This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുഹൃദയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുഹൃദയം

യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന് പ്രാധാന്യം കല്പിക്കുകയും തിരുഹൃദയത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ക്രിസ്ത്യന്‍ ആരാധനാക്രമം. തിരുഹൃദയം യേശുക്രിസ്തുവിന്റെ ദൈവികാംശത്തേയും മാനുഷികാംശത്തേയും ഒരുപോലെ പ്രതിനിധീകരിക്കുന്നു. തിരുഹൃദയം അനശ്വരമായ സ്നേഹത്തിന്റെ പ്രതീകമാണ്.

മനുഷ്യരാശിയുടെ രക്ഷകനായ യേശുവിനെ ആദരിക്കുന്നതി നോടൊപ്പംതന്നെ മനുഷ്യരുടെ മനസ്സില്‍ സ്നേഹം ഉളവാക്കുകയും യേശുക്രിസ്തുവിനോട് ലോകം കാണിച്ച വഞ്ചനയ്ക്ക് പ്രായശ്ചിത്തം ചെയ്യുകയുമാണ് ഈ ആരാധനാക്രമത്തിന്റെ ലക്ഷ്യങ്ങള്‍. വേദപുസ്തകത്തില്‍ തിരുഹൃദയത്തെ ചിന്തയുടേയും ഇച്ഛയുടേയും വികാരത്തിന്റേയും ആസ്ഥാനമായി വര്‍ണിച്ചിട്ടുണ്ട്.

17-ാം ശ.-ത്തിലാണ് ഈ ആരാധനാക്രമത്തിന് പ്രചാരം ലഭിച്ചു തുടങ്ങിയത്. വിശുദ്ധ മേരി ആല്‍കോക്ക്, വിശുദ്ധ ഴാങ് യൂഡ്സ് തുടങ്ങിയവരാണ് തിരുഹൃദയ സങ്കല്പത്തിന്റെ പ്രമുഖ വക്താക്കള്‍. വിശുദ്ധ മേരി ആല്‍കോക്കിന്റെ ലിഖിതങ്ങള്‍ 'തിരു ഹൃദയത്തിന്റെ വാഗ്ദാനങ്ങള്‍' (Promises of the Sacred Heart) എന്ന പേരില്‍ പ്രസിദ്ധമാണ്. 'മഹദ് വാഗ്ദാനം'(The Great Promise) എന്ന പേരില്‍ അറിയപ്പെടുന്ന പന്ത്രണ്ടാമത്തെ ലിഖിതത്തില്‍ തുടര്‍ച്ചയായി ഒന്‍പത് മാസങ്ങളിലെ ആദ്യത്തെ വെള്ളിയാഴ്ച തിരുഹൃദയത്തോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് നിരന്തര ദൈവാനുഗ്രഹം ഉണ്ടായിരിക്കും എന്നു പറയുന്നു.

റോമന്‍ കത്തോലിക്കാ സഭയിലാണ് തിരുഹൃദയാരാധനയ്ക്ക് പ്രാധാന്യമുള്ളത്. തിരുഹൃദയ സങ്കല്പം അതിമനോഹരമായ പ്രാര്‍ഥനാഗീതങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. 'തിരുഹൃദയത്തിന്റെ ലുത്തിനിയ' (Litany of the Sacred Heart) അവയിലൊന്നാണ്.

തിരുഹൃദയ സങ്കല്പവും ആരാധനയും പ്രചരിപ്പിക്കുവാന്‍ സൊസൈറ്റി ഒഫ് ജീസസ് (Society of jesus) മുന്‍കൈയെടുക്കുന്നു. ഫാദര്‍ ഫ്രാന്‍സിസ് എക്സ്. ഗ്വാട്ട്രെലറ്റ് 1844-ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച 'ദ് ലീഗ് ഒഫ് ദ് സേക്രഡ് ഹാര്‍ട്ട്'എന്ന സംഘടനയുടെ അംഗസംഖ്യ ഇപ്പോള്‍ ഉദ്ദേശം മൂന്ന് കോടിയാണ്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന വ്യത്യസ്ത സന്ന്യാസി സഭകള്‍ തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ജൂണ്‍മാസം പ്രാര്‍ഥനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നു. കോര്‍പ്പസ് ക്രിസ്റ്റി അഷ്ടദിന നൊയമ്പിന് ശേഷമുള്ള വെള്ളിയാഴ്ചയാണ് തിരുഹൃദയത്തിന്റെ പെരുന്നാള്‍ ആഘോഷിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍