This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തീപ്പെട്ടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തീപ്പെട്ടി
Matchbox
ഉരസ്സുമ്പോള്‍ തീപിടിക്കുന്ന പദാര്‍ഥങ്ങള്‍ അഗ്രത്ത് പിടിപ്പിച്ചിട്ടുള്ള കൊള്ളികള്‍ (തീപ്പെട്ടിക്കോലുകള്‍) അടങ്ങുന്ന പെട്ടി. കാര്‍ഡ് ബോര്‍ഡോ തടിയോ കൊണ്ടുണ്ടാക്കിയ പെട്ടിയുടെ വശങ്ങളില്‍ കൊള്ളി ഉരയ്ക്കുന്നതിനു പറ്റിയ പ്രതലം ഒട്ടിച്ചിട്ടുണ്ടായിരിക്കും. തീപ്പെട്ടികള്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പുതന്നെ തീ പിടിപ്പിക്കാവുന്ന കോലുകള്‍ക്ക് രൂപം നല്കിയിരുന്നു. മൃദുവായ തടി കൊണ്ടുണ്ടാക്കിയ കോലുകള്‍ ഉരുകിയ ഗന്ധകത്തില്‍ മുക്കിയെടുത്താണ് ഇവ ഉണ്ടാക്കിയത്. തീക്കല്ലും (flint) ഉരുക്കുകഷണവും തമ്മിലുരച്ചുണ്ടാകുന്ന തീപ്പൊരിയില്‍ നിന്നാണ് ഈ കോലുകള്‍ കത്തിച്ചിരുന്നത്.
1781-ല്‍ ഫ്രാന്‍സിലെ എതീരിയല്‍ കമ്പനി വെള്ള ഫോസ്ഫറസ് അടങ്ങുന്ന തീ പിടിപ്പിക്കാവുന്ന കോലുകളുണ്ടാക്കി. കൂടുതല്‍ പ്രയോഗക്ഷമമായ ഒരു ഘര്‍ഷണ തീക്കോല്‍ ആദ്യമായി ഉണ്ടാക്കിയത് (1827) ജോണ്‍ വാക്കര്‍ എന്ന ഇംഗ്ളീഷുകാരനാണ്. തീ പിടിപ്പിക്കാവുന്ന കോലുകളുടെ നിര്‍മാണത്തില്‍ ഏറെ പ്രശസ്തമായ 'ലൂസിഫര്‍ ഫോര്‍മുല'ജോണ്‍ വാക്കറിന്റെ നിര്‍മാണ പ്രക്രിയയുടെ അനുകരണമാണ്. ലണ്ടനിലെ സാമുവല്‍ ജോണ്‍സ് ആണ് 'ലൂസിഫര്‍ തീക്കോലുകള്‍' നിര്‍മിച്ചത്. പിന്നീട് ഈ രംഗത്ത് പല പരിവര്‍ത്തനങ്ങളുമുണ്ടായി. വെള്ള ഫോസ്ഫറസ് ഉപയോഗിച്ച് എളുപ്പത്തില്‍ കത്തിക്കാന്‍പറ്റുന്ന തീക്കോലുകളുണ്ടാക്കി. ഏതു പ്രതലത്തില്‍ ഉരച്ചും ഇവ തീ പിടിപ്പിക്കാനാകുമായിരുന്നു. അതിനാല്‍ ഇവയ്ക്ക് അപകട സാധ്യത വളരെ കൂടുതലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവയ്ക്കു പകരം സുരക്ഷിത തീപ്പെട്ടികള്‍ക്ക് (safety matches) രൂപം നല്കിയത്. പ്രത്യേകമായി നിര്‍മിച്ചിട്ടുള്ള പ്രതലത്തില്‍ ഉരച്ചാല്‍ മാത്രമേ കത്തുകയുള്ളൂ എന്നതാണ് സുരക്ഷിത തീപ്പെട്ടിയുടെ മേന്മ. 1845-ല്‍ സ്വീഡനില്‍ ഇത്തരത്തിലുള്ള തീപ്പെട്ടികള്‍ ഉണ്ടാക്കിയെങ്കിലും 1855-ല്‍ ജെ.ഇ.ലുഡ്സ്റ്റോം ആണ് ആദ്യമായി വ്യാവസായികാടിസ്ഥാനത്തില്‍ സുരക്ഷിത തീപ്പെട്ടികളുണ്ടാക്കിയത്. ഇത്തരം തീക്കൊള്ളികള്‍ ചുവന്ന ഫോസ്ഫറസ് പതിപ്പിച്ച പ്രതലത്തില്‍ ഉരച്ചാല്‍ മാത്രമേ തീ പിടിക്കുകയുള്ളൂ. തീപ്പെട്ടിക്കൊള്ളിയില്‍, ജ്വലനകാരകമായ ഫോസ്ഫറസ് സംയുക്തങ്ങള്‍ക്കു പുറമേ ജ്വലനത്തിനുവേണ്ട ഓക്സിജന്‍ സ്വതന്ത്രമാക്കുന്ന പൊട്ടാസിയം ക്ളോറേറ്റ് പോലെയുള്ള ഓക്സീകാരിയും; ജ്വലനകാരകത്തേയും ഓക്സീകാരിയേയും ബന്ധിപ്പിച്ചു നിറുത്തുന്ന മൃഗക്കൊഴുപ്പ്, പശ, അന്നജം തുടങ്ങിയ ബൈന്‍ഡര്‍ പദാര്‍ഥങ്ങളും (തീ കത്തുമ്പോള്‍ ഇവ ഓക്സീകൃതമായി ജ്വലനത്തെ സഹായിക്കുന്നു); കൊള്ളിയുടെ അഗ്രത്തിന് കൂടുതല്‍ വലുപ്പം നല്കുന്ന നിഷ്ക്രിയ പദാര്‍ഥങ്ങളും (ഇവ ജ്വലനത്തെ മന്ദീഭവിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു) അടങ്ങിയിട്ടുണ്ടാകും.
തീപ്പെട്ടി വ്യവസായം. തീപ്പെട്ടി വ്യവസായത്തിന് പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന്, തീപ്പെട്ടിക്കാവശ്യമായ നേര്‍ത്ത തടിപ്പാളികള്‍ നിര്‍മിക്കുന്ന വ്യവസായം. തീപ്പെട്ടിക്കോല്‍, പെട്ടി എന്നിവ നിര്‍മിക്കുന്നത് ഇത്തരം ഫാക്റ്ററികളിലാണ്. രണ്ട്, ഡിപ്പിങ് (dipping) വ്യവസായശാലകള്‍. തീപ്പെട്ടിക്കോലുകളിലും പെട്ടിയുടെ വശങ്ങളിലെ പാളികളിലും കത്തുന്ന രാസപദാര്‍ഥങ്ങള്‍ പുരട്ടുന്നത് ഡിപ്പിങ് ഫാക്റ്ററികളിലാണ്.
കേരളത്തിലെ വനങ്ങളില്‍ നിന്ന് കട്ടി കുറഞ്ഞ മരങ്ങളുടെ ലഭ്യത, ചെലവു കുറഞ്ഞ ഗതാഗത സൌകര്യങ്ങള്‍, പ്രത്യേകിച്ചും ജലമാര്‍ഗം ഫാക്റ്ററികളില്‍ തടി എത്തിക്കുന്നതിനുള്ള സൌകര്യം എന്നിവയാണ് കേരളത്തിലെ തീപ്പെട്ടി വ്യവസായത്തിന്റെ അനുകൂല ഘടകങ്ങള്‍. ഒരു സാധാരണ പാളിനിര്‍മാണ ഫാക്റ്ററിയില്‍ മുപ്പതു മുതല്‍ നാല്‍പ്പതു വരെ തൊഴിലാളികള്‍ പണിയെടുക്കുന്നു. വന്‍കിട ഫാക്റ്ററികളിലാണെങ്കില്‍ 200-നുമേല്‍ തൊഴിലാളികളുണ്ടാകും. സ്ത്രീ തൊഴിലാളികളുടെ സാന്ദ്രത കൂടുതലുള്ള വ്യവസായമാണിത്. തീപ്പെട്ടി വ്യവസായത്തില്‍ മൊത്തം തൊഴിലാളികളുടെ 60 ശതമാനവും സ്ത്രീകളാണ്. തീപ്പെട്ടി നിര്‍മാണത്തിനാവശ്യമായ മൊത്തം അധ്വാനശക്തിയുടെ ഏതാണ്ട് പകുതിയും പാളികളുടെ നിര്‍മാണത്തിനാണ് വിനിയോഗിക്കുന്നത്. അസംസ്കൃത തടിയില്‍നിന്നും തീപ്പെട്ടിക്കോലുകളും അനുയോജ്യ വലുപ്പത്തിലുള്ള പാളികളുമാണ് ആദ്യ വിഭാഗം ഫാക്റ്ററികളില്‍ ഉത്പാദിപ്പിക്കുന്നത്. കട്ടി കുറഞ്ഞ തടി ആദ്യം ഉരുണ്ട കഷണങ്ങളായി മുറിച്ചെടുക്കുന്നു. മഴു ഉപയോഗിച്ച് മരത്തിന്റെ പുറംതൊലി ചെത്തിമാറ്റുന്നു. ഇത് ഡീബാര്‍ക്കിങ് (debarking) എന്നാണറിയപ്പെടുന്നത്. തൊലികളഞ്ഞ തടി യന്ത്രമുപയോഗിച്ച് ചെറിയ പാളികളായി മുറിച്ചെടുക്കുന്നു. നീളത്തില്‍ മുറിച്ചെടുക്കുന്ന പാളികള്‍ വെയിലത്തിട്ട് നന്നായി ഉണക്കിയതിനുശേഷമാണ് തീപ്പെട്ടിക്ക് ഉപയോഗിക്കുന്നത്. തീപ്പെട്ടിയുടെ ഉള്‍ഭാഗം ഉണ്ടാക്കാനുള്ള പാളികളെ ആന്തരിക വിനീര്‍ (പാളി) എന്നും പുറംചട്ടയ്ക്കുള്ള പാളികളെ ബാഹ്യ വിനീര്‍ എന്നും പറയുന്നു. ഈ രണ്ടുതരം പാളികളും പ്രത്യേകം കെട്ടുകളാക്കിയതിനുശേഷം ഡിപ്പിങ് ഫാക്റ്ററികളില്‍ എത്തിക്കുകയാണു ചെയ്യുന്നത്. തീപ്പെട്ടിക്കൂടുകളുടെ വശങ്ങളും കോലുകളും രാസപദാര്‍ഥത്തില്‍ മുക്കിയെടുക്കുന്നതിനെയാണ് ഡിപ്പിങ് എന്നു പറയുന്നത്.
ഡിപ്പിങ് ഫാക്റ്ററികളിലെ നിര്‍മാണപ്രക്രിയയുടെ ആദ്യഘട്ടം ഫ്രെയിംഫില്ലിങ് അഥവാ ചട്ടം നിറയ്ക്കലാണ്. ഈ ജോലി മിക്കപ്പോഴും വീടുകളില്‍വച്ച് സ്ത്രീകളും കുട്ടികളുമാണ് ചെയ്യുന്നത്. തടികൊണ്ടുണ്ടാക്കിയ ഫ്രെയിമുകളില്‍ (ചട്ടങ്ങളില്‍) ജ്യാമിതീയമാതൃകയില്‍ പാളികള്‍ സ്ഥാപിക്കുന്നതിനെയാണ് ഫ്രെയിം ഫില്ലിങ് എന്നു പറയുന്നത്. ഈ ഫ്രെയിമുകള്‍ ഡിപ്പിങ് ഫാക്റ്ററിയില്‍വച്ച് ശരിയായി അടുക്കിയതിനുശേഷം അവയില്‍ പാരഫിന്‍ മെഴുക് പുരട്ടുന്നതാണ് അടുത്ത ഘട്ടം. ഡിപ്പിങ്ങിനാവശ്യമായ രാസവസ്തുക്കളുടെ മിശ്രിതം തയ്യാറാക്കുന്നത് വിദഗ്ധ തൊഴിലാളികളാണ്. ഫ്രെയിമുകള്‍ ഈ രാസവസ്തുക്കളില്‍ മുക്കിയതിനുശേഷം ഉണക്കിയെടുക്കുന്നു. തീപ്പെട്ടിയുടെ കൂടുകള്‍ നിര്‍മിക്കുന്നത് മിക്കപ്പോഴും വീടുകളില്‍ വച്ചാണ്. പെട്ടികളില്‍ കോലുകള്‍ നിറയ്ക്കുന്ന ജോലി ചെയ്യുന്നതും സ്ത്രീകളും കുട്ടികളുമാണ്. കോലുകള്‍ നിറച്ചതിനുശേഷം സ്ഥാപനത്തിന്റെ ലേബലുകള്‍ പെട്ടിയില്‍ ഒട്ടിക്കുന്നു. 12 തീപ്പെട്ടികള്‍ വീതമുള്ള ചെറിയ കൂടുകളിലാക്കിയതിനുശേഷം അത്തരം 5 കൂടുകള്‍ അടങ്ങുന്ന പെട്ടികളായിട്ടാണ് ഇത് വിപണിയിലെത്തിക്കുന്നത്.
കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ ഫറൂക്കിലാണ് തീപ്പെട്ടി വ്യവസായം താരതമ്യേന കേന്ദ്രീകരിച്ചിട്ടുള്ളത്. കല്ലായിയില്‍ നിന്നുള്ള തടിയുടെ ലഭ്യതയും ചെലവുകുറഞ്ഞ ജല-റെയില്‍വെ ഗതാഗത സൗകര്യങ്ങളുടെ സാന്നിധ്യവുമാണ് ഇവിടത്തെ തീപ്പെട്ടിവ്യവസായത്തിന്റെ അനുകൂല ഘടകങ്ങള്‍. തൃശൂര്‍ ജില്ലയിലും തീപ്പെട്ടി വ്യവസായത്തിന് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്.
1960-നു ശേഷം തീപ്പെട്ടി വ്യവസായരംഗത്ത് കുറഞ്ഞ കൂലി നിയമം ബാധകമാക്കിയിട്ടുണ്ട്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, തീപ്പെട്ടി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഒട്ടേറെ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. വാതകമുപയോഗിച്ചു കത്തിക്കുന്ന ഉപകരണങ്ങള്‍ പ്രചാരത്തിലായതോടെ, തീപ്പെട്ടി വ്യവസായം പ്രതിസന്ധി നേരിടുകയാണ്.