This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീബോംബുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീബോംബുകള്‍

Incendiary bombs

ലക്ഷ്യസ്ഥാനങ്ങളില്‍ വന്‍ അഗ്നിബാധയുണ്ടാക്കുന്ന യുദ്ധക്ഷേപിണികള്‍. പ്രാചീന കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ആഗ്നേയാസ്ത്രങ്ങളുടെ ആധുനിക രൂപമാണ് തീബോംബുകള്‍. 1.8 മുതല്‍ 454 കി.ഗ്രാം വരെ ഭാരമുള്ള തീബോംബുകളുണ്ട്. ജ്വലനശേഷിയുള്ള ലോഹപ്പൊടികളോ പെട്രോളിയം പോലെയുള്ള ജ്വലനകാരകങ്ങളോ നിറച്ച തീബോംബുകളും മഗ്നീഷ്യം കൊണ്ടുണ്ടാക്കിയ തീബോംബുകളുമാണ് സാധാരണ ഉപയോഗത്തിലുള്ളത്.

തീബോംബുകള്‍ ജ്വലനത്തിനായി സ്വന്തം രാസപ്രവര്‍ത്തന ത്തെത്തന്നെയോ അന്തരീക്ഷ ഓക്സിജനെയോ ആണ് ആശ്രയിക്കുന്നത്. ഇതില്‍ ആദ്യ വിഭാഗത്തില്‍പ്പെടുന്നതാണ് ലോഹപ്പൊടി അഥവാ തെര്‍മൈറ്റ് നിറച്ച തീബോംബുകള്‍. ഇവ സു. 1700ºC-ല്‍ ആളിക്കത്തുകയും വന്‍ തോതില്‍ താപാഘാതം ഉണ്ടാക്കുകയും ചെയ്യുന്നു. ഇരുമ്പ്, ക്രോമിയം മുതലായ ലോഹങ്ങളുടെ ഓക്സൈഡും അലൂമിനിയം ചൂര്‍ണവും ചേര്‍ന്ന മിശ്രിതമാണ് തെര്‍മൈറ്റ്. 1700ºC-ല്‍ ഇരുമ്പ് ഓക്സൈഡ് അലൂമിനിയവുമായി പ്രതിപ്രവര്‍ത്തിക്കുന്നു.

Fe2O3+2Al \longrightarrowAl2+2Fe+18500 കലോറി

ഈ താപമോചക പ്രക്രിയയില്‍ താപനില 2200ºC വരെ ഉയരുന്നു. ഉരുകി ഒലിക്കുന്ന ഇരുമ്പുമായി സമ്പര്‍ക്കത്തിലാകുന്ന പദാര്‍ഥങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്യുന്നു.

604ºC-ല്‍ തീപിടിക്കുന്ന മഗ്നീഷ്യം ബോംബ് ജ്വലനത്തിനായി അന്തരീക്ഷ ഓക്സിജനെയാണ് ആശ്രയിക്കുന്നത്. ഉരുകിയ മഗ്നീഷ്യവുമായി സ്പര്‍ശമുണ്ടാവുന്ന പദാര്‍ഥങ്ങളും കത്തിപ്പിടിക്കുന്നു. മഗ്നീഷ്യംതീ കെടുത്തുക പ്രയാസമാണ്. കത്തുന്ന മഗ്നീഷ്യം വെള്ളത്തെ വിഘടിക്കുന്നതിനാല്‍ വെള്ളം ജ്വലനത്തെ സഹായിക്കുന്നു. ഓക്സിജന്‍ നീക്കം ചെയ്യുകയോ ജ്വലന താപത്തിനും വളരെ താഴേക്ക് താപനില കുറയ്ക്കുകയോ ആണ് തീ കെടുത്തുവാനുള്ള പോംവഴി.

പെട്രോളിയം തീബോംബുകളില്‍ ഗ്യാസൊലീനാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. നാപാം (Napalm) ഉപയോഗിച്ച് കട്ടിയാക്കിയ ഗ്യാസൊലീന്‍ ഒരു ജ്വാല വിക്ഷേപിണിയുടെ പ്രണാളിയിലൂടെ മര്‍ദിത വായുവിന്റെ ശക്തിയാല്‍ പുറന്തള്ളപ്പെടുന്നു. ശ്യാനത കൂടിയ ദ്രാവകത്തിന്റെ രൂപത്തില്‍ പുറത്തേക്ക് പ്രവഹിക്കുന്ന ഗ്യാസൊലീന്‍ ജ്വലിക്കുകയും ലക്ഷ്യസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു.

പീരങ്കികള്‍, റോക്കറ്റുകള്‍ എന്നിവ ഉപയോഗിച്ച് തീബോംബു കള്‍ വിക്ഷേപിക്കാവുന്നതാണ്. വിമാനങ്ങളില്‍നിന്നും ഇത്തരം ബോംബുകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കു വര്‍ഷിക്കാറുണ്ട്. പ്രധാനമായും ആളപായമുണ്ടാക്കുന്നതിനാണ് യുദ്ധങ്ങളില്‍ തീബോംബുകള്‍ പ്രയോഗിക്കുന്നത്. അഗ്നിബാധയും വാതകജ്വലനം മൂലമുണ്ടാകുന്ന ശ്വാസംമുട്ടലുമാണ് ആളപായത്തിനു കാരണമാകുന്നത്. നോ: നാപാം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍