This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവായ്മൊഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവായ്മൊഴി

തമിഴ് പ്രബന്ധകാവ്യം. ക്രി.വ. 7-ഉം 9-ഉം ശതകങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന വൈഷ്ണവ കവികളില്‍ പ്രമുഖനായ നമ്മാഴ്വാര്‍ രചിച്ചു. നമ്മാഴ്വാരുടെ നാല് കൃതികളില്‍ ശ്രേഷ്ഠമാണ് തിരുവായ്മൊഴി. 'വായ്മൊഴി' എന്നതിന് വേദം എന്നര്‍ഥം. 'തിരു' എന്നത് വിശേഷണ പദമാണ്. പരിപാടലില്‍ പറഞ്ഞിരിക്കുന്ന 'മായാവായ് മൊഴി ഉരയ്തല വലന്ത്ു' എന്നതിലെ 'വായ്മൊഴി' എന്ന പദം 'മറ' എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.

പതിനൊന്നു പാട്ടുകളിലായി 1102 പാസുരങ്ങളാണ് തിരുവായ്മൊഴിയിലുളളത്. ആദ്യത്തെ പത്ത് പാട്ടുകള്‍ ദശാവതാരങ്ങളേയും 1000 തിരുവാചകങ്ങള്‍ ദൈവത്തിന്റെ ആയിരം പേരുകളേയും കുറിക്കുന്നു. ദൈവീകം, ജീവന്‍, മുക്തിമാര്‍ഗം മുക്തിമാര്‍ഗത്തിലുളള തടസ്സങ്ങള്‍, തടസ്സം നീക്കാനുളള വഴികള്‍

എന്നിവയാണ് ഇതില്‍ പ്രധാനമായും പ്രതിപാദിച്ചിട്ടുളളത്. സിദ്ധന്മാര്‍ക്കും വേദാധ്യായനം നടത്തിയവര്‍ക്കും അറിവുളളവര്‍ക്കും ശുദ്ധന്മാര്‍ക്കും ദൈവോപാസന നടത്തുന്നവര്‍ക്കും ആയിരം മാമറയ്ക്കും അലങ്കാരമായും അനന്തമിഴ് പായിരമായും ഈ കൃതി പരിലസിക്കുന്നു.

അഥര്‍വവേദരഹസ്യം, സാമവേദരഹസ്യം എന്നിവ തിരുവായ്മൊഴിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഉപനിഷത്സാരങ്ങളും വേദ തത്ത്വങ്ങളും വളരെ ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. വേദോച്ചാരണങ്ങളേയും വൈദികാനുഷ്ഠാനങ്ങളേയും വര്‍ണിച്ചിട്ടുമുണ്ട്. തത്ത്വങ്ങളെ ഉളളംകയ്യിലെ നെല്ലിക്കപോലെ സംശയലേശമില്ലാതെ വെളിവാക്കുന്നു എന്നതാണ് സവിശേഷത. തമിഴില്‍ മറഞ്ഞു കിടക്കുന്ന വേദരഹസ്യങ്ങളെ കുന്നിന്‍മേല്‍ വച്ച വിളക്കുപോലെ എല്ലാവര്‍ക്കും ലളിതമായി വിശദീകരിക്കുന്നു എന്നാണ് പണ്ഡിതന്മാര്‍ ഈ കൃതിയെ പ്രശംസിക്കുന്നത്.

തിരുവല്ല ദേശത്തേയും അവിടത്തെ ക്ഷേത്രത്തിലെ ശ്രീവല്ലഭമൂര്‍ത്തിയേയും ഈ ഗാനങ്ങളില്‍ വര്‍ണിച്ചിട്ടുണ്ട്. ആയിരം പാട്ടുകളുള്ള ഈ ഗ്രന്ഥത്തെ ദ്രാവിഡവേദം എന്ന് വിശേഷിപ്പിച്ചിരുന്നതായി ലീലാതിലകത്തില്‍ കാണുന്നു. ഭഗവത്വിഷയകം എന്ന മറ്റൊരു പേരും ഇതിനുണ്ട്.

തിരുവായ്മൊഴി അടിസ്ഥാനമാക്കിയാണ് പിള്ളൈ ലോകാചാര്യര്‍ തന്റെ സിദ്ധാന്തരഹസ്യങ്ങള്‍ രചിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയിലെ ആജ്ഞേയവാദത്തിന്റെ ഏറ്റവും മഹനീയ മാതൃകയാണീകൃതി. ഇതിന് വിശിഷ്ടാദ്വൈതമത സ്ഥാപകനായ ശ്രീരാമാനുജാചാര്യര്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍