ ശവകുടീരങ്ങളടങ്ങുന്ന സെമിത്തേരിയുമാണ് സ്ഥിതി ചെയ്യുന്നത്.

ലക്സറില്‍ കാണുന്ന പുരാതന തീബന്‍ ക്ഷേത്രം

ഏതാണ്ട് 2500 ബി.സി. വരെ ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു ചെറിയ പട്ടണമായിരുന്നു തീബ്സ്. 2134 ബി.സി.യില്‍ ഇവിടത്തെ പ്രാദേശിക ഭരണാധികാരികള്‍ ഈജിപ്ഷ്യന്‍ രാജാക്കന്മാരില്‍ നിന്ന് അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തീബ്സിന് വര്‍ധിച്ച പ്രാധാന്യം കൈവന്നു. 11-ാം രാജവംശത്തിന്റെ സ്ഥാപകരെന്നറിയപ്പെട്ട ഈ പ്രാദേശിക ഭരണാധികാരികള്‍ തീബ്സിനെ ഈജിപ്തിന്റെ തലസ്ഥാനമാക്കി. ഇവരുടെ പിന്‍ഗാമികള്‍ (12-ാം രാജവംശം) തലസ്ഥാനം തീബ്സില്‍ നിന്ന് വടക്കോട്ട് മാറ്റിയെങ്കിലും തീബ്സ് രാജ്യത്തെ പ്രധാന സാംസ്കാരിക-മത കേന്ദ്രമായി തുടര്‍ന്നു.

ബി.സി. 1800-ല്‍ ഏഷ്യയില്‍ നിന്നുണ്ടായ ഹിക്സോസുകളുടെ (Hyksos) ആക്രമണത്തിനു മുന്നില്‍ ഉത്തര ഈജിപ്തിന്റെ പ്രതിരോധങ്ങള്‍ തകര്‍ന്നപ്പോള്‍, ഈജിപ്ഷ്യന്‍ രാജാക്കന്മാര്‍ വടക്കു നിന്ന് തീബ്സിലേക്ക് താമസം മാറ്റി. ഈജിപ്തിലെ മിക്ക പ്രദേശങ്ങളെയും ഹിക്സോസുകള്‍ കീഴടക്കിയെങ്കിലും തീബ്സിനെ അധീനപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. 1580 ബി.സി.യില്‍ തീബന്‍ ഭരണാധികാരിയായ അഹ്മോസ് (Ahmose) ഹിക്സോസുകളെ പരാജയപ്പെടുത്തിക്കൊണ്ട് ഈജിപ്തിനെ വിദേശാധിപത്യത്തില്‍ നിന്നു സ്വതന്ത്ര്യമാക്കി. അഹ്മോസ് സ്ഥാപിച്ച 18-ാം രാജവംശത്തിന്റെ തുടക്കത്തോടെ തീബ്സിന്റെ സുവര്‍ണ കാലഘട്ടം വീണ്ടും ആരംഭിച്ചു. ഇവരുടെ കീഴില്‍ തീബ്സ് വീണ്ടും ഈജിപ്തിന്റെ തലസ്ഥാനമായി മാറി. 18-ാം രാജവംശത്തില്‍പ്പെട്ട അഖ്നാതന്‍ തലസ്ഥാനം അമര്‍ണയിലേക്കു മാറ്റിയെങ്കിലും ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായ തുതന്‍ഖാമന്‍ തീബ്സിനെ തലസ്ഥാനമായി പുനഃസ്ഥാപിച്ചു. 21-ാം രാജവംശം വരെ തീബ്സ് ഈജിപ്തിന്റെ തലസ്ഥാനമായി തുടര്‍ന്നു. 21-ാം രാജവംശം തലസ്ഥാനം നൈല്‍ ഡെല്‍റ്റയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് തീബ്സ് ഒരു പ്രാദേശിക കേന്ദ്രമായി അധഃപതിച്ചു. ബി.സി. 7-ാം ശ.-ത്തില്‍ അസ്സീറിയക്കാരുടെ ആക്രമണങ്ങള്‍ക്കു തീബ്സ് വിധേയമായി. ബി.സി. 1-ാം ശ.-ത്തില്‍ റോമാക്കാര്‍ തീബ്സിനെ ആക്രമിച്ചതോടെ തീബ്സ് പൂര്‍ണമായും തകര്‍ന്നടിഞ്ഞു. തീബ്സ് നിലനിന്ന സ്ഥലത്താണ് ഇന്ന് ലക്സര്‍, കര്‍ണാക് എന്നീ പട്ടണങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

2. പുരാതന ഗ്രീക്ക് പട്ടണം. മധ്യഗ്രീസിലെ ബയോഷ്യ (Boeotia) പ്രദേശത്തെ പ്രധാന പട്ടണമായിരുന്നു തീബ്സ്. ഐതിഹ്യപ്രകാരം ഫിനീഷ്യന്‍ രാജാവായ കാഡ്മസായിരുന്നു പട്ടണം സ്ഥാപിച്ചത് എന്നു കരുതപ്പെടുന്നു. ഗ്രീസില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി ബി.സി. 500 മുതല്‍ തീബ്സും ആഥന്‍സും തമ്മില്‍ കിട മത്സരമുണ്ടായിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പേര്‍ഷ്യന്‍ രാജാവായ സര്‍ക്സസ് (Xerxes-I) ഗ്രീസിനെ ആക്രമിച്ച അവസരത്തില്‍ പേര്‍ഷ്യയുടെ പക്ഷം ചേരാന്‍ തീബ്സുകാരെ പ്രേരിപ്പിച്ചത് ആഥന്‍സിനോടുള്ള ശത്രുതയാണ്. യുദ്ധത്തില്‍ ജയിച്ച ഗ്രീക്കുകാര്‍ തുടര്‍ന്ന് പേര്‍ഷ്യക്കാരെ സഹായിച്ച എല്ലാ തീബ്സുകാരെയും വധിച്ചു. പെലെപെനിഷ്യന്‍ യുദ്ധത്തില്‍ തീബ്സ് സ്പാര്‍ട്ടയുടെ പക്ഷത്തായിരുന്നു. എന്നാല്‍ യുദ്ധാനന്തരം സ്പാര്‍ട്ടയ്ക്കുണ്ടായ അധികാര പ്രമത്തത ആഥന്‍സ്, കോറിന്ത്, ആര്‍ഗോസ് എന്നിവയുമായി സഹകരിച്ച് സ്പാര്‍ട്ടയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ തീബ്സിനെ പ്രേരിപ്പിച്ചു. ബി.സി. 382-ല്‍ സ്പാര്‍ട്ട തീബ്സിന്റെ ഭാഗങ്ങള്‍ പിടിച്ചെടുത്തെങ്കിലും ബി.സി.379-ല്‍ തീബന്‍ ജനറലായ പെലോപിഡസ് തിബ്സിനെ മോചിപ്പിച്ചു. സ്പാര്‍ട്ടയും തീബ്സും തമ്മിലുണ്ടായ ലീക്ട്രാ (Leuctra) യുദ്ധത്തില്‍ (ബി.സി. 371) ജനറല്‍ ഇപാമിനോണ്‍ഡസ് വിജയിച്ചതു മുതല്‍ മാന്റിന യുദ്ധത്തില്‍ ബി.സി. 362-ല്‍ ഇദ്ദേഹം വധിക്കപ്പെടുന്നതുവരെ ഗ്രീസിലെ ഏറ്റവും പ്രബല ശക്തിയായിരുന്നു തീബ്സ്. ഇപാമിനോണ്‍ഡസിന്റെ നേതൃത്വപാടവത്തെ ആശ്രയിച്ചുപോന്ന തീബ്സിന് ഇദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമായിരുന്നു. മാന്റിന യുദ്ധത്തിനുശേഷം തീബ്സ് ഗ്രീസിലെ ഒരു സാധാരണ പട്ടണമായി അധഃപതിച്ചു.

ബി.സി. 338-ല്‍ മാസിഡോണിന്‍ രാജാവ് ഫിലിപ്പ്-II തീബ്സിനെ പരാജയപ്പെടുത്തിയതോടെ തീബ്സ് മാസിഡോണിയയുടെ അധീനതയിലായി. മാസിഡോണിയന്‍ ആധിപത്യത്തിനെതിരെ തീബന്‍കാര്‍ നടത്തിയ കലാപത്തിനു പ്രതികാരമായി അലക്സാണ്ടര്‍ ബി.സി. 335-ല്‍ തീബ്സിനെ ആക്രമിച്ചു നശിപ്പിച്ചു. ബി.സി. 316-ല്‍ തീബ്സ് നഗരം പുനര്‍നിര്‍മിക്കപ്പെട്ടെങ്കിലും മുമ്പുണ്ടായിരുന്ന പ്രാധാന്യം വീണ്ടെടുക്കാനായില്ല.

അപ്പോളോയുടെ ദേവാലയവും പുരാതന നഗരത്തെ വലയം ചെയ്തിരുന്ന മതിലിന്റെ ചില ഭാഗങ്ങളും മാത്രമാണ് ചരിത്രാവശിഷ്ടങ്ങളായി ഇപ്പോഴുള്ളത്. പുരാതന തീബന്‍ നഗരത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ തിവായ് പട്ടണമാണ് നിലകൊള്ളുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%80%E0%B4%AC%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍