This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവള്ളുവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവള്ളുവര്

ജ്ഞാനിയായ തമിഴ് കവി. തിരുക്കുറള്‍ എന്ന തമിഴ്കൃതിയുടെ കര്‍ത്താവ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്നാട്ടില്‍ ജീവിച്ചിരുന്നു എന്ന് ആരാധകര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ജീവിതകാലം ഏതാനും ശതകങ്ങള്‍ കൂടി കഴിഞ്ഞ് ആയിരുന്നുവെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ പേര്, ജാതി, മതം, കുലം എന്നിവയെ സംബന്ധിച്ച് ഐതിഹ്യങ്ങള്‍ മാത്രമേ നിലവിലുളളൂ.

വള്ളുവര്‍ എന്നത് പേരാണോ വംശനാമമാണോ എന്നതു തീര്‍ച്ചയില്ല. വളളുവര്‍ കുന്ദകന്ദാചാര്യന്‍ എന്ന ജൈനന്‍ ആണെന്ന് ജൈനമതാനുയായികള്‍ വിശ്വസിക്കുന്നു. വളളുവര്‍ എന്നത് കുലനാമമാണെന്നും രാജശാസനങ്ങളും മറ്റും ചെണ്ടകൊട്ടി വിളംബരം ചെയ്യുന്ന ഒരു ജാതിക്കാരാണ് വള്ളുവരെന്നും പറയപ്പെടുന്നുണ്ട്. ജീവകചിന്താമണിയില്‍ നിമിത്തം നോക്കി ജ്യോത്സ്യം പറയുന്നവരെ വളളുവര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇന്ന് ഹരിജനങ്ങളുടെ ഇടയില്‍പ്പെട്ട ജ്യൌതിഷികന്മാരുടെ കൂട്ടത്തിലുള്ള ഒരു വിഭാഗമാണ് വള്ളുവര്‍. എന്തായാലും പേര് വള്ളുവര്‍ എന്നോ ബഹുമാനദ്യോതകമായ തിരുവള്ളുവര്‍ എന്നോ ആയിരിക്കാം. നായനാര്‍, ദേവര്‍, മുതന്‍പ്പാവലര്‍, നന്മുഖര്‍, മാതാശപങ്കി, ചേനാപ്പോതര്‍, പൊയ്യാമൊഴി, പെരുനാവലര്‍ എന്നീ പേരുകളും തിരുവള്ളുവരെ കുറിക്കാന്‍ ഉപയോഗിച്ചുവരുന്നു.

ആദി എന്ന പുലയസ്ത്രീയുടേയും അഗസ്ത്യഗോത്രജ്ഞനായ ഭഗവന്തന്‍ എന്ന ബ്രാഹ്മണന്റേയും മകനായി നെയ്ത്തുകാരുടെ വംശത്തില്‍ വള്ളുവര്‍ ജനിച്ചു എന്നാണ് പൊതുവേ വിശ്വസിച്ചുവരുന്നത്. വരരുചിക്ക് പറയസ്ത്രീയില്‍ ജനിച്ച സന്താനങ്ങളില്‍ ഒരാളാണ് വളളുവര്‍ എന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്. യാളിദത്തന്‍ എന്ന സിദ്ധന് ഒരു പുലച്ചിയില്‍ ജനിച്ചയാളാണ് വള്ളുവര്‍ എന്ന് ജ്ഞാനാമൃതം എന്ന പ്രാചീന കൃതിയില്‍ പറഞ്ഞിരിക്കുന്നു. ഈ കഥകള്‍ക്കു തമ്മില്‍ ബന്ധമുണ്ടോ എന്ന് തീര്‍ത്തു പറയുക പ്രയാസമാണ്. വളളുവര്‍ ഒരു രാജാവായിരുന്നു എന്നും ലൗകിക ജീവിതത്തില്‍ വിരക്തി തോന്നി രാജ്യം ഉപേക്ഷിച്ച് നെയ്ത്തുകാരനായി എന്നും പറയുന്നുണ്ട്.

മദ്രാസിലെ മൈലാപ്പൂരാണ് ജനനസ്ഥലമെന്ന് പറയപ്പെടുന്നു. മൈലാപ്പൂരില്‍ ജീവിച്ചിരുന്നപ്പോള്‍ ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹ നടത്തിയ പ്രഭാഷണങ്ങള്‍ ഇദ്ദേഹം കേട്ടിരിക്കാം എന്നാണ് റവ.പോപ്പിന്റെ അഭിപ്രായം. എന്നാല്‍ മധുരയാണു ജനനസ്ഥലമെന്ന് പറയുന്നവരുമുണ്ട്. ഉത്തര മഥുരയില്‍ ശ്രീകൃഷ്ണന്‍ എന്നതുപോലെ ദക്ഷിണ മധുരയില്‍ തിരുവളളുവര്‍ എന്നാണ്

തിരുവളളൂവമാലയില്‍ പറഞ്ഞിരിക്കുന്നത്. തമിഴ് ഭാഷയ്ക്കു വളര്‍ച്ചയും വികാസവും ലഭ്യമാക്കിയ മധുരയുടെ പ്രശസ്തി തമിഴിന്റെ വളര്‍ച്ചയ്ക്കു നിദാനമായ വളളുവരാല്‍ ഉണ്ടായതാണെന്നും അതിനാല്‍ മധുരയില്‍ ഇദ്ദേഹം ജീവിച്ചിരുന്നു എന്നും പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു.

തിരുവള്ളുവരുടെ കാലഘട്ടത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ബി.സി. 4-ാം ശ. മുതല്‍ എ.ഡി. 6-ാം ശ.വരെ വിവിധ കാലഘട്ടങ്ങള്‍ വള്ളുവരുടെ ജീവിതകാലമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. സംഘം കൃതികളില്‍ വളളുവരുടെ ഏതാനും ശൈലിപ്രയോഗങ്ങള്‍ കാണുന്നതുകൊണ്ട് സംഘകാലകവികള്‍ക്കു മുമ്പായിരിക്കാം ഇദ്ദേഹം ജീവിച്ചിരുന്നത് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചിലപ്പതികാരത്തിലും മണിമേഖലയിലും ഈ കൃതികളില്‍നിന്നുളള ഉദ്ധരണികള്‍ കാണുന്നതിനാല്‍ തിരുക്കുറള്‍ ഇവയേക്കാള്‍ പ്രാചീനമാണെന്നുളളതാണ് മറ്റൊരു നിഗമനം. എലേലസിംഹന്‍ എന്നയാളിന്റെ കപ്പലുകള്‍ കടലിലേക്ക് ഒഴുകിപ്പോയപ്പോള്‍ വളളുവര്‍ തന്റെ സിദ്ധികൊണ്ട് അവയെ കരയോടടുപ്പിച്ചു എന്ന് ഒരു കഥയുണ്ട്. എലേലസിംഹന്‍ എന്ന തമിഴ് രാജാവ് ക്രി.മു. 2-ാം ശ.-ത്തില്‍ സിംഹളം ഭരിച്ചിരുന്നതായി കരുതപ്പെടുന്നു. എന്നാല്‍ ഏലാശാരിയാര്‍ എന്നയാള്‍ വന്തവാസിക്കു സമീപമുള്ള മലയില്‍ ക്രി.മു. 1-ാം ശ.-ത്തില്‍ തപസ്സു ചെയ്തിരുന്ന കുന്ദകന്ദാചാര്യന്‍ ആണെന്ന് ജൈനര്‍ പറയുന്നു. ഇവിടെയും യാഥാര്‍ഥ്യം എന്തെന്ന നിഗമനത്തിന് തെളിവുകളില്ല.

വളളുവര്‍ ബാലനായിരുന്നപ്പോള്‍ത്തന്നെ സകല വിഷയങ്ങളിലും സാമാന്യത്തിലധികം പാണ്ഡിത്യം നേടുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള പണ്ഡിതന്മാരുമായി പരിചയപ്പെടുകയും പല ഭാഷകള്‍ പഠിക്കുകയും ചെയ്തു. കൃഷി, രാഷ്ട്രതന്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം പരിജ്ഞാനമുണ്ടായിരുന്നു ഇദ്ദേഹത്തിന്. മഹാനും ജ്ഞാനിയുമായ ഇദ്ദേഹം ലളിത ജീവിതമാണ് നയിച്ചിരുന്നത്. വൈഷ്ണവ മതക്കാര്‍ വൈഷ്ണവനായും ശൈവമതക്കാര്‍ ശൈവനായും ഇദ്ദേഹത്തെ പരിഗണിച്ചുവരുന്നു. തമിഴ് സംസ്കാരവും സാഹിത്യവും രൂപപ്പെടുത്തുന്നതില്‍ തിരുവളളുവര്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

തിരുവളളുവര്‍ തമിഴ് ഭാഷയില്‍ രചിച്ച പുരാതന സുഭാഷിത ഗ്രന്ഥമാണ് തിരുക്കുറള്‍. തിരുവളളുവരെക്കുറിച്ചുളള ഐതിഹ്യങ്ങളുടെ പേരിലല്ല, തിരുക്കുറളിന്റെ ഉളളടക്കം, രചനാരീതി എന്നിവയുടെ പേരിലാണ് ഇദ്ദേഹം ഇന്നു ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ദ്രാവിഡവേദം, ഉത്തമവേദം തുടങ്ങിയ പേരുകളില്‍ കൂടി അറിയപ്പെടുന്ന ഈ കൃതിയില്‍ ധര്‍മം, അര്‍ഥം, കാമം എന്നീ മൂന്ന് പുരുഷാര്‍ഥങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ഉളളടക്കത്തെ അറത്തുപ്പാല്‍, പൊരുള്‍പ്പാല്‍, കാമത്തുപ്പാല്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് പ്രതിപാദനം നടത്തിയിരിക്കുന്നത്. മോക്ഷത്തെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആകെ 133 അതികാരങ്ങളിലായി (അധ്യായങ്ങള്‍) 1330 ഈരടികളാണ് ഈ കൃതിയിലുളളത്. ദ്രാവിഡ ഗാനങ്ങള്‍ക്ക് സാധാരണമായ പ്രാസദീക്ഷ സാര്‍വത്രികമായി ഇതില്‍ പാലിച്ചിരിക്കുന്നു. ചിമിഴിലടച്ച രത്നങ്ങളാണ് ഇതിലെ അനര്‍ഘ ചിന്തകള്‍ എന്നു പറയാം.

വാസുകി എന്ന നെയ്ത്തുതൊഴിലാളിയായിരുന്നു തിരുവള്ളുവരുടെ ഭാര്യ. വാസുകിയുടെ മരണശേഷം വളളുവര്‍ സന്ന്യാസജീവിതം നയിച്ചു. മരിക്കുന്നതിനുമുമ്പ് ശിഷ്യരേയും സുഹൃത്തുക്കളേയും വിളിച്ച് താന്‍ ഏതാനും ദിവസങ്ങള്‍ക്കകം മരിക്കുമെന്നും മരിച്ചു കഴിഞ്ഞാല്‍ ശരീരം കാട്ടില്‍ ഉപേക്ഷിക്കണമെന്നും പറഞ്ഞിരുന്നു. അതുപോലെ മരണശേഷം ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം കാട്ടില്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

തിരുവളളുവരുടെ സ്മരണക്കായി മദ്രാസിലെ നുങ്കമ്പാക്കത്ത്, കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ (1970-76), മനോഹരമായ ഒരു മന്ദിരം പണികഴിപ്പിച്ചു. രഥത്തിന്റെ മാതൃകയിലുളള ഈ മന്ദിരം തിരുവളളുവര്‍ കോട്ടം എന്ന പേരില്‍ അറിയപ്പെടുന്നു. തിരുക്കുറളിലെ പല സുഭാഷിതങ്ങളും ഈ കെട്ടിടത്തിന്റെ ഭിത്തികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കന്യാകുമാരിയില്‍ കടലില്‍ വിവേകാനന്ദപ്പാറയ്ക്കു സമീപമുളള മറ്റൊരു പാറയില്‍ തിരുവള്ളുവരുടെ ഏറ്റവും ഉയരമുള്ള പ്രതിമ സമീപകാലത്ത് (2000) സ്ഥാപിച്ചു. മനോഹരമായ ഈ രണ്ട് സ്മാരകങ്ങളും സ്ഥിതിചെയ്യുന്നത് അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍