This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍

മുന്‍ തിരുവിതാംകൂര്‍ രാജ്യത്തെ സംബന്ധിച്ചുളള ഒരു റഫറന്‍സ് ഗ്രന്ഥം. തിരുവിതാംകൂര്‍ രാജ്യത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, ജന്തുജാലങ്ങള്‍, സസ്യജാലങ്ങള്‍, ജനങ്ങള്‍, ജാതികള്‍, മതങ്ങള്‍, ഭരണ സമ്പ്രദായം, വിദ്യാഭ്യാസ സമ്പ്രദായം, കാര്‍ഷിക സംവിധാനം, ബാങ്കിങ് തുടങ്ങിയവയെക്കുറിച്ച് വിവരിക്കുന്നതാണ് ഈ സമ്പൂര്‍ണ പ്രമാണ ഗ്രന്ഥം. 1906-ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനും വളരെ മുമ്പുതന്നെ ബ്രിട്ടിഷ് ഇന്ത്യയിലെ വിവിധ പ്രവിശ്യകളില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ സ്റ്റേറ്റ് മാനുവല്‍ ആദ്യം പ്രസിദ്ധീകരിച്ചത് 1877-ല്‍ മൈസൂറില്‍ ആയിരുന്നു. ശ്രീമൂലം തിരുനാള്‍ രാമവര്‍മയുടെ ഭരണകാലത്ത് ദിവാനായിരുന്ന റ്റി.രാമറാവു ആണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ പ്രസിദ്ധീകരിക്കുകയെന്ന ആശയം മുന്നോട്ടുവച്ചത് (1891). അന്ന് തിരുവിതാംകൂറില്‍ മജിസ്ട്രേറ്റ്, ദിവാന്‍ പേഷ്കാര്‍, സെന്‍സസ് കമ്മീഷണര്‍ എന്നീ ഭരണപദവി വഹിച്ചിരുന്ന നാഗമയ്യയെ സ്റ്റേറ്റ് മാനുവല്‍ നിര്‍മിക്കുന്നതിനുളള അധിക ചുമതല കൂടി ഏല്പിച്ചു. 1904-ല്‍ മാത്രമാണ് നാഗമയ്യ സ്റ്റേറ്റ് മാനുവല്‍ നിര്‍മാണത്തിന്റെ പൂര്‍ണ ചുമതല ഏറ്റെടുത്തത്. 1906 ആഗ. 16-ാം തീയതി സ്റ്റേറ്റ് മാനുവല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.

മദ്രാസ് പ്രവിശ്യയിലെ ജില്ലാ മാനുവലുകളേക്കാള്‍ ശ്രേഷ്ഠമായിരുന്നു നാഗമയ്യ രചിച്ച സ്റ്റേറ്റ് മാനുവല്‍. പുരാതത്ത്വം, പ്രാണിജാലങ്ങള്‍, സെന്‍സസ്സും ജനസംഖ്യാവിവരണങ്ങളും, ഭാഷയും സാഹിത്യവും, സാമ്പത്തിക കാര്യങ്ങള്‍, നിയമ നിര്‍മാണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുളള വിവരണം ശ്രദ്ധേയമാണ്. തിരുവിതാംകൂറിലെ മതങ്ങള്‍, ജാതികള്‍, വ്യവസായവും വാണിജ്യവും, കലകള്‍, ഭൂനിയമങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ വിശദമായി നല്കിയിട്ടുണ്ട്. ചരിത്രം, ജാതികള്‍ എന്നീ അധ്യായങ്ങള്‍ വളരെ വിപുലമായി പ്രതിപാദിച്ചിരിക്കുന്നു. മൂന്ന് വാല്യങ്ങളിലായി 1820-ഓളം പേജുകളാണ് മാനുവലിനുളളത്. സ്റ്റേറ്റ് മാനുവല്‍ നിര്‍മാണത്തിനായി ശേഖരിച്ച വിവരങ്ങളെ 21 അധ്യാങ്ങളായി വിഭജിച്ചു. ഒന്നാം വാല്യത്തില്‍ ആറ് അധ്യായങ്ങളാണുളളത്. ആദ്യത്തെ നാല് അധ്യായങ്ങളില്‍ സ്ഥലത്തിന്റെ കിടപ്പ്, കാലാവസ്ഥ, സമൃദ്ധമായ സസ്യവര്‍ഗങ്ങള്‍, പ്രാണിവര്‍ഗങ്ങള്‍ എന്നിവയാണ് ഉള്‍ക്കൊളളിച്ചിട്ടുളളത്. അഞ്ചും ആറും അധ്യായങ്ങളില്‍ ചരിത്രത്തേയും പുരാതത്ത്വശാസ്ത്രത്തേയും സംബന്ധിച്ച വിവരങ്ങളാണ്. പരശുരാമന്റെ കാലംമുതല്‍ നിലനിന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കോളനികളുടെ വിവരണത്തോടുകൂടിയാണ് ചരിത്രത്തെ സംബന്ധിച്ച അധ്യായം ആരംഭിക്കുന്നത്. ആദ്യകാലത്ത് നിലനിന്ന കുലീനാധിപത്യം, രാജവാഴ്ചയുടെ ആരംഭം, എട്ടുവീട്ടില്‍പിളളമാരുടേയും തമ്പിമാരുടേയും യോഗക്കാരുടേയും സ്വാധീനം തുടങ്ങിയ ഏറെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരണിയല്‍ എന്ന സ്ഥലത്തെ ചുറ്റിപ്പറ്റി രൂപംകൊണ്ട വേണാട്ടുരാജ്യം നിരന്തരമായി നടത്തിയ യുദ്ധങ്ങളുടേയും നാട്ടിലുണ്ടായ വികസനത്തിന്റേയും ഫലമായി തിരുവിതാംകൂര്‍ രാജ്യമായിത്തീര്‍ന്ന കഥ വിശദമായി ഇതില്‍ പ്രതിപാദിക്കുന്നു. ഇന്ത്യയിലെ മാതൃകാരാജ്യമെന്ന പേര് സമ്പാദിക്കത്തക്കവിധം ഓരോ രാജാവും നല്കിയ സേവനങ്ങളും ചരിത്രാധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്. മുന്‍ നൂറ്റാണ്ടുകളിലെ ചിന്നിച്ചിതറിക്കിടന്ന അനേകം ചരിത്രരേഖകള്‍ ഈ ഗ്രന്ഥരചനക്കായി നാഗമയ്യ ശേഖരിച്ചു. ഈ വിവരങ്ങള്‍ ശേഖരിക്കുവാന്‍ നാഗമയ്യയ്ക്ക് അനേകശതം താളിയോല ഗ്രന്ഥങ്ങള്‍, താമ്രപത്രങ്ങള്‍ തുടങ്ങിയവ പരിശോധിക്കേണ്ടിവന്നു. മദ്രാസിലെ സെയ്ന്റ് ജോര്‍ജ് പുരാതത്ത്വവകുപ്പില്‍ സൂക്ഷിച്ചിരുന്ന അനേകം രേഖകള്‍ അദ്ദേഹം പരിശോധിച്ചു.

തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍:ആദ്യ പുറം

ഏഴ് മുതല്‍ പന്ത്രണ്ട് വരെയുളള ആറ് അധ്യായങ്ങളാണ് രണ്ടാം വാല്യത്തിലുളളത്. ഈ വാല്യത്തില്‍ ജനങ്ങളുടെ വിവരങ്ങള്‍, വിശ്വാസങ്ങള്‍, ജനസംഖ്യാവര്‍ധനവ്, മാനവ വംശത്തെപ്പറ്റിയുളള പഠനം, ഭാഷ, വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. പതിമൂന്നാം അധ്യായം മുതലാണ് മൂന്നാം വാല്യം തുടങ്ങുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കൃഷി, ജലസേചനം, വാണിജ്യം, വ്യവസായങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച കാര്യങ്ങള്‍ 18-ാം അധ്യായം വരെ വിവരിച്ചിരിക്കുന്നു. തുടര്‍ന്നുളള മൂന്ന് അധ്യാങ്ങള്‍ തിരുവിതാംകൂറിലെ പൊതുഭരണത്തെ സംബന്ധിച്ചുളളവയാണ്. തിരുവിതാംകൂറിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ മൂന്നാം വാല്യത്തിലെ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്. തിരുവിതാംകൂര്‍കാരനല്ലാത്ത ഒരു വ്യക്തിക്ക് ഈ രാജ്യത്തെക്കുറിച്ചുളള പൊതുവിജ്ഞാനം ലഭിക്കുന്നതിന് ഈ വിവരണം ഉപകാരപ്രദമായിരിക്കും. ജി.റ്റി.മക്കന്‍സി, ജെ.ആന്‍ഡ്രൂ, ആര്‍.സി.സി.കാര്‍ എന്നീ ബ്രിട്ടിഷ് റസിഡന്റുമാര്‍ നാഗമയ്യയെ ഗ്രന്ഥരചനയില്‍ സഹായിച്ചിട്ടുണ്ട്. വിവിധ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്‍ തുടങ്ങിയവരുടെ സേവനവും നാഗമയ്യ നേടി.

ഇരുപത് വര്‍ഷത്തിലൊരിക്കല്‍ സ്റ്റേറ്റ് മാനുവലുകള്‍ പരിഷ്കരിക്കണമെന്നതായിരുന്നു ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ നയം. എന്നാല്‍ നാഗമയ്യ രചിച്ച സ്റ്റേറ്റ് മാനുവല്‍ നവീകരിക്കുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചത് മുപ്പത് വര്‍ഷത്തിനുശേഷമായിരുന്നു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ രാജാവായിരുന്ന കാലത്ത് ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ ഇതിനായി മുന്‍കൈയെടുത്തു. രാജ്യസേവാപ്രവീണ റ്റി.കെ.വേലുപ്പിളളയെ സ്റ്റേറ്റ് മാനുവല്‍ നവീകരിക്കുന്നതിനുളള സ്പെഷല്‍ ഓഫീസറായി നിയമിച്ചു. 1906-നുശേഷം പ്രധാനമായ പല വ്യതിയാനങ്ങളും തിരുവിതാംകൂറിന്റെ ചരിത്രത്തിലും മറ്റു രംഗങ്ങളിലും ദൃശ്യമായിരുന്നു. ഒട്ടേറെ സാമൂഹിക നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് നടന്നു. തിരുവിതാംകൂര്‍ ചരിത്രത്തിലെ അറിയപ്പെടാത്ത അനേകം വിവരങ്ങള്‍ കണ്ടുപിടിക്കേണ്ടതും ആവശ്യമായിരുന്നു. മാനുവല്‍ നിര്‍മാണത്തിന് അനുവദിച്ചിരുന്ന കാലാവധി ഏഴ് മാസം ആയിരുന്നെങ്കിലും ഇരുപത്തിയൊന്‍പത് മാസത്തെ പ്രവര്‍ത്തനം ഇക്കാര്യത്തിന് ആവശ്യമായി വന്നു. ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ വേലുപ്പിള്ളയെ സഹായിക്കുവാന്‍ ശൂരനാട്ടു പി.എന്‍.കുഞ്ഞന്‍പിളളയും ഉണ്ടായിരുന്നു. ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരും സ്റ്റേറ്റ് മാനുവല്‍ നിര്‍മാണത്തെ ഏറെ സഹായിച്ചു. ഇതില്‍ മലയാള ഭാഷയേയും സാഹിത്യത്തേയും കുറിച്ചുളള വിവരണം ശ്രദ്ധേയമാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂറിലെ ഹിന്ദുമതത്തെക്കുറിച്ചുളള അധ്യായവും വിപുലീകരിക്കേണ്ടിവന്നു. എ.ഡി. 52-ല്‍ വിശുദ്ധ തോമസ് അപ്പോസ്തലന്‍ കേരളം സന്ദര്‍ശിച്ചതു മുതലുളള സംഭവങ്ങള്‍ വിവരിച്ചുകൊണ്ട് ക്രിസ്തുമതത്തെ സംബന്ധിച്ച അധ്യായവും വിപുലപ്പെടുത്തി. 1906-നു ശേഷമുണ്ടായ സാമ്പത്തിക വളര്‍ച്ച, പുതിയ വ്യവസായങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ ഉള്‍പ്പെടുത്തി സാമ്പത്തിക വിവരങ്ങളും പരിഷ്കരിച്ചു. പൊതുഭരണം, നിയമനിര്‍മ്മാണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, കോടതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങളും വിപുലീകരിച്ചു. 1940-ല്‍ വേലുപ്പിളള പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലിന് നാല് വാല്യങ്ങളിലായി നാലായിരം പുറങ്ങള്‍ ഉണ്ടായിരുന്നു. 1956-ല്‍ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം സ്റ്റേറ്റ് മാനുവലിന്റെ സ്ഥാനത്ത് സ്റ്റേറ്റ് ഗസറ്റിയേഴ്സ് പ്രസിദ്ധീകരിച്ചുവരുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍